by Midhun HP News | Aug 25, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ അല്‍ നബ്ബയില്‍ താമസിക്കുന്ന കാസര്‍കോട് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെ മകള്‍ സഫ(7)യാണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അമ്മ മുര്‍ഷിദ ജോലിസ്ഥലത്തായിരുന്നു, അച്ഛന്‍ മുബാറക് അപ്പാര്‍ട്ട്‌മെന്റിന് താഴെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയിരുന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ സ്ലൈഡിങ് വിന്‍ഡോ തുറന്ന് കുട്ടി അച്ഛനെ നോക്കിയപ്പോള്‍ ബാലന്‍സ് തെറ്റി താഴേക്ക് വീണതാകാമെന്നാണ് നിഗമനം.
ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ മരിച്ചു. അജ്മാനിലെ ഒരു സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു സഫ. മുബാറക് ദുബായ് ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനാണ്. മുര്‍ഷിദ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു.
കഴിഞ്ഞ 8 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന സഫയും കുടുംബവും അവധിക്ക് നാട്ടിലെത്തി തിരിച്ചെത്തിയിട്ട് അധിക ദിവസമായിട്ടില്ല. മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.




by Midhun HP News | Aug 25, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. 1,20,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 15,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് ഇന്ന് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Aug 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹനരൂപമാറ്റത്തില്‍ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്. മോഡിഫിക്കേഷന്‍ പരിശോധിച്ച് പിഴയീടക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. വാഹന മോഡിഫിക്കേഷനെതിരെ മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസും കര്‍ശന നടപടിയെടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെയാണ് ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയത്. വാഹനത്തില്‍ എത്ര മോഡിഫിക്കേഷന്‍ നല്‍കിയിട്ടുണ്ടോ അത്രയും തവണ പിഴയിടാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല മോഡിഫിക്കേഷന്‍ മാറ്റി യഥാര്‍ഥ രീതിയിലേക്ക് മാറ്റി എന്നുറപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എത്ര വാഹനങ്ങള്‍ പരിശോധിച്ചു, എത്ര തുക ഈടാക്കിയെന്നത് അടുത്ത മൂന്നാം തീയതിക്കുള്ളില്‍ എല്ലാ ആര്‍ടിഒമാരും റിപ്പോര്‍ട്ട് നല്‍കണമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചു.

വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ ആള്‍ട്ടറേഷനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ പിഴ ചുമത്തണം. അനധികൃത ആള്‍ട്ടറേഷന്‍ നീക്കം ചെയ്യുന്നതിനും അതിനുശേഷം വാഹനപരിശോധനയ്ക്ക് ഹാജരാക്കുന്നതിനും വാഹന ഉടമയ്ക്ക് നിര്‍ദേശം നല്‍കണമെന്നും പറയുന്നു.

ഒരു വാഹനത്തില്‍ നടത്തുന്ന അനധികൃത രൂപമാറ്റം ഓരോന്നിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു, അടൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോയ ജീപ്പില്‍ 6 മോഡിഫിക്കേഷന്‍ ഉണ്ടായിട്ടും ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
വിവിധ നിറത്തിലുള്ള എല്‍ഇഡി ഉള്‍പ്പെടെ തീവ്രപ്രകാശമുള്ള ലൈറ്റുകള്‍, റെഡ്ബ്ലൂ സ്‌ട്രോബ് ലൈറ്റുകള്‍, അനധികൃത സൈറണ്‍, വീല്‍ സ്‌പേസറുകള്‍ തുടങ്ങിയ നിയമലംഘനങ്ങളില്‍ നടപടി വേണം. എതിര്‍ദിശയില്‍നിന്നു തീവ്രപ്രകാശം അടിച്ചാല്‍ ഡ്രൈവര്‍മാരുടെ കാഴ്ചതെറ്റി വാഹനം അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. വാഹനത്തിന്റെ ബോഡിക്കു പുറത്തേക്കു ചക്രം തള്ളിനില്‍ക്കുന്ന തരത്തില്‍ വീല്‍ സ്‌പേസറുകളും വീതിയേറിയ ടയറുകളും ഉപയോഗിച്ചാല്‍ വഴിയാത്രക്കാരുടെ മേല്‍ ചെളിയും വെള്ളവും തെറിക്കും. കാല്‍നടക്കാര്‍ക്കും സൈക്കിള്‍, ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഇത് അപകടമാണെന്നു കോടതി ചൂണ്ടിക്കാട്ടി.


