by Midhun HP News | Sep 19, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്ലേഴ്സിന്. കലാശപ്പോരാട്ടത്തില് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്സിനെ കീഴടക്കിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. നായകന് സച്ചിന് ബേബിയുടെ സെഞ്ച്വറിയുടെ മികവിലാണ് കൊല്ലം ആറു വിക്കറ്റിന്റെ വിജയം കരസ്ഥമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്സ് നിശ്ചിത 20 ഓവറില് 6 വിക്കറ്റിന് 213 റണ്സ് നേടി. കൂറ്റന് വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്ലം 19.1 ഓവറില് നാലു വിക്കറ്റ് നഷ്ടത്തിലാണ് വിജയം പിടിച്ചെടുത്തത്. 54 പന്തുകള് നേരിട്ട സച്ചിന് ബേബി 105 റണ്സുമായി പുറത്താകാതെനിന്നു. 8 ഫോറും 7 സിക്സറുകളും സച്ചിന്റെ ഇന്നിങ്സിന് കരുത്തേകി. സച്ചിന് ബേബിയാണ് കളിയിലെ താരം.
വത്സന് ഗോവിന്ദ് (27 പന്തില് 45 റണ്സ്), അഭിഷേക് നായര് ( 25 റണ്സ് ) എന്നിവര് സച്ചിന് മികച്ച പിന്തുണ നല്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിനെ, മൂന്ന് അര്ധ സെഞ്ച്വറികളാണ് ഇന്നിങ്സിനെ ഇരട്ട സെഞ്ച്വറി കടത്തിയത്. ക്യാപ്റ്റന് രോഹന് കുന്നുമ്മല് (26 പന്തില് 51), അഖില് സ്കറിയ (30 പന്തില് 50), വിക്കറ്റ് കീപ്പര് അജിനാസ് ( 24 പന്തില് 56) എന്നിവരുടെ മിന്നല് പ്രകടനങ്ങളാണ് മികച്ച സ്കോര് സമ്മാനിച്ചത്.
by Midhun HP News | Sep 19, 2024 | Latest News, കേരളം
തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കി വെളിപ്പെടുത്തിയ 20 ലേറെ മൊഴികള് ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്. ഈ മൊഴികളില് നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ഇവരില് ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില് നേരിട്ട് ബന്ധപ്പെടാനും തീരുമാനിച്ചു.
നിയമനടപടി തുടരാന് ആഗ്രഹിക്കുന്നവരുടെ മൊഴിയില് അടുത്ത മാസം മൂന്നാം തീയതിക്കുള്ളില് കേസെടുക്കാനും ഇന്നലെ ചേര്ന്ന പ്രത്യേക സംഘത്തിന്റെ യോഗം തീരുമാനിച്ചു. പൂര്ണമായ പേരും മേല്വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന് സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.
യഥാര്ത്ഥ റിപ്പോര്ട്ടിന് 3896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്ന്നാണ് ഇത്രയും പേജുകള്. മൂന്നു ദിവസത്തിനുള്ളില് പൂര്ണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികള് വായിക്കാനും തീരുമാനിച്ചു. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര് നേരിട്ട് ബന്ധപ്പെടാനാണ് തീരുമാനം.
by Midhun HP News | Sep 19, 2024 | Latest News, കേരളം
സോഷ്യൽമീഡിയ ഉപയോഗിക്കുന്ന കുട്ടികൾ ചതിക്കുഴികളിൽ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകൾ’ (Teen Accounts) ഇൻസ്റ്റഗ്രാമിൽ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം.
യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ അടുത്തയാഴ്ച മുതൽ, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന, 18 വയസ്സിന് താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നൽകുക. നേരത്തെ മുതൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18ന് താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളിൽ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകൾ ഈ വർഷാവസാനം ക്രമീകരിക്കപ്പെടും.
