ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ മോദി ആശങ്ക പ്രകടിപ്പിച്ച് കൊണ്ടായികരുന്നു ഇരു നേതാക്കളുടെയും ഫോണ്‍ സംഭാഷണം. ഇറാനെതിരെ യു.എസ്-ഇസ്രായേല്‍ സംയുക്ത സൈനികാക്രമണം നടക്കുകയും, ഗള്‍ഫ് മേഖലയില്‍ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്.

ഇറാന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു. ‘ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചു, പശ്ചിമേഷ്യന്‍ മേഖലയിലെ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്തു. സംഘര്‍ഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു’ -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ലോക സമാധാനത്തിനും സ്ഥിരതയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച പ്രധാമന്ത്രി ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണെന്നും ഇറാന്‍ പ്രസിഡന്റിനെ ബോധിപ്പിച്ചു. ചരക്കുകള്‍, ഊര്‍ജ വിഭവങ്ങള്‍ എന്നിവയുടെ തടസ്സമില്ലാത്ത വിതരണം തടസപ്പെടുന്നതിന്റെ ആശങ്കയും ഇന്ത്യ ഇറാനെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സംഭാഷണത്തിനും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പരിഹാരം കാണാനും ആഹ്വാനം ചെയ്യുകയും ചെയ്തതായും മോദി കൂട്ടിച്ചേര്‍ത്തു.

‘ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം ഉപയോഗപ്പെടുത്തണം എന്ന് പുതിയ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി തന്റെ ആദ്യ പൊതു പ്രസംഗത്തില്‍ വ്യക്തമാക്കിയകിന് പിന്നാലെയാണ് മോദി പെസഷ്‌കിയാന്‍ ചര്‍ച്ച. ഹുര്‍മുസ് കടലിടുക്ക് ഇന്ത്യന്‍ കപ്പലുകള്‍ക്കായി തുറന്നുതരാമെന്ന് ഇറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ഇറാന്‍ വിദേശ മന്ത്രിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് സുപ്രധാന തീരുമാനമെന്നറിയുന്നു. അതേസമയം, ഇരുവരും മൂന്നുവട്ടം സംഭാഷണം നടത്തിയെന്ന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ച വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍, ഇറാന്‍ സമ്മതം നല്‍കിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറായിരുന്നില്ല.

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പാചകവാതക ലഭ്യത ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു. നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്ന ഇടവേളയാണ് 45 ആയി ഉയര്‍ത്തിയത്. ഇതിനൊപ്പം രാജ്യത്തെ എല്‍.പി.ജി. ഉത്പാദനവും വര്‍ധിപ്പിച്ചു.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എല്‍പിജി ഉദ്പാതനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിവസം മുതല്‍ ഉത്പാദനം 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ ഉത്പാദനം 28 ശതമാനമാക്കി ഉയര്‍ത്തിയത്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരമായി അമേരിക്ക, നോര്‍വെ, കാനഡ, അള്‍ജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ധന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണ ശൃംഖലയിലെ തടസം മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആഭ്യന്തര ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായി മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വര്‍ദ്ധിച്ച ഡിമാന്‍ഡ് വിതരണത്തിലെ പാളിച്ചയല്ല, മറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഭീതി മൂലമുള്ള ബുക്കിങ് ആണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 25,000 വിതരണക്കാര്‍ വഴി പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. വിതരണ ശൃംഖലയില്‍ നിലവില്‍ കുറവുകളൊന്നുമില്ല. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധനം മിതമായി ഉപയോഗിക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും ഉപഭോക്താക്കളോട് കേന്ദ്രം അഭ്യര്‍ത്ഥിച്ചു.

വിറ്റത് വൻ തുകയ്ക്ക്‌, റിലീസിന് മുൻപ് തന്നെ ‘ധുരന്ധർ 2’ റൈറ്റ്സ് സ്വന്തമാക്കി ഒടിടി പ്ലാറ്റ്ഫോം; എവിടെ കാണാം

വിറ്റത് വൻ തുകയ്ക്ക്‌, റിലീസിന് മുൻപ് തന്നെ ‘ധുരന്ധർ 2’ റൈറ്റ്സ് സ്വന്തമാക്കി ഒടിടി പ്ലാറ്റ്ഫോം; എവിടെ കാണാം

ഹംസ അലി മസാരിയായി രൺവീർ സിങ് തകർത്തഭിനയിച്ച ചിത്രമാണ് ധുരന്ധർ. 1300 കോടിയാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയത്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. മാർച്ച് 19 ന് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ ധുരന്ധർ ദ് റിവഞ്ച് റിലീസിനെത്തും. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവന്ന ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ആദ്യ ഭാ​ഗത്തിനേക്കാൾ സ്വീകാര്യത രണ്ടാം ഭാ​ഗത്തിന് കിട്ടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. ധുരന്ധർ 2 വിന്റെ റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോൾ. മെയ് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.

