by Midhun HP News | Sep 22, 2024 | Latest News, കേരളം
കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരില് യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില് പ്രതി ഇരവിപുരം വഞ്ചിക്കോവില് സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്. ഇരവിപുരം നാന്സി വില്ലയില് അരുണ് കുമാറിനെയാണ് പ്രസാദ് കൊലപ്പെടുത്തിയത്. ഇത് ദുരഭിമാനക്കൊലയല്ലെന്ന് പറഞ്ഞ പൊലീസ്, അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് മരണകാരണമായതെന്നും വിശദീകരിച്ചു.
കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണു കൊലപാതകം നടന്നത്. അരുണിനെ കുത്തിയശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസില് കീഴടങ്ങുകയായിരുന്നു. പ്രസാദിനെ കൊല്ലം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി-1 റിമാന്ഡ് ചെയ്തു.
പ്രസാദിന്റെ മകളുമായി അരുണ് സൗഹൃദത്തിലായിരുന്നു. മുന്പും അരുണിനെ പ്രസാദ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇരവിപുരം പൊലീസില് ഇതുസംബന്ധിച്ച് പരാതിയുണ്ടായിരുന്നു. പിന്നീട് വിവാഹം നടത്തികൊടുക്കാമെന്ന് പ്രസാദ് പറയുകയായിരുന്നു. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില് പ്രസാദ് അരുണിനെയും പങ്കെടുപ്പിച്ചു. ഓണാഘോഷത്തിനും അരുണിനെ പ്രസാദ് വിളിച്ചു. എന്നാല് മദ്യപിച്ചാല് പ്രശ്നമുണ്ടാക്കുന്നയാളാണ് പ്രസാദെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില് അരുണുമായി വാക്കേറ്റമുണ്ടായശേഷം പ്രസാദ് കുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
by Midhun HP News | Sep 22, 2024 | Latest News, കേരളം
ബംഗളൂരു: കര്ണാടകയിലെ ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില് മൂന്നാം ദിവസവും ഫലം കണ്ടില്ല. അര്ജുന്റെ ട്രക്കിന്റേതെന്ന് ഉറപ്പിക്കാവുന്ന ഒന്നും കണ്ടെത്തിയില്ല. ഇന്ന് കണ്ടെത്തിയ ലോഹഭാഗവും ഹൈഡ്രോളിക് ജാക്കിയും അര്ജുന്റെ ലോറിയുടേതല്ലെന്നാണ് ലോറിയുടമ വ്യക്തമാക്കിയത്. നാളെ വരെ തിരച്ചില് നടത്താനാണ് ഡ്രഡ്ജറിന്റെ കരാര്.
നാവിക സേന പുഴയില് മാര്ക്ക് ചെയ്ത് നല്കിയ സിപി4 എന്ന പോയിന്റിലാണ് ഇന്ന് തിരച്ചില് നടത്തുന്നത്. പുഴയ്ക്കടിയില് കഴിഞ്ഞ ദിവസം തന്നെ തടിക്കഷ്ണങ്ങളും സ്കൂട്ടറും കണ്ടെത്തിയെന്ന് ഈശ്വര് മല്പെ പറഞ്ഞു. ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകള് സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്തിട്ടയ്ക്കും നടുവിലുള്ള സിപി 4 എന്ന പോയിന്റില് തന്നെ തിരച്ചില് കേന്ദ്രീകരിക്കണമെന്ന് അര്ജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വര് മല്പെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങള് ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലില്പ്പെട്ട ടാങ്കര് ലോറിയുടെ ക്യാമ്പിനും മുന്വശത്തെ ടയറുമാണ് കിട്ടിയത്.

by Midhun HP News | Sep 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ഒരിടവേളയ്ക്ക് സംസ്ഥാനത്ത് മഴ വീണ്ടും ശത്മമാകുന്നു. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്.
ചൊവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്ട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരള – കര്ണാടക- ലക്ഷദ്വീപ് തീരങ്ങളില് 23, 24 തീയതികളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
നാളെ കേരള – കര്ണാടക- ലക്ഷദ്വീപ് തീരങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ മുതല് 26 വരെ തെക്ക് പടിഞ്ഞാറന് അറബിക്കടലിന്റെ പടിഞ്ഞാറന് ഭാഗങ്ങള് അതിനോട് ചേര്ന്ന മധ്യ പടിഞ്ഞാറന് അറബിക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ തീയതികളില് ഈ പ്രദേശങ്ങളില് മത്സ്യബന്ധനത്തിന് പോകുവാന് പാടുള്ളതല്ല.
by Midhun HP News | Sep 22, 2024 | Latest News, കേരളം
തൃശൂര്: തൃശൂര് പൂരം അലങ്കോലമാക്കിയതില് ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന എഡിജിപി എം ആര് അജിത് കുമാറിന്റെ റിപ്പോര്ട്ട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. ‘തൃശൂര് പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം എഡിജിപിയെ ഏല്പ്പിച്ചപ്പോള് അന്ന് പ്രതികരിക്കാതിരുന്നത്, എഡിജിപി ആര്എസ്എസ് നേതാക്കളെ കണ്ട വാര്ത്ത അന്ന് പുറത്തുവന്നിരുന്നില്ല. റിപ്പോര്ട്ട് വരട്ടെ, അന്നിട്ട് തീരുമാനിക്കാമെന്നായിരുന്നു പാര്ട്ടിയും മുന്നണിയും ധാരണയില് എത്തിയിരുന്നത്.
എന്നാല് പിന്നീട് അജിത് കുമാറും ആര്എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വാര്ത്ത പുറത്തുവന്നപ്പോള്, ഇനി ഞങ്ങള്ക്ക് വേണ്ടത് ജുഡീഷ്യല് അന്വേഷണമാണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അജിത് കുമാറിന്റെ റിപ്പോര്ട്ട് എന്ത് തന്നെയായാലും വിശ്വാസ്യത ഇല്ല’- കെ മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
‘തൃശൂര് പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല് അന്വേഷണം വേണം. ഇതിന്റെ ഗുണഭോക്താക്കള് ബിജെപിയാണല്ലോ. അവരും പറയുന്നത് ജുഡീഷ്യല് അന്വേഷണം. സിപിഐ നേതാവ് വി എസ് സുനില്കുമാറും പറഞ്ഞത് റിപ്പോര്ട്ട് അംഗീകരിക്കാന് കഴിയില്ല എന്നാണ്. മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഒരേ ആവശ്യത്തില് എത്തി നില്ക്കുന്നു.എന്നിട്ടും ജുഡീഷ്യല് അന്വേഷണം നടത്തുന്നതില് മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി? ജുഡീഷ്യല് അന്വേഷണം വേണം. സംശയങ്ങള് ഉണ്ട്. ഇത് ദൂരീകരിക്കാന് ജുഡീഷ്യല് അന്വേഷണം വേണം’- കെ മുരളീധരന് പറഞ്ഞു.
‘പൂരം കലങ്ങിയ വിവാദമാണ് അതുവരെ ഉണ്ടായിരുന്ന രാഷ്ട്രീയ ചിത്രം മാറാന് കാരണം. അതിന്റെ പിന്നില് പ്രവര്ത്തിച്ചവരെ പുറത്തു കൊണ്ടുവരണം. പൂരത്തിന് ഒരു വര്ഷം മുന്പാണ് അജിത് കുമാര് ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. അന്നത്തെ ചര്ച്ച ഒരു പക്ഷേ എങ്ങനെ ബിജെപിയെയും ഇടതുപക്ഷത്തെയും പരസ്പരം സഹായിക്കാമെന്നതായിരിക്കാം. അന്ന് പൂരം കലക്കല് അജണ്ടയില് ഉണ്ടാവാന് സാധ്യതയില്ല. എന്തായാലും ബിജെപിക്ക് ഒരു എംപി വേണമെന്ന കാര്യത്തില് അവര്ക്ക് നിര്ബന്ധമുണ്ടായിരുന്നു.
