നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വാഹനം ക്രെയിനിന് പിന്നിലിടിച്ച് അപകടം;  അധ്യാപികമാർക്ക് പരിക്ക്

നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വാഹനം ക്രെയിനിന് പിന്നിലിടിച്ച് അപകടം; അധ്യാപികമാർക്ക് പരിക്ക്

കല്ലമ്പലം: കല്ലമ്പലം നാവായിക്കുളത്ത് തട്ടുപാലത്ത് സർവീസ് റോഡിൽ സ്കൂൾ വാഹനം ക്രെയിനിന് പിന്നിലിടിച്ച് അപകടം. അധ്യാപികമാർക്ക് പരിക്ക്. കല്ലമ്പലം ഭാഗത്തേക്ക് 7 അധ്യാപികമാരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസ്സാണ് തട്ടു പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലായി സ്കൂൾ വാഹനം വന്നിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മരണപ്പെട്ടു. നഗരൂർ നെടുംപറമ്പ് പദ്മതീർത്ഥത്തിൽ ഷാജി (58) ആണ് മരണപ്പെട്ടത്.

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ തല്‍പ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇതാണ് മറ്റു പ്രവര്‍ത്തകരോട് പറയാനുള്ളത്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുക. അതിനപ്പുറമൊന്നുമില്ല. കേരളത്തിലെ നേതാക്കള്‍ ശാന്തരാണ്. കെ സുധാകരന്‍ എന്നല്ല, ആരായാലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ വട്ടപ്പൂജ്യമാണെന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞു. കഴിഞ്ഞ പത്തുകൊല്ലമായി ഇതു കേള്‍ക്കുകയാണ്. അവരാണ് തീരുമാനിക്കുന്നതെങ്കില്‍, അവര്‍ തീരുമാനിക്കട്ടെ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഞാനടക്കം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളരെ യോജിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ ഉരുള്‍പൊട്ടലുണ്ടാകും, കലാപം ഉണ്ടാകും എന്നൊക്കെ ചിലര്‍ പറഞ്ഞു. എന്നാല്‍ ഒന്നുമുണ്ടായില്ല. വളരെ സ്മൂത്തായി കാര്യങ്ങള്‍ നടന്നു. അതുപോലെ സ്മൂത്തായി ഇതും തീരുമാനിക്കും. പാര്‍ട്ടിക്ക് ലീഡര്‍ഷിപ്പുണ്ട്, വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. നേതാക്കന്മാരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം മാത്രമാണ്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഡീലിമിറ്റേഷനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. ചര്‍ച്ച മുഴുവന്‍ കോണ്‍ഗ്രസിനുള്ളിലേക്കാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അന്തസത്തയെ ബാധിക്കുന്ന ബില്ലിനെ മാധ്യമങ്ങള്‍ എത്രത്തോളം ഗൗരവമായി കണ്ടിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. 2023 ല്‍ വനിതാ സംവരണ ബില്‍ പാസ്സാക്കിയിട്ട് മൂന്നുവര്‍ഷത്തോളം അതു വെച്ചുകൊണ്ടിരുന്ന കേന്ദ്രസര്‍ക്കാരിന് ഒരു കുഴപ്പവുമില്ല. കോണ്‍ഗ്രസിനെയാണ് വിമര്‍ശിക്കുന്നത്. എന്തുകൊണ്ട് 543 അംഗ സഭയില്‍ വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കാതിരുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

