by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ടൈറ്റസ് കുര്യനാണ് മരിച്ചത്. വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് സമീപമാണ് സംഭവം.
ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് പിണങ്ങി കാറുമായി തിരുവനന്തപുരത്തേക്ക് തിരിച്ചതായിരുന്നു ടൈറ്റസ് കുര്യൻ. വാഹനം വെങ്ങാനൂരിൽ എത്തിയപ്പോൾ പെട്ടെന്ന് കാറിന്റെ മുൻവശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങൾക്കകം വലിയ തീഗോളമായി മാറുകയും ചെയ്തു. കാർ റോഡരികിലേക്ക് ഒതുക്കി നിർത്താൻ ശ്രമിക്കുന്നതിനിടെ വാഹനം റിവേഴ്സ് പോയി സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറിയതോടെ തീ ആളിപ്പടർന്നു.

കാറിന്റെ അലാറം വലിയ ശബ്ദത്തിൽ മുഴങ്ങിയതോടെയാണ് സമീപവാസികളും അതുവഴി പോയ യാത്രക്കാരും വിവരം ശ്രദ്ധിച്ചത്. നാട്ടുകാരിൽ ചിലർ ബൈക്ക് നിർത്തി കാറിന്റെ പിൻവശത്തെ ഗ്ലാസും ഡോറും തകർത്ത് അകത്തുണ്ടായിരുന്ന ആളെ പുറത്തെത്തിക്കാൻ അതിസാഹസികമായി ശ്രമിച്ചെങ്കിലും കനത്ത തീയും പുകയും കാരണം അടുത്തേക്ക് ചെല്ലാനായില്ല.വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തിച്ചാമ്പലായിരുന്നു. ഉള്ളിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം പൂർണ്ണമായി കരിഞ്ഞ നിലയിലായിരുന്നു.



by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയ അഡ്വ. അയിഷാ പോറ്റി എന്നിവരുടെ പേരുകളാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അടുത്ത അനുയായി ആയാണ് ദീപ്തിമേരി വര്‍ഗീസ് അറിയപ്പെടുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ പിന്തുണയാണ് അയിഷാ പോറ്റിയുടെ കരുത്ത്. ഇതോടെ വനിതാ കമ്മീഷന്‍ അധ്യക്ഷ നിയമനത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് നിര്‍ണായകമാകും.
സിപിഎമ്മുമായി ഇടഞ്ഞു നിന്ന അയിഷാ പോറ്റിയെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിലെത്തിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍ ഇടപെട്ടാണ്. അയിഷാ പോറ്റിക്ക് വി ഡി സതീശന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. കൊട്ടാരക്കരയില്‍ മത്സരിച്ചെങ്കിലും കെ എന്‍ ബാലഗോപാലിനോട് അയാഷാ പോറ്റി പരാജയപ്പെട്ടിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അയിഷാ പോറ്റി പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ പദവി സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പല പേരുകളും ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികമാണെന്നും ദീപ്തി പറഞ്ഞു. എറണാകുളത്തു നിന്നുള്ള വനിതാ നേതാവായ ദീപ്തി മേരി വര്‍ഗീസ് അധ്യക്ഷ പദവിക്ക് അര്‍ഹയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണായി നിയമിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ദീപ്തി മേരി വര്‍ഗീസിന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 15 വര്‍ഷത്തെ നിയമസഭാംഗമെന്ന നിലയിലുള്ള അനുഭവ സമ്പത്ത് ആണ് അയിഷ പോറ്റിയുടെ അവകാശവാദത്തെ ശക്തിപ്പെടുത്തുന്നത്.


by Midhun HP News | Aug 31, 2026 | Latest News, കേരളം
മൂന്നാർ: മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം വീണ്ടും ആശങ്ക പടർത്തുന്നു. മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് തിങ്കളാഴ്ച പുലർച്ചെ കാട്ടാനയിറങ്ങിയത്. സ്റ്റേഷൻ പരിസരത്തുകൂടി നടന്നുനീങ്ങിയ ആന പിന്നീട് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് പ്രവേശിച്ച് മറ്റൊരു ഭാഗത്തേക്ക് മാറിപ്പോകുകയായിരുന്നു. പ്രദേശത്ത് നിരന്തരം ഇറങ്ങാറുള്ള ‘വിരിഞ്ഞ കൊമ്പൻ’ എന്ന വിളിപ്പേരുള്ള കാട്ടാനയാണിതെന്നാണ് വനപാലകരുടെ പ്രാഥമിക പരിശോധനയിൽ നിന്ന് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസവും മൂന്നാർ മൗണ്ട് കാർമൽ പള്ളിക്ക് സമീപം ഈ കൊമ്പനെത്തിയിരുന്നു. മൂന്നാർ ടൗൺ കേന്ദ്രീകരിച്ച് കാട്ടാനയുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടാകുന്നത് നാട്ടുകാരിലും വിനോദസഞ്ചാരികളിലും കടുത്ത ഭീതിയുണർത്തുന്നുണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ജനവാസ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നൽകി.



by Midhun HP News | Aug 31, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാലവര്‍ഷം ദുര്‍ബലമായി തുടരുകയാണ്.

