‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച് വ്യാജപ്രചാരണം നടത്തിയ സ്പൈസ് ജെറ്റ് എയർലൈൻസിനെതിരെ രൂക്ഷവിമർശനവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ). കൊച്ചിയിൽ വിമാന സർവീസുകളെ ബാധിക്കുന്ന തരത്തിൽ യാതൊരുവിധ പ്രതികൂല കാലാവസ്ഥയും ഉണ്ടായിട്ടില്ലെന്നും, സ്വന്തം ഭാഗത്തുനിന്നുണ്ടായ പ്രവർത്തന വീഴ്ചകൾ മറച്ചുവെക്കാൻ എയർലൈൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സിയാൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കൊച്ചിയിലെ പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങളുടെ പുറപ്പെടലും എത്തിച്ചേരലും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കാണിച്ച് സ്പൈസ് ജെറ്റ് സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് നൽകിയിരുന്നു.

ഇതിനെതിരെയാണ് സിയാൽ ശക്തമായ വിശദീകരണക്കുറിപ്പ് (പാസഞ്ചർ അഡ്വൈസറി) പുറത്തിറക്കിയത്.സ്പൈസ് ജെറ്റിന്റെ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം തടസ്സപ്പെടുകയും യാത്രക്കാർ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന് കാരണം കൊച്ചിയിലെ മോശം കാലാവസ്ഥയാണെന്ന് വരുത്തിതീർക്കാനാണ് എയർലൈൻ ശ്രമിക്കുന്നത്. ഈ സമയത്ത് കൊച്ചിയിൽ നിന്ന് സർവീസ് നടത്തിയ മറ്റ് ഒരു വിമാനക്കമ്പനിയും കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം സർവീസ് തടസ്സപ്പെട്ടതായി അറിയിച്ചിട്ടില്ലെന്നും സിയാൽ ചൂണ്ടിക്കാട്ടി.

വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതും കാരണം യാത്രക്കാർ നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ സ്പൈസ് ജെറ്റ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള വിമാനത്താവള ഓപ്പറേറ്റർ എന്ന നിലയിൽ ദുരിതത്തിലായ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സിയാൽ ചെയ്തുകൊടുക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സ്പൈസ് ജെറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ കൃത്യമായ സമയം ഉറപ്പുവരുത്തണമെന്നും സിയാൽ നിർദ്ദേശിച്ചു.

രണ്ട് ദിവസം കൊണ്ട് 20 കോടി കടന്ന് ‘ഖലീഫ’; പൃഥ്വിരാജ് ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ

രണ്ട് ദിവസം കൊണ്ട് 20 കോടി കടന്ന് ‘ഖലീഫ’; പൃഥ്വിരാജ് ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്. റിലീസ് ചെയ്ത് 2 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കളക്ഷൻ 22.85 കോടി രൂപയാണ്. 14.5 കോടിയാണ് ചിത്രം നേടിയ ആദ്യ ദിന ആഗോള കളക്ഷൻ. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിംഗ് ആണ് ഖലീഫ സ്വന്തമാക്കിയത്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം രസിപ്പിക്കുന്നുണ്ട് എന്ന് തീയറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. തീയറ്ററുകളെ ഇളക്കി മറിച്ച് കൊണ്ട് പ്രദർശനം തുടരുന്ന ചിത്രത്തിന്, പൃഥ്വിരാജ് ആരാധരും, മോഹൻലാൽ ആരാധകരും, മാസ്സ് സിനിമകളെ സ്നേഹിക്കുന്ന മലയാളത്തിലെ യുവ പ്രേക്ഷകരും ത്രസിപ്പിക്കുന്ന സ്വീകരണമാണ് നൽകിയത്.

മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജ് സുകുമാരന്റെ തകർപ്പൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഗംഭീര ആക്ഷൻ പ്രകടനം കൊണ്ട് രോമാഞ്ചം സമ്മാനിക്കുന്ന പൃഥ്വിരാജ്, വൈകാരിക രംഗങ്ങളിലും പ്രണയ രംഗങ്ങളിലും കയ്യടി നേടുന്നുണ്ട്.

മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി മാറ്റുന്നുണ്ട്. പ്രേക്ഷകർക്ക് കയ്യടിച്ചും വിസിലടിച്ചും ആവേശം കൊണ്ടും ആസ്വദിക്കാൻ കഴിയുന്ന ഒരു ഗംഭീര ഫെസ്റ്റിവൽ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഖലീഫ 2 ഇൽ മോഹൻലാൽ നായകനായി എത്തും. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ.

ഈ ചിത്രത്തിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിൽ എത്തിയപ്പോൾ, ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിച്ച ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ.

വിജയ് യുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

വിജയ് യുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാമിന്റെ വീതം സ്വര്‍ണ മോതിരം സൗജന്യമായി നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്ക മോതിരം പദ്ധതിയില്‍ കരാര്‍ സ്വന്തമാക്കി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും. ആദ്യ ഘട്ടമായി 4.42 ലക്ഷം നവജാത ശിശുക്കള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് സ്വര്‍ണ മോതിരം നല്‍കുന്നത്.

755 കോടി രൂപയുടെ പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ജോയ് ആലുക്കാസ് ആണ് ആദ്യം ഒന്നാം സ്ഥാനത്തെത്തിയത്. മോതിരത്തിന്റെ സ്വര്‍ണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സര്‍വീസ് ചാര്‍ജ് ക്വാട്ട് ചെയ്താണ് ജോയ് ആലുക്കാസ് കരാര്‍ സ്വന്തമാക്കിയത്. നിര്‍മാണ ചെലവ്, പാഴ് വസ്തു ചെലവ്, ഹാള്‍മാര്‍ക്കിങ്, പാക്കിങ്, ഇന്‍ഷുറന്‍സ്, ഗതാഗതം തുടങ്ങിയ അനുബന്ധ ചെലവുകള്‍ക്കായാണ് വെറും ഒരു പൈസ ജോയ് ആലുക്കാസ് ടെന്‍ഡറില്‍ രേഖപ്പെടുത്തിയത്.

