by Midhun HP News | Nov 4, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിക്കും. 3,500 വിദ്യാർത്ഥികൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക.
11ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കേരള സിലബസ് പഠിക്കുന്ന സ്‌കൂളുകള്‍ മേളയില്‍ പങ്കെടുക്കുന്നത്.
ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. നാളെ അത്ലറ്റിക്‌സ്, അത്ലറ്റിക്‌സ് (ഇന്‍ക്ലൂസീവ്), ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ത്രോബോള്‍ തുടങ്ങി 20 ഓളം മത്സരങ്ങള്‍ ഉണ്ടാകും. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കുള്ള ദീപശിഖാ പ്രയാണവും ജേതാക്കള്‍ക്കുള്ള ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്രകള്‍ ഇന്ന് കൊച്ചിയിലെത്തിച്ചേരും.
ആലുവ മുതൽ ഫോർട്ട്‌കൊച്ചി വരെയുള്ള 32 സ്‌കൂളുകളിലെ നാലായിരം കുട്ടികളുടെ കലാപരിപാടികൾ ഉദ്ഘാടന ചടങ്ങിന് മിഴിവേകും. ഉദ്ഘാടനത്തിന് ശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. 100 മുത്തുക്കുടകൾ അകമ്പടി സേവിക്കും. നാവിക എൻസിസി കേഡറ്റുകളുടെ 24 കൊച്ചി ഫോർമേഷനും നടക്കും. ആയിരം പേരുടെ മാസ്ഡ്രിൽ. തുടർന്ന് ആയിരംപേർ അണിനിരക്കുന്ന സൂംബ ഡാൻസ്. ആയിരംപേർ അണിനിരക്കുന്ന ഫ്രീഹാൻഡ് എക്‌സർസൈസും ക്യൂൻ ഒഫ് അറേബ്യൻ സീ സാംസ്‌കാരിക പരിപാടിയും കുട്ടികൾ അവതരിപ്പിക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടുള്ള കലാപരിപാടിയും അരങ്ങേറും. കരിമരുന്ന് പ്രയോഗവും ഉണ്ടാവും.

by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചു അനധികൃത മദ്യവില്പന നടത്തുന്നതിൽ പ്രധാനിയായ കായിക്കര മൂലയിൽതോട്ടം മൂർത്തൻവിളാകം വീട്ടിൽ സുന്ദരൻ മകൻ സുജിത് (32 വയസ്) എന്ന മുൻ അബ്കാരി കേസുകളിലെ പ്രതിയെ അനധികൃതമദ്യവില്പനയ്കിടെ ചിറയിൻകീഴ് എക്സ്സൈസ് പിടികൂടി. എക്സ്സൈസ് പാർട്ടിയെ കണ്ടു വാഹനവും മദ്യവും ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്സ്സൈസ് ഉദ്യോഗസ്ഥർ കീഴടക്കിയത്.
സുജിത്തിന്റെ മദ്യവില്പനയെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സ്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. മദ്യവില്പന നടത്തികൊണ്ടിരുന്ന ഇയാളിൽ നിന്നും 40 കുപ്പി വിദേശമദ്യവും മദ്യവിൽപനയ്ക്കായ് മദ്യം സൂക്ഷിച്ചിരുന്ന KL 16 A B 1132 ഡിയോ 125 സ്കൂട്ടറും മദ്യം വിറ്റ വകയിൽ കിട്ടിയ പണവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. സുജിത്തിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സ്സൈസ് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. ഷിബുകുമാർ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ വൈശാഖ്, ശരത്ബാബു, എക്സ്സൈസ് ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ ഉൾപ്പെട്ട എക്സ്സൈസ് ടീം ആണ് പ്രതിയെ പിടികൂടിയത്.

by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെഞ്ഞാറമൂട് ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം വെഞ്ഞാറമൂട് നക്ഷത്ര റസിഡൻസിയിൽ നടന്നു. ഐ എം എ വെഞ്ഞാറൂട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ: സതീഷ് കുമാർ സി അധ്യക്ഷത വഹിച്ചു. ഐ എം എ സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ: ജോസഫ് ബെനവൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ: മനോജൻ കെ കെ മുഖ്യാധിതിയിരുന്നു. ഐ എം എ മുൻ നാഷണൽ പ്രസിഡൻ്റ് ഡോ: മാർത്താഡൻ പിള്ള, ഐ എം എ മുൻ സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ: സുൽഫി നൂഹു, ഡോ. ശ്യാംലാൽ, ഡോ: ശ്രീജിത്, ഡോ: രാമു ഉണ്ണിത്താൻ, ഡോ: ബെന്നി എന്നിവർ പ്രസംഗിച്ചു.
ഡോ: നിജു സ്വാഗതവും ഡോ: സതീഷ് എം നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഡോ: സതീഷ് കുമാർ സി പ്രസിഡൻ്റ്. ഡോ: സതീഷ് എം സെക്രട്ടറി. ഡോ: രാമു ഉണ്ണിത്താൻ ട്രഷർ എന്നിവരെ തെരഞ്ഞെടുത്തു.
by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
പാലോട് വാഹനാപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം. പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി കാർത്തിക് (29) ആണ് മരിച്ചത്. പാലോട് പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് വെച്ച് സ്വകാര്യ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ കാർത്തിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തൃശ്ശൂർ ടെമ്പിൾ സ്റ്റേഷനിലെ പൊലിസുകാരനാണ് കാർത്തിക്.
by Midhun HP News | Nov 4, 2024 | Latest News, കേരളം
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മരണം. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ ഇന്നലെ മരിച്ചിരുന്നു. കിനാനൂര്‍ സ്വദേശി രതീശ്, നീലേശ്വരം സ്വദേശി ബിജു എന്നിവരാണ് ഇന്നലെ മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ശനിയാഴ്ചയും മരിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

by Midhun HP News | Nov 4, 2024 | Latest News, കേരളം
മലപ്പുറം: കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അറുപതോളം പേര്‍ ബസ്സിലുണ്ടായിരുന്നു. സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് പുറമെ നിന്നും യാത്ര ചെയ്യുന്നവരുണ്ടായിരുന്നു. തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്.
പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ മുപ്പതിലേറെപ്പേരെ പ്രവേശിപ്പിച്ചു. അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റി. നാട്ടുകാരും മറ്റു വാഹനങ്ങളിൽ സ്ഥലത്തെത്തിയവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Recent Comments