കൗമാരക്കാർ അവരുടെ പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞ് 18 വയസിന് മുകളിലുള്ളവരാണെന്ന് തെറ്റിദ്ധിരിപ്പിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ അത് കണ്ടുപിടിക്കാനുള്ള സംവിധാനവും മെറ്റ ഒരുക്കുന്നുണ്ട്. അതിനാൽ മുതിർന്നവരായി നടിച്ച് ഇൻസ്റ്റഗ്രാമിൽ വിഹരിക്കാനും കൗമാരക്കാർക്ക് കഴിയില്ലെന്ന് ചുരുക്കം.
കൗമാരക്കാരുടെ അക്കൗണ്ടുകൾ ‘പബ്ലിക്ക്’ ആക്കാൻ കഴിയില്ല. ‘പ്രൈവറ്റ് അക്കൗണ്ട്’ വിഭാഗത്തിൽ ഡിഫോൾട്ടായി പട്ടികപ്പെടുത്തും. അതിനാൽ അവർ ഫോളോ ചെയ്യാത്തവരിൽ നിന്ന് മെസേജുകൾ ലഭിക്കുന്നതിൽ നിയന്ത്രണം വരും. “Sensitive content” കാണുന്നതിലും പരിമിതിയുണ്ടാകും.
60 മിനിറ്റിൽ കൂടുതൽ ഇൻസ്റ്റഗ്രാമിൽ ഇരുന്നാൽ നോട്ടിഫിക്കേഷൻ വരും. രാത്രി 10 മുതൽ രാവിലെ 7 വരെ “സ്ലീപ്പ് മോഡ്” ഓൺ ആയിരിക്കും. അതിനാൽ മെസേജുകളുടെ നോട്ടിഫിക്കേഷൻ ലഭിക്കില്ല. 16, 17 വയസുള്ളവർക്ക് ഈ നിയന്ത്രണമുണ്ടാകില്ല.
16 വയസ്സിന് താഴെയുള്ളവർക്ക് സ്ലീപ് മോഡ് ഓഫാക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്.
by Midhun HP News | Sep 19, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്ണവില വീണ്ടും 55,000 കടന്നിരുന്നു. തുടര്ന്നുള്ള മൂന്ന് ദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില് 53,360 രൂപയായിരുന്നു സ്വര്ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്ണവിലയാണ് കഴിഞ്ഞ ദിവസം മുതല് ഇടിയാന് തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.
by Midhun HP News | Sep 18, 2024 | Latest News, ജില്ലാ വാർത്ത
ബെയ്റൂട്ട്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്ന്നു. പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനൻ വ്യക്തമാക്കിയതിനു പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. ടെൽ അവീവിലേക്കുള്ള സർവീസുകൾ വിമാന കമ്പനികള് നിര്ത്തിവെച്ചു. 2800ലധികം പേര്ക്കാണ് ഇന്നലത്തെ സ്ഫോടനങ്ങളിൽ പരിക്കേറ്റത്.
അതേസമയം, യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ അസാധാരണമായൊരു സംഭവമാണ് ലെബനനിലെ പേജർ സ്ഫോടനമെന്ന് വിലയിരുത്തപ്പെടുന്നു. പേജര് പോലെയൊരു ചെറിയ വസ്തുവിനെ എങ്ങനെയാണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന ചോദ്യമാണിപ്പോള് ഉയരുന്നത്. പേജറിനെ മാരകായുധമാക്കി മാറ്റിയ ബുദ്ധി ഇസ്രയേൽ ചാരസംഘടന മൊസാദിന്റേതാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.
