by Midhun HP News | Aug 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗക്കേസില് പ്രതിയായ നടന് എം മുകേഷ് എംഎല്എ സ്ഥാനം തല്ക്കാലം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്ട്ടി അവൈലബിള് സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില് നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില് ധാരണയായിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചര്ച്ച ചെയ്യും.
മുകേഷിനെതിരെ കേസ് രജിസ്റ്റര് ചെയ്തു എന്നതു പരിഗണിച്ച് തിടുക്കപ്പെട്ട് രാജി വെക്കേണ്ടതില്ലെന്നാണ് പൊതുവില് ധാരണയായിട്ടുള്ളത്. മുകേഷിനെ സംരക്ഷിച്ചുകൊണ്ടാണ് രാവിലെ ഇടതുമുന്നണി കണ്വീനര് ഇ പി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചത്. സമാനമായ പീഡനക്കേസില്പ്പെട്ടിട്ടുള്ള കോണ്ഗ്രസ് എംഎല്എമാര് ആദ്യം രാജിവെക്കട്ടെ. അതിനുശേഷം മുകേഷ് രാജിവെക്കുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു ജയരാജന് പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖം നോക്കാതെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇടതു മുന്നണി കണ്വീനര് വ്യക്തമാക്കിയിരുന്നു.
സിപിഐയില് അഭിപ്രായ ഭിന്നത
അതേസമയം മുകേഷ് രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില് സിപിഐയില് ഭിന്നത നിലനില്ക്കുന്നതായാണ് സൂചന. സര്ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കാതെ, ഇടതുപക്ഷത്തിന്റെ ഒരു എംഎല്എ എന്ന നിലയില് മുകേഷ് തീരുമാനം എടുക്കേണ്ടതാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു പറഞ്ഞു. മുകേഷിനെതിരെ ഉയര്ന്നിട്ടുള്ളത് ഗൗരവമായ ആരോപണമാണെന്നും പ്രകാശ് ബാബു പറഞ്ഞു. ധാര്മ്മികമായി, രാജിവെക്കാതെ മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് പാര്ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. എന്നാല് രാജിക്കാര്യം സിപിഎമ്മും മുകേഷും തീരുമാനിക്കട്ടെ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തില് അഭിപ്രായപ്പെട്ടത്.
നടിയുടെ ലൈംഗിക പീഡന പരാതിയില് എം മുകേഷ് എംഎല്എയ്ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
by Midhun HP News | Aug 29, 2024 | Latest News, കേരളം
ഡൽഹി: അറ്റകുറ്റപ്പണികൾക്കായി പാസ്പോർട്ട് അപേക്ഷകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതിയ അപ്പോയ്മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു.
ഓഗസ്റ്റ് 20 രാത്രി എട്ട് മുതൽ സെപ്റ്റംബർ രണ്ട് വൈകീട്ട് ആറുവരെയാണ് സൈറ്റ് അടച്ചിടുക. നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻ്റ്മെൻ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യാമെന്നും അറിയിച്ചു. 2024 ആഗസ്റ്റ് 30-ന്, ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയ്മെന്റുകൾ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ഷെഡ്യൂൾ ചെയ്ത അപ്പോയ്മെന്റ് ദിവസം, അപേക്ഷകർ ഓഫീസിൽ നേരിട്ട് ഹാജരാകണം. വെരിഫിക്കേഷനായി ആവശ്യമായ രേഖകൾ നൽകാനും പോലീസ് വെരിഫിക്കേഷൻ പ്രക്രിയക്ക് വിധേയരാകാനും ആവശ്യപ്പെട്ടു.
by Midhun HP News | Aug 29, 2024 | Latest News, ജില്ലാ വാർത്ത
താരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില് പ്രതികരിച്ച് നടി പാര്വതി തിരുവോത്ത്. ബര്ഖ ദത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. എത്ര ഭീരുക്കളാണ് ഇവര് എന്നാണ് ഈ വാര്ത്ത കേട്ടപ്പോള് ആദ്യം തോന്നിയതെന്ന് പാര്വതി പറഞ്ഞു. ഇക്കാര്യത്തില് മാധ്യമങ്ങളോട് അടക്കം ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്ഥാനത്തിരുന്നവരാണ് ഇവരെന്നും ഉത്തരവാദിത്തത്തില് നിന്നുള്ള ഒളിച്ചോട്ടമാണ് രാജിയെന്നും പാര്വതി പറഞ്ഞു. സ്ത്രീകള് ഇപ്പോള് ഇതുമായി ബന്ധപ്പെട്ട ചര്ച്ചകള് നയിക്കുകയാണെന്നും അവര് ചൂണ്ടിക്കാട്ടി. ആളുകളെ സംസാരിക്കാന് അനുവദിക്കാത്ത അസോസിയേഷനില് നിന്ന് സന്തോഷത്തോടെയാണ് രാജിവച്ചതെന്നും അവര് കൂട്ടിച്ചേര്ത്തു.
