by Midhun HP News | Oct 18, 2024 | Latest News, കായികം
ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 402 റണ്‍സ് കണ്ടെത്തി ന്യൂസിലന്‍ഡ്. രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും ഡെവോണ്‍ കോണ്‍വെ, ടിം സൗത്തി എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും കിവി സ്‌കോറില്‍ നിര്‍ണായകമായി. 356 റണ്‍സിന്റെ മികച്ച ലീഡുമായാണ് അവര്‍ കളം വിട്ടത്.
157 പന്തില്‍ 13 ഫോറും 4 സിക്‌സും സഹിതം 134 റണ്‍സാണ് രചിന്‍ കണ്ടെത്തിയത്. താരത്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി. ഒടുവില്‍ അവസാന വിക്കറ്റായാണ് താരം മടങ്ങിയത്.
ടിം സൗത്തി 73 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 65 റണ്‍സെടുത്തു രചിന് മികച്ച പിന്തുണ നല്‍കിയത് മികച്ച സ്‌കോറിലേക്ക് കിവികളെ എത്തിക്കുന്നതില്‍ നിര്‍ണായകമായി.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 46 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് വീഴ്ത്താന്‍ സാധിച്ചെങ്കിലും പിന്നീട് സൗത്തിയുമായി ചേര്‍ന്നാണ് രചിന്‍ ടീം സ്‌കോര്‍ 300 കടത്തിയത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങിയ കോണ്‍വെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി.
മിന്നും തുടക്കം നല്‍കിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് സെഞ്ച്വറി നഷ്ടമായത് മാത്രമാണ് കിവികള്‍ക്ക് രണ്ടാം ദിനത്തില്‍ നിരാശ നല്‍കിയത്. താരം മൂന്ന് സിക്‌സും 11 ഫോറും സഹിതം 91 റണ്‍സുമായി മടങ്ങി.
ക്യാപ്റ്റന്‍ ടോം ലാതമാണ് ആദ്യം പുറത്തായത്. താരം 15 റണ്‍സെടുത്തു. വില്‍ യങ് (33) ആണ് പുറത്തായ മറ്റൊരാള്‍. മൂന്നാം ദിനത്തില്‍ ഡാരില്‍ മിച്ചല്‍ (18), ടോം ബ്ലന്‍ഡല്‍ (5), ഗ്ലെന്‍ ഫിലിപ്സ് (14), മാറ്റ് ഹെന്റി (8), അജാസ് പട്ടേല്‍ (4) എന്നിവരും മടങ്ങി.
ടോസ് കിട്ടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഇന്ത്യ 46 റണ്‍സിന് പുറത്തായി. യശസ്വി ജയ്‌സ്വാള്‍(63 പന്തില്‍ 13), ഋഷഭ് പന്ത്(49 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വില്ല്യം ഓറോക്കുമാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്നിങ്‌സ് ആരംഭിച്ച് ഏഴാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ (2)പുറത്തായിന് ശേഷം പിന്നീടെത്തിയ എല്ലാവരുടെയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലി, സര്‍ഫാറസ് ഖാന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ പൂജ്യത്തില്‍ മടങ്ങി.
by Midhun HP News | Oct 18, 2024 | Latest News, കേരളം
കൊല്ലം: വയസ് 107 ആണ്. എങ്കിലും സംഗീതത്തിലെ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ല കുഞ്ഞമ്മ ചാക്കോയ്ക്ക്. സ്വരശുദ്ധിയും ഹാര്‍മോണിയ പെട്ടിയുടെ ശബ്ദവും ഇപ്പോഴും നിറയുകയാണ് പൂയപ്പള്ളിയിലുള്ള വീട്ടില്‍.
ചാത്തന്നൂരിലെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലാണ് കുഞ്ഞമ്മ ചാക്കോയുടെ ജനനം. എട്ട് വര്‍ഷം കര്‍ണാടക സംഗീതം അഭ്യസിച്ചു. അക്കാലത്ത് സാധാരണ പെണ്‍കുട്ടികള്‍ക്ക് സംഗീതം പഠിക്കുക എന്ന ആഗ്രഹം വളരെ കുറവായിരുന്നു. കുഞ്ഞമ്മയുടെ ആഗ്രഹത്തിന് കുടുംബം എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു. തുടര്‍ന്ന് അമ്മാവന്‍ കുഞ്ഞമ്മയെ സംഗീതം പഠിപ്പിക്കാന്‍ ഒരു ഭാഗവതരെ ഏര്‍പ്പാടാക്കി. സംഗീതം ഒരാളുടെ ചുണ്ടുകള്‍ ചലിപ്പിക്കുക മാത്രമല്ല, ദൈവത്തപ്പോലും പ്രീതിപ്പെടുത്തുന്ന തരത്തില്‍ സ്വരമാധുര്യമുള്ളതായിരിക്കണം. കുടുംബം നല്‍കിയ പിന്തുണ അത്രയേറെ വലുതാണെന്നു കുഞ്ഞമ്മ പറഞ്ഞു.
21 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. കുടുംബം പോറ്റാന്‍ കുഞ്ഞമ്മ പിന്നീട് ചേര്‍ത്ത് പിടിച്ചത് സംഗീതത്തെയാണ്. പള്ളിപെരുന്നാളുകളിലും വിവാഹങ്ങളിലും പിറന്നാള്‍ ആഘോഷങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലുള്‍പ്പെടെ കുഞ്ഞമ്മയുടെ ശ്ബ്ദം പ്രിയപ്പെട്ടതായി.
