by Midhun HP News | Oct 17, 2026 | Latest News, കേരളം
കൊല്ലം: ചാത്തന്നൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ മൈലക്കാട് സ്വദേശി അജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചാത്തന്നൂർ സ്വദേശി ഷമിജയ്ക്കാണ് (32) വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷമിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും അടുത്തിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് വേർപിരിഞ്ഞു താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. പൊലിസ് അന്വേഷണം നടത്തിവരുന്നു.




by Midhun HP News | Oct 17, 2026 | Latest News, കേരളം
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 160 രൂപയുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13, 535 രൂപയിലും പവന് 1,08,280 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് നേരിയ തോതിലെങ്കിലും ഈ വില വർധനവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.




by Midhun HP News | Oct 17, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ അനുകൂല സാഹചര്യമായാണ് നവംബര്‍ മാസത്തെ കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്ന് ഒക്‌സ്ഫണ്ട് ഇക്കണോമിക്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 109 ഡോളറിന് മുകളിലാണ്.

‘2027ന്റെ തുടക്കത്തിലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പ്രചാരണം ശക്തമാകുന്നതിന് മുന്‍പ് ഇന്ധനവില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും അവസാനത്തെ യാഥാര്‍ഥ്യബോധമുള്ള അവസരമായി നവംബര്‍ മാസത്തെ കാണുന്നു’- ഒക്‌സ്ഫണ്ട് ഇക്കണോമിക്‌സിലെ ലീഡ് സാമ്പത്തിക ശാസ്ത്രജ്ഞനായ അലക്‌സാണ്ട്ര ഹെര്‍മാന്‍ പ്രസാദ് പറുന്നു. ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

മെയ് മാസത്തിലെ ഇന്ധന വില വര്‍ധനയുടെ പകുതിയോളം നവംബറില്‍ ഉണ്ടായേക്കും. ഇത് രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് ഉയര്‍ത്താന്‍ ഇടയാക്കിയേക്കുമെന്നും ഹെര്‍മാന്‍ പ്രസാദ് പറഞ്ഞു. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ പണപ്പെരുപ്പനിരക്ക് 6.5 ശതമാനമായി ഉയരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അങ്ങനെ വന്നാല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ വീണ്ടും മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


by Midhun HP News | Oct 17, 2026 | Latest News, ജില്ലാ വാർത്ത
കീഴാറ്റിങ്ങൽ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വൈ എൽ എം യു പി എസ്സിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഈ വർഷത്തെ ലോക ഭക്ഷ്യ ദിന സന്ദേശമായ ‘ഇന്ന് നവീകരിക്കൂ നാളെപോഷിപ്പിക്കു’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു മേള.
സ്കൂൾ പ്രധാന അധ്യാപിക ബിനു ഷെറീന മേള ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ, ഭക്ഷണം പാഴാക്കാതിരിക്കാൻ, നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നു കൊണ്ടുവന്ന പോഷക സമൃദ്ധമായ നാടൻ വിഭവങ്ങൾ, ചെറുധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. അധ്യാപകരായ അഞ്ജലി, രശ്മി എന്നിവർ നേതൃത്വം നൽകി.




by Midhun HP News | Oct 17, 2026 | Latest News, ജില്ലാ വാർത്ത
വർക്കല: വർക്കല റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റിയ സംഭവം റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. അനന്തപുരി എക്സ്പ്രസ് സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പാണ് ഒരാൾ സ്കൂട്ടറുമായി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ച് പിന്നിലിരുന്ന യാത്രക്കാരനെ ഇറക്കിയത്.


റെയിൽവേ സ്റ്റേഷന് സമീപം ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിന് എതിർവശത്തുള്ള താൽക്കാലിക പ്രവേശന കവാടത്തിലൂടെയാണ് സ്കൂട്ടറുമായി ഇയാൾ എത്തിയത്. പ്രവേശന കവാടത്തിൽവച്ച് ഓട്ടോ തൊഴിലാളികൾ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും താൻ പൊലീസ് ഇൻസ്പെക്ടറാണെന്ന് അവകാശപ്പെട്ട് ബഹളംവയ്ക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.

തുടർന്ന് തൊഴിലാളികളുടെ എതിർപ്പ് അവഗണിച്ച് തടസ്സങ്ങൾ മറികടന്ന് അതിവേഗത്തിൽ സ്കൂട്ടർ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. പ്ലാറ്റ്ഫോമിലെത്തിയ ഇയാൾ സ്കൂട്ടറിന് പിന്നിലിരുന്ന യാത്രക്കാരനെ അവിടെ ഇറക്കി.
സംഭവത്തിന്റെ ചിത്രങ്ങൾ പകർത്തിയ ഓട്ടോ തൊഴിലാളികൾ വിവരം റെയിൽവേ സ്റ്റേഷൻ മാനേജരെ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് ഇരുചക്രവാഹനം ഓടിച്ചുകയറ്റിയ സംഭവം ഗൗരവമായ സുരക്ഷാ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായത് സ്റ്റേഷനിലെ പ്രവേശന നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു.
താൻ പൊലീസ് ഇൻസ്പെക്ടറാണെന്ന് ഇയാൾ അവകാശപ്പെട്ടതായി ഓട്ടോ തൊഴിലാളികൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിലെ താൽക്കാലിക പ്രവേശന കവാടങ്ങളിലുൾപ്പെടെ സുരക്ഷാ സംവിധാനങ്ങളും വാഹനപ്രവേശന നിയന്ത്രണവും ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

