എം എം എ നാഷണൽ ചാമ്പ്യൻഷിപ്പ്: ആറ്റിങ്ങൽ സ്വദേശി കേരളാ ടീം മാനേജർ

എം എം എ നാഷണൽ ചാമ്പ്യൻഷിപ്പ്: ആറ്റിങ്ങൽ സ്വദേശി കേരളാ ടീം മാനേജർ

ഒക്ടോബർ 4,5,6 തീയതികളിൽ ബാംഗ്ലൂർ വെച്ച് നടക്കുന്ന എം എം എ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളാ ടീം മാനേജർ ആയി ആറ്റിങ്ങൽ സ്വദേശിയായ വൈശാഖിനെ തിരഞ്ഞെടുത്തു. അഭിജിത് ആർ ആണ് മറ്റൊരു ടീം മാനേജർ. അഖിൽ ബാബു ആർ നെ
കേരളാ ടീം കോച്ച് ആയും തിരഞ്ഞെടുത്തു.

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റവരുടെ ആയോധനകാലയായാണ് എം എം എ (Mixed Martial Arts) നെ കണക്കാക്കുന്നത്. Striking, Wrestling, Grappling എന്നിവയെല്ലാം ഉൾപ്പെടുന്ന മിശ്രിത ആയോധനകലയാണ് എം എം എ.

എം എം എ യുടെ വേൾഡ് ഗവേർണിങ് ബോഡിയായ ജി എ എം എം എ യുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാഷണൽ ബോഡിയായ Federation of Mixed Martial Arts Indiaയുടെ സംസ്ഥാന ഘടകമായ MMAO-K (Mixed Martial Arts Organization-Kerala) ആണ് കേരളത്തിലെ താരങ്ങൾക്ക് പരിശീലനം നൽകി ടീമിനെ മത്സരത്തിൽ കൊണ്ടുപോകാനുള്ള അവസരമൊരുക്കിയത്.

ആദ്യമായാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതെന്നും വളരെ മികച്ച രീതിയിലുള്ള പരിശീലനം കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള താരങ്ങൾക്ക്
ലഭ്യമാക്കിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റും ടീം കോച്ചുമായ അഖിൽ, സംസ്ഥാന സെക്രട്ടറിയും ഗിന്നസ് റെക്കോർഡ് ഹോൾഡറുമായ ആദർശ്, സ്റ്റേറ്റ് ചെയർമാൻ അഭിജിത് എന്നിവർ പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാകണം; പീഡനപരാതിയിൽ നടൻ ജയസൂര്യക്ക് നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകണം; പീഡനപരാതിയിൽ നടൻ ജയസൂര്യക്ക് നോട്ടീസ്

പീഡനപരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ ജയസൂര്യക്ക് നോട്ടീസ്. ഈ മാസം 15ന് തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ രണ്ടാമതും പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആരോപണങ്ങൾ ഉയർന്ന സമയത്ത് നടൻ അമേരിക്കയിലായിരുന്നു. ഒരു മാസത്തിന് ശേഷമാണ് താരം നാട്ടിൽ തിരിച്ചെത്തിയത്.

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്.മുംതാസ് അലിയുടെ കാര്‍ കുലൂര്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

ജനതാദള്‍ (സെക്യുലര്‍) നേതാവ് ബി.എം ഫറൂഖിന്റേയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മൊഹിയുദ്ദീന്‍ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനാണ്. സിറ്റി പൊലീസ്, ഫയര്‍ഫോഴ്‌സ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. മാല്‍പെയും ദൗത്യത്തിന്റെ ഭാഗമായി. അലിയുടെ മകള്‍ കവൂര്‍ സ്റ്റേഷനില്‍ അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതി നല്‍കിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കെതിരെപൊലീസ് കേസെടുത്തു.

ഞായറാഴ്ച മൂന്ന് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹം നഗരത്തില്‍ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. മൃതശരീരം സ്വകാര്യ ആശുപത്രിയിലേത്ത് മാറ്റിയിട്ടുണ്ട്.

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിനെ പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അല്പസമയം മുൻപ് പൂർത്തിയായത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യൽ അല്ല പകരം പ്രാഥമികമായ വിവരശേഖരണമാണ് നടക്കുന്നതെന്നും അതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കന്റോള്മെന്റ്റ് സ്റ്റേഷനിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ നടന്നത്.

തിരുവനന്തപുരത്തെ കമ്മീഷ്ണർ ഓഫീസിലാണ് ആദ്യം ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തിയിരുന്നത്. എന്നാൽ ഹാജരാകാൻ നിർദേശിച്ചിരുന്നത് കന്റോള്മെന്റ്റ് സെന്ററിൽ ആയിരുന്നു. തുടർന്ന് അദ്ദേഹത്തെ സെന്ററിലേക്ക് മാറ്റി. ഇവിടെ SIT യിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ഉണ്ടായിരുന്നു.ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്. അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്.ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെയുള്ള പരാതികൾ വീണ്ടും ഉയർന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ ഉടന്‍: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ ഉടന്‍: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ചും, സേവനങ്ങള്‍ ബോധപൂര്‍വം വൈകിപ്പിക്കുന്നതിനെതിരെയും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ പുറത്തിറക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. പൊതുവായ വാട്‌സ് ആപ്പ് നമ്പര്‍ 15 ദിവസത്തിനകം സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യും. ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണെന്ന് ഉള്‍പ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോര്‍ഡുകള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാപിക്കും.ഫയലുകള്‍ താമസിപ്പിക്കുകയും അഴിമതി ആക്ഷേപങ്ങള്‍ നേരിടുകയും ചെയ്യുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി ഇവരെ തദ്ദേശ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളില്‍ പൊലീസ് വിജിലന്‍സിന്റെ അന്വേഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം, നാലുജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം, നാലുജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. നേരത്തെ ഇന്ന് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ബുധനാഴ്ച ഇടുക്കി ജില്ലയിലും വ്യാഴാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.