രാഹുല്‍ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്തയാള്‍; പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലുമില്ല: പിണറായി വിജയന്‍

രാഹുല്‍ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്തയാള്‍; പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലുമില്ല: പിണറായി വിജയന്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുല്‍ ഗാന്ധിക്ക് ഇല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം-ബിജെപി ഡീല്‍ ആരോപണങ്ങള്‍ക്ക് കൊച്ചിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു കാര്യവും നേരെചൊവ്വേ രാഹുല്‍ഗാന്ധി മനസ്സിലാക്കില്ല. കണ്ടാലും കൊണ്ടാലും രാഹുല്‍ ഗാന്ധി പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേര്‍ന്ന ഗുണമല്ല. അഖിലേന്ത്യാ നേതാവായ രാഹുല്‍ ഗാന്ധിക്ക് പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും ഇല്ല എന്നതാണ് വസ്തുത. കോണ്‍ഗ്രസുകാര്‍ സര്‍വാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസ്സിലാകുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലായിടങ്ങളിലും ബിജെപിയെ സഹായിക്കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കെതിരെ കേസെടുകളെടുത്ത് ബിജെപി വേട്ടയാടുകയാണ്. ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ മന്ത്രിസഭയിലെ ഒരംഗത്തെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ചോദിച്ചത്. പിന്നീട് കോടതി കെജരിവാളിനെ കുറ്റവിമുക്തനാക്കിയപ്പോള്‍ ബിജെപിക്ക് മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ മുഖത്തുമാണ് അടിയേറ്റതെന്നും പിണറായി പറഞ്ഞു.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാനുള്ള നിലപാടല്ല കോണ്‍ഗ്രസ് സ്വീകരിച്ചത്. ജയസാധ്യത ഉണ്ടായിരുന്ന എഎപിക്കെതിരെയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസിന്റെ ഈ സമീപനമാണ്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് ആരും കരുതിയില്ല. ബിജെപിയെ നേരിടാന്‍ ഇതര രാഷ്ട്രീയകക്ഷികള്‍ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും എതിര്‍ത്തു. അതിന്റെ ഫലമായി ബിജെപി ഇതര വോട്ടുകള്‍ ശിഥിലീകരിക്കുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.

ഫീസ് തിരിച്ചു കൊടുത്തില്ല, ബൈജൂസ് 9.55 ലക്ഷം രൂപ നല്‍കണം; ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

ഫീസ് തിരിച്ചു കൊടുത്തില്ല, ബൈജൂസ് 9.55 ലക്ഷം രൂപ നല്‍കണം; ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: ഫീസ് റീഫണ്ട് കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ 9.55 ലക്ഷം രൂപ നല്‍കാന്‍ പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. റീഫണ്ട് ആയി 8,52,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും ചെലവിനത്തില്‍ 3000 രൂപയും തിരുവനന്തപുരം സ്വദേശിയായ ശശികാന്ത് സൈനിക്ക് നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.

ശശികാന്ത് സൈനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ശശികാന്ത് സൈനിയുടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ബൈജൂസിന്റെ ഓണ്‍ലൈന്‍ കോഴ്സില്‍ ചേര്‍ന്നിരുന്നു. കമ്പനിയുടെ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, സ്പോട്ട് രജിസ്‌ട്രേഷന്‍ ഫീസായി സൈനി 20,000 രൂപ നല്‍കി. എന്നാല്‍ ഓഫ്ലൈന്‍ ക്ലാസിലേക്ക് മാറാന്‍ മകന്‍ തീരുമാനിച്ചതിനാല്‍, അടുത്ത ദിവസം തന്നെ സൈനി ഓണ്‍ലൈന്‍ ക്ലാസ് റദ്ദാക്കാനും റീഫണ്ടിനും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തന്റെ നിരവധി ഇ-മെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും കമ്പനി മറുപടി നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

രണ്ട് മാസത്തിന് ശേഷം, ബൈജൂസിന്റെ ബാംഗ്ലൂര്‍ ഓഫീസില്‍ നിന്ന് സൈനിക്ക് ഒരു കോള്‍ വന്നു. പ്ലേ സ്റ്റോറില്‍ നിന്ന് ‘റസ്റ്റ് ഡെസ്‌ക്’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിനായി ബാങ്ക് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്തതോടെ, താന്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായും പരാതിയില്‍ പറയുന്നു.

ആദ്യം തന്റെ അക്കൗണ്ടിലേക്ക് എട്ടു ലക്ഷം രൂപ ക്രെഡിറ്റ് ചെയ്തു. തുടര്‍ന്ന് ഒന്നിലധികം ഇടപാടുകളിലൂടെ ആകെ 8,32,000 രൂപ പിന്‍വലിച്ചതായും പരാതിയില്‍ പറയുന്നു. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതോടെ, കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ അടുത്ത ഇടപാടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ സൈനി ബാങ്കിനോട് ആവശ്യപ്പെട്ടു. കൂടാതെ, പൊലീസ് സൈബര്‍ സെല്ലിലും ആര്‍ബിഐ ഓംബുഡ്സ്മാനും പരാതി നല്‍കി. കേസ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി വി ജയരാജന്‍, അംഗങ്ങളായ പ്രീത ജി നായര്‍, വിജു വി ആര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് പരിഗണിച്ചത്. കമ്മീഷന്റെ നോട്ടീസ് സ്വീകരിച്ചുവെങ്കിലും ബൈജൂസ് പ്രതിനിധി നേരിട്ട് ഹാജരായില്ല.