by Midhun HP News | Oct 17, 2026 | Latest News, കേരളം
വിദ്യയുടെയും ജ്ഞാനത്തിന്റെയും കലകളുടെയും അധിദേവതയായ സരസ്വതീദേവിയെ ആരാധിക്കുന്ന വിശേഷദിനമാണ് നവരാത്രിയിലെ പൂജവയ്പ്പ്. അറിവിനോടുള്ള ആദരവും പഠനത്തോടുള്ള പ്രതിബദ്ധതയും ആത്മീയചൈതന്യവും ഒത്തുചേരുന്ന ഈ ദിവസം പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, സംഗീതോപകരണങ്ങൾ, തൊഴിൽപരമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ ദേവീസന്നിധിയിൽ സമർപ്പിച്ച് പൂജിക്കുന്നു. അജ്ഞാനത്തിന്റെ അന്ധകാരം അകറ്റി അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കണമെന്ന പ്രാർഥനയാണ് ഈ ആചാരത്തിന്റെ കാതൽ.
ഇത്തവണത്തെ പൂജവയ്പ്പ് എപ്പോൾ?
ഒക്ടോബർ 18 ഞായറാഴ്ചയാണ് പൂജവയ്പ്പ്. മലയാളമാസം 1202 തുലാം ഒന്നിന് ദുർഗാഷ്ടമി വരുന്നു. അന്ന് വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവയ്ക്കാം. അസ്തമയസമയത്ത് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൊതുവേ പൂജവയ്പ്പിനായി പരിഗണിക്കുന്നത്. വൈകുന്നേരം അഷ്ടമിതിഥി ലഭിക്കാത്ത സാഹചര്യത്തിൽ അതിനു മുമ്പുള്ള ദിവസമാണ് പൂജവയ്പ്പിനായി സ്വീകരിക്കുക. ഒക്ടോബർ 18-ന് അഷ്ടമിതിഥി ലഭിക്കുന്നതിനാൽ അന്നുതന്നെ പൂജവയ്ക്കാം.
നവരാത്രിയും ദേവീസങ്കൽപ്പങ്ങളും
നവരാത്രിയിൽ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീസങ്കൽപ്പങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദുർഗാദേവി ശക്തിയുടെയും ധർമസംരക്ഷണത്തിന്റെയും പ്രതീകമാണ്. ലക്ഷ്മീദേവി ഐശ്വര്യത്തെയും സമൃദ്ധിയെയും പ്രതിനിധാനം ചെയ്യുന്നു. സരസ്വതീദേവിയാകട്ടെ വിദ്യയുടെയും ജ്ഞാനത്തിന്റെയും കലകളുടെയും പ്രതീകമാണ്. നവരാത്രിയുടെ അവസാന ദിവസങ്ങളിലാണ് സരസ്വതീപൂജയ്ക്ക് വിശേഷപ്രാധാന്യം ലഭിക്കുന്നത്.
വിദ്യാർഥികൾ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്കു വയ്ക്കുന്നു. സംഗീതജ്ഞർ സംഗീതോപകരണങ്ങളും കലാകാരന്മാർ തങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും സമർപ്പിക്കുന്നു. തൊഴിലാളികളും സാങ്കേതികവിദഗ്ധരും ഉപജീവനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പൂജവയ്ക്കുന്ന പതിവുമുണ്ട്. അറിവ് നേടുന്നതിനും അധ്വാനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹായിക്കുന്ന ഉപകരണങ്ങളോടുള്ള ആദരവാണ് ഈ ആചാരത്തിലൂടെ പ്രകടമാകുന്നത്.
വീട്ടിൽ പൂജവയ്ക്കുന്ന വിധം
വീട്ടിൽ പൂജവയ്ക്കാൻ വൃത്തിയുള്ളതും ശാന്തവുമായ ഒരിടം തെരഞ്ഞെടുക്കാം. അവിടെ പീഠമൊരുക്കി പട്ടുവിരിച്ച് സരസ്വതീദേവിയുടെ ചിത്രം സ്ഥാപിക്കാം. ചിത്രത്തിനു മുന്നിൽ നിലവിളക്ക് തെളിച്ച് പുഷ്പമാല ചാർത്താം. അവിൽ, മലർ, കൽക്കണ്ടം, മുന്തിരി തുടങ്ങിയ നിവേദ്യങ്ങൾ സമർപ്പിച്ച് പ്രാർഥിക്കുകയും ചെയ്യാം.
ചില ആചാരക്രമങ്ങളിൽ പൂജാപീഠത്തിന്റെ മധ്യത്തിൽ സരസ്വതീദേവിയെ സങ്കൽപ്പിച്ച് വടക്കുഭാഗത്ത് ഗുരുവിനെയും വേദവ്യാസനെയും തെക്കുഭാഗത്ത് ഗണപതിയെയും ദക്ഷിണാമൂർത്തിയെയും സങ്കൽപ്പിച്ച് പൂജിക്കുന്ന രീതിയുമുണ്ട്. കുടുംബപാരമ്പര്യത്തിനും ഉപാസനാക്രമത്തിനും അനുസരിച്ച് ആചാരങ്ങളിൽ വ്യത്യാസങ്ങൾ വരാം.
പുസ്തകങ്ങൾ, പേനകൾ, കമ്പ്യൂട്ടർ, സംഗീതോപകരണങ്ങൾ, മറ്റ് പഠനോപകരണങ്ങൾ,വാഹനം എന്നിവ വൃത്തിയാക്കി പൂജയ്ക്കായി സമർപ്പിക്കാം. തൊഴിൽപരമായി ഉപയോഗിക്കുന്ന ഉപകരണങ്ങളും യന്ത്രങ്ങളും പൂജവയ്ക്കാവുന്നതാണ്. സമർപ്പിക്കുന്ന വസ്തുക്കളിൽ ദേവീസാന്നിധ്യം സങ്കൽപ്പിച്ച് ഭക്തിയോടെയും ആദരവോടെയും പ്രാർഥിക്കുകയാണ് പ്രധാനം.
പൂജവച്ച പുസ്തകങ്ങളും ഉപകരണങ്ങളും പൂജ അവസാനിക്കുന്നതുവരെ സാധാരണ ഉപയോഗത്തിനായി എടുക്കാതിരിക്കുന്നതാണ് ആചാരം. ഈ ദിവസങ്ങളിൽ വീട്ടിൽ ദീപം തെളിച്ച് പ്രാർഥിക്കുകയും സരസ്വതീമന്ത്രങ്ങളോ ഗായത്രീമന്ത്രമോ ഭക്തിപൂർവം ജപിക്കുകയും ചെയ്യാം.
പൂജവയ്പ്പ് ; അറിവിനെ ആദരിക്കാനും പഠനത്തിന് ജീവിതത്തിൽ അർഹമായ സ്ഥാനം നൽകാനുമുള്ള ഓർമപ്പെടുത്തലാണ്. കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം വളർത്താനും പുസ്തകങ്ങളോടും ഗുരുക്കന്മാരോടും ആദരവ് പുലർത്തുന്ന മനോഭാവം രൂപപ്പെടുത്താനും ഈ ആഘോഷം സഹായിക്കുന്നു.

