by Midhun HP News | Sep 23, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടൻ സിദ്ധിഖിന് എതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് സൂചന. ഒന്നര മാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്കറ്റ് ഹോട്ടലിലെ 101 ഡി നമ്പർ മുറിയിൽ വച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ഗ്ലാസ് ജനലിന്റെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയാൽ സ്വിമ്മിങ് പൂൾ കാണാമെന്നും യുവതി പറഞ്ഞിരുന്നു. തെളിവെടുപ്പിൽ അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചു. ചോറും മീൻ കറിയും തൈരുമാണ് സിദ്ധിഖ് കഴിച്ചത് എന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന രേഖകളും ഹോട്ടലിൽ നിന്ന് ലഭിച്ചു.
അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേർന്നാണ് തന്നെ ഹോട്ടലിൽ എത്തിച്ചത് എന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് അഞ്ച് വരെ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. പീഡനം നടന്ന് ഒരു വർഷത്തിനു ശേഷം ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സുഹൃത്ത് ഇക്കാര്യം ശരിവച്ചു. ലൈംഗിക പീഡനത്തിനു പിന്നാലെ മാനസിക സംഘർഷത്തെ തുടർന്ന് 2 സൈക്യാട്രിസ്റ്റുകളുടെ ചികിത്സയിൽ കഴിഞ്ഞു. രണ്ടുപേരും ഇത് ശരിവെച്ച് മൊഴിനൽകി.
by Midhun HP News | Sep 23, 2024 | Latest News, കേരളം
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ മകന് ചുവപ്പുകാർഡ് കാണിച്ചു പുറത്താക്കിയതിൽ പ്രകോപിതനായ പിതാവ് വടിവാളുമായി ചോദിക്കാനെത്തി. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. 16 വയസിൽ താഴെയുള്ള കുട്ടികളുടെ കളിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുട്ടികളുടെ പരാതിയിൽ മൂവാറ്റുപുഴ പ്ലാമൂട്ടിൽ ഹാരിസ് അമീറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
മാറാടിയിലാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത ഫുട്ബോൾ മത്സരം നടന്നത്. കളിക്കിടെ ഫൗൾ ചെയ്തതിനു ഹാരിസിന്റെ മകനെ റെഡ് കാർഡ് നൽകി റഫറി പുറത്താക്കിയിരുന്നു. എന്നാൽ കളിക്കളത്തിൽ നിന്നു പുറത്തു പോകാൻ വിസമ്മതിച്ചതിനെ തുടർന്നു കളിക്കാർ തമ്മിൽ കയ്യാങ്കളി നടന്നു. പിന്നാലെ മകൻ ഹീരിസിനെ വിളിച്ചുവരുത്തുകയായിരുന്നു.
മൂവാറ്റുപുഴയിലെ മുതിർന്ന മുസ്ലിംലീഗ് നേതാവിന്റെ മകനാണ് ഹാരിസ്. വടിവാളുമായി എത്തിയ ഇയാൾ കളി തടസ്സപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു. വടിവാൾ വീശി വധഭീഷണി മുഴക്കിയെന്നും സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് ആക്രമിക്കും എന്നു ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് കുട്ടികൾ പരാതി നൽകിയതോടെയാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തു വരികയും നടപടി ആവശ്യപ്പെട്ട് റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
by Midhun HP News | Sep 23, 2024 | Latest News, സിനിമ
മലയാളത്തിന്റെ ഇതിഹാസനടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനില് ഒരു കാലത്തെ കാമുക പരിവേഷമായത് ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമായിരുന്നെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്ക്രീനില് മധു നിറഞ്ഞുനിന്നു.
നാടകാഭിനയം തലയ്ക്ക് പിടിച്ച് കോളെജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മാധവൻ നായർ എന്ന മധുവിന്റെ കലാജീവിതത്തിന്റെ തുടക്കം. പിന്നീട് സിനിമയിലേക്കുള്ള രംഗപ്രവേശം. നസീറും സത്യനും കത്തി നിന്ന കാലത്താണ് വേറിട്ട അഭിനയശൈലിയുമായി മധുവിന്റെ വരവ്. ജോണ് എബ്രഹാമും അടൂരും പി എൻ മേനോനും അടക്കമുള്ള നവസിനിമാക്കാരുടെയും പരീക്ഷണ നായകനായി മധു. ചെമ്മീൻ, ഭാർഗ്ഗിവീനിലയം, ഓളവും തീരവും, സ്വയംവരം, പടയോട്ടം ഇങ്ങനെ മലയാള സിനിമയില് നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങളില് മധു പ്രൗഢ സാന്നിധ്യമായി. ഒരുപക്ഷേ മലയാള സിനിമയുടെ തന്നെ ചരിത്രവുമാണ് ആ യാത്ര. അമിതാബ് ബച്ചന്റെ അരങ്ങേറ്റ ചിത്രം സാത്ത് ഹിന്ദുസ്ഥാനിയിലൂടെ ബോളിവുഡിലുമെത്തി മധു.
