ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കാനും, ആചാരങ്ങള്‍ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായി തീരുമാനമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം.

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിശോധിക്കുന്ന സാഹചര്യത്തില്‍ കേരളം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും, ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിശ്വാസികളെ അകറ്റുന്ന നിലപാട് പാടില്ലെന്ന് സിപിഎമ്മിലും ധാരണയായിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്, നേരത്തെ യുവതീ പ്രവേശത്തെ അനുകൂലിച്ചിരുന്ന സിപിഎമ്മും സംസ്ഥാന സര്‍ക്കാരും മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത്. വിശ്വാസികളെ അടുപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമവും നടത്തിയിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി അടക്കമുള്ള സമുദായങ്ങള്‍ ആചാരം സംരക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നവോത്ഥാന സംരക്ഷണ സമിതിയിലെ മറ്റൊരു പ്രബല സമുദായമായ കെപിഎംഎസ് യുവതീപ്രവേശന നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന അഭിപ്രായക്കാരാണ്.

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച സിപിഎമ്മും മുഖ്യമന്ത്രിയും മുമ്പ്, നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി നിലപാട് മാറ്റില്ലെന്നായിരുന്നു പ്രസ്താവിച്ചത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയതിനെത്തുടര്‍ന്ന്, സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

അതേസമയം ശബരിമലയിലെ യുവതീപ്രവേശന വിധി നിലനിര്‍ത്തണമെന്ന് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും, ശബരിമലയെ പ്രത്യേക വിഭാഗമായി കാണാനാകില്ലെന്നുമാണ് അസോസിയേഷന്‍ വ്യക്തമാക്കിയത്.

ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുമരണം, ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുമരണം, ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

മസ്‌കറ്റ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒമാനിലെ സോഹാറില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പ്രവാസി തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒമാനിലെ സോഹാര്‍ പ്രവിശ്യയിലെ അല്‍ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. സോഹാര്‍ പ്രവിശ്യയില്‍ മറ്റൊരു ഡ്രോണ്‍ വെടിവെച്ചിട്ടുവെന്ന് സോഹാര്‍ ഗവര്‍ണറേറ്റ് വ്യക്തമാക്കി.

തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ നഗരമായ അദാനയ്ക്ക് സമീപമുള്ള ഇന്‍സിര്‍ലിക് വ്യോമതാവളത്തില്‍ സൈറണുകള്‍ മുഴങ്ങി. യുഎസ് സൈനികരെ വിന്യസിച്ചിട്ടുള്ള പ്രധാന നാറ്റോ കേന്ദ്രമാണ് ഇന്‍സിര്‍ലിക് വ്യോമതാവളം. തുര്‍ക്കിയിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നാറ്റോ വ്യോമ പ്രതിരോധ സേന തടഞ്ഞു.

ഇറാനിലെ ടെഹ്റാന് സമീപ നഗരമായ കരാജില്‍ ഒന്നിലേറെ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ നിരവധി പ്രദേശങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി തസ്നിം വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രയേല്‍ ശക്തമാക്കിയിരിക്കുകയാണ്.

‘രസികന്‍ കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല, 6 മാസം മുമ്പ് ഓര്‍മയുണ്ടോന്ന് ചോദിച്ച് വന്ന താടിക്കാരന്‍’; ഹരിമുരളിയെക്കുറിച്ച് ലാല്‍ ജോസ്

‘രസികന്‍ കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല, 6 മാസം മുമ്പ് ഓര്‍മയുണ്ടോന്ന് ചോദിച്ച് വന്ന താടിക്കാരന്‍’; ഹരിമുരളിയെക്കുറിച്ച് ലാല്‍ ജോസ്

ബാലതാരമായി മനസില്‍ ഇടം നേടിയ ഹരിമുരളിയുടെ മരണം ഞെട്ടലും വേദനയുമുണ്ടാക്കിയതായിരുന്നു. രസികന്‍, അണ്ണന്‍ തമ്പി തുടങ്ങിയ സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം വളരെ ചെറിയ പ്രായത്തില്‍ തന്നെ കയ്യടി നേടിയിട്ടുണ്ട് ഹരിമുരളി. പിന്നീട് സിനിമ ഉപേക്ഷിച്ച താരം എഡിറ്റിങും ഗ്രാഫിക്‌സുമൊക്കെ ചെയ്ത് പിന്നണിയിലൂടെ സിനിമയിലേക്ക് തിരികെ വരുന്നതിനിടെയാണ് മരണം.

