by Midhun HP News | Sep 19, 2024 | Latest News, ജില്ലാ വാർത്ത
മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താർ (52) മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കരുവാറ്റ കെ.വി. ജെട്ടി ജങ്ഷനിൽ ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു.
ആലിയയുടെ വിവാഹത്തിനായി ഗൾഫിൽ നിന്നും വരുന്ന സത്താറിനെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് അപകടം ഉണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കുടുംബം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
by Midhun HP News | Sep 19, 2024 | Latest News, മരണം
ആറ്റിങ്ങൽ: അയിലം മൈവള്ളിഏലായ് ഗിരിജാ വിലാസിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ജെ ബാബുവിന്റെ സഹധർമ്മിണി ഗിരിജാ ബാബു (69) അന്തരിച്ചു.
മക്കൾ: ജി ഹിമ (അധ്യാപിക ഗവ:എൽ.പി.എസ് വാളക്കാട്), ജി ഹിജ (കേരളാ വാട്ടർ അതോറിറ്റി, വെള്ളയമ്പലം), ജി ഹില (മുത്തൂറ്റ് പാപ്പച്ചൻ ചിട്സ്, തിരുവനന്തപുരം).
മരുമക്കൾ: പി ശിവകൂമാർ(ബിസിനസ്), എസ് സന്തോഷ് (ബഹറിൻ), ബി വിനേഷ് കുമാർ (ഫോട്ടോ ഗ്രാഫിക്സ്).
സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | Sep 19, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്ഹി: ഐഎസ്ആര്ഒയുടെ നാലു ബഹിരാകാശ പദ്ധതികള്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ചന്ദ്രയാന് 4, ശുക്രദൗത്യം (വീനസ് ഓര്ബിറ്റര് മിഷന്), ഗഗന്യാന് പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ച് ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്മ്മാണം, അടുത്ത തലമുറ ലോഞ്ച് വെഹിക്കിളിന്റെ വികസനം എന്നി നാലു പദ്ധതികള്ക്കാണ് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാണിച്ചത്. ഈ നാലു പദ്ധതികളുടെ വികസനത്തിനായി വരുന്ന ചെലവായ 22,750 കോടി രൂപ മന്ത്രിസഭ അനുവദിച്ചു.
ചന്ദ്രയാന് 4
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ നാലാമത്തെ ദൗത്യത്തിനായി മാത്രം 2,104.06 കോടി രൂപയാണ് ബജറ്റില് നീക്കിവെച്ചത്. ചന്ദ്രോപരിതലത്തില് നിന്ന് സാമ്പിളുകള് ശേഖരിക്കുന്ന ദൗത്യമായിരിക്കും ചന്ദ്രയാന്-4ന്. സോഫ്റ്റ് ലാന്ഡിംഗിന് ശേഷം ചന്ദ്രോപരിതലത്തില് നിന്ന് പാറ സാമ്പിളുകള് ഭൂമിയിലേക്ക് കൊണ്ടുവരാന് ലക്ഷ്യമിടുന്നതാണ് ദൗത്യം. 2027 ല് വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്. ല്യൂണാര് ഡോക്കിങ്, പ്രിസിഷന് ലാന്ഡിങ്, സാമ്പിള് തുടങ്ങിയ ഘടകങ്ങള് ചേര്ത്ത് ചന്ദ്രയാന് -3ല് ഉപയോഗിച്ച സാങ്കേതികവിദ്യ വിപുലീകരിക്കും. ഭൂമിയില് സുരക്ഷിതമായി തിരിച്ചെത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ശുക്രദൗത്യം
ശുക്രഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ളതാണ് രണ്ടാമത്തെ ദൗത്യം. ഐഎസ്ആര്ഒയുടെ ആദ്യ ശുക്രദൗത്യത്തിനുള്ള 1236 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കിയത്. ഇതില് 824 കോടി രൂപ ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനാണ്. 2028 മാര്ച്ചില് വീനസ് ഓര്ബിറ്റര് മിഷന് എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി ശുക്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ അയക്കും. ശുക്രന്റെ ഉപരിതലം, അന്തര്ഭാഗം, അന്തരീക്ഷസ്ഥിതി, ശുക്രഗ്രഹത്തില് സൂര്യന്റെ സ്വാധീനം തുടങ്ങിയവയെല്ലാം പഠിക്കും.