ജോയ് ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു 10 കമ്പനികളോടും ജോയ് ആലുക്കാസിന്റെ നിരക്കിന് തുല്യമായ നിരക്ക് അംഗീകരിക്കാമോയെന്ന് സര്‍ക്കാര്‍ ചോദിച്ചു. ടെന്‍ഡര്‍ നടപടിക്രമത്തിന്റെ ഭാഗമായാണ് മറ്റു കമ്പനികള്‍ക്കും ഇത്തരത്തില്‍ നിരക്ക് പൊരുത്തപ്പെടാനുള്ള അവസരം നല്‍കിയത്. എന്നാല്‍ ജോയ് ആലുക്കാസ് രേഖപ്പെടുത്തിയ നിരക്ക് അംഗീകരിച്ച് അതേ നിരക്കില്‍ ഓര്‍ഡര്‍ ഏറ്റെടുക്കാന്‍ തയ്യാറായത് കല്യാണ്‍ ജ്വല്ലേഴ്‌സ് മാത്രമാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡര്‍ ജോയ് ആലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്‌സിനുമായി വിഭജിച്ചത്. ‘ഈ പദ്ധതിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന അര്‍ത്ഥവത്തായ പ്ലാനാണിത്.

നിലവിലുള്ള സ്വര്‍ണവിലയേക്കാള്‍ വെറും ഒരു പൈസ മാത്രം കൂട്ടി ക്വാട്ട് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ അധിക വാണിജ്യ ലാഭം ലക്ഷ്യമിടാതെ ഈ പ്രധാനപ്പെട്ട സാമൂഹിക ക്ഷേമ പദ്ധതിക്ക് സംഭാവന നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നത്.’- ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

ബൈബിള്‍ ക്ലാസിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ച് കോടതി

ബൈബിള്‍ ക്ലാസിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ച് കോടതി

തിരുനെല്‍വേലി: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ എസ് അബ്രഹാമിന് (47) തിരുനെല്‍വേലിയിലെ പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. നാല് പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന പീഡനങ്ങളുടെ ഓരോ കേസിലും പ്രത്യേകമായി വധശിക്ഷയാണ് കോടതി വിധിച്ചത്. ഇതുകൂടാതെ, ഓരോ ഇരയ്ക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

തിരുനെല്‍വേലിക്ക് സമീപമുള്ള മേലെ ഇലന്തൈക്കുളം എന്ന സ്ഥലത്ത് പ്രാര്‍ത്ഥനാലയം നടത്തിവരികയായിരുന്നു അബ്രഹാം. 2020ല്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് പീഡനങ്ങളുടെ തുടക്കം. ബൈബിള്‍ ക്ലാസുകള്‍, സംഗീത ക്ലാസുകള്‍ എന്നിവയുടെ മറവിലാണ് ഇയാള്‍ കുട്ടികളെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ആരെങ്കിലും വിവരമറിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സംഭവം പുറത്തറിയാന്‍ വൈകിയത്.

2022ല്‍ എട്ടു വയസ്സുകാരിയായ ഒരു പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് അമ്മയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതേ കുടുംബത്തിലെ മറ്റ് മൂന്ന് പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2022 ജൂലൈയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസ് അപൂവങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് വിലയിരുത്തിയാണ് ജഡ്ജി കെ സുരേഷ് കുമാര്‍ വധശിക്ഷ വിധിച്ചത്. പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കി കഴിഞ്ഞദിവസം ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷയാണ് ഹാജരായത്. പീഡനത്തിനിരയായ നാലു പെൺകുട്ടികളും രക്ഷിതാക്കളും കോടതിയിൽ മൊഴി നൽകിയിരുന്നു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നിറയിപ്പ്

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നിറയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദ സാധ്യതയും പ്രവചിക്കപ്പടുന്നു. പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമീപം വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ 2026 ആഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 23, 24, 25 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയുപ്പുള്ളത്. 25 ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക; സ്‌പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഒഴിവാക്കി

ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക; സ്‌പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഒഴിവാക്കി

തിരുവനന്തപുരം: ശബരിമലയില്‍ തിരുവോണ നാളില്‍ ഭക്തര്‍ക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും തിരുവോണസദ്യ നല്‍കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.ഓണസദ്യയുടെ പേരിലുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണസദ്യ നേരിട്ട് നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കും

ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന സമയങ്ങളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ എ.നിസാമുദ്ദീന്‍ നിയമിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍, സ്‌ക്വാഡ് ലീഡര്‍, സ്‌ക്വാഡ് അംഗങ്ങള്‍ എന്നീ ചുമതലകളും ജോലികളും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും.

സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉത്പന്ന നിരോധനം, നിരോധിത ഉത്പന്നങ്ങളുടെ വില്‍പ്പന തടയല്‍ തുടങ്ങിയ ചുമതല നിര്‍വഹിക്കും. സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ ചുമതലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് കീഴില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്ന ശബരിമല വിശുദ്ധിസേന അംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച് ആവശ്യമായ നിര്‍ദേശം നല്‍കും. മാലിന്യം നദിയില്‍ നിക്ഷേപിക്കല്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മാലിന്യം നീക്കം ചെയ്യാതെയിരിക്കുന്ന സംഭവങ്ങള്‍ എന്നിവ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. ഓണം പൂജയുമായി ബന്ധപ്പെട്ട് 24 മുതല്‍ 28 വരെ ശബരിമല നട തുറക്കുന്നത്.