അപകടം നിറച്ച് റോഡിലെ കുഴി: ഒടുവിൽ യുവാക്കൾ ഇറങ്ങി അടച്ചു

അപകടം നിറച്ച് റോഡിലെ കുഴി: ഒടുവിൽ യുവാക്കൾ ഇറങ്ങി അടച്ചു

പെരുമാതുറ: തീരദേശ പാതയിലെ അപകട കുഴിയടച്ച് ഒരു കൂട്ടം യുവാക്കൾ. പെരുമാതുറ മുതലപ്പൊഴിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടകരമായ കുഴികൾ രൂപപ്പെട്ടിരുന്നത്. അജ്മീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിലെ ഒരു കൂട്ടം യുവാക്കളാണ് റോഡിലെ കുഴിയടച്ചത്. നബിദിനത്തിൽ ക്ലബ് നടത്തുന്ന പരിപാടികൾക്കായി നീക്കിവെച്ച തുകയെടുത്ത് കുഴികൾ കോൺക്രീറ്റ് ചെയ്തടക്കുകയായിരുന്നു. ഏറേ തിരക്കുള്ള റോഡിൽ മാസങ്ങളായി രൂപപ്പെട്ട വലിയ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് പരിക്കേൽക്കുന്നത് പതിവാണ്. മഴവെള്ളം കെട്ടിനിന്ന് കുഴികളിൽ ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ വീണ് തകരുന്നതും നിത്യസംഭവമായിരുന്നു.

ഇന്ന് ഉത്രാടം; സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ മലയാളികളുടെ ‘പാച്ചിൽ’

ഇന്ന് ഉത്രാടം; സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ മലയാളികളുടെ ‘പാച്ചിൽ’

ഓണക്കോടി മുതൽ ഓണക്കളികളുമായി ആഘോഷതിമിർപ്പിലാണ് മലയാളികൾ. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഒരുക്കങ്ങളൊക്കെ എത്ര കഴിഞ്ഞാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർത്തിയാകില്ല.

ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കമാണ് ഉത്രാടപ്പാച്ചിൽ. നേരത്തേ വാങ്ങാൻ മറന്ന സാധനങ്ങൾ എല്ലാം ഈ ദിവസമാണ് വാങ്ങുന്നത്. പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വീടുകളിൽ പൂക്കൾകൊണ്ടുള്ള അലങ്കാരത്തോടെ ശനിയാഴ്ച വൈകീട്ട് നിലവിളക്കും കത്തിക്കും.

ഓണ വിപണി

സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക്‌ ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ്‌. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 15-0-0 സഹകരണച്ചന്ത പ്രവർത്തിക്കുന്നു. സർക്കാരിന്റെ 13 ഇന സബ്‌സിഡി സാധനങ്ങളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിൽ ഇവിടെ കിട്ടും. ഇരുനൂറോളം സാധനങ്ങൾക്ക്‌ ആകർഷകമായ ഇളവുമുണ്ട്‌.

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ

തൃശൂർ: തിരുവോണാഘോഷത്തിന് ഒരുങ്ങി ​ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്തെ തിരക്ക് പരി​ഗണിച്ച് ക്ഷേത്ര ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

ഓണനാളുകളിൽ ശ്രീ ഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 22 ഞായറാഴ്ച വരെ ദർശനസമയം ഒരു മണിക്കൂർ കൂട്ടി. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും. പൊതു അവധി ദിനങ്ങളായ സെപ്റ്റംബർ 14 (ഉത്രാടം,, സെപ്റ്റംബർ 15 (തിരുവോണം ), സെപ്റ്റംബർ 16 ( അവിട്ടം), സെപ്റ്റംബർ 17 ( ചതയം ), സെപ്റ്റംബർ 21 ( ശ്രീനാരായണ ഗുരു സമാധിദിനം), സെപ്റ്റംബർ 22 (ഞായറാഴ്ച) എന്നീ തീയതികളിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടാകും.

തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. കാളൻ, ഓലൻ, പപ്പടം, പച്ചക്കൂട്ട് കറി, പഴം പ്രഥമൻ, മോര്, കയവറവ് ,അച്ചാർ, പുളിഞ്ചി ഉൾപ്പെടെയുളള വിഭവങ്ങൾ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.

തിരുവോണ നാളിൽ (സെപ്റ്റംബർ 15, ഞായറാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലർച്ചെ നാലരയ്ക്കാണ് ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.

രാവിലെ കാഴ്ചശീവേലിക്ക് രാജശേഖരൻ, ചെന്താമരാക്ഷൻ, ബൽറാം ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്ര സെൻ, വിനായകൻ, പീതാംബരൻ രാത്രി ശീവേലിക്ക് വിഷ്ണു,വിനായകൻ, പീതാംബരൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും മേള പ്രമാണം വഹിക്കും. ഉത്രാട ദിനത്തിൽ (സെപ്റ്റംബർ 14 ശനിയാഴ്ച) രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപണം. സ്വർണക്കൊടിമരച്ചുവട്ടിൽ വെച്ചാണ് ചടങ്ങ്.

ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും. കൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പിക്കാം. നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതിൽ സമീപത്ത്കൂടി (ക്രൂവളത്തിന് സമീപം) വരിനിൽക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും. ഈ വർഷത്തെ തിരുവോണാഘോഷത്തിനായി 21.96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.

രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ: ജീവനൊടുക്കിയത് ഒരേ കയറിൽ

രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ: ജീവനൊടുക്കിയത് ഒരേ കയറിൽ

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

നടുറോഡില്‍ കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

നടുറോഡില്‍ കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

കണ്ണൂര്‍: ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.

വിദ്യാര്‍ഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍ടിഒ തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്.

സ്വര്‍ണവില ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചു; 54,500ന് മുകളില്‍

സ്വര്‍ണവില ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചു; 54,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് വര്‍ധിച്ചത്.