പൂയപ്പള്ളിയിലെ മാര്‍ത്തോമ്മാ പള്ളിയുടെ ഗായക സംഘത്തിലെ അംഗം എന്ന നിലയിലും കുഞ്ഞമ്മ നാട്ടില്‍ അറിയപ്പെടുന്ന ഗായികയായി മാറി. ആയിരത്തിലധികം ചടങ്ങുകളിലും മറ്റ് ഇവന്റുകളിലും കുഞ്ഞമ്മ പാടി. അതും ഹാര്‍മോണിയത്തിന്റെ അകമ്പടിയില്‍. പ്രായാധിക്യത്തിലും പാടിക്കൊണ്ടിരിക്കാന്‍ തന്നെയാണ് കുഞ്ഞമ്മയ്ക്ക് ഏറെയിഷ്ടം.
ആരോഗ്യം വഷളാവുകയും കാഴ്ച മങ്ങുകയും ചെയ്തിട്ടും കുഞ്ഞമ്മ എല്ലാ ദിവസവും പാടുന്നുണ്ട്. ജീവന്‍ നിലനിര്‍ത്തുന്നത് തന്നെ സംഗീതത്തിന്റെ ശക്തിയാണെന്ന് കുഞ്ഞമ്മ പറയും. കുഞ്ഞമ്മ പാടുക മാത്രമല്ല, സ്വന്തം വരികള്‍ രചിച്ച് സംഗീതം നല്‍കുക കൂടി ചെയ്യുമായിരുന്നുവെന്ന് മകള്‍ ലില്ലിക്കുട്ടിയും പറയുന്നു.
by Midhun HP News | Oct 18, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് വരെയാണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 81000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ എത്തി. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.
വിപണിയില്‍ നിന്ന് പുറത്തേയ്ക്കുള്ള നിക്ഷേപ ഒഴുക്ക് തുടരുന്നതാണ് ഇടിവിന് കാരണം. ചൈനീസ് വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ അവിടെ ഉന്നംവെയ്ക്കുന്നത് അടക്കമുള്ള വിഷയങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യയില്‍ സംഭവവികാസങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
ഇന്‍ഫോസിസ്, ബജാജ് ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇതിന് പുറമേ ഐടിസി, ബിപിസിഎല്‍, ടെക് മഹീന്ദ്ര ഓഹരികളും റെഡിലാണ്. അതേസമയം ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
by Midhun HP News | Oct 18, 2024 | Latest News, കേരളം
കൊട്ടാരക്കര: തൃക്കണ്ണമംഗലില്‍ അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗല്‍ അജിത് നിലയത്തില്‍ തങ്കപ്പന്‍ ആചാരി(82) ആണ് കൊല്ലപ്പെട്ടത്. മകന്‍ അജിത്ത്(45)നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. താന്‍ അച്ഛനെ കൊലപ്പെടുത്തിയതായി അജിത്ത് സുഹൃത്തിനെ ഫോണില്‍ അറിയിക്കുകയായിരുന്നു.
പോലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ തോര്‍ത്ത് മുറുകി മരിച്ച നിലയില്‍ തങ്കപ്പന്‍ ആചാരിയെ കണ്ടെത്തിയത്. സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ തിണ്ണയില്‍ മദ്യലഹരിയില്‍ കിടന്നിരുന്ന അജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു. വിരമിച്ച അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായിരുന്നു തങ്കപ്പന്‍ ആചാരി.
അജിത്തും തങ്കപ്പനാചാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.സ്ഥിരം മദ്യപാനിയാണ് അജിത്. മദ്യപിച്ച് അച്ഛനും മകനും രാത്രി തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശേഷം ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമുണ്ടായി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ പരിശോധന നടത്തുകയാണ്. വിവാഹമോചിതനായ അജിത്തും മകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
by Midhun HP News | Oct 18, 2024 | Latest News, ജില്ലാ വാർത്ത
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ച് നടന്ന പതിമൂന്നാമത് നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ആഹിൽ ബിൻ ഷിജു. കേരള റൈഫുൾ ഷൂട്ടിംഗ് അസോസിയേഷനിലെ ഒഫീഷ്യൽ കോച്ചായ ഫർഹാന്റെ കീഴിൽ പരിശീലനം നടത്തുന്നു.
2025 ജനുവരിയിൽ ശ്രീലങ്കയിൽ വച്ച് നടക്കുന്ന ഇൻറർനാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി.
തിരുവനന്തപുരം ഇടയ്ക്കോട് ഷാലിമാറിൽ ഷിജു സുബൈർ ഷൈമ ഷിജു ദമ്പതികളുടെ മകനായ ആഹിൽ ബിൻ ഷിജു, മംഗലാപുരം ബിപിഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
by Midhun HP News | Oct 18, 2024 | Latest News, കേരളം
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ബാങ്ക് വായ്പകളുടെ കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എവിടെയെല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചു എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം വേണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വയനാടിനായി പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ വയനാടിന് ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസമില്ല. മറിച്ച് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.
പിഎം റിലീഫ് ഫണ്ട് വയനാട് ജില്ലാ കലക്ടര്‍ വഴി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, ഇതിനോടകം വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ ദുരന്തങ്ങള്‍ നേരിടാനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട് എന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രം നല്‍കിയത് വാര്‍ഷിക ദുരിതാശ്വാസ സഹായമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. അപ്പോള്‍ ഈ തുക ഏതൊക്കെ പദ്ധതികളിലായി, എവിടെയൊക്കെ ചെലവഴിച്ചു എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തില്‍ മരിച്ചവരും സ്ഥലം നഷ്ടപ്പെട്ടവരുമായ ഇരകളെല്ലാം കര്‍ഷകരാണെന്ന കാര്യം വിസ്മരിക്കാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ കേന്ദ്രഫണ്ട് ചെലവഴിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തില്‍ കേരളത്തിന് നിങ്ങള്‍ എന്തു സഹായം ചെയ്യുമെന്ന് അറിയിക്കണമെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
Recent Comments