പ്രസ്താവന അനുചിതം: സുധാകരനെ തള്ളി സണ്ണി ജോസഫ്

കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തള്ളിപ്പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ അനുചിതമാണ്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമായില്ല. നാലാം തീയതി ഫലം വരട്ടെ. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന് നടപടിക്രമമുണ്ട്. ജയിച്ചുവന്ന എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ആരായും. അതിനുശേഷം ആലോചിച്ച് ഹൈക്കമാന്‍ഡ് ഒരു തീരുമാനം പറയും. ആ തീരുമാനം കോണ്‍ഗ്രസിലെ എല്ലാവരും അംഗീകരിക്കും. അതാണ് കീഴ് വഴക്കം. അതിനായിട്ട് കാത്തു നില്‍ക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ചില സോഷ്യല്‍ മീഡിയ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തില്‍ പേരുകള്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. അതില്‍ ആരും കുടുങ്ങരുത്. വ്യത്യസ്ത പേരുകളുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതൊക്കെ തക്ക വേദിയില്‍ പറയുക. അതല്ലാതെ ഇത്തരം ചര്‍ച്ചകളിലേക്ക് പോകേണ്ട കാര്യമില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, പറയേണ്ട വേദിയില്‍ പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ അല്ല പ്രതികരിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ചില സോഷ്യല്‍ മീഡിയ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തില്‍ പേരുകള്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. അതില്‍ ആരും കുടുങ്ങരുത്. വ്യത്യസ്ത പേരുകളുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതൊക്കെ തക്ക വേദിയില്‍ പറയുക. അതല്ലാതെ ഇത്തരം ചര്‍ച്ചകളിലേക്ക് പോകേണ്ട കാര്യമില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, പറയേണ്ട വേദിയില്‍ പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ അല്ല പ്രതികരിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

വീണ്ടും പടക്കദുരന്തം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവ് മരിച്ചു

വീണ്ടും പടക്കദുരന്തം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവ് മരിച്ചു

പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. കയ്യിലിരുന്ന് ഗുണ്ട് പൊട്ടിയാണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുണ്ട് പൊട്ടി ഗുരുതരമായി പൊള്ളലേറ്റത് കൊണ്ടാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയിലും വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മരണം സംഭവിച്ചിരുന്നു. കൊരയങ്ങാട് തെരുവില്‍ അദ്വൈത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ഗുണ്ട് കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചാണ് അപകടം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു. പൊട്ടിത്തെറിയെത്തുടര്‍ന്ന് അദ്വൈതിന്റെ നെഞ്ചിലേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അദ്വൈതിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

റഷ്യൻ, ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ലെന്നു അമേരിക്ക

റഷ്യൻ, ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ലെന്നു അമേരിക്ക

വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് നൽകിയിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്ക. എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നത് തടയാനാണ് 30 ദിവസത്തെ താൽക്കാലിക ഇളവ് ഇന്ത്യക്ക് നൽകിയിരുന്നത്.

ഇറാനിൽ നിന്നും എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന അമേരിക്കൻ ഉപരോധ ഇളവുകളും ഇനി പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു.

കടലിൽ നിലവിൽ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും, ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. അമേരിക്കയുടെ നിർണായക പങ്കാളിയായ ഇന്ത്യ, ഇനിമുതൽ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രഷറി സെക്രട്ടറി പറഞ്ഞു. ആഗോള ഊർജ്ജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും യുഎസ് ട്രംഷറി സെക്രട്ടറി സൂചിപ്പിച്ചു.

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഈ മാസം 19 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാമെന്നാണ് അറിയിപ്പ്.

കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കനത്ത ചൂടില്‍ നിര്‍ജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക, പകല്‍ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

സൗജന്യ നേത്രപരിശോധന ഏപ്രിൽ 18ന്

സൗജന്യ നേത്രപരിശോധന ഏപ്രിൽ 18ന്

ആറ്റിങ്ങൽ ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കാണാശുപത്രിയുമായി ചേർന്ന് കൃഷ്ണപുരം റെസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ എൽ. എം. എസ്, എൽ. പി. എസിൽ വച്ച് 18.04.26 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ നേത്രപരിശോധന നടത്തുന്നു.

തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്ന് തന്നെ തിരുനെൽവേലിയിൽ കൊണ്ടുപോയി ശാസ്ത്രക്രിയക്ക് ശേഷം തിങ്കളാഴ്ച തിരികെ എത്തിക്കുന്നതാണ്.

രോഗികളുടെ യാത്രയുടെയും ചികിത്സയുടെയും ചിലവുകൾ പൂർണമായും അരവിന്ദ് ഐ ഹോസ്പിറ്റലും ലയണസ് ക്ലബ്സ് ഇന്റർനാഷനലും ചേർന്ന് വഹിക്കുന്നതാണ്. ആവശ്യമുള്ളവർക്ക് ഒരു ബൈസ്റ്റാൻഡേറെ കൂടെ കരുതാം.

രജിസ്ട്രേഷന് വേണ്ടി താഴേപറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

9656067700
9447020466
94470 15873
73561 84877