അതിനിടെ കേരളത്തില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായി കാറ്റുവീശാന്‍ സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയിലെ തീരങ്ങളില്‍ നാളെ രാത്രി 8.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


by Midhun HP News | Aug 31, 2026 | Latest News, ദേശീയ വാർത്ത
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലഫോര്‍ണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടുരുന്നു. തൃശൂര്‍ മണ്ണുത്തി മൂടിക്കോട് സ്വദേശി അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മില്‍പിറ്റാസിലാണ് മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയത്. ഇവരുടെ സുഹൃത്ത് കോട്ടയം മൂന്നിലവ് സ്വദേശി അനില (32) യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് തൃശൂര്‍ സ്വദേശിനി അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നത്. ക്രൂരകൃത്യത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് കുടുംബത്തിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അഞ്ജനയുടെ ബന്ധുവായ വിനോദ് പറഞ്ഞു. ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലെ മില്‍ക്രീക് അപ്പാര്‍ട്ട്‌മെന്റിലാണ് മൂന്നു യുവതികളും താമസിച്ചിരുന്നത്. മൂന്നുപേരും ഉറ്റ സുഹൃത്തുക്കളായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞദിവസം ഓണാഘോഷത്തില്‍ ഒന്നിച്ചു പങ്കെടുക്കുകയും, തിയേറ്ററില്‍ ഒന്നിച്ചു നിവിൻ പോളിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമ കാണാന്‍ പോകുകയും ഇവര്‍ ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള എസ് യു വി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയശേഷം കടന്നുകളയുന്നത് ദൃക്‌സാക്ഷികള്‍ കണ്ടിരുന്നു. വണ്ടിയോടിച്ചത് സ്ത്രീയാണെന്ന് താമസക്കാര്‍ മില്‍പീറ്റ്‌സ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ അഞ്ജനയെ സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

ആന്‍ മേരി മാത്യുവിനെ ഫ്ലാറ്റില്‍ വച്ച് കത്തി ഉപയോഗിച്ചു കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫ്ലാറ്റിനു താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ആറ് വര്‍ഷമായി അഞ്ജന കാലിഫോര്‍ണിയയില്‍ അധ്യാപികയായി ജോലി ചെയ്തു വരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പീച്ചിക്ക് സമീപമുള്ള വിലങ്ങന്നൂര്‍ സ്വദേശിയായ ഭര്‍ത്താവ് വിജീഷും അവിടെയാണ് ജോലി ചെയ്യുന്നത്. വാമികയാണ് മകള്‍.

സംഭവത്തില്‍ മകന്‍ വിജീഷ് വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് അഞ്ജനയുടെ ഭാര്യാപിതാവ് വിജയന്‍ പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ അഞ്ജനയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നോര്‍ക്ക സെക്രട്ടറിക്ക് ഇത് കൈമാറുമെന്നും, മൃതദേഹം സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുള്ള സഹായത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് വീണ് 25 കാരന് പരിക്ക്. കണ്ണൂർ സ്വദേശിയായ യുവാവാണ് പരിക്കേറ്റത്. രാത്രി ഏകദേശം 8 മണിയോടെ ഇടവ കണ്ണംമൂട് ഭാഗത്ത് ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. യുവാവ് ട്രെയിനിൽ നിന്ന് വീണതോടെ യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. പിന്നാലെ എത്തിയ മെമു ട്രെയിനിൽ യുവാവിനെ കയറ്റി ലോക്കോ പൈലറ്റ് പരവൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി യുവാവിനെ നെടുങ്ങോലം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നും ശരീരത്തിൽ മുറിവുകളുണ്ടെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തിന് പിന്നാലെ കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയ മാവേലി എക്സ്പ്രസിൽ നിന്ന് കൂടെ ഉണ്ടായിരുന്ന യുവാവിനെ റെയിൽവേ പൊലീസ് പിടികൂടിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Recent Comments