പേയ്മെന്റ് രസീത്, ഇ-മെയില്‍ ആശയവിനിമയങ്ങള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, എഫ്ഐആര്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ കമ്മീഷന്‍ പരിശോധിച്ചു. സേവനത്തിലെ പോരായ്മയും അന്യായമായ വ്യാപാര രീതിയും കാരണം പരാതിക്കാരന് മാനസിക പീഡനവും സാമ്പത്തിക നഷ്ടവും ഉണ്ടായതായി കമ്മീഷന്‍ നിരീക്ഷിച്ചു. നഷ്ടം നികത്താന്‍ ബൈജൂസ് ബാധ്യസ്ഥമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പണം കൈമാറണമെന്ന് കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ചെലവ് ഒഴികെയുള്ള തുകയുടെ തിരിച്ചടവ് വരെ പ്രതിവര്‍ഷം 9 ശതമാനം പലിശ ഈടാക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

‘ബൈജൂസിന്റെ പ്രതിനിധിക്ക് പരാതിക്കാരന്‍ ഒപ്പുവെച്ച ചില രേഖകള്‍ ലഭിച്ചിരുന്നു. പരാതിക്കാരന്റെ അറിവില്ലാതെ, കമ്പനി സൈനിയുടെ ബാങ്കില്‍ നിന്ന് അദ്ദേഹത്തിന്റെ പേരില്‍ ഒരു വായ്പ തരപ്പെടുത്തിയതായി കണ്ടെത്തി. തുക ആദ്യം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു. തുടര്‍ന്ന് കമ്പനി അത് ഒന്നിലധികം ഇടപാടുകളിലായി പിന്‍വലിച്ചു. കേസില്‍ ഗുരുതരമായ സൈബര്‍ തട്ടിപ്പ് ഉള്‍പ്പെടുന്നു,’- പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മഹേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാൻ ആക്രമണം അബൂദാബിയിൽ 2 പേർ മരിച്ചു

ഇറാൻ ആക്രമണം അബൂദാബിയിൽ 2 പേർ മരിച്ചു

ഇറാൻ ആക്രമണം, അബൂദബിയിൽ 2 പേർ മരിച്ചു. 3 പേർക്ക് പരിക്ക്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. യു.എ.ഇയിൽ മരണസംഖ്യ 11 ആയി. അബൂദബി സ്വൈഹാൻ സ്ട്രീറ്റിലാണ് ആക്രമണം. നിരവധി വാഹനങ്ങൾക്ക് നാശം നേരിട്ടു.

പിപിഎഫിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ അറിയണോ?; ഇതാ പട്ടിക

പിപിഎഫിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ അറിയണോ?; ഇതാ പട്ടിക

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

പിപിഎഫിനെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്കും മികച്ച ലാഭവും നല്‍കുന്ന പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഏതാണെന്ന കാര്യത്തില്‍ പല നിക്ഷേപകര്‍ക്കും ഇന്നും വേണ്ടത്ര അറിവില്ല. നിലവില്‍ പിപിഎഫിനേക്കാള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന നിരവധി സ്‌കീമുകള്‍ പോസ്റ്റ് ഓഫീസിനുണ്ട്. അവ ചുവടെ:

സുകന്യ സമൃദ്ധി യോജന: 8.2 ശതമാനം

മുതിര്‍ന്ന പൗരന്മാരുടെ സേവിംഗ്സ് സ്‌കീം: 8.2 ശതമാനം

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി): 7.7 ശതമാനം

കിസാന്‍ വികാസ് പത്ര (കെവിപി): 7.5 ശതമാനം

പ്രതിമാസ വരുമാന പദ്ധതി: 7.4 ശതമാനം

5 വര്‍ഷത്തെ ടിഡി: 7.5 ശതമാനം

എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം, തൊഴിലാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം, തൊഴിലാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം ലഭിച്ചത്. നിരവധി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്.

ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ ബിഹാര്‍ സ്വദേശിയാണെന്നാണ് ലഭിക്കുന്ന സൂചന. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിച്ചു.

കമ്പനിയില്‍ 30 പേരാണ് ഉണ്ടായിരുന്നത്. ഓയില്‍ ടാങ്കിന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തമുണ്ടായതിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. ഓയില്‍ കമ്പനി ആയതിനാല്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്നറിയാം

തിരുവനന്തപുരം: ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിനം. വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തുള്ളത്. അപരന്മാർ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖർ സ്ഥാനാർത്ഥികളും. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ‌ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികളാണ് ഉള്ളത്.

ഇന്നലെ 269 സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണ് നിലവിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.