ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്‌തത് അരലക്ഷത്തിലധികം പേർ

ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്‌തത് അരലക്ഷത്തിലധികം പേർ

ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല മണ്ഡല – മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു.തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ ആൻഡ് റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ – പൊതുവിതരണം, ഇറിഗേഷന്‍, കെഎസ്‌ഇബി, കെഎസ്‌ആര്‍‌ടിസി, ബിഎസ്‌എന്‍എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു

മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു

തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് (53) മരിച്ചത്.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടന്നു

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടന്നു

കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക അവാർഡ് വിതരണത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ആറ്റിങ്ങൽ നഗര സഭയിൽ വൈസ് ചെയർമാൻ തുളസിധരൻ പിള്ള ഉദ്ഘാടനം ചെയ്തു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യ സുധീർ, ഗിരിജ ടീച്ചർ, ഷീജ, സൈജു രാജ്, ബിപിൻകാരേറ്റ്,സുചിത്ര , കടയ്ക്കാവൂർഅജയഘോഷ്, പ്രദീപ്, സുനിൽ മണമ്പൂർ ,റീജ തുടങ്ങിയവർ പങ്കെടുത്തു

‘ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

‘ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

കൊച്ചി: എഡിഎം നവീന്‍ ബാബു മരിച്ച കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ആത്മഹത്യാ പ്രേരണാക്കുറ്റത്തില്‍ തലശേരി പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

തനിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. കേസില്‍ അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാല്‍ അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ദിവ്യ ആവശ്യപ്പെടുന്നു. തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത് കണ്ണൂര്‍ കലക്ടറാണ്. കലക്ടറേറ്റില്‍ മറ്റൊരു പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് കലക്ടര്‍ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയപ്പോള്‍ തന്നെ സംസാരിക്കാനായി ക്ഷണിച്ചതും കലക്ടറാണ്.

കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസാരിച്ചപ്പോള്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അത് സദുദ്ദേശ്യത്തോടെയായിരുന്നു. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകമാത്രമാണ് താന്‍ ചെയ്തതെന്ന് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ കേസ് എടുത്തത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എഡിഎമ്മിന്റെ മരണം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു സിപിഎം മാറ്റിയിരുന്നു.

കമിതാക്കൾ എം വി ഡി യെ പറ്റിച്ചത് 35 തവണ; ഒടുവിൽ പിടികൂടി; പിഴ 44,000

കമിതാക്കൾ എം വി ഡി യെ പറ്റിച്ചത് 35 തവണ; ഒടുവിൽ പിടികൂടി; പിഴ 44,000

എറണാകുളത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വണ്ടി നമ്പർ തിരുത്തി ചുറ്റിക്കറങ്ങിയ കമിതാക്കളെ പൊക്കി ആർടിഒ. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ പലയിടങ്ങളിലായി മോട്ടർ വാഹന വകുപ്പിന്റെ ക്യാമറകളിൽ 35 തവണയാണ് കമിതാക്കൾ കുടുങ്ങിയത്. ഇവരെ പിടികൂടിയ ആർടിഒ കമിതാക്കളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ 44,000 രൂപ പിഴ അടയ്ക്കാനും എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജ് ഉത്തരവിട്ടു.സ്കൂട്ടറിന്റെ നാലക്ക നമ്പറിൽ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു കമിതാക്കൾ എം വി ഡി യെ പറ്റിച്ചുകൊണ്ടിരുന്നത്. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണു നിരന്തരമായി നോട്ടിസ് എത്തിക്കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ യാതഥാർത്ഥ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണ് സംഭവം പൊലീസിന് മനസിലാകുന്നത്.

