എൻ എസ് എസ്സിന്റെ 110 ആം പതാക ദിനം ആഘോഷിച്ചു

എൻ എസ് എസ്സിന്റെ 110 ആം പതാക ദിനം ആഘോഷിച്ചു

എൻ എസ് എസ്സിന്റെ 110 ആം പതാക ദിനം തോട്ടവാരം കരയോഗത്തിൽ ആഘോഷിച്ചു. സമുദായാചാര്യന്റെ മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കരയോഗം പ്രസിഡന്റ് എസ് ശശിധരൻ നായർ പതാക ഉയർത്തി. ശേഷം പ്രതിജ്ഞ പുതുക്കലും നടന്നു. അജിത് പ്രസാദ്, ശശിധരൻ നായർ, സുരേഷ് കുമാർ വി ജെ, രാജൻപിള്ള, രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

സഹ്യ പുരസ്കാരങ്ങൾ നൽകി

സഹ്യ പുരസ്കാരങ്ങൾ നൽകി

സഹ്യ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ ഓഫ്‌ ആർട്ടിസ്റ്റിക്‌ ഹോമിയോപതി ഫോർ യങ്ങ്സ്റ്റേർസ് ആൻഡ്‌ അഡൽറ്റ്സ്‌ (സഹ്യ) യുടെ ഈ വർഷത്തെ അവാർഡുകൾ സമ്മാനിച്ചു. ഏറ്റവും മികച്ച വനിതാ ഡോക്റ്റർക്കുള്ള അവാർഡ്‌ ആറ്റിങ്ങൽ സാന്ത്വന ഹോമിയോപതി ഹോസ്പിറ്റലിലെ ഡോ. സൗമ്യ കൃഷ്ണനും ജൂനിയർ ഡോ. പുരസ്കാരം തിരുവനന്തപുരം മെഡ്‌വിൻ ഹോമിയോപതി സ്പെഷ്യാലിറ്റി ക്ലിനിക്കിലെ ഡോ.അഖിൽ ശാന്ത ഷാജിക്കും നൽകി ആദരിച്ചു. ചെറുതുരുത്തി റിവർ റിട്രീറ്റിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ഫിലിം മേക്കർ ഡോ. ഡി ബിജുകുമാർ പുരസ്കാരങ്ങൾ നൽകി.

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു

കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു. ഇന്ദിരാ പ്രിയദർശിനിയുടെയും ഉമ്മൻചാണ്ടിയുടെയും ഫോട്ടോ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ് മുൻ മണ്ഡലം പ്രസിഡന്റ് എസ് ജാബിർ, അഡ്വക്കേറ്റ് എ നാസിമുദ്ദീൻ മുൻ പഞ്ചായത്ത് മെമ്പർ ലൈല ബീവി, മണ്ഡലം വൈസ് പ്രസിഡന്റ് താഹിർ വഞ്ചിയൂർ, ബൂത്ത് പ്രസിഡന്റ് പള്ളിമുക്ക് അബ്ദുൽ അസീസ്, ഷെഫീഖ് ഷറഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

നാളെ മുതൽ ഇടിമിന്നലോട് കൂടി മഴ; ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

നാളെ മുതൽ ഇടിമിന്നലോട് കൂടി മഴ; ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ഞായറാഴ്ച തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹജ്ജ് 2025: ഒന്നാം ഗഡു പണമടക്കാനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി

ഹജ്ജ് 2025: ഒന്നാം ഗഡു പണമടക്കാനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു പണമടക്കുന്നതിനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി. ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ​ഗഡുവായി അടയ്ക്കേണ്ടത്.

ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

നവ ദമ്പതികളായ മകനും മരുമകളും ചേർന്നു അമ്മയെ തല്ലി; കേസ്

നവ ദമ്പതികളായ മകനും മരുമകളും ചേർന്നു അമ്മയെ തല്ലി; കേസ്

ആലപ്പുഴ: കാറിന്റെ താക്കോൽ കൊടുക്കാത്തതിനു 41കാരിയായ അമ്മയെ മകനും മരുമകളും ചേർന്നു മർദ്ദിച്ചതായി കേസ്. വളവനാട് പാലത്തിനു സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

21കാരനായ മകൻ രോഹ​ൻ വീട്ടുകാരുടെ സമ്മതമില്ലാതെ 18കാരിയായ ജിനു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു കൊണ്ടു വന്നതാണ് വഴക്കിന്റെ കാരണമെന്നു പൊലീസ് വ്യക്തമാക്കി. ഇവർ താമസിക്കുന്ന ഷെഡ്ഡിൽ കിടക്കുന്നതിനു സൗകര്യക്കുറവുണ്ട്. അതിനാൽ കാറിൽ കിടക്കാനായി കഴിഞ്ഞ ദിവസം മകൻ അമ്മയോടു താക്കോൽ ചോദിച്ചു. എന്നാൽ താക്കോൽ കൊടുക്കാഞ്ഞതിനെ തുടർന്നു മകനും മരുമകളും ചേർന്നു അമ്മയെ തല്ലിയെന്നും തല വാതിലിന്റെ കട്ടിളയിലിടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് കേസ്. മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.