ഇ-സിമ്മിന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

ഇ-സിമ്മിന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നതെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പുകാര്‍ നിലവിലുള്ള സിം കാര്‍ഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കും. മൊബൈല്‍ സേവന ദാതാക്കളുടെ ആപ്പിലോ വെബ്‌സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നല്‍കി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവര്‍ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആര്‍ കോഡ് തങ്ങള്‍ നല്‍കുന്ന വാട്‌സപ്പ് നമ്പറില്‍ അയച്ചു നല്‍കാനും അവര്‍ നിര്‍ദ്ദേശിക്കുന്നു.

ക്യു ആര്‍ കോഡ് ലഭിക്കുന്ന തട്ടിപ്പുകാര്‍ തന്നെ നിങ്ങളുടെ പേരില്‍ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാര്‍ഡിന്റെ പൂര്‍ണ്ണ നിയന്ത്രണം അവരുടെ കൈകളില്‍ എത്തുകയും നിങ്ങളുടെ കൈവശമുള്ള സിം പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവര്‍ത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാര്‍ നിങ്ങളെ അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ആയി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവര്‍ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂര്‍ണമാകുന്നു.

കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ നിന്ന് എന്ന പേരില്‍ ലഭിക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാര്‍ഗം. വിവിധ സേവനങ്ങള്‍ക്കായി മൊബൈല്‍ സര്‍വീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കള്‍ നല്‍കുന്ന ക്യൂ ആര്‍ കോഡ്, ഓ ടി പി, പാസ്വേഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാന്‍ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്കും ‘ടു സ്റ്റെപ് വെരിഫിക്കേഷന്‍’ എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

കോടതിയില്‍ അഭിഭാഷകയോട് ജഡ്ജിയുടെ മോശം കമന്റ്; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി

കോടതിയില്‍ അഭിഭാഷകയോട് ജഡ്ജിയുടെ മോശം കമന്റ്; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതി നടപടിക്കിടെ ഹൈക്കോടതി ജഡ്ജി അഭിഭാഷകയോട് മോശമായ കമന്റ് പറഞ്ഞെന്ന വിവാദത്തില്‍ സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി. വിഷയം പരിഗണിച്ച, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയില്‍നിന്നു റിപ്പോര്‍ട്ട് തേടി.

കര്‍ണാടക ഹൈക്കോടതിയില്‍ വാദത്തിനിടെ, ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രിശാനന്ദയാണ് അഭിഭാഷകയോട് മോശം കമന്റ് പറഞ്ഞത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്നു രാവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ജഡ്ജിമാരുടെ അഞ്ചംഗ ബെഞ്ച് ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ രജിസ്ട്രിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സുപ്രീം കോടതി സെക്രട്ടറി ജനറലിനു നല്‍കണം. ജഡ്ജിമാരുടെ പെരുമാറ്റം സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ബെഞ്ച് അറിയിച്ചിട്ടുണ്ട്.

വിഷയം വീണ്ടും ബുധനാഴ്ച പരിഗണിക്കും.

വാദത്തിനിടെ ജഡ്ജി അഭിഭാഷകയോട് മോശം പരാമര്‍ശം നടത്തുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് എക്‌സില്‍ ആവശ്യപ്പെട്ടിരുന്നു.

‘രാത്രി 12.30 വരെ ജോലി; ഇതു വേണ്ട, ഉപേക്ഷിക്കാന്‍ മകളോട് പറഞ്ഞതാണ്’

‘രാത്രി 12.30 വരെ ജോലി; ഇതു വേണ്ട, ഉപേക്ഷിക്കാന്‍ മകളോട് പറഞ്ഞതാണ്’

കൊച്ചി: മകളോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി, അമിത ജോലിഭാരത്തെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തില്‍ മരിച്ച യുവതി അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫ്. മകള്‍ക്ക് രാത്രി 12.30 വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മകളോട് ജോലി ഉപേക്ഷിക്കാന്‍ ഉപദേശിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ എക്‌സ്‌പോഷര്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി മകള്‍ മടിക്കുകയാണ് ചെയ്തതെന്നും സിബി ജോസഫ് പറഞ്ഞു.

കടുത്ത ജോലി സമ്മര്‍ദ്ദം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ലെന്നും സിബി ജോസഫ് കുറ്റപ്പെടുത്തി. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20 നാണ് അന്ന സെബാസ്റ്റ്യന്‍ (26) താമസസ്ഥലത്ത് വച്ച് കുഴഞ്ഞുവീണ് മരിച്ചത്. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ഏണസ്റ്റ് ആന്‍ഡ് യങ് രംഗത്തെത്തി. അന്ന സെബാസ്റ്റ്യന്റെ അകാല വേര്‍പാടില്‍ അതിയായ ദുഃഖമുണ്ട്. കമ്പനിയുടെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ ആരോഗ്യകരമായ ജോലി ക്രമീകരണം ഉറപ്പുവരുത്തുമെന്ന് കമ്പനി വ്യക്തമാക്കി. അന്നയുടെ മരണത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അനുശോചിച്ചു. അമിത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യുവാക്കള്‍ കുഴഞ്ഞു വീണു മരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. കമ്പനി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും അജിത് പവാര്‍ പറഞ്ഞു. നവംബര്‍ 23ന് ചാർട്ടേഡ് അക്കൗൺന്റ് പരീക്ഷ പാസായ ശേഷം മാര്‍ച്ച് 19നാണ് അന്ന സെബാസ്റ്റ്യന്‍ പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചേരുന്നത്. മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്ന് അന്നയുടെ അമ്മ പറഞ്ഞു. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനി അധികൃതർ കഴിഞ്ഞ ദിവസം അന്നയുടെ കളമശ്ശേരി കങ്ങരപ്പടിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,080 രൂപയാണ്.

ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6885 രൂപയാണ്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില 55,000 കടന്നിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് പവന്‍ വില 55,000 രൂപ കടക്കുന്നത്.തുടര്‍ന്നു മൂന്നുദിവസം വില കുറയുന്ന ട്രെന്‍ഡാണ് കണ്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.

പള്‍സര്‍ സുനി പുറത്തേക്ക്; കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

പള്‍സര്‍ സുനി പുറത്തേക്ക്; കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, സിം വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, സുനിക്ക് അമ്മയെ കാണാനും കോടതി അനുമതി നല്‍കി. പള്‍സര്‍ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിയുടെ സുരക്ഷ എറണാകുളം റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത്.

കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്തിമവാദം കേള്‍ക്കാന്‍ ഇരിക്കെയാണ് പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത്. ഇതിന് പുറമേ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം

കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്.

കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിനിലൂടെ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ വര്‍ഷം മുതല്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാക്കി ഏകോപിപ്പിച്ചു. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി.

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പും യാഥാര്‍ത്ഥ്യമാക്കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിലൂടെ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഒപ്പം നിന്ന് പ്രവര്‍ത്തിച്ച് ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്‌കാരം ന്യൂ ഡല്‍ഹി ഭാരത് മണ്ഡപില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡയില്‍ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ ഏറ്റുവാങ്ങി.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളായ ഭക്ഷ്യസുരക്ഷാ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, എന്‍.എ.ബി.എല്‍ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം, ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഭക്ഷ്യ സംരംഭകര്‍ക്കും നല്‍കിയ പരിശീലനങ്ങള്‍, ഭക്ഷ്യ സുരക്ഷാ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 40ഓളം മേഖലകളിലെ പ്രവര്‍ത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിത്.