by Midhun HP News | Oct 31, 2024 | Latest News, കേരളം
ശബരിമല: വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാന്‍ തീരുമാനം. ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തി. മുന്‍പ് സ്‌പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങള്‍ ഉള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയില്‍ രേഖയായി ആധാറും നിര്‍ബന്ധമാക്കും. ഇങ്ങനെ ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് സ്‌പോട്ടിങ് ബുക്കിങ് എന്നുതന്നെ പേരിടണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, അംഗങ്ങളായി എം അജിത് കുമാര്‍, ജി സുന്ദരേശ്വന്‍ എന്നിവരുമായി എഡിജിപി ശ്രീജിത്ത് ഇന്നലെ ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സര്‍ക്കാരാണ് അന്തിമതീരുമാനം എടുക്കുക.ഇടത്താവളങ്ങളില്‍ ഇത്തരത്തില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്നാണ് പൊലിസിന്റെ നിര്‍ദേശം. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ഥാടകര്‍ക്ക് നിലയ്ക്കലിലോ, പമ്പയിലോ പാസ് നല്‍കി ദര്‍ശനത്തിന് കടത്തിവിടാനാണ് ആലോചന. ഫോട്ടോ ഉള്‍പ്പടെയുള്ള പാസാണ് നല്‍കുന്നത്.

by Midhun HP News | Oct 31, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ മേഖലയിൽ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലുള്ള സംഘർഷ മേഖലകളായ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്നാണ് സൈനികർ പിൻവാങ്ങിയത്. പട്രോളിങ് പുനഃരാരംഭിക്കാനും വഴിയൊരുങ്ങി.
ദീപാവലി ദിനമായ ഇന്ന് ഇരു പക്ഷത്തേയും സൈനികർ മധുര പലഹാരങ്ങൾ കൈമാറുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ- ചൈന ബന്ധം പുതിയ വികസന അവസരങ്ങൾക്കു മുന്നിലാണെന്നു ചൈനീസ് അംബാസഡർ എക്സിൽ കുറിച്ചു.
സൈനിക പിൻമാറ്റം പുരോഗമിക്കുകയാണെന്നും പട്രോളിങ് രീതികൾ കമാൻഡർമാർ തീരുമാനിക്കുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ആളില്ലാ വിമാനം ഉപയോഗിച്ചും നേരിട്ടും പരിശോധന നടത്തും.
താത്കാലിക നിർമിതികൾ നീക്കം ചെയ്യുന്നതും പിൻമാറ്റത്തിന്റെ ഭാഗമാണ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള- പിൻമാറ്റം, സംഘർഷാവസ്ഥ കുറയ്ക്കൽ, സൈനികരെ പിൻവലിക്കൽ എന്നീ മൂന്ന് ഘട്ട പ്രക്രിയയുടെ ആദ്യ പടിയാണിത്.
കഴിഞ്ഞ ദിവസം റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടതു ഇരു രാജ്യങ്ങളുടേയും ആവശ്യമാണെന്നു ഷി ജിൻപിങ് വ്യക്തമാക്കിയിരുന്നു.
2020 മെയ് മാസത്തിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് കടന്നു കയറ്റങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സൈനിക വിന്യാസവും സംഘർവും ഉടലെടുത്തത്.
by Midhun HP News | Oct 31, 2024 | Latest News, കേരളം
കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില 60,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണവില ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
by Midhun HP News | Oct 30, 2024 | Latest News, കേരളം
തൃശൂര്‍ : എഡിഎം തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്ന മൊഴി കലക്ടര്‍ റവന്യൂ വകുപ്പിന് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. കലക്ടര്‍ കൊടുത്ത മൊഴി ഞങ്ങളുടെ മുമ്പില്‍ നല്‍കിയ മൊഴിയല്ല. അത് കോടതിയില്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ കൊടുത്ത മൊഴിയാകാമെന്ന് മന്ത്രി രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം അതു ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് മന്ത്രിക്ക് ലഭിക്കുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
നവീന്‍ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ മന്ത്രി എന്ന നിലയില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ല. സത്യസന്ധമായ നിലയില്‍ അന്വേഷണം മുന്നോട്ടുപോകണണെന്ന ആഗ്രഹമാണുള്ളത്. ആ ഘട്ടത്തില്‍ ഓരോരുത്തരും കൊടുത്ത മൊഴിയെപ്പറ്റി ഈ ഘട്ടത്തില്‍ പറയുന്നത് ശരിയല്ല. കലക്ടറുടെ മൊഴിയില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.
