കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഇന്ന് മുതൽ

കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഇന്ന് മുതൽ

തിരുവനന്തപുരം: ഓണ വിപണി സജീവമാക്കാൻ കൈത്തറി വസ്ത്രങ്ങളുടെ വില്പനയും പ്രദർശനവും ഇന്ന് മുതൽ കനകക്കുന്ന് സൂര്യ കാന്തി ഫെയർ ഗ്രൗണ്ടിൽ നടക്കും. പ്രദർശനവും വില്പനയും സെപ്റ്റംബർ 14വരെ നീണ്ടു നിൽക്കും.
കേരള കൈത്തറിക്കു പുറമേ ജമ്മു കാശ്മീർ, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജർഖൻഡ്, തമിഴ്നാട്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കൈത്തറി ഉൽപ്പന്നങ്ങളും മേളയിൽ
ഒരുക്കിയിട്ടുണ്ടെന്ന് കൈത്തറി വസ്ത്ര ഡയറക്ടർ കെ.എസ് അനിൽകുമാർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് വൈകിട്ട് 5ന് മേളയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ആദ്യവിൽപ്പനഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിക്കും. മന്ത്രി വി.ശിവൻകുട്ടി മുഖ്യ അതിഥിയാകും. മേയർ ആര്യ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും. പരമ്പരാഗത മേഖലയിൽ ഉൾപ്പാദിപ്പിക്കുന്ന ഉൽപ്പനങ്ങൾക്ക്‌ കൂടുതൽ വിപണന സാഹചര്യം ഒരുക്കുകയാണ് മേള വഴി നടപ്പിലാക്കുന്നതെന്ന് കെ.എസ് അനിൽ കുമാർ പറഞ്ഞു.
മേളയിൽ 60ഓളം സ്റ്റാളുകളിലായി 1500ൽപ്പരം ഉൽപ്പന്നങ്ങൾ 20%റിബേറ്റിൽ ലഭ്യമാകും.

‘നിറവ് 2024’ ഓണകിറ്റിന്റെ വിതരണഉദ്ഘാടനം നടന്നു

‘നിറവ് 2024’ ഓണകിറ്റിന്റെ വിതരണഉദ്ഘാടനം നടന്നു

‘നിറവ് 2024’ ഓണകിറ്റിന്റെ വിതരണഉദ്ഘാടനം നടന്നു. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ‘നിറവ് 2024’ എന്ന പേരിൽ ഓണകിറ്റ് തയ്യാർ ആക്കി പാലമൂട് പ്രവർത്തിക്കുന്ന നീതി സൂപ്പർ മാർക്കറ്റിൽ നിന്നും വിതരണം ആരംഭിച്ചു. പൊതുവിപണിയിൽ 1300/- രൂപ വില വരുന്ന സാധങ്ങൾക്ക്‌ കേവലം 999/-രൂപയ്ക്ക് നൽകുന്നു. വിതരണോദ്ഘാടനം ബാങ്ക്പ്രസിഡന്റ് അഡ്വ:ദിലീപ്.വി.എൽ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ പ്രഭാകരൻ ഒ, സുകുമാരിഅമ്മ, ജലജാമണി, പദ്മകുമാരി, മോഹനൻനായർ, ബാങ്ക് സെക്രട്ടറി ബിന്ദുമോൾ, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ന് മുകളില്‍ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു

ലൈം​ഗികാതിക്രമം: നടൻ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

ലൈം​ഗികാതിക്രമം: നടൻ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

തിരുവനന്തപുരം: ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ. കൊച്ചി സ്വദേശിയായ നടിയുടെ ഏഴു പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും. അതിനാലാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടിയുടെ പരാതിയിൽ ജയസൂര്യക്കു പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവർക്കെതിരെയും പൊലീസ് ഇന്ന് കേസെടുത്തേക്കും.

മഴ തുടരും; 6 ജില്ലകളിൽ യെല്ലോ; ഇടിമിന്നൽ മുന്നറിയിപ്പ്

മഴ തുടരും; 6 ജില്ലകളിൽ യെല്ലോ; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറിടത്ത് യെല്ലോ. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

അതി തീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. ഇന്ന് രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത. മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.

ഇന്ന് മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത വരും ദിവസങ്ങളിലും വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

മുകേഷിനെതിരെ ബലാത്സം​ഗക്കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി

മുകേഷിനെതിരെ ബലാത്സം​ഗക്കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് യുവനടി പൊലീസിന് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ഡിഐജി അജിതാ ബീഗം, എഐജി ജി പൂങ്കുഴലി എന്നിവര്‍ നടിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് 10 മണിക്കൂറോളം നീണ്ടിരുന്നു.

മരടിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടി പൊലീസ് സംഘത്തിന് നല്‍കിയ മൊഴി. സിനിമയില്‍ അവസരങ്ങള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നും നടി വ്യക്തമാക്കി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഒരു നിര്‍മാതാവിനും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ക്കും എതിരെയാണ് നടി പരാതി നല്‍കിയത്. ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.