പൂരത്തിന്റെ സമയം എത്തിയപ്പോള് തെരഞ്ഞെടുപ്പിന്റെ ക്ലൈമാക്സ് ആയിരുന്നു. പൂരം കലക്കിയാല് അന്നത്തെ പ്രയോജനം തൃശൂരില് കിട്ടും. പൂരം കലക്കിയത് അന്നത്തെ ചര്ച്ചയുടെ ഭാഗമായാകാം. ബിജെപിയുടെ ഒരാളെ എങ്ങനെ ജയിപ്പിക്കാമെന്ന ചര്ച്ചയുടെ തുടക്കമാണ് അന്ന് നടന്നത്. സംശയം ദൂരീകരിക്കാന് ജുഡീഷ്യല് അന്വേഷണം ആയിക്കൂടെ?. ജയിച്ച എംപിയും തോറ്റ ഞങ്ങള് രണ്ടുപേരും ജുഡീഷ്യല് അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്ക് ജുഡീഷ്യല് അന്വേഷണത്തോട് ഒരു അകല്ച്ച?’- കെ മുരളീധരന് കൂട്ടിച്ചേര്ത്തു.
by Midhun HP News | Sep 22, 2024 | Latest News, ദേശീയ വാർത്ത
ന്യൂയോര്ക്ക്: ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്ച്ചകള് വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച യുഎസ് പ്രസിഡന്റിന്റെ ഡെലാവറിലെ വസതിയില് നടന്ന ഉഭയകക്ഷി യോഗത്തില് ഇരു നേതാക്കളും പ്രാദേശിക, ആഗോള വിഷയങ്ങള് ചര്ച്ച ചെയ്തു. ‘ഡെലാവറിലെ ഗ്രീന്വില്ലിലുള്ള യുഎസ് പ്രസിഡന്റിന്റെ വസതിയില് എനിക്ക് ആതിഥ്യമരുളിയതിന് പ്രസിഡന്റ് ബൈഡന് ഞാന് നന്ദി പറയുന്നു. ഞങ്ങളുടെ ചര്ച്ചകള് അങ്ങേയറ്റം ഫലപ്രദമായിരുന്നു. യോഗത്തില് പ്രാദേശികവും ആഗോളവുമായ വിഷയങ്ങള് ചര്ച്ച ചെയ്യാന് ഞങ്ങള്ക്ക് അവസരം ലഭിച്ചു,’- പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില് പറഞ്ഞു.
ത്രിദിന സന്ദര്ശനത്തിനായി യുഎസില് എത്തിയ പ്രധാനമന്ത്രി മോദിക്ക് നേരത്തെ ഫിലാഡല്ഫിയയില് എത്തിയപ്പോള് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ബൈഡന് അദ്ദേഹത്തിന്റെ വീട്ടില് സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോകള് പങ്കുവെച്ച യുഎസ് പ്രസിഡന്റ്, പ്രധാനമന്ത്രി മോദിയെ കാണുമ്പോഴെല്ലാം സഹകരണത്തിന്റെ പുതിയ മേഖലകള് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നതായി പറഞ്ഞു.’ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും അടുപ്പവും ചലനാത്മകവുമാണ്. ഞങ്ങള് ഓരോ തവണ ഇരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകള് കണ്ടെത്താനുള്ള പ്രധാനമന്ത്രി മോദിയുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും വ്യത്യസ്തമായിരുന്നില്ല,’- പ്രസിഡന്റ് ബൈഡന് എക്സില് കുറിച്ചു.

നരേന്ദ്ര മോദി ജോ ബൈഡന് കൂടികാഴ്ച ഒരു മണിക്കൂര് നീണ്ടു. വില്മിങ്ടനില് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയില് നടക്കുന്ന ക്വാഡ് ഉച്ചകോടിയില് പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില് എത്തിയത്.
by Midhun HP News | Sep 22, 2024 | Latest News, മരണം
ആലംകോട്: പെരുംകുളം ഷിബു മനസിലിൽ പരേതനായ എ എം ബഷീറിന്റെ (ഷിബു ഓണർ) ഭാര്യ ആരിഫ ബീവി (80) നിര്യാതയായി.
മക്കൾ: ഷിബു(സൗദി), ഷമി, ഷിജു (കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അംഗം)
മരുമക്കൾ: ബിൻഷ(സിവിൽ സപ്ലൈസ്), നാസിമുദ്ധീൻ(റിട്ടയേർഡ് ദൂരദർശൻ). ഷീജ
Recent Comments