അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച ‘സിപിഎം-ബിജെപി ഡീല്‍’ അടക്കമുള്ള ആരോപണങ്ങളില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം. യോഗത്തില്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എംപിയാണ്, ‘ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി’ തുടങ്ങിയ രാഹുലിന്‍റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്. ഇതിനു രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇരു നേതാക്കളും തമ്മിലുള്ള വാക് പോരിനും ഇടയാക്കി.

ജോണ്‍ ബ്രിട്ടാസിന്‍റെ വിമര്‍ശനങ്ങളെ ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും പിന്തുണച്ചിരുന്നു. എന്നാല്‍ താന്‍ സംസാരിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. തുടര്‍ന്ന് അദാനിയിലേക്കും എത്തുകയായിരുന്നു.

അദാനി ഗ്രൂപ്പിന് കേരളത്തില്‍ തുറമുഖ പദ്ധതി അനുവദിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം, ‘ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി’ തീര്‍ന്നതിന് തെളിവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനയെ എതിര്‍ത്ത ജോണ്‍ ബ്രിട്ടാസ്, വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനി പോര്‍ട്ട്‌സിനെ കൊണ്ടു വന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി. ആദ്യം കരാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്.

ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടേയും പ്രസ്താവനകളെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. രാഹുലും ഖാര്‍ഗേയും പോലുള്ള നേതാക്കള്‍ ഇത്തരം ആരോപണം ഉന്നയിച്ചാല്‍ ഇന്ത്യ മുന്നണിയുടെ പ്രസക്തി തന്നെയാണ് നഷ്ടപ്പെടുകയെന്നും ബ്രിട്ടാസ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

2004 ല്‍ നിരവധി മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന് 64 സീറ്റുകളാണ് അന്ന് ലഭിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അന്ന് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിയത്. ആ ഒരു രാഷ്ട്രീയചിത്രം കോണ്‍ഗ്രസ് കാണാതെ പോയെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. എന്നാല്‍ സിപിഎമ്മിന്റെ നേതാവായ പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. രണ്ടു മന്ത്രിസ്ഥാനങ്ങള്‍ക്കായി സുപ്രധാന സഖ്യകക്ഷിയായ ഡിഎംകെയെ ഉപേക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിപിഎം- ബിജെപി ഡീല്‍ ആരോപണത്തില്‍ കടുത്ത ഭാഷയില്‍ അതൃപ്തി അറിയിച്ചു കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിരുന്നു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായിട്ട് ഉണ്ടായതാണെന്ന് രാഹുൽ​ഗാന്ധി പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. ഡീൽ ആരോപണത്തിൽ സിപിഎമ്മുമായി ഉഭയകക്ഷി ചർച്ചയാകാമെന്നും രാഹുൽ​ഗാന്ധി വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം ചർച്ച ചെയ്യാമെന്ന് ജോൺ ബ്രിട്ടാസ് രാഹുൽ​ഗാന്ധിയെ അറിയിച്ചു. മുന്നണിയിലെ സഖ്യകക്ഷികൾ തമ്മിൽ നല്ല ബന്ധം വേണമെന്നും, ഡിഎംകെയെ മുന്നണിയിൽ തിരിച്ചെത്തിക്കണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

പുഴയിലും ട്രോളിങ് നിരോധനം? അനധികൃത മീന്‍പിടിത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്

പുഴയിലും ട്രോളിങ് നിരോധനം? അനധികൃത മീന്‍പിടിത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്കേര്‍പ്പെടുത്തി. പ്രജനനത്തിനായി നദികളില്‍ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് നിര്‍ദേശം.

പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളില്‍ ധാരാളം മുട്ട കാണാറുണ്ടെന്നും ഇത് മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നുമാണ് അധികൃതരുടെ വാദം. മതിയായ വളര്‍ച്ചയെത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. അനധികൃതമായി മീന്‍ പിടിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും പരിശോധന ശക്തമാക്കിയെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.

ജലാശയങ്ങളില്‍ വലകെട്ടിയും അല്ലാതെയും മത്സ്യങ്ങളുടെ സഞ്ചാരം തടയുന്നതുവഴി പ്രജനനത്തിനായി ഉദ്ദേശിച്ചയിടത്ത് എത്താനാകില്ല. ഇതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും. 2010ലെ ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം ഇത്തരം മത്സ്യങ്ങളെ പിടികൂടുന്നത് ശിക്ഷാര്‍ഹമാണ്. 20 മില്ലിമീറ്ററില്‍ താഴെ കണ്ണി അകലമുള്ള വലയുപയോഗിച്ച് മീന്‍ പിടിക്കരുത്. ലൈസന്‍സില്ലാതെ മീന്‍ പിടിക്കരുത്. വിഷം, വൈദ്യുതി, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

നിയമം ഘംഘിച്ച് മീന്‍ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പിഴയോ ജയില്‍ ശിക്ഷയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ ട്രോളിങ് നിരോധനം വരാനിരിക്കെയാണ് ശുദ്ധജല മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ വരുന്ന രണ്ട് മാസങ്ങളില്‍ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞേക്കുമെന്നാണ് സൂചന.

കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു

കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു

ആറ്റിങ്ങൽ: കുഴിമുക്ക് കുഴിയിൽ വീട്ടിൽ (വി.എസ്.ആർ.എ:84) കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു.

ഭർത്താവ്: എസ്.എസ് പ്രേം രാജ്.
മക്കൾ: പി.എ അരുൺ രാജ്, പി.എ അരുണിമ രാജ് .

കെ ബാലൻ (86) അന്തരിച്ചു

കെ ബാലൻ (86) അന്തരിച്ചു

ആറ്റിങ്ങൽ: ടി.ബി ജംഗ്ഷൻ മാവിള വീട്ടിൽ (പി.വി.ആർ.എ:35) കെ ബാലൻ (86) (റിട്ടയേർഡ് ഗ്രൂപ്പ് ഇൻസ്ട്രക്ടർ, ഐ.ടി.ഐ ആറ്റിങ്ങൽ) അന്തരിച്ചു.

ഭാര്യ: എസ് സുജാത (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവ:യു.പി.എസ് വഞ്ചിയൂർ).
മക്കൾ: ബി.എസ് ബിജി ബി.എസ് ബിനി, ബി.എസ് ബെൻസി.
മരുമക്കൾ: ജി രാജു (സൗദി അറേബ്യ), വി സനൽ (ബിസിനസ്), എസ് സന്തോഷ്കുമാർ (സൗത്താഫ്രിക്ക).
സഞ്ചയനം: വെള്ളിയാഴ്‌ച രാവിലെ 8.30 ന്

ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം

ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം. ഒരു ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇരുവിഭാഗവും അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ലെബനോണില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള ബന്ധം തുടര്‍ന്നാല്‍ ലെബനോണ് ഭാവിയില്ലെന്ന് അമേരിക്കയിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധി യെഹിയേല്‍ ലെറ്റര്‍ പറഞ്ഞു.

ഉടനടി ‘വെടിവെപ്പ് നിര്‍ത്താന്‍’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇരുപക്ഷവും ആക്രമണങ്ങളില്‍ നിന്ന് പിന്തിരിഞ്ഞത്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാല്‍ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് അമേരിക്കന്‍ മാധ്യമമായ ആക്സിയോസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെപ്പറ്റി അമേരിക്കയെ അറിയിച്ചത് അവസാന നിമിഷമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍ ഇസ്രായേല്‍ ലെബനനില്‍ തുടര്‍ന്നും ആക്രമണം നടത്തിയാല്‍, ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. ആക്രമണത്തിന് താത്ക്കാലികമായി അറുതി വന്നതോടെ ആക്രമണങ്ങള്‍ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന ആഗോള എണ്ണവിലയില്‍ നേരിയ ഇടിവുമുണ്ടായി. ഇറാന്‍ വീണ്ടും ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വ്യക്തമാക്കി.

അതേസമയം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനുമേല്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാനുമായി ചര്‍ച്ച തുടരുകയാണെന്നും ഇറാന്‍ അമേരിക്ക ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധമുണ്ടാക്കില്ലെന്ന് അമേരിക്കയ്ക്ക് ഉടന്‍ ഉറപ്പുനല്‍കുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ടെങ്കിലും നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍.

എണ്ണവില കുറഞ്ഞു; തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

എണ്ണവില കുറഞ്ഞു; തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുവരവിന്റെ പാതയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി. നിഫ്റ്റി 23,200 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

ആഗോള വിപണികളിലെ മുന്നേറ്റവും ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. പ്രധാനമായി ട്രെന്‍ഡ്, ഐസിഐസിഐ ബാങ്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ ഡോളറിനെതിരെ രൂപയും മുന്നേറ്റം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 20 പൈസയാണ് മുന്നേറിയത്. 95.41ലേക്കാണ് രൂപയുടെ തിരിച്ചുകയറിയത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് രൂപയ്ക്ക് അനുകൂലമായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 94 ഡോളറില്‍ താഴെയാണ്.