കൊല്ലൂർ മൂകാംബികയിൽ നിന്ന് ഗണേശോത്സവ സന്ദേശയാത്രക്ക് തുടക്കം കുറിച്ചു

കൊല്ലൂർ മൂകാംബികയിൽ നിന്ന് ഗണേശോത്സവ സന്ദേശയാത്രക്ക് തുടക്കം കുറിച്ചു

ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് (ഔഷധ ഗണപതിക്ഷേത്രം), ശ്രീ ഗണേശോത്സവ സമിതി, വിശ്വഹിന്ദു പരിഷത്ത് (VHP) എന്നിവയുടെ നേതൃത്വത്തിലാണ് ഇക്കൊല്ലം ശ്രീഗണേശോത്സവം നടത്തുന്നത്. ഗണേശോത്സവം 2026 ൻ്റെ തുടക്കം കുറിച്ച് സന്ദേശയാത്ര ജൂലൈ 4,5,6 തീയതികളിൽ തുടക്കമായി.

5 /7/26 ഞായറാഴ്ച രാവിലെ 11.45 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. മാതാ അംബിക ചൈതന്യമയി (ചിന്താമണി ആശമം മൈസൂർ) സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതന്മാരായ സുരേഷ് ഒട്ട്, ശ്രീനാഥ് അടിഗ, മാതാ അംബിക ചൈതന്യമയി (ചിന്താമണി ആശ്രമം മൈസൂർ), ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, സമിതി പ്രസിഡൻറ് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വിധി പ്രകാരമുള്ള പൂജാധികാരങ്ങൾ നടന്നു.

സുരേഷ് (ഉടുപ്പി), പ്രൊഫ ശ്രുതിലയം കണ്ണൂർ, നാഗദാസ് ആലപ്പുഴ, കോ-ഓഡിനേറ്റർ തെറ്റിക്കുളം അനിൽകുമാർ, ട്രസ്റ്റ് സെക്രട്ടറി വക്കം സുനു, കൺവീനർമാരായ വഞ്ചിയൂർ രതീഷ്, അനിബാൾ ആനത്തലവട്ടം, വേങ്ങോട് സുബിൻ, തുളസി ശാർക്കര, രഞ്ജിത്ത്‌ കടയ്ക്കാവൂർ, വൈസ് പ്രസിഡൻ്റ്മാരായ സഞ്ജു വർക്കല, അനിൽ ബ്ലെറി ആറ്റിങ്ങൽ, സതീഷ് കുമാർ ചിറയിൻകീഴ്, ജനകകുമാരി തോട്ടയ്ക്കാട്, അർച്ചന ആറ്റിങ്ങൽ, സുഭാഷിണി ആറ്റിങ്ങൽ, തെറ്റിച്ചിറ രതീഷ് (വി എച്ച് പി. ജില്ലാ സെക്രട്ടറി തെറ്റിച്ചിറ ഷീജ (വി എച്ച്പി) ജയരാജൻ ഗൂഡല്ലൂർ, വിജയലക്ഷ്മി നീലഗിരി, ഓം ശ്രീദേവ് തൃശ്ശൂർ, ബൈജു നിലപ്പൂർ സുനിൽകുമാർ ആറ്റിങ്ങൽ, അനഘ തെറ്റിക്കുളം എന്നിവർ നേതൃത്വം നൽകി.

കേരളത്തിൻ്റെ സാമൂഹിക പശ്ചാത്തലം അപകടകരമാകാതിരിക്കുവാൻ ഭക്തി പ്രസ്ഥാനങ്ങൾക്ക് നിർണ്ണായക പങ്ക് വഹിക്കുവാൻ കഴിയുമെന്നും കരിച്ചയിൽ ഗണേശോത്സവ ടെംബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മാതാ അംബികാ ചൈതന്യമായി (ചിന്താമണി ആശ്രമം മൈസൂർ) ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കേരളത്തിൻറെ സാമൂഹിക പശ്ചാത്തലത്തിൽ ഗണേശോത്സവത്തിന്റെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. സംഘടിത സാമൂഹ്യ കൂട്ടായ്മകളെ സൃഷ്ടിക്കുവാൻ ഗണേശോത്സവത്തിന് കഴിയുന്നുണ്ടെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ന്യൂനമര്‍ദ്ദം തീവ്രമായി, കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദ്ദം തീവ്രമായി, കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് ‘തീവ്രന്യൂനമര്‍ദ്ദമായി’ മാറിയെന്ന് കാലാവസ്ഥ വകുപ്പ്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, വടക്കന്‍ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയില്‍ പ്രവേശിക്കാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടര്‍ന്ന് വടക്കന്‍ ഒഡീഷ, വടക്കന്‍ ഛത്തീസ്ഗഢ്‌നു മുകളിലൂടെ നീങ്ങാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ജൂലൈ 09 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍- മധ്യ കേരളത്തില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും നാളെയും, കര്‍ണാടക തീരത്ത് ഈ മാസം എട്ടു വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ കേരള – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ബുധനാഴ്ച വരെ കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ പശ്ചിമ ബംഗാള്‍, ഒഡിഷ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത. ആന്ധ്ര പ്രദേശ് തീരം, വടക്കന്‍ & മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,07,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല ജോബ് ഡേറ്റ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കൂട്ടാന്‍ അമേരിക്ക തയ്യാറാവാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കൂടിയത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും; തിങ്കളും ചൊവ്വയും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും; തിങ്കളും ചൊവ്വയും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനകം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, വടക്കന്‍ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന് പുറമേ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദമാണ് തീവ്രമായത്. നാളെ