സയൻസ് ഫിക്ഷൻ കഥകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള ആക്രമണരീതി സാധ്യമാക്കിയതിന് രണ്ട് സാധ്യതകളാണ് സൈനിക രംഗത്തെ വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്. നിർമ്മാണ സമയത്തോ അതിനുശേഷം പേജർ ഹിസ്ബുല്ലയുടെ കയ്യിൽ എത്തുന്നതിന് മുമ്പോ പേജറുകൾക്ക് അകത്ത് ചെറിയ അളവിൽ സ്ഫോടകവസ്തു ഉൾപ്പെടുത്തി എന്നതാണ് ആദ്യ സാധ്യത. നിർമ്മാണ കമ്പനിയേയോ, കമ്പനിക്ക് വേണ്ടി ഘടകങ്ങൾ എത്തിച്ച് നൽകുന്നവരെ സ്വാധീനിച്ചോ, അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയോ ആകാം ഇത് സാധ്യമാക്കിയെന്ന് വിലയിരുത്തപ്പെടുന്നു. പേജറിനെ ഹാക്ക് ചെയ്ത്, അതിലെ ബാറ്ററിയെ ചൂടാക്കി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതാകാമെന്നതാണ് രണ്ടാമത്തെ സാധ്യത. പ്രത്യേക ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളിലൂടെയോ, അല്ലെങ്കിൽ തുടരെ തുടരെ സന്ദേശങ്ങൾ അയച്ച് പേജറിനെ ചൂടാക്കിയോ ആയിരിക്കാം ഇത് സാധിച്ചെടുത്തത്.
തായ്വാൻ ആസ്ഥാനമായ ഗോൾഡ് അപ്പോളോ കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് മാസം മുമ്പാണ് ഹിസ്ബുല്ല പുതിയ പേജറുകൾ ഇറക്കുമതി ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തോടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ് പേജറുകളുടേത്. ചെറു സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ശേഷി മാത്രമാണ് ഇവയ്ക്കുള്ളത്. ഇൻ്റർനെറ്റുമായി ബന്ധവുമില്ല. മൊസാദിൻ്റെ ചാര സംവിധാനത്തിന്റെ കെൽപ്പ് കണക്കിലെടുത്താണ് ഹിസ്ബുല്ല പേജറുകളിലേക്ക് തിരിഞ്ഞത്. സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ പേജറിലേക്ക് മാറിയ ഹിസ്ബുല്ലയ്ക്ക് ഒടുവിൽ ആ ഉപകരണത്തിൽ തന്നെ അപകടം പൊതിഞ്ഞു കിട്ടി.
by Midhun HP News | Sep 18, 2024 | Latest News, ജില്ലാ വാർത്ത
സര്വകാല റെക്കോര്ഡിന് തൊട്ടടുത്തുവരെ കുതിച്ചെത്തിയ സ്വര്ണവിലയില് ഇന്ന് നേരിയ ആശ്വാസം. ഈ മാസത്തെ റെക്കോര്ഡ് വിലയില് നിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്ണത്തിന് 54800 രൂപ എന്ന നിരക്കിലാണ് വില്പ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്ണത്തിന് 6850 രൂപയായി.
തിരുവോണത്തിന് പിന്നാലെ സ്വര്ണം ഗ്രാമിന് 6880 രൂപ എന്ന നിരക്കിലേക്ക് കുതിച്ചുയര്ന്നിരുന്നു. ഒരു പവന് സ്വര്ണത്തിന് 55040 രൂപയുമായിരുന്നു. കഴിഞ്ഞ മേയ് 20നാണ് സ്വര്ണവില റെക്കോഡ് കടന്നത്. പവന് 55,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ബജറ്റില് സ്വര്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുറയാന് തുടങ്ങി. ഇപ്പോള് അമേരിക്കന് ഫെഡറല് റിസര്വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകള് ശക്തമായതോടെ സ്വര്ണം സുരക്ഷിത നിക്ഷേപമായി കരുതി നിക്ഷേപകര് സ്വര്ണത്തിലേക്ക് തിരിയാന് തുടങ്ങി. തുടര്ന്ന് രാജ്യാന്തര സ്വര്ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റെക്കോഡ് കടക്കുകയാണ്.
Recent Comments