by Midhun HP News | Jan 22, 2026 | Latest News, കേരളം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇടപെടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശവും നടത്തി.
തിരുവാഭരണം കമ്മീഷണര്‍ അല്ല താന്‍ എന്ന് വാസു കോടതിയില്‍ വാദിച്ചു. 77 ദിവസം ആയി കസ്റ്റഡിയില്‍ എന്നും അറിയിച്ചു. എന്നാല്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശത്തിന് താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ മറുപടി.
സ്വര്‍ണപ്പാളികളില്‍ വീണ്ടും സ്വര്‍ണം പൂശിയത് എന്തിനെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കവര്‍ച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. അന്വേഷണവുമായി താന്‍ പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്, ആ സാഹചര്യത്തില്‍ തന്നെ കൂടുതല്‍ നാള്‍ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാസുവിന്റെ വാദം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിലാണ് വിട്ടത്. കേസില്‍ ഉന്നതരെ കേന്ദ്രീകരിച്ചാണ് എസ്‌ഐടി അന്വേഷണം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണുകളുടെ സിഡിആര്‍ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണമിടപാടുകളുടെയും യാത്രകളുടെയും വിവരങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഫോണില്‍ സൂക്ഷിച്ചിരുന്നു. 2017ലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമെന്നു സ്ഥിരീകരിക്കുന്ന ദേവപ്രശ്‌ന ചാര്‍ത്ത് 24 നു ലഭിച്ചു. 2014 ല്‍ യുഡിഎഫ് നിയോഗിച്ച എം.പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ് ആയിരുന്നു കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് നിര്‍ദ്ദേശിച്ചത്.

by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം
‘സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്’ ശിവന്‍കുട്ടി പറഞ്ഞു. പോറ്റി സോണിയയുടെ വീട്ടില്‍ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയില്‍ സ്വര്‍ണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വര്‍ണമാണെന്ന് പറയണമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പോറ്റിയെ കേറ്റിയേ എന്ന് പ്രതിപക്ഷം സഭയില്‍ പാടിയപ്പോള്‍ ‘സ്വര്‍ണം കട്ടത് ആരപ്പാ കോണ്‍ഗ്രസാണ് അയ്യപ്പ’ എന്ന് ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം തിരിച്ച് പാടുകയും ചെയ്തു. സോണിയയുടെ അടുത്ത് എന്തിനാണ് പോറ്റിയെ രണ്ട് തവണ കൊണ്ടുപോയതെന്നും ആരാണ് കൊണ്ടുപോയതെന്നും ശിവന്‍കുട്ടി ചോദിച്ചു.
സഭ ഇന്നത്തേക്കു പിരിഞ്ഞു
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ ചേരുക. സഭ ബഹിഷ്‌കരിച്ച് ഇറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, എക്‌സൈസ് മന്ത്രി എംബി രാജേഷ് എന്നിവര്‍ സമനിലതെറ്റിയത് പോലെയാണ് നിയമസഭയില്‍ സംസാരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. 2019ല്‍സ്വര്‍ണക്കൊള്ള നടന്നുവെന്ന് വ്യക്തമായിട്ടും 2024ലും 2025ലും അതിനുള്ള ശ്രമങ്ങള്‍ നടന്നു. ദേവസ്വംമന്ത്രി വിഎന്‍ വാസവനും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.പ്രശാന്തിനും ഇതില്‍ പങ്കുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
പോറ്റിയുമായി ഫോട്ടോയെടുത്ത എല്ലാവരേയും കേസില്‍ പ്രതികളാക്കണമെന്ന് തങ്ങള്‍ക്ക് അഭിപ്രായമില്ല. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയെ കേസില്‍ പ്രതിയാക്കണമെന്ന് തങ്ങള്‍ പറയില്ല. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷം പറയില്ല. എന്നാല്‍, ഇതില്‍ പ്രതികളായവരെ സംരക്ഷിച്ചതില്‍ അദ്ദേഹത്തിന് പങ്കെുണ്ടെന്നും സതീശന്‍ ആരോപിച്ചു.
ചരമോപചാരത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് നിയമസഭയില്‍ സ്വര്‍ണക്കൊള്ള ഉയര്‍ത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വാസവന്‍ രാജിവെക്കണമെന്നുള്ള ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കുന്നതിനാണ് സമരം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതോടെ പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കരുതെന്ന് പറഞ്ഞ് പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷ് രംഗത്തെത്തി. ‘പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം ഉന്നയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം കൊണ്ടുവരാന്‍ ഭയപ്പെടുന്ന പ്രതിപക്ഷം സഭയ്ക്ക് നിരക്കാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ചരിത്രത്തില്‍ അത്യപൂര്‍വ്വം മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള അവകാശം വിനിയോഗിക്കാതിരുന്നിട്ടുള്ളൂ. അത് കൊണ്ടുവന്നാല്‍ ചര്‍ച്ച ചെയ്യുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. ചര്‍ച്ച നടത്തിയപ്പോഴെല്ലാം ഈ സഭയില്‍നിന്ന് പ്രതിപക്ഷത്തിന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. തിണ്ണമിടുക്കാണ് സഭയില്‍ പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്ന്’ എംബി രാജേഷ് പറഞ്ഞു.


