by Midhun HP News | Aug 28, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറത്ത് നവവരന് വിവാഹദിവസം ജീവനൊടുക്കിയ നിലയില്. മലപ്പുറം കരിപ്പൂര് കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില് ജിബിനെ കണ്ടെത്തിയത്.
രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്ന്ന് വാതില് പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില് കണ്ടെത്തുന്നത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ജിബിന് വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിവാഹത്തില് എതിര്പ്പ് പറഞ്ഞിരുന്നില്ലെന്നും, മരണം സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും വീട്ടുകാരും അയല്ക്കാരും സുഹൃത്തുക്കളും പറയുന്നു. മരണകാരണം എന്താണെന്ന് ആര്ക്കും അറിയില്ല. ജിബിന്റെ ഫോണ് വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.
by Midhun HP News | Aug 28, 2024 | Latest News, കേരളം
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പ്രതികരിച്ച് ചലച്ചിത്ര പിന്നണി പ്രവര്ത്തകരുടെ സംഘടനയായ ഫെഫ്ക. ലൈംഗികാതിക്രമം നടത്തിയതായി പരാമര്ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ. സംഘടനയില് കുറ്റാരോപിതരുണ്ടെങ്കില് വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല് കൂടുതല് പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്, ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെ എന്നും ഫെഫ്ക വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില് അതിജീവിതകള്ക്ക് പരാതിപ്പെടാനും, കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്ക്കാര് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ ഫെഫ്ക സ്വാഗതം ചെയ്യുന്നു. അതിജീവിതമാരെ പരാതി നല്കുന്നതിലേക്കും, നിയമപരമായ നടപടികളിലേക്ക് സന്നദ്ധരാക്കാനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര് കമ്മിറ്റിയെ ചുമതലപ്പെടുത്തും.
പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും, നിയമനടപടികള് തുടങ്ങിവെയ്ക്കാനുമുള്ള അതിജീവിതകള്ക്കുള്ള ഭയാശങ്കകളെ അകറ്റാന് വിദഗ്ധയായ ഒരു ക്ലിനിക്കല് സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില് മുന്കാലങ്ങളിലെന്ന പോലെ, പൊലീസ് അന്വേഷണത്തിലോ, കോടതി നടപടികളിലോ വ്യക്തമായ പരാമര്ശങ്ങളോ കണ്ടെത്തലുകളോ, അറസ്റ്റ് പോലുള്ള നടപടികളോ ഉണ്ടായാല് വലിപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര് 2,3,4 തീയതികളില് ചേരും. ഹേമാ കമ്മിറ്റി റിപ്പോര്ട്ടില് തുടര് ചര്ച്ചകള്ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും വാർത്താക്കുറിപ്പിൽ ഫെഫ്ക വ്യക്തമാക്കി.
by Midhun HP News | Aug 28, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വർധിക്കുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53720 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ ആഴ്ച ഇതുവരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5555 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.
by Midhun HP News | Aug 28, 2024 | Latest News, ജില്ലാ വാർത്ത
ബോട്ടുകൾ ദൂരപരിധി ലംഘിച്ച് തീരക്കടലിലെത്തി മീൻ പിടിക്കുന്നതിൽ പ്രതിഷേധിച്ച് ഇടവ വെറ്റക്കടയിൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ റോഡിന് കുറുകെയിട്ട് പ്രതിഷേധിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് വർക്കല – കാപ്പിൽ പരവൂർ റോഡിൽ വലിയ വള്ളങ്ങൾ കുറുകെയിട്ട് ഉപരോധിച്ചത്. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
നീണ്ടകര, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ള എൻജിൻ ഘടിപ്പിച്ച വലിയ ബോട്ടുകളാണ് ദൂരപരിധി ലംഘിച്ച് തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നതെന്നും, ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. ബോട്ടുകളുടെ ദൂരപരിധി ലംഘനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്ന് കോസ്റ്റൽ സി.ഐ പ്രതിഷേധക്കാർക്ക് നൽകിയ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
by Midhun HP News | Aug 28, 2024 | Latest News, കേരളം
ഡല്ഹി: സ്വകാര്യത സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര് അവതരിപ്പിക്കാന് ഒരുങ്ങി വാട്സ്ആപ്പ്. ഫോണ് നമ്പറില്ലെങ്കിലും യൂസര്നെയിം ഉപയോഗിച്ച് വാട്സ്ആപ്പില് പരസ്പരം മെസേജ് അയക്കാന് സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന് പോകുന്നത്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങള്ക്കുള്ളില് എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും.
നിലവില് ആന്ഡ്രോയിഡ് ബീറ്റാ വേര്ഷന് 2.24.18.2ല് ഫീച്ചര് ലഭ്യമാണ്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ മൂന്ന് തരത്തില് വാട്സ്ആപ്പ് ഉപയോഗിക്കാന് സാധിക്കും. നിലവിലെ പോലെ തന്നെ ഫോണ് നമ്പര് ഉപയോഗിച്ച് വാട്സ്ആപ്പില് മെസേജ് അയക്കാന് കഴിയുന്നതാണ് ഒരു രീതി. ഫോണ് നമ്പര് ഉപയോഗിച്ച് രജിസ്റ്റര് ചെയ്ത അക്കൗണ്ടുകളില് പുതിയ യൂസര്നെയിം ഉപയോഗിച്ച് മെസേജ് ചെയ്യാന് കഴിയുന്നതാണ് മറ്റൊരു രീതി. സ്വകാര്യത സംരക്ഷണത്തിന്റെ ഭാഗമായി ഫോണ് നമ്പര് മറച്ചുവെയ്ക്കാന് സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
യൂസര്നെയിമിനൊപ്പം പിന് നമ്പര് കൂടി വരുന്നതാണ് മൂന്നാമത്തെ രീതി. യൂസര്നെയിമിനൊപ്പം നാലക്ക പിന് നമ്പറും നല്കിയാല് മാത്രമേ മറ്റുള്ളവര്ക്ക് വാട്സ്ആപ്പിലേക്ക് മെസേജ് അയയ്ക്കാന് സാധിക്കൂ. ഫോണ് നമ്പര് കൈമാറിയിരുന്നത് പോലെ ഇനി നാലക്ക പിന് നമ്പര് കൊടുത്താല് മതി. ഫീച്ചര് ആവശ്യമുണ്ടെങ്കില് മാത്രം ഓണ് ആക്കി വെയ്ക്കാനുള്ള ഓപ്ഷനും ഇതില് ഉണ്ടാവും.
by Midhun HP News | Aug 28, 2024 | Latest News, ജില്ലാ വാർത്ത
കൊല്ലം കടയ്ക്കലിൽ ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികൻ ലോറി കയറി മരിച്ചു. കല്ലുതേരി സ്വദേശി സക്കീർ ഹുസൈനാണ്(50) മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
സക്കീർ ഹുസൈൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും സക്കീർ ഹൂസൈൻ റോഡിലേക്ക് വീണു. പിന്നാലെ എത്തിയ ടിപ്പർ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു.
Recent Comments