by Midhun HP News | Aug 30, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തില് എത്തിയ ശേഷമാണ് തിരിച്ചിറങ്ങിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില് 51,600 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്ണവില എത്തി. തുടര്ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്ധിച്ചത്.
കഴിഞ്ഞ മാസം 17ന് സ്വര്ണവില 55,000 രൂപയായി ഉയര്ന്ന് റെക്കോര്ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല് കേന്ദ്ര ബജറ്റില് കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്ണവിലയില് ദിവസങ്ങളുടെ വ്യത്യാസത്തില് 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്ണവില തിരിച്ചുകയറുകയായിരുന്നു.
by Midhun HP News | Aug 29, 2024 | Latest News, കേരളം
കൊച്ചി: പാര്ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില് പ്രചരിച്ച കാഫിര് സ്ക്രീന് ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. മൊഴികളുടെ അടിസ്ഥാനത്തില് കിട്ടിയ പേരുകളില് ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിര്ദേശം നല്കി. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിം സമര്പ്പിച്ച ഹര്ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്ദേശം.
അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങള്ക്ക് എതിര്പ്പില്ലെന്നും ഏത് ദിശയില് വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാല് വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില് അത് പൂര്ണമായും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.
സ്ക്രീന് ഷോട്ടിനുപിന്നില് ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നേരത്തെ പൊലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രചരിച്ച സ്ക്രീന്ഷോട്ടിന്റെ ഉറവിടം ഏതെന്നു വ്യക്തമാക്കാത്തതിനാല് അവയുടെ മാതൃകമ്പനിയായ ‘മെറ്റ’യെ കേസില് പ്രതിചേര്ത്തെന്നും പൊലീസ് അറിയിച്ചിരുന്നു.
by Midhun HP News | Aug 29, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. ഇന്ന് കോഴിക്കോട്, കണ്ണൂര് ജില്ലകള്ക്ക് പുറമേ കാസര്കോട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില് അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഈ മൂന്ന് ജില്ലകള്ക്ക് പുറമേ വയനാട്ടിലും ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ബംഗാള് ഉള്ക്കടലില് രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില് ശക്തമായ മഴ ലഭിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
മധ്യ കേരള തീരം മുതല് തെക്കന് ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്ദ്ദ പാത്തിയും മഴയെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായി കേരളത്തില് തിങ്കളാഴ്ച വരെ പരക്കെ മഴ ലഭിക്കാന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Aug 29, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വയനാട് ദുരിത ബാധിതർക്കു വേണ്ടി ആലംകോട് എൽ പി സ്കൂൾ വാട്സാപ് കൂട്ടായ്മ സംഘടിപ്പിച്ച റിലീഫ് ഫണ്ട് സെക്രട്ടറിയേറ്റിൽ വച്ച് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയ്ക്കു കൈമാറി. ഗ്രൂപ്പ് അഡ്മിൻ റാഫി, എം എച്ച് അഷ്റഫ്, ജമാൽ ഹുസൈൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 29, 2024 | Latest News, കേരളം
ആലപ്പുഴ: കായലിന് നടുവില് ഡെസ്റ്റിനേഷന് വിവാഹം. കേള്ക്കുമ്പോള് അതിശയം തോന്നാം. കഴിഞ്ഞയാഴ്ച ആലപ്പുഴ കായലിന് നടുവില് തുറന്ന വേദിയിലാണ് വധുവരന്മാര് പരസ്പരം വരണമാല്യം ചാര്ത്തിയത്. നിരവധി വിവാഹങ്ങള് ഇതിനു മുമ്പ് ഹൗസ്ബോട്ടുകളില് നടന്നിട്ടുണ്ടെങ്കിലും കായലിനു നടുവില് വച്ച് വരണമാല്യം ചാര്ത്തുന്നത് ആദ്യമാണ്.
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൈനകരി വട്ടക്കായലിലാണ് വധൂവരന്മാര്ക്കായി കതിര്മണ്ഡപമൊരുങ്ങിയത്. വിവാഹത്തിന്റെ ചിത്രങ്ങള് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമങ്ങളില് പങ്കുവെച്ചിട്ടുണ്ട്. ഡിടിപിസിയുടെ കൈനകരി ഹൗസ്ബോട്ട് ടെര്മിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറില് കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും കോര്ത്തിണക്കിയായിരുന്നു ചടങ്ങുകള്. നെഹ്റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഒരേ ഒരു വനിത ക്യാപ്റ്റന് ആയ ഹരിത അനിലിന്റേത് ആയിരുന്നു വിവാഹം. ചാലക്കുടി സ്വദേശിയായ ഹരിനാഥാണ് വരന്. ഹരിതയുടെ അപേക്ഷയില് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വിവാഹം നടന്നത്.
by Midhun HP News | Aug 29, 2024 | Latest News, കേരളം
കൊച്ചി: സിനിമയിലെ ഭാഗങ്ങള് വിശദീകരിക്കാൻ എന്ന പേരില് വീട്ടില് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിലെ മേക്കപ്പ് ആര്ട്ടിസ്റ്റാണ് പരാതി നല്കിയത്. ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ലാറ്റിൽ വെച്ച് കടന്നു പിടിക്കുകയും, കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി.
ഏപ്രിൽ 12 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ ചേരാനെല്ലൂർ പൊലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. സംഭവത്തില് വിനീതിന്റെ സുഹൃത്തുക്കളായ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി, ഷോര്ട്ട് ഫിലം പ്രവര്ത്തകരായ ബ്രൈറ്റ്, അഭിലാഷ് എന്നിവര്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
തന്റെ സുഹൃത്തുക്കൾക്കും ലൈംഗികമായി വഴങ്ങിക്കൊടുക്കണമെന്ന് വിനീത് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ചേരാനെല്ലൂർ പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഓഗസ്റ്റ് 13 നാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ചേരാനെല്ലൂർ സ്വദേശിനിയായ നടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
Recent Comments