‘ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം’; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

‘ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം’; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അനന്തന്‍ കാട്. ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം ആര്യ മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രത്തിന്റെ രചന മുരളി ഗോപിയാണ്. നിഖില വിമല്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.

ട്രെയ്‌ലര്‍ ലോഞ്ചില്‍ നടന്‍ ഇന്ദ്രന്‍സിനേയും ആര്യയേയും കുറിച്ച് മുരളി ഗോപി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്ദ്രന്‍സ് തന്റെ ചങ്കാണെന്നാണ് മുരളി ഗോപി പറഞ്ഞത്. സിനിമ എഴുതി തുടങ്ങിയപ്പോള്‍ തന്നെ നായകനായി മനസില്‍ കണ്ടത് ആര്യയെയായിരുന്നുവെന്നും മുരളി ഗോപി പറയുന്നു.

‘ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴൊരു എനര്‍ജിയുണ്ടാകാറുണ്ട്. ഞങ്ങള്‍ ഒരുമിച്ച് എട്ട് സിനിമകളായി എന്നാണ് എന്റെ കണക്ക് കൂട്ടല്‍. എട്ടാമത്തെ സിനിമയാണ് ഇത്. ഓരോ തവണയും ഇന്ദ്രന്‍സേട്ടനെ കാണുമ്പോള്‍ എനിക്ക് ഊര്‍ജ്ജം കിട്ടാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇന്ദ്രന്‍സേട്ടന്റൊപ്പം വര്‍ക്ക് ചെയ്യാന്‍’ മുരളി ഗോപി പറയുന്നു.

‘നാന്‍ കടവുള്‍ എന്ന ബാല സാറിന്റെ സിനിമ കണ്ട മൊമന്റ് മുതല്‍ ഈ കഥാപാത്രത്തിന്റെ ആദ്യത്തെ വാക്കുകള്‍ കടലാസില്‍ പതിഞ്ഞ നിമിഷം മുതല്‍ എന്റെ മനസില്‍ പതിഞ്ഞ മുഖമാണ്, എന്റെ ശാഠ്യമാണ് ഇത് ആര്യ തന്നെ ചെയ്യണമെന്നത്. കാരണം അദ്ദേഹത്തിന്റെ കണ്ണുകളിലൊരു ഇന്റന്‍സിറ്റിയുണ്ട്. അദ്ദേഹം കൊണ്ടു വരുന്ന ഗാംഭീര്യമുണ്ട്. അതൊക്കെ ആവശ്യമുള്ള കഥാപാത്രമാണ് വെട്രി’ എന്നും അദ്ദേഹം പറയുന്നു.

‘ടിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. ഡാമയും സെന്റിമെന്റ്സും കലര്‍ന്ന ഒരു പക്കാ പൊളിറ്റിക്കല്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ജൂണ്‍ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.

ആർ. ഹരീഷ് ബാബു (52) അന്തരിച്ചു

ആർ. ഹരീഷ് ബാബു (52) അന്തരിച്ചു

ചിറയിൻകീഴ്: കൂന്തള്ളൂർ തെന്നുവിളാകം വീട്ടിൽ ആർ. ഹരീഷ് ബാബു (സി.പി.ഐ.എം കൂന്തള്ളൂർ ബ്രാഞ്ച് കമ്മിറ്റി അംഗം, മുൻ ബ്രാഞ്ച് സെക്രട്ടറി) (52) അന്തരിച്ചു.
ഭാര്യ: ഷീജ
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്

‘കളി തീർന്നു, വേ​ഗം രാജ്യം വിടണം’; ഇറാൻ ടീമിനോട് അമേരിക്ക; ‘ക്രൂരതയെന്ന്’ പരിശീലകൻ

‘കളി തീർന്നു, വേ​ഗം രാജ്യം വിടണം’; ഇറാൻ ടീമിനോട് അമേരിക്ക; ‘ക്രൂരതയെന്ന്’ പരിശീലകൻ

ലൊസാഞ്ചലസ്: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫിഫ ലോകകപ്പ് കളിക്കാൻ അമേരിക്കൻ മണ്ണിൽ വന്നിറങ്ങിയ ഇറാൻ ടീമിനോട് ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിനു പിന്നാലെ രാജ്യം വിടാൻ ഉത്തരവിട്ട് യുഎസ് അധികൃതർ. ആദ്യ മത്സരത്തിൽ ന്യൂസിലൻഡുമായി 2-2 എന്ന സ്കോറിന് സമനില വഴങ്ങിയതിന് പിന്നാലെയാണ് ഇറാൻ ടീമിനോട് അടിയന്തരമായി അമേരിക്ക വിട്ട് മെക്സിക്കോയിലെ പരിശീലന ക്യാംപിലേക്ക് മടങ്ങാൻ അധികൃതർ ഉത്തരവിട്ടത്.

അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കകമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തങ്ങളോട് എത്രയും പെട്ടെന്നു തന്നെ രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെട്ടെന്നു ഇറാൻ മുഖ്യ പരിശീലകൻ അമീർ ​ഗാലെനോയിയാണ് വെളിപ്പെടുത്തിയത്. എന്നാൽ ആരാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കാൻ അമീർ ഗാലെനോയി തയ്യാറായില്ല.

മത്സര ശേഷം കളിക്കാർക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കാൻ കാലിഫോർണിയയിൽ രാത്രി തങ്ങാനായിരുന്നു ടീം പദ്ധതിയിട്ടിരുന്നത്. എന്നാൽ കളി കഴിഞ്ഞയുടൻ മെക്സിക്കോയിലെ ടിഹുവാനയിലേക്കുള്ള 140 മൈൽ യാത്രയ്ക്കായി എല്ലാവരും ഉടൻ തന്നെ വിമാനത്തിൽ കയറണമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

‘ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും അവർ സമയം തന്നില്ല. കളി കഴിഞ്ഞയുടൻ ‘നിങ്ങൾ ഉടൻ തന്നെ ഇവിടെനിന്ന് പോകണം’ എന്നാണ് അവർ പറഞ്ഞത്. കളിക്കാർക്ക് മത്സരശേഷമുള്ള റിക്കവറി സമയം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഞങ്ങളോട് വിമാനത്തിൽ കയറി ടിഹുവാനയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങളോടുള്ള ഈ സമീപനത്തിൽ കടുത്ത നിരാശയുണ്ട്.’

‘എന്തുകൊണ്ടാണ് അവർ ഇത്ര വേ​ഗം തന്നെ ഞങ്ങളെ മടക്കി അയക്കുന്നതെന്ന് സത്യത്തിൽ ഞങ്ങൾക്കറിയില്ല. ഇത് വളരെ വിചിത്രമാണ്. ഞങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് മറ്റാരോ ആണെന്ന് തോന്നുന്നു. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്ന ടീം ഒരുപക്ഷേ ഞങ്ങളായിരിക്കും’- ഇറാൻ പരിശീലകൻ തുറന്നടിച്ചു.

‘മത്സരം തീർന്ന ഉടൻ തന്നെ ഞങ്ങൾക്ക് ലൊസാഞ്ചലസ് വിടേണ്ടി വന്നിരിക്കുന്നു. ഇത് ടീമിന് ഒട്ടും നല്ലതല്ല. ഫിഫയിൽ നിന്നു ഇതിലും കൂടുതൽ പരി​ഗണനയും സഹായവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ ഞങ്ങളെ സംബന്ധിച്ച് കാര്യങ്ങളെല്ലാം ദുരന്തമാണെന്നു പറയാതെ വയ്യ’- ഇറാൻ നായകൻ മെഹ്ദി താരെമിയും വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പ്രഖ്യാപിച്ചതു മുതൽ ഇറാന്റെ ലോകകപ്പ് മുന്നൊരുക്കങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു. യുഎസിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ നിരസിച്ചിരുന്നു. ഇതിന് പുറമെ ഇറാന്റെ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്, സഹപരിശീലകർ, മീഡിയ ഒഫീഷ്യലുകൾ എന്നിവരുൾപ്പെടെയുള്ള പ്രധാന ജീവനക്കാർക്ക് അമേരിക്ക വിസ നിഷേധിച്ചതും ടീമിനെ വലിയ രീതിയിൽ ബാധിച്ചു.

അതിനിടെ മത്സരം അരങ്ങേറുമ്പോൾ ​ഗാലറിയിൽ നിന്നു ഇറാൻ ടീമിനു നേരെ കൂക്കിവിളി ഉയർന്നിരുന്നു. മാത്രമല്ല രാഷ്ട്രീയ മുദ്രാവാക്യങ്ങളും സ്റ്റേഡിയത്തിൽ നിന്നു കളിക്കിടെ ഉയർന്നു.