രൺവീർ സിങ് അവതരിപ്പിക്കുന്ന ജസ്കിരത് സിങ് രംഗി എന്ന കഥാപാത്രത്തിലൂടെയാണ് ധുരന്ധർ 2 സഞ്ചരിക്കുന്നത്. സാറ അർജുൻ, ആർ മാധവൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങി വൻ താരനിരയാണ് ധുരന്ധറിൽ അണിനിരന്നത്. 835 കോടിയാണ് ധുരന്ധർ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ആദ്യ ദിനത്തിൽ 200 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. സ്പൈ ത്രില്ലറായെത്തിയ ചിത്രം കഴിഞ്ഞ വർഷം ‍ഡിസംബറിലാണ് തിയറ്ററുകളിലെത്തിയത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ധുരന്ധർ 2 റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യഭാ​ഗം റീ റിലീസിന് എത്തിയിരുന്നു.

ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ജാ​ഗ്രത പുലർത്തണം. കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ ഉച്ചയ്ക്ക് 02.30 മുതൽ ഈ മാസം 16 രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ‌നാളെ പകൽ 08.30 മുതൽ 16 രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ആറ്റിങ്ങലിൽ ഗുണ്ടാ വിളായട്ടവും കൊലപാതക ശ്രമവും

ആറ്റിങ്ങലിൽ ഗുണ്ടാ വിളായട്ടവും കൊലപാതക ശ്രമവും


ആറ്റിങ്ങൽ:ഇന്ന് വൈകുന്നേരം ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചത്തെിയ ഗുണ്ടാസംഘം യുവാവിനെ മർദിക്കുകയും കൊലപെടുത്താൻ ശ്രമിക്കുകയും ചെയ്തു.കാറിലെത്തിയ ആറംഗ സംഘമാണ് ഇതിന് പിന്നിൽ എന്ന് ആരോപിക്കപെടുന്നു.ഗുണ്ടാ സംഘം സ്ഥാപനത്തിനുള്ളിലെ ലക്ഷകണക്കിന് രൂപയുടെ സാധന സാമഗ്രികളും നശിപ്പിച്ചു.അക്രമത്തിന് ഇരയായ യുവാവിനെ പാരിപള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിൻ്റെ നില അതീവ ഗുരുതരമാണ് എന്ന് അറിയുന്നു

‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിന് നിർണായ പങ്ക് വഹിച്ച താരമാണ് സഞ്ജു സാംസൺ. ടൂർണമെന്റിന് മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇതോടെ ലോകകപ്പിലെ ആദ്യ 11 പേരിൽ നിന്നും സഞ്ജു പുറത്തായിരുന്നു.

ഒടുവിൽ നിർണായകമായ അവസാന മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറിയ്ക്ക് അടുത്തെത്തിയ പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന് വിജയം സമ്മാനിക്കാൻ സഞ്ജുവിന് കഴിഞ്ഞു. ടൂർണമെന്റിനിടയിൽ സഞ്ജു കടന്നു പോയ സാഹചര്യങ്ങളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.

“ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാനും വിക്കറ്റ്കീപ്പിങ്ങും ചെയ്യാനും കഴിവുള്ള താരമായാണ് സഞ്ജു ടീമിൽ എത്തിയിരുന്നത്. ഒരിക്കൽ അവൻ എന്റെ അടുത്ത് വന്ന് ചോദിച്ചു ഈ ടീമിന് എന്നിൽ നിന്ന് എന്താണ് വേണ്ടത്?. ബൗളർമാരെ ആക്രമിച്ചു കളിക്കുന്ന വെടിക്കെട്ട് ബാറ്ററായ ആ പഴയ ആ സഞ്ജു സാംസണെയാണ് ഞങ്ങൾക്ക് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി” സൂര്യകുമാർ പറഞ്ഞു. ടീമിന് എന്താണോ ആവശ്യം അതാണ് നമ്മൾ നൽകേണ്ടത്. വ്യക്തിപരമായ പ്രകടനം ഇപ്പോൾ നോക്കേണ്ട കാര്യമില്ല. പകരം ഒത്തൊരുമിച്ചു നിന്നാൽ നമുക്ക് ലക്ഷ്യം കൈവരിക്കാൻ നമുക്കു കഴിയുമെന്നും സഞ്ജു ടീം മീറ്റിങ്ങിൽ സഹതാരങ്ങളോട് പറഞ്ഞതും സൂര്യകുമാർ എടുത്തു പറഞ്ഞു.

ടീമിൽ ഇടം ലഭിക്കാതിരുന്ന സമയത്ത് സഞ്ജുവിനോട് താൻ പറഞ്ഞ വാക്കുകളും ഇന്ത്യൻ നായകൻ പങ്കുവെച്ചു. “ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമാണ്. പക്ഷേ അതിനെ നീ മറികടക്കണം. ദൈവം നിനക്കായി എന്തെങ്കിലും കാത്ത് വെച്ചിട്ടുണ്ടെകിൽ അത് നിന്നെ തേടി വരും” എന്നായിരുന്നു സഞ്ജുവിനോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിൽ സ്ഥിരമായ സ്ഥാനം ഇല്ലാത്ത സമയത്തും സഞ്ജു പരിശീലനം തുടരുകയും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ തയ്യാറായി നിൽക്കുകയും ചെയ്തിരുന്നു. അതാണ് പിന്നീട് അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ നമ്മൾ കണ്ടതെന്നും സൂര്യകുമാർ പറഞ്ഞു.