by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
ജനനായകനൊപ്പം ആക്ഷൻ പോലും ഈസിയായി സ്കോർ ചെയ്യുന്നു. നടിപ്പിൻ നായകന്റെ റൊമാറ്റിക് ഹീറേയിൻ.. തെന്നിന്ത്യൻ സിനിമയുടെ സർവ സ്നേഹവും വാരിക്കൂട്ടുന്നതിനിടെ തിരികെ മലയാളത്തിലേക്ക്. നിലമുറപ്പിച്ച ഗിരീഷ് എ ഡി സ്കൂളിലേക്ക് മടങ്ങിയെത്തുകയാണ് വരികയാണ് മമിത ബൈജു. അയൽപക്കത്തെ ആഷ്ലിയായി.
കോടി ക്ലബുകളിൽ നിന്നും കോടി ക്ലബുകളിലേക്ക് അനായാസേനയുള്ള ചുവടുവെപ്പ്. അതിന് ഇൻഡസ്ട്രി മാറ്റം പോലും ഒരു കടമ്പയല്ല. ബെത്‌ലഹേം കുടുംബ യൂണിറ്റു കണ്ടിറങ്ങുന്നവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് ആ തലവാചകമാണ് – നമ്മളിപ്പോൾ ജീവിക്കുന്നത് മമിത യുഗത്തിലെന്ന്. വീ ആർ ലിവിങ് ഇൻ മമിത ബൈജു എറ.

ആക്ഷനും മാസും ഹൈസ്പീഡ് ഡ്രാമകളും നിറഞ്ഞു നിന്ന കളത്തിലേക്കാണ് ഗിരീഷ് എഡി യാതൊരു വെപ്രാളവും കൂടാതെ ബെത്‌ലഹേം കുടുംബയൂണിറ്റുമായി എത്തുന്നത്. അവിടെ നായകനൊപ്പം തന്നെ തിയേറ്ററിൽ തിരക്കുണ്ടാക്കിയ പേരാണ് മമിതയുടേത്. വളരെ മൈന്യൂട്ട് എക്സ്പ്രെഷനുകൾകൊണ്ടും റിയാക്ഷനുകൾകൊണ്ടും മമിതയിൽ ആഷ്ലി നിറഞ്ഞുനിന്നു. നായികയുടേതായ പ്രത്യേക ഭാവങ്ങളൊന്നും അവരിലില്ല. ലുക്ക്കൊണ്ടോ എഴുത്തുകൊണ്ടോ സിനിമയിൽ ആരും അവരെ നായികയുടെ ചമയങ്ങളും അണിയിച്ചിട്ടില്ല.

ആ പ്രായത്തിലൂടെ കടന്നു പോയവർക്കും കടന്നു പോകുന്നവർക്കും എളുപ്പം മനസ്സിലാകുന്ന, റിലേറ്റ് ചെയ്യാവുന്ന സാധാരണത്വമാണ് ആഷ്ലിയെ സുന്ദരിയാക്കിയത്. അവളുടെ സന്തോഷങ്ങളിൽ പുഞ്ചിരിപ്പിച്ചതും സങ്കടങ്ങളിൽ കണ്ണു നനച്ചതും ആഷ്ലിയിൽ നമ്മളൊക്കെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാകും. അത്ര ലളിതമായി റിയാക്ഷനൊരുക്കുക എളുപ്പമല്ല. ആ ഒതുക്കമാണ് മമിത കഥാപാത്രത്തിലുപേക്ഷിക്കുന്ന തന്റെ അടയാളം.
സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിൽനിന്നും വികൃതി, വരത്തൻ, ഡാകിനി, ഹണിബീ, ഓപ്പറേഷൻ ജാവ എല്ലാം കടന്നാണ് മമിത ബെത്ലഹേമിലെത്തുന്നത്. സൂപ്പർ ശരണ്യയിലെ സോനയിൽ തെളിഞ്ഞ തലവര പ്രേമലുവിലൂടെ പടർന്നു കയറി. റീനുവിന്റെ റിയിലിസം കേരളക്കരക്കുപുറത്തും റിലേറ്റബിളായി തുടർന്നു. ഡൂഡിലെ കുറൽ എന്ന വേഷം സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെട്ടെങ്കിലും തമിഴ് സിനിമ ആ നായികയെ അത്യധികം സ്നേഹത്തോടെ വാരിപ്പുണർന്നു.