ഇന്ത്യന് ബഹിരാകാശ നിലയം
ഗഗന്യാന് പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ച് ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്മ്മാണമാണ് മൂന്നാമത്തെ ദൗത്യം. ഭൗമോപരിതലത്തില് നിന്ന് 400 കിലോമീറ്റര് ഉയരത്തില് പരിക്രമണം ചെയ്യുന്ന ഒരു ഇന്ത്യന് ബഹിരാകാശ നിലയം സ്ഥാപിക്കുകയാണ് ലക്ഷ്യം. 52 ടണ് ഭാരമുള്ള ഭീമന് ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യന് ബഹിരാകാശയാത്രികര്ക്കും ശാസ്ത്രജ്ഞര്ക്കും മൈക്രോ ഗ്രാവിറ്റി, ജ്യോതിശാസ്ത്രം, ഭൗമ നിരീക്ഷണം എന്നിവയില് പരീക്ഷണങ്ങള് നടത്തുന്നതിനുള്ള ഒരു ഗവേഷണ വേദിയായി ഇത് പ്രവര്ത്തിക്കും, കൂടാതെ ബഹിരാകാശയാത്രികരെ 15-20 ദിവസം ഭ്രമണപഥത്തില് തുടരാന് അനുവദിക്കുകയും ചെയ്യും. 2028-ല് വിക്ഷേപണം ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യ മൊഡ്യൂളിനാണ് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നല്കിയത്. 2035ല് പദ്ധതി പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പുതു തലമുറ ലോഞ്ച് വെഹിക്കിള്
ഉയര്ന്ന പേലോഡ് ശേഷിയുള്ളതും ചെലവ് കുറഞ്ഞതും പുനരുപയോഗിക്കാവുന്നതും വാണിജ്യപരമായി ലാഭകരമാകാന് സാധ്യതയുള്ളതുമായ പുതിയ വിക്ഷേപണ വാഹനമായ NGLV യുടെ വികസനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കിയിട്ടുണ്ട്. 1.5 മടങ്ങ് ചെലവില് നിലവിലുള്ളതിന്റെ മൂന്നിരട്ടി പേലോഡ് ശേഷി എന്ജിഎല്വിക്ക് ഉണ്ടായിരിക്കും.
by Midhun HP News | Sep 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് എൻ.എസ്.എസ് യൂണിറ്റുകൾ നടത്തുന്ന വാർഷിക സപ്ത ദിന ക്യാമ്പ് ആയ ‘ഒപ്പം’ കരവാരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വഞ്ചിയൂർ ഗവണ്മെന്റ് യൂ.പി. സ്കൂളിൽ ആരംഭിച്ചു. കരവാരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഉല്ലാസ് കുമാർ എസും പി.റ്റി. എ. അംഗം പ്രാശാന്തും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി. ചെയർമാൻ ഗോപാലകൃഷ്ണൻ പിള്ളൈയും എൻ.എസ്.എസ്. സി.ഈ.റ്റി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ബ്രിംഗിൾ സി. ദാസ്, ഡോ. ജോയ് വർഗീസ്സ് എന്നിവരും എൻ.എസ്.എസ്. സി.ഈ.റ്റി. വോളന്റീർ സെക്രട്ടറിമാരായ അതുൽ, ഭവ്യ എന്നിവരും സാന്നിധ്യം അറിയിച്ചു.
ക്യാമ്പിന്റെ പ്രവർത്തന ഉദ്ദേശങ്ങളുടെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കുകയും സി.ഈ.റ്റി. അസിസ്റ്റന്റ് പ്രൊഫസർ ആർക്കിട്രാക്ചർ വിഭാഗം അധ്യാപകൻ പ്രദീപ് വിദ്യാർത്ഥികളോടൊപ്പം ചേർന്നു ചുമർ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. തുടർന്ന് വഞ്ചിയൂർ ജംഗ്ഷനിൽ വർഷങ്ങളോളം പൂട്ടികിടന്ന പാർക്ക് ഏറ്റെടുത്ത് പുനരുധാരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളുടെ സ്വയം സുരക്ഷ കരുതലിനായി ആറ്റിങ്ങൽ കരാട്ടെ സംഘത്തിന്റെ ഒരു കരാട്ടെ ഡ്രിൽ കരാട്ടെ മാസ്റ്റർ രംഗൻ സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. തിരുവോണദിനത്തിലും സാമൂഹിക പ്രവർത്തനം ലക്ഷ്യമാക്കി വിദ്യാർത്ഥികൾ ക്യാമ്പിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്നു. ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് വഴി കുട്ടികളിൽ അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് ഉപകരിക്കുന്ന ചില നല്ല സ്വഭാവ രീതികൾ രൂപപ്പെടാൻ ഇടയാകുമെന്ന് കരുതുന്നു. സെപ്റ്റംബർ 13ന് ആരംഭിച്ച ക്യാമ്പ് 19തിന് അവസാനിക്കും.
by Midhun HP News | Sep 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.