ത്രില്ലർ പോരാട്ടമാണ് അരങ്ങേറിയത്. മത്സരം ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ന്യൂസിലൻഡ് ലീഡെടുത്തിരുന്നു. എന്നാൽ രണ്ട് തവണയും ഇറാൻ മറുപടി ​ഗോൾ വലയിലിട്ട് മത്സരം സമനിലയിൽ ആക്കിയാണ് പിരിഞ്ഞത്. ഇറാൻ അടുത്ത മത്സരത്തിൽ ബെൽജിയവുമായാണ് ഏറ്റുമുട്ടുന്നത്. മത്സരം സോഫി സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോട്ടറി കടയിലേക്കാണ് ഇടിച്ചുകയറിയത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം.

ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലോട്ടറി വില്‍പ്പനക്കാരനുമാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമിത വേഗതയിലെത്തിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ സമയം റോഡിലും ലോട്ടറി കടയിലും തിരിക്കുണ്ടായിരുന്നില്ലെന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഫയർഫോഴ്സ് എത്തിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.

ചരിത്രത്തിലാദ്യം; നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ എത്തിക്കാൻ വ്യോമസേന

ചരിത്രത്തിലാദ്യം; നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ എത്തിക്കാൻ വ്യോമസേന

ഡൽഹി: കനത്ത വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച നീറ്റ്-യുജി (NEET-UG) പരീക്ഷാ ചോർച്ചയ്ക്ക് പിന്നാലെ, ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയുടെ സുരക്ഷയ്ക്കായി അസാധാരണ നടപടികളുമായി കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (NTA). ചോദ്യപേപ്പറുകൾ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ (IAF) സഹായമാണ് രാജ്യം തേടിയിരിക്കുന്നത്.

​വ്യോമസേനയുടെ പ്രത്യേക സി-17 ഗ്ലോബ്മാസ്റ്റർ (C-17 Globemaster), സി-130 ജെ ഹെർക്കുലീസ് (C-130J Hercules) തുടങ്ങിയ വമ്പൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് രാജ്യത്തെ 18 പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ വ്യോമമാർഗ്ഗം എത്തിക്കുന്നത്. നിലവിൽ രാജ്യത്ത് പെയ്യുന്ന കനത്ത കാലവർഷവും പ്രളയസാധ്യതയും റോഡ് മാർഗ്ഗമുള്ള ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ വ്യോമയാന നീക്കം. സാധാരണഗതിയിൽ ചോദ്യപേപ്പറുകൾ എത്തിക്കാൻ 8 മുതൽ 10 ദിവസങ്ങൾ വരെ എടുക്കുന്ന സ്ഥാനത്ത് വ്യോമസേനയുടെ സഹായത്തോടെ ഇത് 4 മുതൽ 5 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.

​കർശന സുരക്ഷാ പ്രോട്ടോക്കോൾ:

വ്യോമത്താവളങ്ങളിൽ എത്തിക്കുന്ന ചോദ്യപേപ്പറുകൾ സി.ആർ.പി.എഫ് (CRPF), പ്രാദേശിക പോലീസ് എന്നിവരുടെ കനത്ത സുരക്ഷാ വലയത്തിൽ മൾട്ടി-ലെയർ പ്രൊട്ടക്ഷൻ (ബഹുതല സുരക്ഷ) ഉറപ്പാക്കിയാണ് ജില്ലാ ട്രഷറികളിലേക്കും ബാങ്ക് ലോക്കറുകളിലേക്കും മാറ്റുന്നത്.

​ഇതുകൂടാതെ പരീക്ഷാ ക്രമക്കേടുകൾ തടയാൻ എ.ഐ (AI) ക്യാമറകൾ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മെയ് 3-ന് നടന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ഈ അടിയന്തര പ്രതിരോധ നടപടികളിലേക്ക് കടന്നത്.

കണ്ണൂര്‍-ജിദ്ദ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്‌ അടിയന്തര ലാന്‍ഡിങ്

കണ്ണൂര്‍-ജിദ്ദ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്‌ അടിയന്തര ലാന്‍ഡിങ്

ജിദ്ദ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.

180 ലധികം യാത്രക്കാരുമായി വിമാനം ഇന്ന് രാവിലെ 7.40 നാണ് പറന്നുയര്‍ന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പൈലറ്റുമാര്‍ എഞ്ചിന്‍ മുന്നറിയിപ്പ് ലൈറ്റ് കണ്ടതോടെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം മംഗളൂരുവില്‍ വിമാനം ഇറക്കാന്‍ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

‘വിമാനം കണ്ണൂരില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനം പരിശോധിച്ചതില്‍ ഇന്ധന ഫില്‍ട്ടറില്‍ തകരാറുകള്‍ കണ്ടെത്തിതായും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.