9 വരെയുള്ള അക്കങ്ങൾ ചേർത്തു പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ ഉടമയായ യുവതിയെ പൊലീസ് വിളിപ്പിക്കുകയായിരുന്നു. സംഭവം പൊലീസ് അറിഞ്ഞു എന്ന് വ്യക്തമായതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രണയിക്കുന്ന യുവാവുമായിട്ടായിരുന്നു ഇരുചക്ര വാഹനത്തിൽ കറക്കമെന്നും യുവതി പറഞ്ഞു.ജനുവരി മുതൽ ഈ മാസം പകുതി വരെയുള്ള കാലയളവിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇരുവരും വണ്ടി നമ്പർ മാറ്റി എത്തിയിരുന്നു. പിഴയായി തങ്ങളുടെ കൈവശമുണ്ടായിരുന്ന 5,000 രൂപ കമിതാക്കൾ അടച്ചു. ലൈസൻസിന്റെ ഒരു മാസത്തെ സസ്പെൻഷൻ കാലാവധി കഴിയും മുൻപു ശേഷിക്കുന്ന പിഴ അടയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.

46ന് മറുപടി 402! കളിയുടെ കടിഞ്ഞാണ്‍ കിവികള്‍ക്ക്

46ന് മറുപടി 402! കളിയുടെ കടിഞ്ഞാണ്‍ കിവികള്‍ക്ക്

ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 402 റണ്‍സ് കണ്ടെത്തി ന്യൂസിലന്‍ഡ്. രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും ഡെവോണ്‍ കോണ്‍വെ, ടിം സൗത്തി എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും കിവി സ്‌കോറില്‍ നിര്‍ണായകമായി. 356 റണ്‍സിന്റെ മികച്ച ലീഡുമായാണ് അവര്‍ കളം വിട്ടത്.

157 പന്തില്‍ 13 ഫോറും 4 സിക്‌സും സഹിതം 134 റണ്‍സാണ് രചിന്‍ കണ്ടെത്തിയത്. താരത്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി. ഒടുവില്‍ അവസാന വിക്കറ്റായാണ് താരം മടങ്ങിയത്.

ടിം സൗത്തി 73 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 65 റണ്‍സെടുത്തു രചിന് മികച്ച പിന്തുണ നല്‍കിയത് മികച്ച സ്‌കോറിലേക്ക് കിവികളെ എത്തിക്കുന്നതില്‍ നിര്‍ണായകമായി.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 46 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് വീഴ്ത്താന്‍ സാധിച്ചെങ്കിലും പിന്നീട് സൗത്തിയുമായി ചേര്‍ന്നാണ് രചിന്‍ ടീം സ്‌കോര്‍ 300 കടത്തിയത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങിയ കോണ്‍വെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി.

മിന്നും തുടക്കം നല്‍കിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് സെഞ്ച്വറി നഷ്ടമായത് മാത്രമാണ് കിവികള്‍ക്ക് രണ്ടാം ദിനത്തില്‍ നിരാശ നല്‍കിയത്. താരം മൂന്ന് സിക്‌സും 11 ഫോറും സഹിതം 91 റണ്‍സുമായി മടങ്ങി.

ക്യാപ്റ്റന്‍ ടോം ലാതമാണ് ആദ്യം പുറത്തായത്. താരം 15 റണ്‍സെടുത്തു. വില്‍ യങ് (33) ആണ് പുറത്തായ മറ്റൊരാള്‍. മൂന്നാം ദിനത്തില്‍ ഡാരില്‍ മിച്ചല്‍ (18), ടോം ബ്ലന്‍ഡല്‍ (5), ഗ്ലെന്‍ ഫിലിപ്സ് (14), മാറ്റ് ഹെന്റി (8), അജാസ് പട്ടേല്‍ (4) എന്നിവരും മടങ്ങി.

ടോസ് കിട്ടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഇന്ത്യ 46 റണ്‍സിന് പുറത്തായി. യശസ്വി ജയ്‌സ്വാള്‍(63 പന്തില്‍ 13), ഋഷഭ് പന്ത്(49 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വില്ല്യം ഓറോക്കുമാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്നിങ്‌സ് ആരംഭിച്ച് ഏഴാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ (2)പുറത്തായിന് ശേഷം പിന്നീടെത്തിയ എല്ലാവരുടെയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലി, സര്‍ഫാറസ് ഖാന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ പൂജ്യത്തില്‍ മടങ്ങി.