ഈ നീണ്ട അഭിനയകാലത്ത് തേടിയെത്തിയ ബഹുമതികൾ അനേകം. പിറന്നാൾ ദിനത്തിൽ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്ന് മധുവിന്റെ സിനിമാ ജീവിതത്തെകുറിച്ച് ഒരു വെബ് സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. അര്ഥപൂര്ണ്ണമായ ആ കലാജീവിതത്തെക്കുറിച്ച് അറിയാനുള്ള കാര്യങ്ങളെല്ലാം ഉള്പ്പെട്ട വെബ് സൈറ്റ് മമ്മൂട്ടി അടക്കമുള്ള താരങ്ങള് ചേര്ന്നാണ് സോഷ്യല് മീഡിയയിലൂടെ അവതരിപ്പിച്ചത്.

by Midhun HP News | Sep 23, 2024 | Latest News, കേരളം
വയനാട്: സസ്പെൻഷനിലായിരുന്ന പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പട്ടാണിക്കൂപ്പ് മാവേലി പുത്തൻപുരയിൽ ജിൻസൺ സണ്ണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് ജിൻസണിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളം സർവീസുള്ള ജിൻസൺ ഒരു വർഷമായി സസ്പെൻഷനിലാണ്. സസ്പെൻഷനുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടുപോകുന്നതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
by Midhun HP News | Sep 23, 2024 | Latest News, കേരളം
കൊച്ചി: പട്ടാപ്പകല് പണം നല്കാതെ ബെവ്കോ വില്പ്പനശാലയില് നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന് പിടിയില്. കളമശേരി എആര് ക്യാമ്പിലെ ഡ്രൈവര് കെകെ ഗോപിയാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം.
ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നല്കണമെന്ന് അവര് പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാള് ഓടുകയായിരുന്നു. വാതില്ക്കല് തടയാന് ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. ഇതിനിടെ ബെവ്കോയിലെ ഡോര് തകര്ന്നുവീഴുന്നതും വീഡിയോയില് കാണാം. പിന്നീട് ജീവനക്കാര് ഇയാളെ തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. ബെവ്കോ ജീവനക്കാരുടെ പരാതിയില്, പട്ടിമറ്റത്തെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബെവ്കോയിലെത്തിയ സമയത്ത് ഇയാള് മദ്യപിച്ചിരുന്നതായും ജീവനക്കാര് പറയുന്നു. സ്ത്രീയെ അതിക്രമിച്ചതുള്പ്പെടയാണ് ഇയാള്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെകെ ഗോപിക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടായേക്കും.

by Midhun HP News | Sep 23, 2024 | Latest News, കേരളം
ബംഗളൂരു: ഷിരൂരില് അര്ജുനടക്കം മൂന്ന് പേര്ക്കായുളള തിരച്ചില് ഇന്നും തുടരും. തിരച്ചിലിന് റിട്ടയര് മേജര് ഇന്ദ്രബാലും നേവിയുടെയും എന്ഡിആര് എഫിന്റെയും സംഘങ്ങളും പങ്കാളികളാവും. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു.
ഡ്രഡ്ജര് ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില് വ്യക്തത വരൂ. അസ്ഥിഭാഗം ഇന്ന് ഡി എന് എ പരിശോധനയ്ക്ക് അയക്കും. ഷിരൂരില് പ്രാദേശിവ മുങ്ങല് വിദഗ്ധനായ ഈശ്വര് മാപെയും സംഘവും തിരച്ചില് അവസാനിപ്പിച്ച് വൈകിട്ടോടെ മടങ്ങിയിരുന്നു. എന്നാല് മാല്പെ സംഘം മടങ്ങിയെങ്കിലും പുഴയില് ഡ്രഡ്ജിങ് പരിശോധന ഉടന് അവസാനിപ്പിക്കില്ലെന്ന് കാര്വാര് എംഎല്എ സതീഷ് സെയ്ല് പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്എ പറഞ്ഞു. ഷിരൂരില് അര്ജുന് ഉള്പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില് ടാങ്കര് ലോറിയുടെ എഞ്ചിന്റെ ഭാഗവും ഒരു സ്കൂട്ടറും കണ്ടെത്തിയിരുന്നു.
Recent Comments