by Midhun HP News | Jun 8, 2026 | Latest News, കേരളം
കൊല്ലം: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു താമസമാക്കിയ ബംഗ്ലാദേശി ദമ്പതികൾ കൊല്ലത്ത് പിടിയിൽ. 10 വർഷം മുൻപാണ് ദമ്പതികൾ കേരളത്തിൽ എത്തിയത്. ഇരുവരും കൊല്ലം നീണ്ടകരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ബംഗ്ലദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി സ്വദേശി മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് അറസ്റ്റിലായത്.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ കൈവശം വച്ചാണ് ഇരുവരും അനധികൃതമായി താമസിച്ചിരുന്നത്. പാസ്പോർട്ട്, വിസ എന്നിവയോ മതിയായ യാത്രാ രേഖകളോ നിയമാനുസൃതമായ അനുമതിയോ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.
ഇന്ത്യയിൽ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വന്ന ഇവർ 10 വർഷം മുൻപാണ് കേരളത്തിൽ എത്തിയത്. ചാലക്കുടിയിൽ 7 വർഷം താമസിച്ച ഇവർ 3 വർഷമായി കരുനാഗപ്പള്ളിയിലായിരുന്നു. അവിടെ നിന്ന് ഒന്നര മാസം മുൻപാണ് നീണ്ടകരയിൽ എത്തിയത്.പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് ആക്രിക്കടകളിൽ വിറ്റാണ് ഇവർ ജീവിച്ചു വന്നത്. സ്വന്തം പൗരത്വം മറച്ചുവച്ച് അന്യ സംസ്ഥാന തൊഴിലാളികൾ ആണെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്. വ്യാജ തിരിച്ചറിയൽ രേഖകളും ഇവരിൽ നിന്നു കണ്ടെടുത്തു.
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം ചവറ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ റിമാൻഡ് ചെയ്തു. മെലൻ ഖാനെ ജില്ലാ ജയിലിലേക്കും മുഗൾ ഖണ്ഡാലിനെ കൊട്ടാരക്കര വനിതാ ജയിലിലേക്കും മാറ്റി. സിറ്റി പൊലീസ് കമ്മീഷണർ എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വി മനോജ് കുമാർ, എസ്ഐ എഎം നിസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.

by Midhun HP News | Jun 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. തിരുവനന്തപുരം നരുവാമൂട് സ്വദേശി ശിവസൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ കാര്‍ത്തിക, അജിത്, ആരോമല്‍, പ്രിയദര്‍ശന്‍ എന്നിവരാണ് പിടിയിലായത്.
ഒന്നര വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ ടര്‍ഫില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവദിവസം രാത്രി എട്ടരയ്ക്ക് ഒരു വസ്ത്രശാലയ്ക്ക് മുന്നില്‍ ശിവസൂര്യ നില്‍ക്കുന്നത് ബൈക്കുകളിലെത്തിയ പ്രതികള്‍ കണ്ടു. പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നു.
ശിവസൂര്യ തുറിച്ചു നോക്കി എന്നാരോപിച്ച് പ്രതികള്‍ ശിവസൂര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വസ്്ത്രശാലയുടെ കണ്ണാടിയിലേക്ക് ശിവസൂര്യയെ തള്ളിയിട്ടു. മറിഞ്ഞു വീണ ശിവസൂര്യയുടെ വയറില്‍ ചില്ല് തറച്ചു കയറി. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ ബൈക്കിന് നടുവില്‍ വെച്ച് ശാന്തിവിള ആശുപത്രിയിലെത്തിച്ചു.