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട്:

06/07/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

07/07/2026: എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്

08/07/2026: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

09/07/2026: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

ടെഹ്റാന്‍: ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വിലാപയാത്രയോടനുബന്ധിച്ച് രാജ്യത്ത് അതീവ ജാഗ്രത. തലസ്ഥാനമായ ടെഹ്റാനില്‍ നടക്കുന്ന വിലാപയാത്രയില്‍ ജനത്തിരക്ക് മൂലമുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ 1,500 മുതല്‍ 3,000 വരെ മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന നിഗമനത്തില്‍ ഇറാന്‍ അധികൃതര്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയതായി ജര്‍മ്മന്‍ മാധ്യമമായ ‘ഡി വെല്‍റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കാലങ്ങളില്‍ പ്രമുഖ നേതാക്കളുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍.

ഇറാനിയന്‍ റെഡ് ക്രസന്റും നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് ഓര്‍ഗനൈസേഷനും തയാറാക്കിയ രഹസ്യ രേഖകള്‍ ഉദ്ധരിച്ചാണ് ജര്‍മ്മന്‍ മാധ്യമം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വിലാപയാത്രയ്ക്കിടെയുണ്ടാകുന്ന കൂട്ടമരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടെഹ്റാന്‍ മുന്‍സിപ്പാലിറ്റി പ്രത്യേക വിഭാഗം രൂപീകരിക്കുകയും നഗരത്തിലെ ബെഹെഷ്ത്-ഇ സഹ്ര സെമിത്തേരിയില്‍ ആയിരക്കണക്കിന് പുതിയ കല്ലറകള്‍ സജ്ജമാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍കാലങ്ങളിലുണ്ടായ വന്‍ ദുരന്തങ്ങളാണ് ഇത്തരമൊരു സുരക്ഷാ മുന്‍കരുതലിലേക്ക് ഇറാനെ നയിച്ചത്. 2020ല്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 56 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1989ല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖമേനിയുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിക്കുകയും പതിനൊന്നായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇവ കൂടാതെ മറ്റൊരു ആഭ്യന്തര ആശങ്കയും നിലവിലെ ഇറാന്‍ സര്‍ക്കാരിനുണ്ട്. യുഎസുമായി ഒപ്പുവെച്ച സമാധാനക്കരാറിനെതിരെ വിമതര്‍ രംഗത്തുവരാനും, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ലമെന്റ് സ്പീക്കര്‍, വിദേശകാര്യ മന്ത്രി എന്നിവര്‍ക്കെതിരെ വിലാപയാത്രയ്ക്കിടെ പ്രതിഷേധങ്ങളോ ആക്രമണങ്ങളോ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തിലൊന്നുണ്ടായാല്‍ ജനം പരിഭ്രാന്തരാകാനും ഇതുമൂലമുണ്ടാകാനുള്ള തിക്കിലും തിരക്കിലും ആളുകള്‍ കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു.

ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിലാപയാത്രയ്ക്ക് ശേഷം ജൂലൈ 9ന് സ്വദേശമായ മഷാദില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കും. ഷിയാ മുസ്ലിംകളുടെ പ്രധാന പുണ്യസ്ഥലങ്ങളായ ഇറാനിലെ ഖോം, ഇറാഖിലെ നജാഫ്, കര്‍ബല എന്നിവിടങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും. ജൂലൈ 6 വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി മൃതദേഹം ടെഹ്റാനിലെ ഗ്രാന്‍ഡ് പ്രയര്‍ ഹാളില്‍ സൂക്ഷിക്കും.

ടെഹ്റാനിലെ ചടങ്ങുകളില്‍ മാത്രം കുറഞ്ഞത് രണ്ട് കോടിയിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടല്‍. തിരക്ക് നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമായി 24 മണിക്കൂറും സൗജന്യ മെട്രോ, ബസ് സര്‍വീസുകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലാപയാത്രയ്ക്കായി മാത്രം 1.7 കോടി ഡോളര്‍ (ഏകദേശം 140 കോടിയിലധികം രൂപ) ടെഹ്റാന്‍ നഗരസഭ മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.

ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടന്നു

ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ജില്ല കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി എം ജെ ആനന്ദ് നിർവഹിച്ചു. ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ ശരുൺ കുമാർ ആദ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. തുടർന്നു നടന്ന യോഗത്തിൽ ജനപ്രതിതിനിധികൾ ആയ അഡ്വ. ലിഷരാജ്, കോരാണി വിജയൻ, ലീല രാജേന്ദ്രൻ, വീണ വിഷ്ണു, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പ്രദീപ് കൊച്ചുപരുത്തി, അശോകൻ കോരാണി, മുൻ പഞ്ചായത്ത്‌ മെമ്പർ വിഷ്ണു രവീന്ദ്രൻ, ഡിസിസി മെമ്പർ സുജിത് ചെമ്പൂര്, അനിൽകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.