മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; പുളിച്ച മാവ് തലയില്‍ ഒഴിച്ച് കെഎസ്ഇബി ഓഫിസില്‍ വ്യാപാരിയുടെ പ്രതിഷേധം

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; പുളിച്ച മാവ് തലയില്‍ ഒഴിച്ച് കെഎസ്ഇബി ഓഫിസില്‍ വ്യാപാരിയുടെ പ്രതിഷേധം

കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയെന്ന് ആരോപിച്ച് കെഎസ്ഇബി ഓഫിസിനു മുന്നില്‍ പുളിച്ച് മാവ് തലിയില്‍ ഒഴിച്ച് വ്യാപാരിയുടെ പ്രതിഷേധം. കുണ്ടറയില്‍ ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ ആട്ട് മില്ല് നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കെഎസ്ഇബി ഓഫീസിനു മുന്നില്‍ പുളിച്ച മാവില്‍ കുളിച്ച് പ്രതിഷേധിച്ചത്.

ദോശമാവ് ആട്ടി കവറുകളില്‍ ആക്കി കടകളില്‍ വില്‍പന നടത്തുന്ന ജോലിയാണ് രാജേഷിന്റേത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെ കുണ്ടറ വേലുതമ്പി നഗര്‍ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ 11 ഓടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഏറെ വൈകിയും വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആട്ടിയ മാവ് പാക്ക് ചെയ്യാന്‍ കഴിയാതെ പുളിച്ചു. തുടര്‍ന്നാണ് രാജേഷ് കെഎസ്ഇബി ഓഫീസില്‍ വന്ന് പ്രതിഷേധിച്ചത്. ഉപയോഗശൂന്യമായ മാവ് തലയിലേക്ക് ഒഴിച്ചായിരുന്നു പ്രതിഷേധം.

ഉച്ചയ്ക്ക് മുമ്പ് വിതരണം ചെയ്യുന്നതിനായി രാജേഷ് രാവിലെ 6 മുതല്‍ മാവ് ആട്ടാന്‍ തുടങ്ങിയിരുന്നു. വൈദ്യുതി നിലച്ചതോടെ ആട്ടിയ മാവ് പാക്ക് ചെയ്യാന്‍ കഴിയാതെയായി. കെഎസ്ഇബിയില്‍ ബന്ധപ്പെട്ടപ്പോള്‍ മുന്നറിയിപ്പ് പ്രകാരമാണ് ലൈന്‍ ഓഫ് ചെയ്തത് എന്ന മറുപടിയാണ് ലഭിച്ചത്. പ്രതിഷേധവുമായി കെഎസ്ഇബിയില്‍ എത്തിയപ്പോള്‍ മാത്രമാണ് 11 മണിയുടെ വൈദ്യുതി മുടക്കത്തിന്റെ മെസ്സേജ് തനിക്ക് ലഭിച്ചതെന്ന് രാജേഷ് ആരോപിച്ചു.

വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി

വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി

വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി. ഒരിടവേളക്ക് ശേഷമാണ് രേവതി വീണ്ടും സംവിധായകയാവുന്നത്. രേവതി തന്നെയാണ് തന്റെ പുതിയ സംവിധാന സംരംഭം ഒരുങ്ങുന്നതായി സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നത് പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് തമിഴിൽ ഒരുങ്ങുന്ന സീരിസിന്റെ ചിത്രീകരണം ആരംഭിച്ചത്. ഹോട്ട് സ്റ്റാറിന് വേണ്ടി ഒരുങ്ങുന്ന സീരിസാണ് രേവതി ഇത്തവണ സംവിധാനം ചെയ്യുന്നത്. സംവിധായകൻ സിദ്ധാർത്ഥ് രാമസാമിയാണ് സീരിസിന്റെ സഹസംവിധായകൻ.

2022 ൽ കജോളും വിശാൽ ജേത്വയും അഭിനയിച്ച സലാം വെങ്കിയാണ് രേവതി സംവിധാനം ചെയ്ത് റിലീസ് ചെയ്ത അവസാന ചിത്രം. 2002 ലാണ് രേവതി സംവിധാന രംഗത്തേക്ക് എത്തുന്നത്. ശോഭനയെ നായികയാക്കി ഒരുക്കിയ മൈത്രി, മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യ ചിത്രം.

ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല; മതപരമായ ആചാരങ്ങൾ വ്യക്തിപരമായ കാര്യമെന്ന് ഹൈക്കോടതി

ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല; മതപരമായ ആചാരങ്ങൾ വ്യക്തിപരമായ കാര്യമെന്ന് ഹൈക്കോടതി

കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് ഏറ്റവും ഉന്നതമായിട്ടുള്ളത്. ഒരാളുടെ മതപരമായ ആചാരങ്ങൾ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളിൽ അത് അടിച്ചേൽപ്പിക്കാനാവില്ല. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരൻമാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ധനമന്ത്രിയായിരിക്കുമ്പോൾ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതിനെതിരെ വിദ്യാർത്ഥിനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ നൗഷാദ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതുവഴി വിദ്യാർത്ഥിനി മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി വ്യഭിചാരം ചെയ്തെന്നും പരാമർശിച്ചാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചത്.

