സാംസ്കാരിക സംഗമവും ജ്വാലാപുരസ്കാരങ്ങളുടെ വിതരണവും സംഘടിപ്പിച്ചു

സാംസ്കാരിക സംഗമവും ജ്വാലാപുരസ്കാരങ്ങളുടെ വിതരണവും സംഘടിപ്പിച്ചു

തിരുവനന്തപുരം ആറ്റിങ്ങൽ ജ്വാലാസംസ്കൃതിഭവന്റെ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വെച്ച് നടന്ന ജ്വാലാമൃതം 2024 സാഹിത്യസർഗ്ഗോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സംഗമവും ജ്വാലാപുരസ്കാരങ്ങളുടെ വിതരണവും നടന്നു. സാംസ്കാരികസംഗമം ലൗവ് ഇന്ത്യ ലൈവ് ഫോർ ഇന്ത്യ പ്രഭാഷണ പരമ്പര ഫെയിമും, പ്രശസ്ത വാഗ്മിയും വിശ്രുത സംസ്കൃത പണ്ഡിതനുമായ ഡോ.എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു.

സന്ദീപ് വാസുദേവൻ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സംഗമത്തിൽ ഡോ .വി.സുനിൽരാജ്, അയിലം ഉണ്ണികൃഷ്ണൻ, സുഭാഷ്ചന്ദ്രൻ കരുണാലയം, മനോജ്.കെ.സി., മോഹൻദാസ് എവർഷൈൻ, അജിൽ മണിമുത്ത്, മധു മാവില എന്നിവർ സംസാരിച്ചു.

ശാരി ബിനു സ്വാഗതവും ആതിരാഷാജി കൃതജ്ഞയും രേഖപ്പെടുത്തി. ഡോ.വി. സുനിൽരാജിന് ഏ.ആർ.രാജരാജവർമ്മ പുരസ്കാരവും അയിലം ഉണ്ണികൃഷ്ണന് വി.സാംബശിവൻ പുരസ്കാരവും, മനോജ്.കെ.സി.യ്ക്ക് കാളിദാസപുരസ്കാരവും, സന്ദീപ് വാസുദേവന് കാവാലം പുരസ്കാരവും, മോഹൻദാസ് എവർഷൈന് തകഴി പുരസ്കാരവും, മധു മാവിലയ്ക്ക് വൈക്കം മുഹമ്മദ് പുരസ്കാരവും, ബിന്ദു ശ്രീകുമാറിന് നാലപ്പാടൻ പുരസ്കാരവും, ആതിരാഷാജിയ്ക്ക് എൻ.എൻ.കക്കാട് പുരസ്കാരവും, ഡോ.നിസ കരിക്കോടിന് സുഗതകുമാരി പുരസ്കാരവും, രാജൻ കൂട്ടാലയ്ക്ക് പ്രൊഫ.മുണ്ടശ്ശേരി പുരസ്കാരവും, മുഹമ്മദ് ലത്തീഫിന് ഇടശ്ശേരി പുരസ്കാരവും, മനോജ് കുമരംകരിയ്ക്ക് കാവ്യരത്ന പുരസ്കാരവും, മിനി എസ് നായർക്ക് ലളിതാംബിക അന്തർജ്ജന പുരസ്കാരവും, സുഭാഷ്ചന്ദ്രൻ കരുണാലയത്തിന് പൂന്താനം പുരസ്കാരവും, ശ്രീകല സുഖാദിയയ്ക്ക് ബാലാമണിയമ്മ പുരസ്കാരവും, ശാരി ബിനുവിന് സിസ്റ്റർ മേരി ബനിഞ്ജ പുരസ്കാരവും, അജിൽ മണിമുത്തിന് ഏ. വെങ്കിടങ്ങ് യുവശ്രേഷ്ഠാപുരസ്കാരവും, തോന്നയ്ക്കൽ – കല്ലൂർ ഹണിബീ ഇൻഫെന്റ് സ്കൂൾ പ്രിൻസിപ്പൽ ഫെർസാന സുൽഫിക്കറിന് ജ്വാലാ കർമ്മശ്രേഷ്ഠ പുരസ്കാരവും നൽകി. ഒപ്പം SSLC, +2 തലത്തിൽ ഉന്നതവിജയം നേടിയ വിവിധ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ജ്വാലാ വിദ്യാജ്യോതി പുരസ്കാരവും സമ്മാനിച്ചു.

