സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,280 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 6785 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്. രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന പവന്‍ വില ഇന്നലെ 80 രൂപ താഴ്ന്നിരുന്നു.

വളർത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വളർത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

കൊച്ചി: കടവന്ത്രയിൽ വളർത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുൻ നേവി ഉദ്യോ​ഗസ്ഥൻ അഭിഷേക് ഘോഷ് റോയിക്കും രണ്ട് മക്കൾക്കുമായിരുന്നു കഴിഞ്ഞ ദിവസം അയൽക്കാരുടെ മർദനമേറ്റത്.

സംഭവത്തിൽ കടവന്ത്ര മട്ടമ്മൽ സ്വദേശി ഹരികുമാറിനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുക്കളായ രണ്ട് പേരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ റിട്ട.നേവി ഉദ്യോ​ഗസ്ഥൻ അഭിഷേക് ഘോഷ് റോയിയുടെ രണ്ടു മക്കൾ വൈകുന്നേരം വളർത്തു നായയുമായി നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പ്രതികളിലൊരാളെ നോക്കി നായ കുരച്ചു. നായ ആക്രമിക്കുമെന്ന് പറഞ്ഞ് ഹരികുമാറും മറ്റ് രണ്ട് ബന്ധുക്കളും ചേർന്ന് ഇവരെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ

തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമ ​​ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയിൽ നിന്നാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ഹർഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

ഇന്നലെ രാത്രി 8.45 ഓടെ ഹർഷാദ് പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. വൈത്തിരിയിൽ ഇറക്കി വിട്ടെന്നു ഹർഷാദ് തന്നെയാണ് അറിയിച്ചത്. ഹർഷാദിന്റെ കൈയിൽ ഫോൺ ഉണ്ടായിരുന്നില്ല. സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങിയാണ് ഹർഷാദ് വിളിച്ചതെന്നും അടിവാരത്തേക്ക് ബസിൽ യാത്ര തിരിച്ചതായി വ്യക്തമാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. ഹർഷാദ് വിളിച്ച വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. പിന്നാലെ അടിവാരത്തെത്തിയ താരശ്ശേരി പൊലീസ് രാത്രി പത്തേകാലോടെ ​ഹർഷാദിനെ താമരശ്ശേരിയിൽ എത്തിച്ചു.

എംഎൽഎയുടെ കാറിന് വഴി മാറാത്തതിന് മർദ്ദനം; ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

എംഎൽഎയുടെ കാറിന് വഴി മാറാത്തതിന് മർദ്ദനം; ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎൽഎക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം. എംഎൽഎക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനിൽ കുടുംബം പരാതി നൽകി.

ഇന്നലെ രാത്രിയിലാണ് സംഭവം. എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി. കാട്ടാക്കടയിൽ കല്യാണ വിരുന്നിൽ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ തങ്ങളുടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ മാധ്യമങ്ങളെ അറിയിച്ചു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. കുടുംബം കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കി.

അതേസമയം, ആരോപണം നിഷേധിക്കുകയാണ് ജി. സ്റ്റീഫൻ എംഎൽഎ. തന്‍റെ കാർ കടന്നുപോകുന്നതിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തിൽ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു.

നാളെ വൈകിട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്‍ട്രോൾ റൂമുകൾ തുറന്നു

തൃശൂര്‍: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നത്.

എന്‍ഡിആര്‍എഫ് സംഗങ്ങളും സജ്ജമാണ്. മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്‍റെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ആത്മവിശ്വാസത്തിലാണെങ്കിലും ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. കോട്ടയം കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിന്‍റെ നടപന്തലിന് മുകളിലേക്ക് മരം വീണു വലിയ അപകടമുണ്ടായി.കനത്ത മഴയിലും കാറ്റിലും ആണ് സംഭവം. 500 വർഷം പഴക്കമുള്ള കാഞ്ഞിരമരം ആണ് കടപുഴകി വീണത്. സംഭവത്തില്‍ ആളപായമില്ല. മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് ബസ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ ജിഷ്ണുവിനാണ് പരിക്കേറ്റത്. മലപ്പുറം എടവണ്ണപ്പാറ പണിക്കരപുരയിലാണ് അപകടമുണ്ടായത്.

മലപ്പുറം താമരക്കുഴിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഡ്രൈവർക്ക് പരിക്കേറ്റു. മലപ്പുറം കുന്നുമ്മൽ സ്വദേശി അബ്ദുൾ ഹമീദിനാണ് പരിക്കേറ്റത്. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും സാധനങ്ങൾ കയറ്റി വന്ന വാഹനത്തിന് മുകളിലാണ് മരം ഒടിഞ്ഞു വീണത്. നിരവധി ഇലക്ട്രിക് പോസ്റ്റുകളും അപകടത്തിൽ ഒടിഞ്ഞു വീണു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. പരിക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കെ.എസ്.ആർ.ടി.സി ബസ്സിൽ നഴ്സിംഗ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കെ.എസ്.ആർ.ടി.സി ബസ്സിൽ നഴ്സിംഗ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസ്സിൽ നഴ്സിംഗ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊല്ലം ഈസ്റ്റ് കല്ലട പഴയൂർ മൂന്നു പ്ലാവിൻമൂട് വീട്ടിൽ രൂപേഷ് (29) ആണ് പിടിയിലായത്. ഉച്ചയ്ക്ക് രണ്ടിന് കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിനുള്ളിൽ ആണ് സംഭവം. ബസിനുള്ളിൽ ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ പെൺകുട്ടിയുടെ സമീപം വന്നിരുന്ന പ്രതി പെൺകുട്ടിയേ ശല്യം ചെയ്തു. ശല്യം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി സീറ്റു മാറാൻ ശ്രമിച്ചപ്പോൾ പ്രതി തടസപ്പെടുത്തി. ബലമായി സീറ്റിൽ നിന്നും ഇറങ്ങാൻ ശ്രമിച്ച പെൺകുട്ടിയെ വീണ്ടും സ്വകാര്യഭാഗങ്ങളിൽ കടന്നു പിടിച്ചു. ഇത് ശ്രദ്ധയിൽപെട്ട വനിതാ കണ്ടക്ടർ പെൺകുട്ടിയെ രക്ഷപ്പെടുത്തുക ആയിരുന്നു.

പെൺകുട്ടി കൊല്ലത്തുനിന്നുമാണ് ബസിൽ കയറിയത്. പ്രതി കൊട്ടിയത്തുനിന്നും കയറി. പാരിപ്പള്ളി കഴിഞ്ഞതോടെ ശല്യം അതിരുവിടുകയും കണ്ടക്ടറും യാത്രക്കാരും ഇടപെടുകയും ചെയ്തു. തുടർന്ന് ബസ് കല്ലമ്പലം പോലീസ് സ്റ്റേഷനിലേക്ക് ഡ്രൈവർ എത്തിച്ചു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാർ ബലമായി തടഞ്ഞു വച്ചു കല്ലമ്പലം പോലീസിനെ എൽപ്പിച്ചു. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനു കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.