ഹരിമുരളിയെ ജനപ്രീയനാക്കിയ സിനിമയായിരുന്നു രസികന്‍. ദിലീപുമായുള്ള ഹരിമുരളിയുടെ കോമ്പോ വന്‍ ചിരി നല്‍കിയതായിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചയായതും രസികനിലെ കടവാവല്‍ തന്നെയായിരുന്നു. ഇപ്പോഴിതാ ഹരിമുരളിയെ മാസങ്ങള്‍ മുമ്പ് കണ്ടതിനെക്കുറിച്ചും രസികന്‍ ചിത്രീകരണത്തിലെ ഓര്‍മയുമൊക്കെ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

രസികന് ശേഷം ഹരിമുരളിയെ കണ്ടിട്ടില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തട്ടുകടയില്‍ വച്ച് അപ്രതീക്ഷിതമായി ഹരിമുരളി തന്നോട് വന്ന് സംസാരിച്ചതും ലാല്‍ ജോസ് ഓര്‍ക്കുന്നുണ്ട്. മനോരമ ഓണ്‍ലൈനിനോടായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം.

”രസികനില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിങ് സമയത്ത് അവന്റെ തമാശകളും സംശയങ്ങളുമൊക്കെ ആയി സെറ്റില്‍ വളരെ സജീവമായിരുന്നു. അവനെ ഫേമസ് ആക്കിയ സീന്‍ അവനും ദിലീപും കൂടി പൊലിപ്പിച്ച് എടുത്തതാണ്. ദിലീപ് ആണ് ആ ഡയലോഗ് അവനെ പഠിപ്പിച്ച് എടുത്തതും ചെയ്യിപ്പിച്ചതും. ദിലീപുമായി ഒരുപാട് അടുത്തിരുന്നു അവന്‍ ഇന്ന്. പിന്നീട് അവന്‍ സിനിമയൊക്കെ നിര്‍ത്തി ഗ്രാഫിക്‌സിലേക്കും എഴുത്തിലേക്കും ഒക്കെ തിരഞ്ഞുവെന്ന് കേട്ടു” ലാല്‍ ജോസ് പറയുന്നു.

”രസികന്‍ കഴിഞ്ഞിട്ട് അവനെ കണ്ടിട്ടേയില്ല. അഞ്ചാറ് മാസം മുമ്പ് എറണാകുളത്ത് ഒരു രാത്രി വളരെ വൈകി ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കേറി. എന്റെ അടുത്ത് താടിയുള്ള ഒരു ചെറുപ്പക്കാരന്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവന്‍ ചോദിച്ചു. അങ്കിള്‍ എന്നെ മനസിലായോ? ഞാന്‍ പറഞ്ഞു ഇല്ല. ഞാന്‍ രസികനില്‍ ബാലതാരമായി അഭിനയിച്ച ഹരി ആണെന്ന് അവന്‍ പറഞ്ഞു”.

അവന്‍ വന്ന് സംസാരിച്ചത് ഏറെ സന്തോഷിപ്പിച്ചു. വളരെ കാലത്തിന് ശേഷം അവനെ കാണുന്നത് അങ്ങനെയാണ്. നിന്നെ ഒക്കെ കാണുമ്പോഴാണ് എനിക്ക് പ്രായം ആയെന്ന് ബോധ്യം വരുന്നതെന്ന് അവനോട് പറഞ്ഞു. അച്ഛനോടും അമ്മയോടും അന്വേഷണം പറയണമെന്ന് പറഞ്ഞാണ് വിട്ടത്. വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയെന്നും സംവിധായകന്‍ പറയുന്നുണ്ട്.

