by Midhun HP News | May 29, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: കെ-ടെറ്റ് പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. കെ -ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളാണ് തള്ളിയത്. പരീക്ഷ പാസാകാനുള്ള സമയം രണ്ട് വർഷത്തിൽനിന്ന് മൂന്ന് വർഷമായി സുപ്രീംകോടതി ഉയർത്തി.
കേരള സർക്കാരും വിവിധ സംഘടനകളുടെയും ഉൾപ്പെടെ 45 ഹർജികളാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. തുറന്ന കോടതിയിൽ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ തള്ളിയത്.
2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നും ആയിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണ് കെ ടെറ്റെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്‌കൂൾ അധ്യാപകരാകാനുള്ള ഈ യോഗ്യത എല്ലാവരും പാസാകണമെന്നുള്ള മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സർക്കാരിന്റെ നടപടി.

by Midhun HP News | May 29, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഹൈക്കോടതികള്‍ക്ക് സുപ്രധാന മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. കേസുകളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ അതിനും മുമ്പു തന്നെ വിധി പ്രസ്താവിക്കേണ്ടതാണ്. ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വിധി പ്രസ്താവിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ കോടതികളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടും വിധി പ്രസ്താവം അനന്തമായി നീണ്ടുപോകുന്നു എന്ന ആക്ഷേപം നിലനിന്നിരുന്നു. ചില ജഡ്ജിമാര്‍ വിരമിക്കുന്നതിന് തൊട്ടു മുമ്പാണ് കേസുകള്‍ വിധി പ്രസ്താവം നടത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് സുപ്രധാന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കേസുകളില്‍ മൂന്നു മാസത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കണം. വിധി പ്രസ്താവം നീണ്ടുപോയാല്‍ അക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. ചീഫ് ജസ്റ്റിസിന് വാദം കേട്ട ബെഞ്ചിനോട് രണ്ടാഴ്ചയ്ക്കകം വിധി പ്രസ്താവിക്കാന്‍ നിര്‍ദേശിക്കാം. അതുണ്ടായില്ലെങ്കില്‍ മറ്റൊരു ബെഞ്ചിലേക്ക് ഈ കേസ് ലിസ്റ്റ് ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ വിധി പറയണം. ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ദിവസമോ, തൊട്ടടുത്ത ദിവസമോ വിധി പറയണം. അങ്ങനെ ജാമ്യം അനുവദിക്കുന്ന പക്ഷം, അതേ ദിവസം തന്നെ ജയില്‍ അധികൃതരെ അറിയിക്കണം. വിചാരണ തടവുകാരാണെങ്കില്‍ ഒട്ടും വൈകാതെ തന്നെ അവരുടെ മോചനം ഉറപ്പാക്കണമെന്നും സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാലു മാസത്തിനുശേഷവും വിധി പ്രസ്താവിച്ചിട്ടില്ലെങ്കില്‍, ബന്ധപ്പെട്ട കക്ഷികള്‍ക്ക് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ചീപ് ജസ്റ്റിസിനോട് ആവശ്യപ്പെടാവുന്നതാണ്. ഓപ്പണ്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധി 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവര്‍ഷം എത്തുന്നതിന് അനുകൂലമായ സാഹചര്യം കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഒമ്പതു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു.
തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്നാട് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മധ്യ-കിഴക്കന്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി മെയ് 29,31, ജൂണ്‍ 1, 2 തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മെയ് 29 മുതല്‍ ജൂണ്‍ 2 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഞായറാഴ്ച അഞ്ചു ജില്ലകളിലും, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നാലു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

by Midhun HP News | May 29, 2026 | Latest News, കായികം
ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോഴേക്കും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ന്യൂസിലൻഡ് ഫുട്ബോൾ താരം ടിം പെയ്ൻ. ഫിഫ ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിനായി ഒരുങ്ങുന്ന ന്യൂസിലൻഡ് ടീമിലെ പ്രതിരോധ താരമാണ് 32കാരനായ ടിം പെയ്ൻ. ഫുട്ബോൾ ലോകത്ത് വലിയ പേരുള്ള താരമൊന്നുമല്ല ടിം പെയ്ൻ. പക്ഷേ നിലവിൽ സമൂഹ മാധ്യമങ്ങളിൽ ടിം പെയ്ൻ വലിയ തരംഗമാണ് തീർക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഫുട്ബോൾ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് ടിം പെയ്ൻ. അർജന്റീനയിലെ പ്രമുഖ കണ്ടന്റ് ക്രിയേറ്ററായ വലൻ സ്കാർസിനി ആരംഭിച്ച വൈറൽ കാംപെയ്നാണ് താരത്തെ പെട്ടെന്ന് തന്നെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
‘എൽസ്കാർസോ’ എന്ന പേരിൽ ഓൺലൈനിൽ അറിയപ്പെടുന്ന അർജന്റീന ഇൻഫ്ലുവൻസർ വലൻ സ്കാർസിനിയാണ് ഈ നീക്കത്തിന് പിന്നിൽ. ടിം പെയ്നെ വരാനിരിക്കുന്ന ലോകകപ്പിലെ നിർണായക താരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്കാർസിനി കാംപെയ്ൻ തുടങ്ങിയത്.
