by Midhun HP News | Mar 24, 2026 | Latest News, കേരളം
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ ഉദ്ദേശിച്ചത്, 20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. എന്റെ ഏറ്റവും വലിയ ആരാധകനായ വ്യക്തിയാണ് പിണറായി വിജയന്’- ദാസ് പി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.
കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രസംഗത്തിനിടെ കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. അതിനിടെയാണ് സദസ്സില്‍ നിന്ന് ദാസ് പി ജോര്‍ജ് സിഎമ്മേ ഒരു ചോദ്യം എന്ന് പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
by Midhun HP News | Mar 24, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല പൈങ്കുനി ഉത്രം ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്.
31 വരെ നെയ്യഭിഷേകം ഉണ്ടാകും. ഉച്ചപൂജയ്ക്കുശേഷം ഉത്സവബലിയും അത്താഴ പൂജയ്ക്കുശേഷം ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങ്. ആറാട്ട് ദിവസം നെയ്യഭിഷേകം ഉണ്ടാകില്ല. 31നാണ് പള്ളിവേട്ട.
ഏപ്രില്‍ ഒന്നിന് പമ്പയില്‍ ആറാട്ടിനായി രാവിലെ ഒമ്പതിന് സന്നിധാനത്തുനിന്ന് ഘോഷയാത്ര പുറപ്പെടും. ആറാട്ടിനുശേഷം പമ്പാ ഗണപതി ക്ഷേത്രത്തില്‍ പറ നിറയ്ക്കാം. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. ഒന്നിന് രാത്രി 10ന് നട അടയ്ക്കും. മേട വിഷു ആഘോഷങ്ങള്‍ക്കായി ഏപ്രില്‍ പത്തിന് വീണ്ടും നട തുറക്കും.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച നടന് മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് ആണ് ഹര്‍ജി പരിഗണിക്കുക.
തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങള്‍ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉള്‍പ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനില്‍ കപൂര്‍, അമിതാഭ് ബച്ചന് എന്നിവര്‍ക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.
പ്രധാനമായും പരസ്യങ്ങള്‍, ഉല്പന്നങ്ങള്, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഹര്‍ജിക്കാരുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു.


by Midhun HP News | Mar 24, 2026 | Latest News, കേരളം
കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. 1,02,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്.
യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധിയുടെ സൂചന നല്കി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് 15 ശതമാനം ഇടിഞ്ഞ എണ്ണവില വീണ്ടും തിരിച്ചുകയറി. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി അമേരിക്ക ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദം ഇറാന് നിഷേധിച്ചതിന് പിന്നാലെയാണ് എണ്ണവില വീണ്ടും തിരിച്ചുകയറിയത്.
ഇന്നലെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഇതിന് പിന്നാലെ എണ്ണവില 15 ശതമാനം ഇടിഞ്ഞ് ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന് തള്ളിയതോടെ എണ്ണ പ്രതിസന്ധിയില്‍ അടുത്തൊന്നും അയവ് ഉണ്ടാവില്ലെന്ന ആശങ്കയാണ് വീണ്ടും എണ്ണവില ഉയരാന്‍ കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറിന് മുകളിലാണ്.
ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്നും ഡോണള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചര്‍ച്ച ആരംഭിക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു.


by Midhun HP News | Mar 24, 2026 | Latest News, കേരളം
ആലപ്പുഴ: ഗോവയിലേക്ക് കെഎസ്ആര്‍ടിസി കുറഞ്ഞ ചെലവില്‍ ഒരുക്കുന്ന യാത്രാ പാക്കേജിന്റെ ബുക്കിങ് ആരംഭിച്ചു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഗോവയിലേക്ക് ഏപ്രില്‍ ആദ്യവാരമാണ് യാത്ര ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന യാത്രയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 1 മുതല്‍ 80 വയസ്സുവരെയുള്ളവര്‍ക്ക് 10 ലക്ഷം രൂപയുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജും കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നു. മൂന്ന് രാത്രിയും രണ്ട് പകലും നീളുന്നതാണ് യാത്ര.
കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് കാസര്‍കോട് വരെ കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് ഗോവയിലേക്ക് അത്യാധുനിക ആഡംബര എസി ബസുകളിലുമാണ് യാത്ര.കേരളത്തിനകത്തെ ഭക്ഷണച്ചെലവ് യാത്രക്കാര്‍ വഹിക്കണം. എന്നാല്‍ കാസര്‍കോട് മുതല്‍ ഗോവ വരെയും തിരിച്ചുമുള്ള ഭക്ഷണച്ചെലവ് പാക്കേജിന്റെ ഭാഗമാണ്.
ഗോവയിലെ പ്രധാന ബീച്ചുകളും രാത്രി ജീവിതവും ആസ്വദിക്കുന്നതിനൊപ്പം മികച്ച ഹോട്ടലുകളിലെ താമസവും പാക്കേജില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക: 9188938525, 9846475874.
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നിരക്കുകള്‍
ആലപ്പുഴ: 9500 രൂപ (AC Scania) & 8490 രൂപ (Super Deluxe)
ചേര്‍ത്തല: 9100 രൂപ (AC Scania) & 8380 രൂപ (Super Deluxe)
ചെങ്ങന്നൂര്‍: 9600 രൂപ (AC Scania) & 8770 രൂപ (Super Deluxe)
എടത്വ: 9420 രൂപ (AC Scania) & 8630 രൂപ (Super Deluxe)
ഹരിപ്പാട്: 9470 രൂപ (AC Scania) & 8670 രൂപ (Super Deluxe)
കായംകുളം: 9550 രൂപ (AC Scania) & 8730 രൂപ (Super Deluxe)
മാവേലിക്കര: 9530 രൂപ (AC Scania) & 8720 രൂപ (Super Delux-e)
Recent Comments