ജനനായകനിലെ വിജി മാനിഫെസ്റ്റേഷനുകളിൽ വിശ്വസിക്കാനുറച്ചൊരുവളുടെ വിജയമായി. മുന്നൂറുകോടിയും കടന്ന് ചിത്രം കുതിപ്പു തുടരുമ്പോൾതന്നെ സൂര്യ നായകനായ വെങ്കി അറ്റ്ലൂരി ചിത്രത്തിലൂടെ രണ്ടു ദിവസം കൊണ്ട് 100 കോടിയെന്ന മാജിക്കും. റിലീസ് ചെയ്ത് മൂന്നാം ദിവസം അറുപതു കോടികടന്ന് കുതിച്ചുപായുകയാണ് ആഷ്ലിയും ജസ്റ്റിനും. മുപ്പതു ദിവസത്തിൽ മൂന്ന് സൂപ്പർ ഡൂപ്പർ ഹിറ്റുകൾ – ഇറ്റ് ഈസ് മമിത മാജിക്ക്.

by Midhun HP News | Aug 24, 2026 | Latest News, കേരളം
താൻ വിവാഹബന്ധം അവസാനിപ്പിച്ചുവെന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവയും അപർണയും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെ ജീവ തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. വിവാഹ വാർഷിക ദിവസം തന്നെയാണ് ഇരുവരും വേർപിരിയിൽ വിവരവും പങ്കുവച്ചിരിക്കുന്നത്.

11 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജീവ ആരാധകരുമായി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “പ്രിയപ്പെട്ടവരെ, ഇതൊട്ടും എളുപ്പമുള്ള ഒരു കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം എന്റെ കരിയറിലും സന്തോഷത്തിലും സങ്കടങ്ങളിലും ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നിങ്ങൾ എന്റെ യാത്രയുടെ ഭാഗമായിരുന്നു.

നിങ്ങളിൽ പലരും ഞങ്ങളെ ഒരു മികച്ച ജോഡിയായി ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനി മുതൽ അത് ‘ഞങ്ങൾ’ അല്ല; കേവലം ജീവ എന്നും അപർണ എന്നും രണ്ടു പേർ മാത്രമാണ്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ഞങ്ങൾക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ രണ്ടു പേരും തിരിച്ചറിയുകയും അത് സ്വീകരിക്കുകയും ചെയ്യുന്നു.
അതിനാലാണ് വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇതിന് പിന്നിലെ കാരണങ്ങൾ പൂർണമായും തികച്ചും വ്യക്തിപരമാണ്. ഞങ്ങൾ വളരെ പക്വതയോടെ കൈക്കൊണ്ട ഈ തീരുമാനത്തെ നിങ്ങളും അതേ പക്വതയോടെ ഉൾക്കൊള്ളുമെന്ന് കരുതുന്നു.


by Midhun HP News | Aug 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിന് ഒരു നഷ്ടവുമുണ്ടാകില്ല. കേരളത്തിലെ വികസനത്തില്‍ ഒരു വീഴ്ചയോ, വേഗതക്കുറവോ ഉണ്ടാകാന്‍ പാടില്ലെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്ര തീരുമാനം കാണിച്ച് ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
റെയില്‍വേയുമായി ബന്ധപ്പെട്ട് പി കെ കൃഷ്ണദാസ് വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ റെയില്‍വേ വികസനത്തില്‍ കേന്ദ്രമന്ത്രിയ്‌ക്കൊപ്പം ഇരുന്ന് മൂന്നു വര്‍ഷത്തെ ബ്ലൂ പ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. അത് വളരെ നന്നായിട്ട് മുന്നോട്ടു പോകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാംഗ്ലൂര്‍ ഇപ്പോള്‍ മൂന്നു ഡിവിഷന്റെ ഭാഗമാണ്. റെയില്‍വേ നാഷണല്‍ ഓര്‍ഗനൈസേഷനാണ്. അവരൊരു അഡ്മിനിസ്‌ട്രേറ്റീവ് റീ ഓര്‍ഗനൈസേഷന്‍ നടത്തുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
ഇതിന്റെ ഭാഗമായി മാംഗ്ലൂര്‍ മൈസൂരുവിന്റെ ഭാഗമാക്കുന്നു. ഇതില്‍ എന്താണ് പ്രശ്‌നമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. വിഡി സതീശനും കെ സി വേണുഗോപാലിനും ഇതില്‍ എന്തു പ്രശ്‌നമാണുള്ളത്?. ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഒരു വിവാദം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നൂറു ദിവസം തികഞ്ഞ യുഡിഎഫ് സര്‍ക്കാരിന് ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ട് പാലക്കാട് ഡിവിഷന്‍ ഒരു വിഷയമാക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.




Recent Comments