കഴിഞ്ഞ ദിവസം വരെ ടിം പെയ്നിനു ഇൻസ്റ്റഗ്രാമിൽ വെറും 5,000ൽ താഴെ ഫോളോവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അധികമാരും അറിയാതിരുന്ന ഈ ന്യൂസിലൻഡ് കളിക്കാരനു കാംപെയ്ൻ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒൻപത് ലക്ഷത്തിനു മുകളിൽ (900,000+) ഫോളോവേഴ്സിനെയാണ് ലഭിച്ചത്. ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോഴും അതിവേഗം കുതിക്കുകയാണ്. ന്യൂസിലൻഡ് ടീമിന്റെ ക്യാപ്റ്റനും പ്രീമിയർ ലീഗ് സ്ട്രൈക്കറുമായ ക്രിസ് വുഡ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ എന്നിവരുടെയെല്ലാം ആകെ ഫോളോവേഴ്സിന്റെ എണ്ണത്തേക്കാൾ കൂടുതലാണ് ടിം പെയ്ന് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലുള്ളത്.
സ്കാർസിനിയുടെ വത്യസ്ത നീക്കം
ടിക് ടോക്കിൽ 6,97,000 ത്തിലധികം ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിൽ 4,58,000 ലധികം ഫോളോവേഴ്സുമുള്ള ഇൻഫ്ലുവൻസറാണ് സ്കാർസിനി. വരാനിരിക്കുന്ന ലോകകപ്പിൽ കളിക്കുന്ന ടീമുകളിൽ വെച്ച് ഏറ്റവും കുറഞ്ഞ ജനപ്രീതിയുള്ള അല്ലെങ്കിൽ ആളുകൾക്ക് ഒട്ടും തിരിച്ചറിയാൻ സാധ്യതയില്ലാത്ത ഒരു കളിക്കാരനെ താൻ മനഃപൂർവം തിരയുകയായിരുന്നുവെന്നും അങ്ങനെയാണ് ടിം പെയ്നിൽ എത്തിയതെന്നും സ്കാർസിനി പറയുന്നു.
‘ലോകകപ്പ് കളിക്കുന്ന എല്ലാ ടീമുകളിലെയും ഏറ്റവും പ്രശസ്തി കുറഞ്ഞ ഒരു കളിക്കാരനെ കണ്ടെത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ ഓരോരുത്തരെയായി സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഞാൻ ടിം പെയ്നിനെ കണ്ടെത്തിയത്’- ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി ആകെ 60 ലക്ഷം ആളുകൾ കണ്ട വിഡിയോയിൽ സ്കാർസിനി പറയുന്നു.
‘നമ്മളെയെല്ലാം ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു താരം’- എന്ന വിശേഷണത്തോടെയാണ് ടിം പെയ്ൻ കാംപെയ്ൻ സ്കാർസിനി ആരംഭിച്ചത്. അധികം വൈകാതെ തന്നെ കാംപെയ്ൻ കയറിയങ്ങ് കൊളുത്തി. ഇപ്പോൾ വലിയ തരംഗമാണ് സമൂഹ മാധ്യമങ്ങളിൽ ടിം പെയ്ൻ തീർക്കുന്നത്. ലോകകപ്പ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലെയും കളിക്കാരെക്കുറിച്ച് പഠിച്ച ശേഷമാണ് സ്കാർസിനി ടിം പെയ്നെ തന്റെ സോഷ്യൽ മീഡിയ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. രാജ്യഭേദമന്യേ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരോട് വെല്ലിങ്ടൻ ഫീനിക്സ് താരമായ പെയ്നെ പിന്തുണയ്ക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
‘നമ്മളെയെല്ലാം ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു കളിക്കാരൻ. നമ്മുടെ ദേശീയത ഏതായാലും നമ്മൾ ഏവരും പിന്തുണയ്ക്കുന്ന ഒരു ഫുട്ബോൾ താരം’- എന്നാണ് സ്കാർസിനി പെയ്നെ വിശേഷിപ്പിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പെയ്നെ ഇന്റർനെറ്റിലെ വൻ താരമാക്കാൻ സ്കാർസിനി ആരാധകർക്ക് കൃത്യമായ നിർദ്ദേശങ്ങളും നൽകുന്നുണ്ട്.