പി കമലാക്ഷി അമ്മ (96) അന്തരിച്ചു

പി കമലാക്ഷി അമ്മ (96) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് രജാജ്ഭവനിൽ(വി.വി.പി.എസ് :052)
പി കമലാക്ഷി അമ്മ (96) അന്തരിച്ചു.

ഭർത്താവ്: പരേതനായ ഗോവിന്ദ പിള്ള.
മക്കൾ: ജി രവീന്ദ്രൻ നായർ, പരേതനായ ജി ഗോപിനാഥൻ നായർ.
മരുമക്കൾ: റ്റി ജയന്തിദേവി അമ്മ, എം ചന്ദ്രിക.

കൊറിയർ സർവീസിന്റെ പേരിൽ വ്യാജ കോളുകൾ; മുന്നറിയിപ്പുമായി പൊലീസ്

കൊറിയർ സർവീസിന്റെ പേരിൽ വ്യാജ കോളുകൾ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണ് എന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പാണെന്നു വ്യക്തമാക്കി കേരള പൊലീസ്. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോ​ഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും പൊലീസ്. വ്യാജ ഐഡി ഉപയോ​ഗിച്ച് പൊലീസാണെന്നു ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വിഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ കുറിപ്പ്

ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞു തരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു.

പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, മനോരമ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍, കാമറാമാന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേന്ദ്രമന്ത്രിയെ വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ തടഞ്ഞുവെന്നും സുരക്ഷാജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റിയെന്നുമാണ് എഫ്ഐആറില്‍ ഉള്ളത്. രണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ഇള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്ന് ചൂണ്ടികാണിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സുരേഷ് ഗോപി ഇന്നലെ പരാതി നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയെന്ന അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്.

അനില്‍ അക്കരയുടെ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി. തൃശൂര്‍ സിറ്റി എസിപിക്കാണ് കമ്മീഷണര്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചിരുന്നു.

രാജധാനി കോളേജുകളിൽ പുതിയ ബാച്ചുകൾക്ക് മികവാർന്ന തുടക്കം

രാജധാനി കോളേജുകളിൽ പുതിയ ബാച്ചുകൾക്ക് മികവാർന്ന തുടക്കം

ആറ്റിങ്ങൽ: രാജധാനി ഗ്രൂപ്പിൻ്റെ കീഴിലെ എൻജിനീയറിംഗ് കോളേജിലെയും, പോളിടെക്നിക്ക് കോളേജിലെയും, ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിലെയും വിവിധ കോഴ്‌സുകളിലെ 2024ലെ ബാച്ചുകളുടെ പ്രാരംഭദിനം, രാജധാനി ഗ്രൂപ്പിന്റെ ചെയർമാൻ ഡോക്ടർ ബിജുരമേശ്, അഡ്വേക്കറ്റ് അടൂർ പ്രകാശ്, കേരള മുൻ ഡി.ജി.പി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐ.പി. എസ്സ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ചു.

ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം രാജധാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഡോക്ടർ ബിജുരമേശ് നിർവഹിയ്ക്കുകയും, ബഹുമാന്യ പാർലമെൻ്റ് അംഗം ശ്രീ.അഡ്വേക്കറ്റ് അടൂർ പ്രകാശ് ഉദ്ഘാടനവും, മുഖ്യ പ്രഭാഷണം കേരള മുൻ ഡി.ജി.പി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്സും നിർവഹിച്ചു.

രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ അസ്സോസിയേറ്റ് ഡയറക്ടർ മേഘ, ബി. രമേശ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹേട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രിൻസിപ്പൽ ഡോക്ടർ മഹേഷ് കൃഷ്ണ, പോളിടെക്നിക്ക് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ സംഗീത ഷിബു, ബിസ്സിനസ് സ്കൂൾ ഡയറക്ടർ പ്രൊഫസർ രജിത് കരുണാകരൻ എന്നിവർ ആംശംസ പ്രസംഗങ്ങളും നടത്തി.

ടെക്നോളജിയിലൂടെ വന്നുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങൾക്കനുസൃതമായി മുൻ വർഷങ്ങളിൽ ആരംഭിച്ച് നടന്നു കൊണ്ടിരിയ്ക്കുന്ന ആർട്ടിഫിഷ്യയിൽ ഇൻന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്‌, സൈബർ സെക്യൂരിറ്റി, റോബോട്ടിക്ക് ആൻഡ് ഓട്ടോമേഷൻ എന്നീ കോഴ്സുകൾക്കൊപ്പം ഈവർഷം ബയോ മെഡിക്കൽ എൻജിനീയറിംഗ് കോഴ്‌സിന്റെ പ്രവർത്തനത്തിനും തുടക്കം കുറിയ്ക്കുകയാണ്.

രാജധാനി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയറിംഗ് ടെക്നോളജി പ്രിൻസിപ്പൽ ഡോക്ടർ എസ്സ്. സുരേഷ് ബാബു സ്വാഗതവും, ഡോകടർ ബിന്ദു.എസ്സ്.എസ്സ ഹെഡ് ഓഫ് ഡിപ്പാർട്ടുമെന്റ് മെക്കാനിക്കൽ എൻജി നീയറിംഗ് വിഭാഗം നന്ദിയും രേഖപ്പെടുത്തി. പുതിയ ബാച്ചുകളിൽ ചേർന്നിട്ടുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും, രാജധാനി ഇൻസ്റ്റിറ്റ്യുഷനിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പാലക്കാടും കാഞ്ഞങ്ങാട്ടും 3 വീതം പുതിയ എഫ്എം സ്റ്റേഷനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ

പാലക്കാടും കാഞ്ഞങ്ങാട്ടും 3 വീതം പുതിയ എഫ്എം സ്റ്റേഷനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ

ഡൽ​ഹി: സംസ്ഥാനത്ത് പാലക്കാടും കാഞ്ഞങ്ങാട്ടും മൂന്ന് വീതം പുതിയ എഫ്എം റേഡിയോ സ്റ്റേഷനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതടക്കം രാജ്യത്തെ 234 പുതിയ ന​ഗരങ്ങളിൽ 730 സ്റ്റേഷനുകൾക്കായി മൂന്നാം വട്ട ഇ ലേലം നടത്താനുള്ള നിർദ്ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രസഭാ യോ​ഗം അം​ഗീകാരം നൽകി. സ്വകാര്യ എഫ്എം റേഡിയോ മൂന്നാം ഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതൽ ധനത്തോടെയാണ് എഫ്എമ്മുകൾ വരുന്നത്.

ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാല് ശതമാനമായി എഫ്എം ചാനലിന്റെ വാർഷിക ലൈസൻസ് ഫീസ് ഈടാക്കാനുള്ള നിർദ്ദേശവും മന്ത്രിസഭാ യോ​ഗം അം​ഗീകരിച്ചു. 234 പുതിയ ന​ഗരങ്ങൾക്കും ഇതു ബാധകമാണ്.സ്വകാര്യ എഫ്എം റേഡിയോ സേവനം ലഭ്യമാകാത്ത 234 പുതിയ ന​ഗരങ്ങളിലാണ് സ്വകാര്യ എഫ്എം റേഡിയോ സ്ഥാപിക്കുന്നത്. മാതൃ ഭാഷയിൽ പരിപാടികൾ അവതരിപ്പിക്കാനാകുമെന്നതാണ് സവിശേഷത. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഭാഷ, സംസ്കാരങ്ങളുടെ പ്രോത്സാഹനത്തിനും പുതിയ നടപടി സഹായിക്കും.