വിദ്യാഭ്യാസം പരീക്ഷകളിൽ വിജയം നേടുന്നതിനുള്ള മാർഗം മാത്രമല്ല. വിവേകവും വിനയവും ധാർമികബോധവും വളർത്തി മനുഷ്യനെ ഉത്തമ വ്യക്തിത്വത്തിലേക്ക് നയിക്കുന്ന പ്രക്രിയ കൂടിയാണ് അത്. അതിനാൽ വിദ്യാദേവതയെ ആരാധിക്കുന്നതിനൊപ്പം നേടുന്ന അറിവ് ജീവിതത്തിൽ പ്രാവർത്തികമാക്കാനും ശ്രമിക്കണം.
കുട്ടികൾക്ക് പുസ്തകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും പഠനത്തിൽ ശ്രദ്ധയും ചിട്ടയും വളർത്താനും പൂജവയ്പ്പ് അവസര മൊരുക്കുന്നു. അതേസമയം, അറിവ് നേടുന്നതിന് പ്രായപരിധിയില്ലെന്ന സന്ദേശവും ഈ ആഘോഷം പകരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ കാര്യങ്ങൾ പഠിക്കാനും അറിവ് വികസിപ്പിക്കാനും കഴിയണം.

ദേവീസന്നിധിയിൽ പുസ്തകങ്ങൾ സമർപ്പിക്കുമ്പോൾ അറിവ് പകർന്നുതരുന്ന ഗുരുക്കന്മാരെയും മാതാപിതാക്കളെയും സ്മരിക്കുന്നതും ഉചിതമാണ്. അറിവ് നേടുക മാത്രമല്ല, അത് സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുക എന്നതും വിദ്യയുടെ യഥാർഥ ലക്ഷ്യമാണ്.
ഭക്തിയും വിശ്വാസവും നിറഞ്ഞ അന്തരീക്ഷത്തിൽ ആചരിക്കുന്ന പൂജവയ്പ്പ് മനസ്സിന് ശാന്തിയും പഠനത്തിന് പ്രചോദനവും പകരട്ടെ. വിദ്യാദേവതയായ സരസ്വതിയുടെ അനുഗ്രഹത്താൽ എല്ലാവരുടെയും ജീവിതത്തിൽ ജ്ഞാനവും വിവേകവും ഐശ്വര്യവും നിറയട്ടെ.


Recent Comments