by Midhun HP News | Jun 8, 2026 | Latest News, കേരളം
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ കേരളം ഫണ്ടു വാങ്ങിയെന്ന വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതുകൊണ്ട് ഒരു നയാപൈസ പോലും ഇതിനായി ലഭിച്ചിട്ടുമില്ല. വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. അതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പട്ടിക (കേരളത്തെ സംബന്ധിച്ച് പരമാവധി 265 എണ്ണം) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചുകൊടുക്കണം. ഇത് കേന്ദ്രം പരിശോധിച്ച് അപ്രൂവ് ചെയ്ത ശേഷം മാത്രമേ പദ്ധതിയ്ക്കുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സാധിക്കൂ.
കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിതമായത്. പദ്ധതിയില്‍ ഒപ്പിട്ടാല്‍ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നല്‍കൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തം. എന്നാല്‍, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സര്‍ക്കാരിന്റെ കാവിവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുമെന്ന് കണ്ടപ്പോള്‍, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഒരു കാര്യം സത്യം പറഞ്ഞു; ‘നിങ്ങളുടെ നയമല്ല ഞങ്ങളുടെ നയം’ എന്ന്. അതെ, ഞങ്ങള്‍ അത് ഉറക്കെ പറയുകയാണ്; എല്‍ഡിഎഫ് നയമല്ല യുഡിഎഫിന്റേത്.
ഇപ്പോള്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി പറയുന്നത് കേരളം പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഫണ്ട് വാങ്ങിയെന്നാണ്. ഇത് പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതുകൊണ്ട് ഒരു നയാപൈസ പോലും ഇതിനായി ലഭിച്ചിട്ടുമില്ല.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്:
1. ധാരണാപത്രം ഒപ്പിടല്‍.
2. UDISE+ പോര്‍ട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള സ്‌കൂളുകളുടെ പട്ടിക എന്‍ഐസി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന്, ആ സ്‌കൂളുകള്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.
3. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീം ഈ സ്‌കൂളുകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം. അതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പട്ടിക (കേരളത്തെ സംബന്ധിച്ച് പരമാവധി 265 എണ്ണം) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചുകൊടുക്കുന്നു. ഇത് കേന്ദ്രം പരിശോധിച്ച് അപ്രൂവ് ചെയ്ത ശേഷം മാത്രമേ പദ്ധതിയ്ക്കുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സാധിക്കൂ.
കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിതമായത്. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചാല്‍ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നല്‍കൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തം. എന്നാല്‍, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സര്‍ക്കാരിന്റെ കാവിവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുമെന്ന് കണ്ടപ്പോള്‍, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ നേരിട്ടും, അന്നത്തെ വകുപ്പ് സെക്രട്ടറി രേഖാമൂലവും അറിയിച്ചിട്ടുണ്ട്. പിന്നീട്, പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ‘സമഗ്ര ശിക്ഷാ കേരള’യുടെ 92.41 കോടി രൂപയുടെ ആദ്യഗഡു അനുവദിച്ചത്. ഇത് പി എം ശ്രീ ഫണ്ടല്ല. ഈ തുക, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന റീഇംബേഴ്സ്മെന്റ് തുകയില്‍ നിന്ന് കേന്ദ്രം അഡ്ജസ്റ്റ് ചെയ്യുകയാണുണ്ടായത്.
യഥാര്‍ത്ഥത്തില്‍, കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇതാണ് സത്യം എന്നിരിക്കെ, ആടിനെ പട്ടിയാക്കുന്ന രീതിയില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നയവും ഭരണപക്ഷത്തിരിക്കുമ്പോള്‍ മറ്റൊരു നയവുമാണ് ഇവര്‍ക്കുള്ളത്. സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കീഴ്‌പ്പെട്ടു കഴിഞ്ഞുവെന്ന് വ്യക്തമാകുകയാണ്. പി എം ശ്രീ ധാരണാപത്രം മരവിപ്പിച്ചു എന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തുടര്‍ നടപടികള്‍ ഇല്ലാതിരുന്നത്. ഇതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്.

by Midhun HP News | Jun 8, 2026 | Latest News, കേരളം
തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
അലോട്ട്മെന്റ് വിവരങ്ങൾ https://admission.vhseportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം. ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകിയാൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാനാകും. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർഥികൾക്കും അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താം. ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർക്ക്, കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകൾ ഈ മാസം 10 ന് വൈകിട്ട് 5 വരെ വരുത്താം.

