by Midhun HP News | Jun 5, 2026 | Latest News, ജില്ലാ വാർത്ത
ചെമ്പൂര് എൽ പി എസും ചെമ്പൂര് കുളത്തിങ്കര പാടശേഖര സമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഗവ:എൽ പി എസ് ചെമ്പൂരിലെ കുട്ടികൾ 53 കമുകിൻ തൈകൾ സമർപ്പിച്ചു. പാടശേഖര സമിതി പ്രസിഡൻ്റ് ജഗദേവൻ, മുതിർന്ന കർഷകനായ ബൈജു കുളത്തിങ്കര, പി ടി എ പ്രസിഡൻ്റ് എം ബി ദിനേശ്,
എസ് എം സി ചെയർമാൻ പ്രവീൺ ഹരിശ്രീ, സീനിയർ അസിസ്റ്റൻ്റ് മോളി, ഷെഫീക്, ശബരി, രാജേഷ് മയിൽപ്പീലി
എന്നിവർ പങ്കെടുത്തു.

by Midhun HP News | Jun 5, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. കേരളത്തില്‍ ഇന്ന് അതിശക്തമഴയുണ്ടാകുമെന്നാണ് അറിയിപ്പ്. എറണാകുളം മുതല്‍ കാസര്‍കോട് വരെ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ബാക്കിയുള്ള ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്നലെയാണ് കേരളത്തില്‍ എത്തിയത്.ഇതോടൊപ്പം മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ വരെ, കൊങ്കണ്‍-ഗോവ മേഖലയ്ക്ക് മുകളില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. തെക്കന്‍ തെലങ്കാനയ്ക്കും അതിനോട് ചേര്‍ന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ജൂണ്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | Jun 5, 2026 | Latest News, കേരളം
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ അവധിയില്‍ സ്വകാര്യത സൂക്ഷിക്കാന്‍ കര്‍ശന മാനദണ്ഡവും സര്‍ക്കാര്‍ ആശുപത്രികളുടെ വര്‍ഷം തോറുമുള്ള സാക്ഷിപത്രവും അവധിക്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസറായ കെ പ്രതിഭ കത്ത് നല്‍കി.
ആര്‍ത്തവ സമയത്ത് കടുത്ത മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഓരോ വര്‍ഷവും സര്‍ക്കാര്‍ വനിത ഡോക്ടറുടെ സാക്ഷിപത്രത്തിന്റെ അടിസ്ഥാനത്തില്‍ അവധി നല്‍കണം, അവധി വിഷയത്തില്‍ സ്‌കൂളില്‍ നടപടി സ്വീകരിക്കേണ്ടത് വനിത അധ്യാപികയാണെന്ന് ഉറപ്പാക്കണം.
ക്ലാസിലെ പ്രഥമ അധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പലോ പുരുഷനാണെങ്കില്‍ ഓരോ ക്ലാസിലെയും സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥാപനത്തിലെ ആര്‍ത്തവ അവധിയില്‍ തീരുമാനമെടുക്കാന്‍ ഒരുവനിത അധ്യാപികയെ സ്‌കൂളില്‍ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തണം. അവധി ദുരൂപയോഗം ചെയ്യപ്പെടാതെ നോക്കേണ്ടത് പ്രധാന ഉത്തരവാദിത്വമാണ്. ആര്‍ത്തവ സമയത്ത് സ്‌കൂളില്‍ എത്തി ശാരീരിക മാനസിക ബുദ്ധിമുട്ട് ഇല്ലാതെ പഠിക്കുവാന്‍ കഴിയുന്നവര്‍ക്ക് അവധിയുടെ ആവശ്യമില്ല.
അവധി ആവശ്യമായി വരാത്ത പെണ്‍കുട്ടികള്‍ക്കും അവധി സ്വാതന്ത്ര്യം നല്‍കിയാല്‍ അവധി ദുരുപയോഗപ്പെടുകയും അതുമായി ബന്ധപ്പെട്ട് മറ്റ് പല പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ആര്‍ത്തവ അവധി എടുക്കുന്ന കുട്ടികള്‍ പ്രസ്തുത സമയത്ത് രക്ഷാകര്‍ത്താക്കളുടെ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ സംരക്ഷണയില്‍ ഉണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്നുള്ള ആവശ്യവും ഡോ. പ്രതിഭയുടെ കത്തിലുണ്ട്.

by Midhun HP News | Jun 5, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. 1,14,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 14,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 114480 രൂപയായിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് ലോകം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jun 4, 2026 | Latest News, കേരളം
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 4 മുതല്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ 8 വരെ തീയതികളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (04/06/2026) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ 05/06/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.
മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ വരെ, കൊങ്കണ്‍-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തി (Trough) രൂപപ്പെട്ടിരിക്കുന്നു.
തെക്കന്‍ തെലങ്കാനയ്ക്കും അതിനോട് ചേര്‍ന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.

by Midhun HP News | Jun 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. തമിഴ്നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ടു, ശേഷം ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു. മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു.
നാലാഞ്ചിറ മഠത്തുനട കെ.ആർ.എ. 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഇവരുടെ ഭർത്താവ് സുരേഷി(46)നുവേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെ 5.45-നാണ് സംഭവം. ഹസീനയും സുരേഷും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായി.
ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടർന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകം നേരിൽക്കണ്ട ഇവരുടെ മൂത്തമകൾ അമൃതാ സുരേഷാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിനുശേഷം കത്തി കുളിമുറിയിൽ കൊണ്ടുപോയി കഴുകിയശേഷം സുരേഷ് കാറിൽ കടന്നുകളയുകയായിരുന്നു. ഹസീനയും സുരേഷും ഇവരുടെ നാലു മക്കളും ബന്ധുവായ സ്ത്രീയ്ക്കൊപ്പം അഞ്ചുമാസം മുൻപാണ് ഈ വീട്ടിൽ താമസിക്കാൻ എത്തിയത്.
കൊലപാതകശേഷം ഒളിവിൽപ്പോയ സുരേഷിനെ കണ്ടെത്തുന്നതിനായി സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽഫോൺ കിള്ളിപ്പാലം ഭാഗത്തുനിന്നു കണ്ടെത്തിയിരുന്നു. മകളോട് ഫോണിൽ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

Recent Comments