‘സ്ത്രീകളെ ആരും ജോലിക്കെടുക്കാതാവും’; ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നതില്‍ സുപ്രീം കോടതി

‘സ്ത്രീകളെ ആരും ജോലിക്കെടുക്കാതാവും’; ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നതില്‍ സുപ്രീം കോടതി

ഡല്‍ഹി: സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിച്ചേക്കുമെന്ന് സുപ്രീം കോടതി. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി നിയമ നിര്‍മാണം നടത്തിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കാന്‍ വിമുഖത കാട്ടിയേക്കും എന്ന ആശങ്കയാണ് കോടതി മുന്നോട്ട് വയ്ക്കുന്നത്. ആര്‍ത്തവ അവധി നിയമങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരം ഒരു നിരീക്ഷണം മുന്നോട്ട് വച്ചത്.

ഇത്തരം സാഹചര്യങ്ങള്‍ തങ്ങള്‍ പുരുഷന്‍മാര്‍ക്ക് സമന്‍മാരല്ലെന്ന ധാരണ സ്ത്രീകളില്‍ സൃഷ്ടിച്ചേക്കുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട്. തൊഴിലുടമകളുടെ മാനസികാവസ്ഥ നിങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ അത്തരമൊരു നിയമം ഉണ്ടാക്കിയാല്‍ അവര്‍ സ്ത്രീകളെ നിയമിക്കില്ല. എന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കി. ഇത്തരം ഹര്‍ജികള്‍ ആശങ്ക ഉണ്ടാക്കുന്നവയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു നിയമം രൂപീകരിക്കപ്പെട്ടാല്‍, ആ നിമിഷം മുതല്‍ ജോലിയില്‍ നിന്നും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടും. അവരുടെ കരിയര്‍ അവസാനിക്കുന്ന നിലയുണ്ട് അവര്‍ ‘നിങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്ന് പറയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2013 ല്‍ കേരള സര്‍ക്കാര്‍ സര്‍വകലാശാലകളിലെയും വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിരുന്നുവെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് ചൂണ്ടിക്കാട്ടി. ചില സ്വകാര്യ കമ്പനികളും സമാനമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ഷംഷാദ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ വിവേചനാധികാരമാണെന്ന നിലപാടാണ് കോടതി മുന്നോട്ട് വച്ചത്.

വ്യാജമായി പേരുചേർത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

വ്യാജമായി പേരുചേർത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അം​ഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. തെറ്റായ വിവരം നല്‍കിയാണ്, കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന കാർഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാര്‍ഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകളെന്ന നിലയിലാണ് പേര് ചേര്‍ത്തത്. കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും, കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നിർദേശം നൽകുകയായിരുന്നു.

ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു. റേഷൻ കാര്‍ഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. കാർഡ് റദ്ദാക്കിയത് രാഷ്ട്രീയ നീക്കമാണെന്നും, ഇതിനു പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. സിപിഐയാണ് ഇതിനു പിന്നിൽ. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. രണ്ടു കേസുകളില്‍ തന്ത്രിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും, വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അപ്പീലില്‍ എസ്‌ഐടി ആവശ്യപ്പെടുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി നടപടികളെ വിമര്‍ശിച്ച കോടതി, കേസില്‍ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചിരുന്നു.

കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും, സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ മൗനാനുവാദമാണ് അനുജ്ഞയിലൂടെ നടപ്പാക്കിയതെന്നും, സ്വര്‍ണ്ണക്കൊള്ളയുടെ ഗൂഢാലോചനയില്‍ തന്ത്രിയും ഭാഗമാണെന്നും എസ്‌ഐടി ആരോപിക്കുന്നു. കേസില്‍ തന്ത്രിക്കെതിരായ തെളിവുകള്‍ അപ്പീലില്‍ എസ്‌ഐടി അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്.

കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എസ്ഐടിക്ക് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന്റെ രണ്ടു മഹസ്സറുകളിലും തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.