by Midhun HP News | Jun 8, 2026 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും അകന്നത് നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ കാരണമായെന്ന് സിപിഎം വിലയിരുത്തല്‍. വര്‍ഗീയപരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് വീഴ്ചയാണ്. ഇത് ഇടതു പക്ഷത്തുള്ളവര്‍ക്കു പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും സിപിഎം വിലയിരുത്തല്‍. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആഗോള അയ്യപ്പസംഗമം ഉദ്ദേശിച്ച രീതിയിലല്ല ജനങ്ങളിലെത്തിയത്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് സംഗമത്തിന്റെ ശോഭകെടുത്തി. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കിയെന്നും വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളില്‍ ഭരണവിരുദ്ധ വികാരവും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ ആസൂത്രിത പ്രചാരണങ്ങളും വോട്ടുകൾ വലിയ തോതിൽ നഷ്ടപ്പെടുന്നതിന് കാരണമായി. ഭരണത്തില്‍ വന്ന വീഴ്ചകള്‍ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചു. സര്‍ക്കാരിന്റെ ചില ഭരണ നടപടികളോട് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ ഭരണത്തില്‍ പാർട്ടി സംഘടനാ സംവിധാനം മുരടിച്ചെന്നും സിപിഎം വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ച സംഘടനാ വീഴ്ചയുടെ മുഖ്യകാരണം സംഘടനാ തലത്തിലെ മുരടിപ്പാണ്. ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടായി. ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. പലവിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയി. ഒറ്റപ്പെട്ട നിലയിലുളള തിരുത്തല്‍ കൊണ്ട് ഫലമുണ്ടാകില്ല. തിരുത്തല്‍ എല്ലാ തലത്തിലും വേണം. പരാജയത്തിന്റെ ഉത്തരവാദികള്‍ ഏതെങ്കിലും വ്യക്തികള്‍ അല്ല. നേതൃത്വത്തിന്റെ കൂട്ടായ വീഴ്ചയാണ്. വിമര്‍ശനാത്മകമായി ഉള്‍ക്കൊണ്ട് സ്വയം തിരുത്തണം. തിരുത്താന്‍ തയാറാകാത്തവരെ തിരുത്തിക്കണം.
സ്ഥാനാർത്ഥി നിർണയത്തിൽ ജാഗ്രതക്കുറവുണ്ടായി. തളിപ്പറമ്പിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിലും വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണം. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമാണ്. കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ചകൂടി നടത്തും. പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്നുമാസത്തെ സാവകാശം നൽകുമെന്നാണ് എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

by Midhun HP News | Jun 8, 2026 | Latest News, കേരളം
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2026 എഴുതിയ വിദ്യാർഥികൾക്ക് പ്ലസ് ടുവിന്റെ മാർക്ക് അപ്‌ഡേറ്റ് ചെയ്യാൻ സമയം നീട്ടി. സർക്കാർ തീരുമാനം സിബിഎസ്‌ഇ വിദ്യാർഥികൾക്ക് ആശ്വാസമാകും. പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 14 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പുനർമൂല്യനിർണയ നടപടികൾ വൈകുന്നതിനെ തുടർന്ന് കേരളത്തിലെ ഏകദേശം 20,000 വിദ്യാർഥികൾക്ക് ഇതുവരെ മാർക്ക് ഉൾപെടുത്താൻ കഴിഞ്ഞിരുന്നില്ല.
നേരത്തെ,ജൂൺ 7-നുള്ളിൽ മാർക്ക് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ റീ-വാലുവേഷനുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുന്നതിനിടെയാണ് സമയം നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷനോട് (CEE) സമയപരിധി നീട്ടാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
സമയപരിധിക്കുള്ളിൽ മാർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത ശേഷം കൺഫർമേഷൻ റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർഥികൾ സമയപരിധിക്ക് മുമ്പ് തന്നെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ CEE കേരളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
https://cee.kerala.gov.in/cee/index.php
Recent Comments