രാവിലെ റോഡിലൂടെ നടന്നുപോയവർ ദുർഗന്ധം എവിടെ നിന്നാണെന്ന് നോക്കിയപ്പോഴാണ് കാറിനുള്ളിൽ ഒരാളെ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. പരിശോധനകൾക്കൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. അതേസമയം, കാറും പീറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ്. എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമെ വ്യക്തമാകൂ. സ്വാഭാവിക മരണമല്ല എന്നാണ് മനസ്സിലാകുന്നത്. മൃതദേഹത്തിൽ പാടുകളുണ്ട്. അതിലൊരു വ്യക്തത പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ അറിയാൻ കഴിയൂ.
by Midhun HP News | Sep 19, 2024 | Latest News, കേരളം
മംഗലൂരു: ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ അര്ജുനും മറ്റ് രണ്ട് പേര്ക്കും വേണ്ടിയുള്ള തിരച്ചില് നടത്താനുള്ള ഡ്രഡ്ജര് കാര്വാര് തുറമുഖത്ത് എത്തി. ഡ്രഡ്ജര് അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെയാകും ഗംഗാവാലിപ്പുഴയിലൂടെ ഷിരൂരിലെത്തുക. നാവികസേനയുടെ സംഘം ഇന്ന് ഗംഗാവലിപ്പുഴയില് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. തിരച്ചിലിനായി നാവികസേനാ സംഘം പ്രധാനമായി പുഴയിലെ ഒഴുക്ക് പരിശോധിക്കും. ലോറി ഉണ്ടാകാന് ഏറ്റവുമധികം സാധ്യത കല്പ്പിക്കപ്പെടുന്ന സ്ഥലത്ത് പുഴയുടെ അടിത്തട്ടില് സോണാര് പരിശോധനയും നടത്തും. ശേഷമാകും ഡ്രഡ്ജിംഗ് രീതി തീരുമാനിക്കുക.
ഇരുപത്തിയെട്ടര മീറ്റര് നീളവും എട്ട് മീറ്റര് വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്റെ അടിത്തട്ടില് മണ്ണെടുക്കാന് കഴിയുന്ന ഡ്രഡ്ജറാണ് ഗോവന് തീരത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെ കാര്വാര് തുറമുഖത്ത് എത്തിച്ചത്. മണ്ണും പാറക്കെട്ടും മരങ്ങളും എടുക്കാന് കഴിയുന്ന ഒരു ഹിറ്റാച്ചി, ഡ്രഡ്ജറിനെ പുഴയിലുറപ്പിച്ച് നിര്ത്താനുള്ള രണ്ട് ഭാരമേറിയ തൂണുകള്, തൂണ് പുഴയിലിറക്കാനും പുഴയില് നിന്ന് വസ്തുക്കള് എടുക്കാനും കഴിയുന്ന ഒരു ക്രെയിന് എന്നിവയാണ് ഇതിന്റെ പ്രധാനഭാഗങ്ങള്.
ഗംഗാവലിപ്പുഴയിലെ രണ്ട് പാലങ്ങളാണ് ഡ്രഡ്ജര് അടങ്ങിയ ബോട്ട് എത്തിക്കാനുള്ള ഒരു പ്രധാന വെല്ലുവിളി. ഗംഗാവലിപ്പുഴയ്ക്ക് കുറുകെ ഗോകര്ണത്തെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് ഉയരം കുറവാണ്. അതിനാല് ഇന്ന് പാലത്തിനടുത്ത് എത്തിച്ച ശേഷം ഒരു പകല് കാത്ത് നിന്ന് വൈകീട്ട് വേലിയിറക്ക സമയത്ത് പുഴയിലെ ഒഴുക്ക് കുറയുമ്പോഴേ ടഗ് ബോട്ട് പാലം കടക്കൂ. ശേഷം ഉള്ള ഒരു റെയില്പ്പാലവും കടന്ന് നാളെ പുലര്ച്ചെയോടെ ഡ്രഡ്ജര് ഷിരൂരില് മണ്ണിടിച്ചിലുണ്ടായ ഇടത്ത് എത്തിക്കാനാണ് നിലവിലെ ശ്രമം. ടഗ് ബോട്ടിലെ തൊഴിലാളികളുടെയും ദൗത്യസംഘത്തിന്റെയും സുരക്ഷ കൂടി കണക്കിലെടുത്താകും തിരച്ചില് എങ്ങനെ തുടരണമെന്നതില് അന്തിമതീരുമാനമുണ്ടാകുക.
Recent Comments