by Midhun HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
വാട്ടര് റൈഡിനിടെ ഉണ്ടായ അപകടത്തില് മലയാളി യുവതി മരിച്ചു. പിലാക്കൂല് ഗാര്ഡന്സ് റോഡ് മാരാത്തേതില് ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. തായ്ലാന്ഡിലെ ഫുക്കറ്റില് വച്ച് സെപ്റ്റംബര് നാലിനായിരുന്നു അപകടം.
അപകടത്തില് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയില് സിങ്കപ്പൂര് ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം. സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം. മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില് സന്ദര്ശനത്തിന് പോയപ്പോഴായിരുന്നു അപകടം.
മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധര്മ്മടം പാലയാട് യൂണിവേഴ്സിറ്റി സെന്ററിനടുത്തുള്ള ലിനാസില് എത്തിച്ചു. കബറടക്കം 12-ന് സെയ്ദാര് പള്ളി കബറിസ്താനില് നടക്കും. പിതാവ്: മാരാത്തേയില് നസീര്, മാതാവ്: ഷബീന നസീര്. ഭര്ത്താവ്: മുഹമ്മദ് റോഷന്. മകന്: ആദം ഈസ മുഹമ്മദ്. സഹോദരി: ഷസിന് സിതാര (ദുബായ്). കേരള ബാര് കൗണ്സില് വൈസ് ചെയര്മാനും കേരള വഖഫ് ബോര്ഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.
by Midhun HP News | Oct 2, 2024 | Latest News, കേരളം
കോഴിക്കോട്: മനാഫ് നടത്തുന്നത് പിആര് വര്ക്കാണെന്നും മനാഫിന്റെ സഹോദരനും ലോറിയുടെ ആര്സി ഉടമയുമായ മുബീൻ ആത്മാര്ത്ഥയോടെ കൂടെ നിന്നുവെന്നും അര്ജുന്റെ സഹോദരി ഭര്ത്താവ് ജിതിൻ. മനാഫിന്റെ ലോറിക്ക് അര്ജുന്റെ പേരിടരുതെന്ന് അര്ജുന്റെ അമ്മ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ വൈകാരികത മാര്ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പലതവണ മനാഫിനോട് പറഞ്ഞിരുന്നു. ഇപ്പോഴും അര്ജുന്റെ പേര് പറഞ്ഞ് ഓടി നടക്കുകയാണ്. ഡ്രഡ്ജര് കൊണ്ടുവരാൻ കഴിയില്ലെന്ന് പറഞ്ഞ് മനാഫ് തങ്ങളെ നിരുത്സാഹപ്പെടുത്തി. ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി. മനാഫുമായി പലതവണ തര്ക്കങ്ങളുണ്ടായി.
മൂന്നാം ഘട്ട തെരച്ചിലിൽ അവിടത്തെ സംവിധാനം കാര്യമായി ഇടപെട്ടു. എന്നാൽ, ഇതിനിടയിൽ ആക്ഷൻ കമ്മിറ്റി ചില നിര്ദേശങ്ങളുമായി വന്നു. മനാഫിനെതിരെ പരാതി നല്കാൻ എസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഞങ്ങൾ അത് ചെയ്തില്ല. ഡ്രഡ്ജറിൽ കയറ്റി അധികൃതര് പറഞ്ഞ കാര്യം കോണ്ഫിഡൻഷ്യല് ആയിരുന്നു. തെരച്ചിൽ ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങൾക്ക് കിട്ടിയിരുന്നു. വൈകാരികമായ അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ. ഈ സമയത്താണ് ഗംഗവാലി പുഴയിൽ അർജുനെ ഇട്ടു പോകാൻ പറ്റില്ല എന്ന ഡയലോഗ് മനാഫ് നടത്തുന്നത്. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്താൻ കാലു പിടിച്ചു പറഞ്ഞിരുന്നു.കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയാണ്. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ പരിഹാസ്യ കഥാപത്രം ആക്കരുത്. ഇനിയും തുടർന്നാൽ നിയമ നടപടി സ്വീകരിക്കും.
മനാഫ് നടത്തുന്നത് പിആര് വര്ക്കാണ്. ഈ സംഭവ ശേഷം ആണ് യുട്യൂബ് ചാനൽ ഉണ്ടാക്കിയത്. മുബീൻ ആത്മാർത്ഥത ഓടെ കൂടെ നിന്നു. മുബീനോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. മുബീൻ ആത്മാർമായ സ്നേഹത്തോടെ കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു. മനാഫിന്റെ ലോറിക്ക് അർജുന്റെ പേര് ഇടരുതെന്ന് അമ്മ പറഞ്ഞു.
മുബീൻ നിസ്സഹായ അവസ്ഥയിലാണ്. അദ്ദേഹം പറഞ്ഞാൽ മനാഫ് കേൾക്കില്ല. എല്ലാവരുടെയും സഹായത്തോടെയാണ് അർജുനെ കണ്ടെത്തിയത്. ഇപ്പോൾ യുട്യൂബ് ചാനലിൽ വന്നു പറയുന്നതിൽ 75 ശതമാനവും കള്ളത്തരമാണ്. വേണ്ടാത്ത കാര്യത്തിനു ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയെ പോയി കണ്ടു. ഞങ്ങളുടെ ഭാരം ഒഴിച്ചു വെക്കാൻ ആണ് ഈ വാർത്താ സമ്മേളനം. വിമർശിക്കുന്നവർ വിമർശിച്ചോളു. ഇനി ഒരിക്കലും മാധ്യമങ്ങളെ കാണില്ലെന്നും അര്ജുന്റെ കുടുംബം പറഞ്ഞു.റഞ്ഞു.
by liji HP News | Oct 2, 2024 | Latest News, കേരളം
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാരിനെതിരായ ആരോപണങ്ങളില് പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തില്. അന്വേഷണ റിപ്പോര്ട്ട് ശനിയാഴ്ച ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയേക്കുമെന്നാണ് ദി ന്യൂ ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നത്. പി വി അന്വര് ഉയര്ത്തിയ ആരോപണങ്ങളെത്തുടര്ന്ന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കാനാണ് മുഖ്യമന്ത്രി നിര്ദേശം നല്കിയിരുന്നത്.
