കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു

കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു

കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നിലഗുരുതരമാണ്. ആനക്കാംപൊയില്‍ സ്വദേശി രാജേശ്വരിയാണ് മരിച്ചത്. 61 വയസ്സായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിൽക്കുകയാണ്. ആളുകൾ വെള്ളത്തിൽ വീണുപോയിട്ടുണ്ടോ എന്നും തിരച്ചിൽ നടത്തുന്നുണ്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമമാണ് നടക്കുന്നത്. അൻപതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത്് ഉള്ളവരെ രക്ഷിച്ചത്.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടിടത്ത് മഴ തീവ്രമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടിടത്ത് മഴ തീവ്രമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ വീണ്ടും കനത്തത്. ചക്രവാതച്ചുഴി നാളെയോടെ ലക്ഷദ്വീപിന് മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ലക്ഷദ്വീപ് വരെ തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട് വഴി ന്യുനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി ഒക്ടോബര്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒലയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

ഒലയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

മുംബൈ: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി വീണ്ടും കൂപ്പുകുത്തി. ഓഹരി വിപണിയില്‍ ആറു ശതമാനം ഇടിവാണ് കമ്പനി ഇന്ന് നേരിട്ടത്. ഇതോടെ ഓഗസ്റ്റിലെ റെക്കോര്‍ഡ് ഉയരമായ 157.53 രൂപയില്‍ നിന്ന് ഇതുവരെ 46 ശതമാനത്തിന്റെ ഇടിവാണ് ഒലയ്ക്ക് ഉണ്ടായത്.

ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിച്ചു എന്നതടക്കം വിവിധ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അനാരോഗ്യകരമായ വ്യാപാര പ്രവണതകള്‍ എന്നിവയാണ് നോട്ടീസിന് ആധാരമായ മറ്റു ലംഘനങ്ങളായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചൂണ്ടിക്കാണിച്ചത്. കാരണം കാണിക്കല്‍ നോട്ടീസ് കമ്പനിയുടെ സാമ്പത്തികവും ദൈനംദിനവുമായ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഒല ഇലക്ട്രിക് അറിയിച്ചു.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോട്ടീസില്‍ പിഴ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ ഒലയ്ക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ തങ്ങളുടെ വാദം ബോധ്യപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഒലയുടെ ഓഹരി 6.18 ശതമാനം ഇടിഞ്ഞ് 85.21 രൂപയിലെത്തി. ഓഗസ്റ്റ് 20 ന് കമ്പനിയുടെ സ്റ്റോക്ക് 157.53 രൂപ വരെ ഉയര്‍ന്നിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ഈ നിലവാരത്തില്‍ നിന്ന് 46 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്.

വോയ്‌സ് റെസ്റ്റ്; മുഖ്യമന്ത്രി സഭയില്‍ ഇല്ല; അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. മുസ്ലീം ലീഗ് അംഗം എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഇന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത് യാദൃച്ഛികമാവാമെന്നും ഷംസുദ്ദീന്‍ പരിഹസിച്ചു. രാവിലെ മുഖ്യമന്ത്രി സഭയില്‍ എത്തി സംസാരിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് വേണ്ടി ദൂതനായാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രമേയ അവതാരകന്‍ പറഞ്ഞു. മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് ഡല്‍ഹിയില്‍ പോയി മുഖ്യമന്ത്രി അഭിമുഖം നല്‍കിയതെന്നും ഷംസൂദ്ദീന്‍ ചോദിച്ചു. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. ഡിജിപിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്നും ഷംസുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അസുഖത്തെ പരിഹസിച്ച പ്രമേയ അവതാരകന്റെ പരാമര്‍ശത്തിനെതിരെ സ്പീക്കര്‍ രംഗത്തെത്തി. ആര്‍ക്കും അസുഖം വരാമല്ലോ, അത്തരം സംസാരം വേണ്ടെന്ന്് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഡോക്ടര്‍ സമ്പൂര്‍ണ വോയ്‌സ് റെസ്റ്റ് ആണ് പറഞ്ഞതെന്ന് സ്പീക്കര്‍ അറിയിച്ചു.

ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണിവരെയാകും അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ച. അതിനിടെ ഇന്നലെ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു. മാത്യു കുഴല്‍നാടന്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എംബി രാജേഷാണ് അവതരിപ്പിച്ചത്.

ഹരിയാനയിൽ തിരിച്ചുകയറി ബി.ജെ.പി, ഇഞ്ചോടിഞ്ച് പോരാട്ടം; കശ്മീരിൽ ഇൻഡ്യ സഖ്യം

ഹരിയാനയിൽ തിരിച്ചുകയറി ബി.ജെ.പി, ഇഞ്ചോടിഞ്ച് പോരാട്ടം; കശ്മീരിൽ ഇൻഡ്യ സഖ്യം

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം പുരോഗമിക്കവേ ഹരിയാനയിൽ ബി.ജെ.പിയുടെ തിരിച്ചുവരവ്. ആദ്യ മണിക്കൂറിൽ കോൺഗ്രസാണ് വൻ മുന്നേറ്റം നടത്തിയതെങ്കിൽ ഇപ്പോൾ ബി.ജെ.പി തിരിച്ചുകയറുകയാണ്. ബി.ജെ.പി 46 സീറ്റിലും കോൺഗ്രസ് 37 സീറ്റിലുമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം 48 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 26 ഇടത്തും പി.ഡി.പി അഞ്ചിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം.

ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സും ജ​മ്മു-​ക​ശ്മീ​രി​ൽ തൂ​ക്കു​സ​ഭ​യു​മാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചിച്ചിട്ടുള്ളത്. ഹ​രി​യാ​ന​യി​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 61 ശ​ത​മാ​ന​വും ജ​മ്മു-​ക​ശ്മീ​രി​ൽ സെ​പ്റ്റം​ബ​ർ 18, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളിൽ മൂ​ന്ന് ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 63 ശ​ത​മാ​ന​വും​ പോ​ളി​ങ്ങാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ ഹാജരാകില്ല; മുഖ്യമന്ത്രി കത്തയച്ചു

ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ ഹാജരാകില്ല; മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചു. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും കത്തില്‍ പറയുന്നു. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ‘ദ ഹിന്ദു’ പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.

ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് മലപ്പുറത്തെക്കുറിച്ച് വിശേഷിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെ സംഭവത്തില്‍ ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. പിആര്‍ ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കിയതെന്നായിരുന്നു പത്രത്തിന്റെ വിശദീകരണം. എന്നാല്‍ നേരത്തെയും മുഖ്യമന്ത്രി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. പരാമര്‍ശത്തെപ്പറ്റി ചൊവ്വാഴ്ച രാജ്ഭവനില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.

ദേശവിരുദ്ധര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇതിനെ പറ്റി അറിഞ്ഞതെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.