‘ടിം പെയ്നെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ ലൈക്കുകളും കമന്റുകളും നിറയ്ക്കുക. എല്ലാ ഇടങ്ങളിലും ടിം പെയ്ന്റെ പേര് പരാമർശിക്കുക. ടിം പെയ്നെ ഇതിഹാസമായി വളർത്തുന്ന രീതിയിലുള്ള വിഡിയോകൾ നിർമിക്കുക. ലോകകപ്പ് ആൽബം ഉള്ളവർ അദ്ദേഹത്തിന്റെ സ്റ്റിക്കറിനൊപ്പമുള്ള ചിത്രം അപ്‌ലോഡ് ചെയ്യുക’- തുടങ്ങിയവയാണ് സ്കാർസിനിയുടെ നിർദ്ദേശങ്ങൾ.
‘ന്യൂസിലൻഡിന് ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. ആദ്യ വിജയം ഇത്തവണ നേടിക്കൊടുക്കുക എന്ന കഠിനമായ ദൗത്യമാണ് പ്രതിരോധ താരമായ പെയ്നുള്ളത്’- സ്കാർസിനി വിഡിയോയിൽ പറഞ്ഞു.
ഈ ആഹ്വാനം ആരാധകർ ഏറ്റെടുത്തതോടെയാണ് താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണവും കുതിച്ചു കയറിയത്. കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിനായി 50 മത്സരങ്ങൾ തികച്ചതുമായി ബന്ധപ്പെട്ട് പെയ്ൻ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ മാത്രം 70,000 ത്തിലധികം കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തിയത്. അർജന്റീനയുടെ പ്രശസ്തമായ ‘മുച്ചാച്ചോസ്’ എന്ന ലോകകപ്പ് ഗാനം പരിഷ്കരിച്ച് ലാറ്റിൻ അമേരിക്കൻ ആരാധകർ പെയ്നായി ഒരു പ്രത്യേക വൈറൽ ഗാനവും നിർമിച്ചു.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ നോട്ടിഫിക്കേഷനുകൾ പെട്ടെന്ന് ലക്ഷക്കണക്കിന് ഉയർന്നപ്പോൾ പെയ്ൻ ആദ്യമൊന്നു അമ്പരന്നു. പിന്നീട് കാര്യമറിഞ്ഞ താരം സ്കാർസിനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു സ്വകാര്യ സന്ദേശം അയച്ചു:
‘എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്തുകൊണ്ടാണ് ഇങ്ങനെ ഇളകിമറിയുന്നത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് താങ്കളുടെ വിഡിയോ കണ്ടത് സുഹൃത്തേ. ഈ സ്നേഹത്തിന് വലിയ നന്ദി! നന്ദി സഹോദരാ’- പെയ്ൻ കുറിച്ചു.
by Midhun HP News | May 29, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്.
പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം പൂര്‍ണമായി ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. വന്ദേമാതരം പൂര്‍ണമായി പാടണമായിരുന്നു. ലോക്ഭവന്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. എന്തുകൊണ്ട് മുഴുവനായി പാടിയില്ല എന്ന് സ്പീക്കറോട് ചോദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ് നിയമം. എന്നാല്‍ നിയമസഭയില്‍ വന്ദേമാതരം പാടുകയല്ല, അതിന്റെ സംഗീതമാണ് ആലപിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത തേടും. എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ വിശദീകരണം ചോദിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആദ്യ രണ്ടു ഭാഗങ്ങള്‍ ദേശീയഗീതമായതിനാല്‍ ആലപിച്ചാല്‍ മതിയാകും. മുഴുവനായി ആലപിക്കുക എന്നത് ആര്‍എസ്എസ് അജണ്ടയാണ്. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ അപമാനിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവന്‍ ആലപിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും നിയമസഭയില്‍ അത് പാലിക്കപ്പെട്ടില്ല. ഇതുവഴി ഗവര്‍ണറെയും ലോക്ഭവനെയും അവഹേളിക്കുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വിഡി സതീശന്‍ സര്‍ക്കാര്‍ കീഴ്‌പ്പെട്ടുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഇത്തവണ സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

Recent Comments