15-ാം തീയതി സംഭവം നടന്നശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ എന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നവീന്‍ബാബുവിനെക്കുറിച്ച് പറഞ്ഞിരുന്നു. ആ ബോധ്യം മാറാന്‍ പറ്റുന്ന വിധത്തിലുള്ള ഒന്നും ഈ കലയളവില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അന്നത്തെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. മന്ത്രി രാജന്‍ പറഞ്ഞു.

by Midhun HP News | Oct 30, 2024 | Latest News, കേരളം
പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് മുഴുവന്‍ സംരക്ഷണവും നല്‍കയിത് സിപിഎം ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്ന് കലക്ടര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലും സിപിഎമ്മാണ്. കണ്ണൂര്‍ കലക്ടറുടെ മലക്കം മറിച്ചില്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഇങ്ങനെയും കലക്ടര്‍ക്ക് കള്ളം പറയാനാകുമോ?. ആ സ്ഥാനത്ത് ഇരിക്കാന്‍ അരുണ്‍ കെ വിജയന്‍ യോഗ്യനല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
കേരളത്തില്‍ ഇപ്പോള്‍ ഭരണം എന്നൊന്നില്ല. സിപിഎം സെല്‍ ഭരണമാണ് നടക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സിപിഎമ്മിന്റെ ഒരു സെക്ഷന്‍ തീരുമാനിക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് പിടിച്ചെടുക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ ബിജെപി ഇവിടെ മത്സരിച്ചത്. എന്തെല്ലാം പ്രചാരണമാണ് അന്ന് നടത്തിയത്. ബിജെപിയെ തോല്‍പ്പിച്ചാണ് ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിരിക്കുന്നത്. സിപിഎം ഉണ്ടായിരുന്നു മൂന്നാം സ്ഥാനത്ത്. അതുതന്നെയാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. ഇവിടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസ് ജയിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടണമെന്ന് സുരേഷ് ഗോപി പറയുന്നത് അദ്ദേഹം കേന്ദ്രമന്ത്രിയായതുകൊണ്ടാണ്. അന്വേഷണം എന്താകുമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കുന്നതുകൊണ്ടാവാം അങ്ങനെ പറയുന്നതെന്നും കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
by Midhun HP News | Oct 30, 2024 | Latest News, കേരളം
തൃശൂർ: പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. 2021-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. സര്‍ഗദര്‍ശനം, അനുമാനം, മോളിയേയില്‍ നിന്ന് ഇബ്സനിലേയ്ക്ക്, വാക്കും പൊരുളും എന്നീ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോളിയേയില്‍നിന്ന് ഇബ്സനിലേയ്ക്ക് എന്ന കൃതിയ്ക്ക് 1998-ലെ എന്‍. കൃഷ്ണപിള്ള സ്മാരകപുരസ്‌കാരം ലഭിച്ചു. നിരവധി ആനുകാലികങ്ങളില്‍ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങള്‍ തുടങ്ങിയവ വിവിധ തുലികാനാമങ്ങളിൽ എഴുതിയിട്ടുണ്ട്.
ഉള്‍ക്കാഴ്ചകള്‍, സംസ്‌കാരത്തിന്റെ അടയാളങ്ങള്‍, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സ്മൃതിമുദ്രകള്‍ എന്നിവയാണ് മറ്റ് കൃതികള്‍. 1961 മുതല്‍ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മലയാളവിഭാഗം അധ്യാപകനായിരുന്നു. പാലക്കാട് വിക്ടോറിയ കോളജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്‌കൂള്‍, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Recent Comments