by Midhun HP News | Jan 22, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു.
ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ ക്രൂരകൊലപാതകം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊലപാതകക്കേസിൽ അകന്നു കഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. ഇതിനായി കുട്ടിയെ പിതാവ് പ്രണവിന്റെ അടുത്താണ് കിടത്തിയിരുന്നത്. പിന്നീട് ശരണ്യയുടെ ഫോൺ വിവരങ്ങളും ശാസ്ത്രീയ പരിശോധനകളും നടത്തിയ പൊലീസ് അമ്മയാണ് കൊലപാതകിയെന്ന് കണ്ടെത്തുകയായിരുന്നു. ശരണ്യയുടെ വസ്ത്രത്തിൽ നിന്നും കടൽ വെള്ളത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ നിധിന് കൊലപാതകത്തിലുള്ള പങ്ക് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശരണ്യയുടെ കാമുകനെ കോടതി വെറുതെ വിട്ടത്. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. ജാമ്യം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനി യിൽ ജോലി ചെയ്തു വരികയാണ് ശരണ്യ. കേസിൻ്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.


by Midhun HP News | Jan 22, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 18-ാം ലോക്‌സഭ നിലവില്‍ വന്നിട്ട് 20 മാസം പൂര്‍ത്തിയായപ്പോള്‍ എംപി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം വളരെ പിന്നില്‍. കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം 5 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ കേവലം ആറു ശതമാനത്തിന് അടുത്ത് മാത്രമാണ് (5.97 ശതമാനം) തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചിട്ടുള്ളത്.
എംപി ഫണ്ട് ചെലവഴിക്കലില്‍ ലോക്‌സഭ എംപിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമാണ്. രാജ്യസഭ എംപിമാരുടേത് 44.2 ശതമാനവും. എന്നാല്‍ കേരളത്തിലെ എംപിമാരുടെ ചെലവഴിക്കല്‍ വളരെ കുറവാണ്. 11.4 ശതമാനം മാത്രമാണ് കേരളത്തിലെ ലോക്‌സഭ എംപിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാരാകട്ടെ 14.74 ശതമാനവും ചെലവഴിച്ചുവെന്നാണ് 2026 ജനുവരി 21 ലെ എംപിഎല്‍എഡിഎസ് ഡാഷ്‌ബോര്‍ഡ് വ്യക്തമാക്കുന്നത്.
കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ എം കെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് കണക്കുകള്‍. അബ്ദുസമദ് സമദാനി 0.33 ശതമാനം ചെലവഴിച്ചപ്പോള്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, ഷാഫി പറമ്പില്‍ എന്നിവര്‍ നാലു ശതമാനമാണ് ചെലവഴിച്ചത്. ശശി തരൂര്‍ – 13.28 ശതമാനം, പ്രിയങ്കാ ഗാന്ധി വധ്ര – 13.37 ശതമാനം, അടൂര്‍ പ്രകാശ് – 14.25 ശതമാനം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ – 14.32 ശതമാനം, ഹൈബി ഈഡന്‍ – 15.23 ശതമാനം എന്നിങ്ങനെയാണ് മറ്റ് എംപിമാര്‍ ചെലവാക്കിയിട്ടുള്ളത്.
കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചിട്ടുള്ളത് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ്. 24.33 ശതമാനം. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ – 21.42 ശതമാനം, വി കെ ശ്രീകണ്ഠന്‍ – 18.73 ശതമാനം എന്നിവരാണ് കൂടുതല്‍ പണം വിനിയോഗിച്ച എംപിമാര്‍. രാജ്യസഭ എംപിമാരില്‍ മികച്ച ഫണ്ട് വിനിയോഗം ജോണ്‍ബ്രിട്ടാസിനാണ്. 26.32 ശതമാനമാണ്. കേരളത്തിലെ മൊത്തം രാജ്യസഭാംഗങ്ങളുടെ ഫണ്ട് വിനിയോഗം വെറും 14.74 ശതമാനം മാത്രമാണ്.
കേരള എംപിമാരുടെ താരതമ്യേന മോശം ഫണ്ട് വിനിയോഗത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ‘ഭരണപരമായ വീഴ്ചകളാണ്’ ഫണ്ട് വിനിയോഗത്തിലെ മോശം അവസ്ഥയ്ക്ക് കാരണമെന്നാണ് സുരേഷ് ഗോപി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ‘പരിഷ്‌കരിച്ച എംപിഎല്‍എഡിഎസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓരോ നിര്‍ദ്ദേശവും ജില്ലാ നിര്‍വ്വഹണ അതോറിറ്റി 45 ദിവസത്തിനുള്ളില്‍ അംഗീകരിക്കണം. എന്നാല്‍, പ്രായോഗികമായി നടപ്പാക്കല്‍ ഓഫീസുകളില്‍ നിന്ന് എസ്റ്റിമേറ്റുകളും നിര്‍ബന്ധിത രേഖകളും ലഭിക്കുന്നതില്‍ പതിവായി കാലതാമസം ഉണ്ടാകാറുണ്ട്. ഇത് പല പദ്ധതികളും സമയപരിധി മൂലം നഷ്ടപ്പെടാന്‍ കാരണമാകുന്നു.’ സുരേഷ് ഗോപി പറഞ്ഞു.


by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
ഗായിക എസ് ജാനകിയുടെ മകന്‍ മുരളി കൃഷ്ണ അന്തരിച്ചു. ഗായിക കെഎസ് ചിത്രയാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് നഷ്ടമായത് സ്‌നേഹനിധിയായൊരു സഹോദരനെയാണ് എന്നാണ് ചിത്ര പറയുന്നത്. ഈ സങ്കടം മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക നല്‍കട്ടെയെന്നും ചിത്ര പറയുന്നു.
‘ഇന്ന് രാവിലെ മുരളി അണ്ണന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. സ്‌നേഹനിധിയായൊരു സഹോദരനെയാണ് നഷ്ടമായത്. ഈ അസഹനീയമായ വേദനയെയും സങ്കടത്തെയും മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക് നല്‍കട്ടെ. പരേതനായ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. ഓം ശാന്തി’ എന്നാണ് കെഎസ് ചിത്ര കുറിച്ചിരിക്കുന്നത്.


by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 മത്സരം നേരിൽ കാണാൻ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കെസിഎ. 250 രൂപയാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് വില.ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കൺസെഷൻ നടപടിക്രമങ്ങളും അസോസിയേഷൻ പുറത്തിറക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.


Recent Comments