ഗവണ്മെന്റും മറ്റ് സംവിധാനങ്ങളുമായി ചേര്ന്ന് ഈ പ്രശ്നങ്ങള്ക്ക് പരിഹാരം ശ്രമം അവര് നടത്തിയിരുന്നെങ്കില് എത്ര നന്നാകുമായിരുന്നു. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നില് അണിനിരന്നത്. തങ്ങള്ക്കെതിരായ ആരോപണങ്ങള് പുറത്തുവരുന്നതുവരെ ഇത്തരം സംഭവങ്ങളൊന്നും യഥാര്ത്ഥത്തില് ഇല്ലെന്ന് അവകാശപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയാണിത് – പാര്വതി വ്യക്തമാക്കി.
by Midhun HP News | Aug 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗക്കേസില് നടന് സിദ്ദിഖിന് കുരുക്ക് മുറുകുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തില് നിര്ണായക തെളിവുകള് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില് ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററില് സിദ്ദിഖിന്റെയും നടിയുടേയും പേരുകളുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലിൽ പരിശോധന നടത്തി തെളിവു ശേഖരിച്ചത്. 2016-ല് സിദ്ദിഖ് ഹോട്ടലില് വെച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതി പറഞ്ഞിരുന്നത്. കേസില് യുവനടി നല്കിയ മൊഴിയുടെ വിശദാംശങ്ങള് പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ച് ചര്ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില് ഹോട്ടലിലെ റിസപ്ഷനില് അതിഥി രജിസ്റ്ററില് ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പൊലീസിന് മൊഴി നല്കിയിരുന്നു.
2016-ല് സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില് നടന്നിരുന്നു. അതിനുശേഷമാണ് സിനിമാ ചര്ച്ചയ്ക്കായി സിദ്ദിഖ് ക്ഷണിച്ചത്. റിസപ്ഷനില് ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള് എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയില് വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് നടി മൊഴി നല്കിയിട്ടുണ്ട്.
നിള തിയേറ്ററില് നടന്ന പ്രിവ്യൂ ഷോയില് അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന പെണ്കുട്ടിയെ കണ്ടിരുന്നതായി സിദ്ദിഖ് നല്കിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില് നടിയുടെ മാതാപിതാക്കളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കും. കേസില് നടിയുടെ രഹസ്യമൊഴി വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തും. മസ്കറ്റ് ഹോട്ടലിലെ സംഭവം നടന്ന സമയത്തെ റിസപ്ഷനിലെ രജിസ്റ്റര് ഹോട്ടല് അധികൃതരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Aug 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുകളിലത്തെ നിലയിലേക്ക് കയറുമ്പോള് കാല് വഴുതി വീണ ഗൃഹനാഥന്റെ തല പടിയുടെ കൈവരിക്കിടയില് കുടുങ്ങി. ഉളളൂര് പ്രശാന്ത്നഗര് തുറുവിക്കല് ഐടി ലെയ്ന് എആര്എ -28 ഐശ്വര്യയില് ഭാസ്കരന് നായരാണ് അപകടത്തിൽപ്പെട്ടത്. ബുധൻ പുലർച്ചെ മൂന്നോടെയാണ് സംഭവം. ശുചിമുറിയിലേക്ക് പോകുന്നതിനിടെ കാല് വഴുതിവീണ് തല കൈവരിക്കിടയില് കുടുങ്ങുകയായിരുന്നു. ഭാസ്കരന്റെ നിലവിളി കേട്ടുണർന്ന വീട്ടുകാര് ചാക്ക അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങള് എത്തി ഹൈഡ്രോളിക് കട്ടര് ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തി.
by Midhun HP News | Aug 29, 2024 | Latest News, കേരളം
തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയില് അഭിനയിക്കാനെത്തിയ ജൂനിയര് ആര്ട്ടിസ്റ്റിനെ പീഡിപ്പിച്ചതായി പരാതി. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്മാരിലൊരാള് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള് പകര്ത്തിയെന്ന ജൂനിയര് ആര്ട്ടിസ്റ്റിന്റെ പരാതിയില് ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന് കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണസംഘത്തിന് ഇന്ന് പരാതി നല്കുമെന്ന് അവര് അറിയിച്ചു.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വിവാഹ സീന് ഷൂട്ട് ചെയ്യുന്നതിന് അവിടത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന് ആളെ തേടിയത്. അസോസിയേഷന്റെ നിര്ദേശ പ്രകാരമാണ് ജൂനിയര് ആര്ട്ടിസ്റ്റ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില് അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര് മന്സൂര് റഷീദ് വരാന് ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു.
മന്സൂര് റഷീദ് മുറിയിലെത്തി കുടിക്കാന് കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള് താന് പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു ജൂനിയര് ആര്ട്ടിസ്റ്റിന്റെ പരാതിയില് പറയുന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി.
പിന്നീടു രാവിലെ തന്റെ നഗ്നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര് അയച്ചു തന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പരാതിപ്പെട്ടതിനെ തുടര്ന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഷനില് ബലാത്സംഗത്തിന് കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങിയെന്നും ജൂനിയര് ആര്ട്ടിസ്റ്റിന്റെ പരാതിയില് പറയുന്നു.
അറസ്റ്റ് ചെയ്യാന് പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില് പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളില് ഇയാള് പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
Recent Comments