ഈ സംഭവത്തിൽ നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോഴിക്കോട് കുന്നമംഗലം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്. മതം വ്യക്തിപരമാണെന്നും ആരേയും നിർബന്ധിക്കാനാവില്ലെന്നും മുസ്‌ലിം മതം തന്നെ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മാനം സ്വീകരിക്കുമ്പോൾ ധനമന്ത്രിക്കു കൈകൊടുക്കാൻ പരാതിക്കാരി തീരുമാനിച്ചാൽ ഹർജിക്കാരന് അതിൽ എന്തു കാര്യമെന്നും കോടതി ചോദിച്ചു.

പരാതിക്കാരി കോഴിക്കോട് സ്വകാര്യ ലോ കോളജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഹർജിക്കാരൻ സമൂഹ മാധ്യമത്തിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതു സംബന്ധിച്ചാണ് കേസ്. 2016ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കുമായി കോളജിൽ നടത്തിയ സംവാദത്തിൽ പങ്കെടുക്കാൻ പരാതിക്കാരിക്ക് അവസരം ലഭിച്ചിരുന്നു. ചടങ്ങിൽ താൻ മന്ത്രിക്ക് ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങൾ സഹിതം ശരി അത്ത് നിയമം ലംഘിച്ചെന്ന് പരാമർശിച്ച് വാട്സ് ആപ്പിൽ പ്രചരിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.

തലസ്ഥാനത്ത് എട്ട് മണിക്കൂറോളം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി

തലസ്ഥാനത്ത് എട്ട് മണിക്കൂറോളം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മണി മുതൽ നാളെ പുലർച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികൾക്കായി ജല വിതരണം നിർത്തിവയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം ന​ഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്.

പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത്‌സിംഗ്‌ നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ, ഊളമ്പാറ, പൈപ്പിൻമൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളജ്, ഉള്ളൂർ,

കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എൻജീനിയറിങ് കോളജ്, ഗാന്ധിപുരം, ചെമ്പഴന്തി,​പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാമ്പ്, പള്ളിപ്പുറം,പുലയനാർകോട്ട, പ്രശാന്ത് നഗർ, പോങ്ങുമൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു തുടക്കം ആയി

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു തുടക്കം ആയി

മടവൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 4 നു തുടങ്ങി ഒക്ടോബർ 13 വിജയദശമി ദിനത്തോട് കൂടി പരി വസാനിക്കുന്നു. ഈ ദിന ങ്ങളിൽ എല്ലാ ദിവസവും ദേവീ ഭാഗവത പാരായണം, നവ ദ്രവ്യാഭിഷേകം, ലളിത സഹസ്രനാമം എന്നിവ ക്ഷേത്രത്തിൽ നടക്കും. ദുർഗാഷ്ടമി,മഹാനവമി ദിനത്തൽ ദേവീ കീർത്തനങ്ങളാൽ അഖണ്ഡനാമജപം നടക്കുന്നു. നവരാത്രി ദിനങ്ങളിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര സന്നിധിയിൽ നൃത്ത സംഗീത അർച്ചനകൾ അരങ്ങേറും. നവരാത്രി പൂജകൾക്കും, കുട്ടികൾക്കു വിദ്യാരംഭം കുറിക്കുന്നതിനും ക്ഷേത്രം മേൽ ശാന്തി അമ്പലപുഴ പാഴൂർ മഠം ശ്രീ കേശവൻനമ്പൂതിരി കാർമ്മികത്വം വഹിക്കുന്നു.

25 കോടി ആര്‍ക്ക്?; തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ

25 കോടി ആര്‍ക്ക്?; തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.

നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ടിക്കറ്റ് വില്‍പ്പന 70 ലക്ഷത്തിലേക്ക് കടന്നു. ആകെ 80 ലക്ഷം ടിക്കറ്റുകള്‍ വിപണിയില്‍ എത്തിച്ചതില്‍, തിങ്കളാഴ്ച നാലുമണി വരെയുള്ള കണക്ക് അനുസരിച്ച് 69,70,438 ടിക്കറ്റുകളാണ് വിറ്റു പോയത്.

മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.പാലക്കാട് ജില്ലയാണ് ഇത്തവണയും ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരവും തൃശൂരും തൊട്ടു പിന്നാലെയുണ്ട്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.