മുഖ്യമന്ത്രി നല്കിയ സമയപരിധി വ്യാഴാഴ്ച അവസാനിക്കുകയാണ്. ബന്ധപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തുന്നതുള്പ്പെടെയുള്ള അവസാനഘട്ട ജോലികളിലാണ് അന്വേഷണ സംഘം ഇപ്പോള് ഏര്പ്പെട്ടിരിക്കുന്നതെന്ന് വൃത്തങ്ങള് അറിയിച്ചു. എഡിജിപിയുടെ ദേശീയ നേതാക്കളെ കണ്ടപ്പോള് ഒപ്പമുണ്ടായിരുന്ന ആര്എസ്എസ് നേതാക്കളുടെ മൊഴി അന്വേഷണ സംഘം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്, വിവാദ യോഗങ്ങളെപ്പറ്റി റിപ്പോര്ട്ടിലുണ്ടാകും.
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില് നിന്ന് മാറ്റണമെന്ന മുറവിളികള്ക്കിടയില് ഇതേപ്പറ്റി ആഭ്യന്തര വകുപ്പ് ആലോചനകള് ശക്തമാക്കിയതായാണ് റിപ്പോര്ട്ട്. എഡിജിപിക്കെതിരെ ഉയര്ന്ന ആരോപണങ്ങള് ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് ഹാനികരമാകുമെന്ന ആശങ്ക പൊലീസ് ഹെഡ് ക്വാര്ട്ടേഴ്സ് മുഖ്യമന്ത്രിക്ക് മുന്നില് ഉന്നയിച്ചതായിട്ടാണ് സൂചന. അജിത് കുമാറിനെ തല്സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഐയും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തെ രണ്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകള്ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, ജില്ലകള്ക്ക് പുറമേ കോട്ടയത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇടിമിന്നലിനുള്ള സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല് 1.0 മീറ്റര് വരെ ഉയര്ന്ന തിരമാലയ്ക്കും കള്ളക്കടല് പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.
by liji HP News | Oct 2, 2024 | Latest News, ദേശീയ വാർത്ത
ഫ്രാങ്ക്ഫർട്ട്: ഇറാൻ- ഇസ്രയേൽ ആക്രമണം ശക്തമായതോടെ വിമാന സർവീസുകൾ പ്രതിസന്ധിയിൽ. ജര്മ്മനിയില് നിന്ന് പുറപ്പെട്ട് പശ്ചിമേഷ്യന് മേഖലയുടെ ആകാശത്ത് കൂടെ സഞ്ചരിച്ച് ഇന്ത്യയില് എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള് പാതിവഴിയില് തിരികെ ജര്മ്മനിയിലേക്ക് മടങ്ങി.
ഫ്രാങ്ക്ഫര്ട്ടില് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട LH 756, ഫ്രാങ്ക്ഫര്ട്ടില് നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട LH 752 എന്നീ വിമാനങ്ങള് തുര്ക്കിയ്ക്ക് മുകളിലെത്തിയപ്പോഴാണ് ഇറാന് ഇസ്രയേലിനെതിരെ മിസൈല് ആക്രമണം നടത്തിയത്. തുടര്ന്ന് അടിയന്തരമായി വിമാനങ്ങള് തിരികെ ഫ്രാങ്ക്ഫര്ട്ടിലേക്ക് തിരിച്ചുവിട്ടു. പിന്നാലെ ഇന്ത്യയില് നിന്ന് ജര്മ്മനിയിലേക്കുള്ള മടക്ക വിമാനങ്ങള് ലുഫ്താന്സ റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാന്, ജോര്ദാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സര്വീസ് ഉണ്ടാകില്ലെന്ന് ലുഫ്താന്സ അറിയിച്ചു.
സ്വിറ്റ്സര്ലാന്ഡിന്റെ സ്വിസ് എയർലൈന്സും ഈ രാജ്യങ്ങളുടെ മുകളിലൂടെ സര്വീസ് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. ഇന്ത്യ ഉള്പ്പെടെയുള്ള തെക്കന് ഏഷ്യന് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ 15 മിനിറ്റ് അധിക സമയമെടുക്കും. ഇസ്രയേല്, ലൈബനന് എന്നീ രാജ്യങ്ങളുടെ വ്യോമപാതയും തങ്ങള് ഒഴിവാക്കുന്നതായി സ്വിസ് അറിയിച്ചു.

by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
ഗാന്ധി ജയന്തി ദിനത്തിൽ കടയ്ക്കാവൂർ പഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ പെരുംകുളം അൻസർ ഉദ്ഘാടനം ചെയ്തു. മാറ്റുമാരായ പ്രമീള, സിജി, മറ്റു തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു, തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
Recent Comments