by Midhun HP News | Aug 20, 2026 | Latest News, കേരളം
പാലക്കാട്: കോളേജ് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കാട് സ്വദേശിയായ റിട്ടയേർഡ് പൊലീസുകാരൻ ലക്ഷ്മണനെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്. കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

വഴിയിൽ വെച്ച് വിദ്യാർഥിനിയെ തടഞ്ഞുനിർത്തിയ ഇയാൾ അപമര്യാദയായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് നോർത്ത് പൊലീസ് ലക്ഷ്മണനെതിരെ കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.



by Midhun HP News | Aug 20, 2026 | Latest News, കേരളം
തിരുവനന്തപുരം: വര്‍ഷങ്ങളുടെ ഇടവേളയ്ക്കും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണക്കാലത്ത് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ആനുകൂല്യങ്ങളും ഉത്സവബത്തയും ലഭ്യമാക്കുന്നതിനായി ധനവകുപ്പ് 33.92 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന ഉത്സവബത്തയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം പുനഃസ്ഥാപിച്ചു നല്‍കുന്നത്.

സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ സാലറി അഡ്വാന്‍സും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ബോണസും ലഭിക്കുന്നതാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്കുള്ള ഓണം അലവന്‍സ് 2019ന് ശേഷം ആദ്യമായാണ് നല്‍കുന്നത്. ഓണം സാലറി അഡ്വാന്‍സ് 2023ന് ശേഷം നല്‍കിയിരുന്നില്ല.
ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് അല്ലെങ്കില്‍ ഓണം അഡ്വാന്‍സ് തുക ലഭ്യമാക്കും. അനുവദിച്ച തുക ഉപയോഗിച്ച് ഓണത്തിന് മുന്‍പ് തന്നെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയുടെ ഭാഗവും വിതരണം ചെയ്യും. ഗഡുക്കളായി ശമ്പളം നല്‍കുന്ന രീതിക്ക് പകരം ഓണക്കാലത്ത് ഒരൊറ്റ ഗഡുവായി ശമ്പളം പൂര്‍ണമായി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കും.

വിരമിച്ച ജീവനക്കാര്‍ക്കും പെന്‍ഷന്‍ കുടിശ്ശികകളും ഉത്സവബത്തയും കൃത്യമായി ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ധനവകുപ്പ് നല്‍കിയിട്ടുണ്ട്. പ്രതിമാസം സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്ന ധനസഹായത്തിന് പുറമെയാണ് ഓണക്കാലത്തെ പ്രത്യേക അടിയന്തര സഹായമായി 33 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ഓണം ആനുകൂല്യ പ്രഖ്യാപനത്തിനൊപ്പം യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കാലത്തെ തിരക്ക് നേരിടാന്‍ ബംഗളൂരു, ചെന്നൈ തുടങ്ങിയ അന്തര്‍സംസ്ഥാന റൂട്ടുകളിലേക്കും സംസ്ഥാനത്തെ പ്രധാന റൂട്ടുകളിലും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. എന്റെ കെഎസ്ആര്‍ടിസി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.


by Midhun HP News | Aug 20, 2026 | Latest News, കേരളം
തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി അടുത്ത ഏപ്രിലില്‍ അവസാനിക്കും. നിലവിലെ നിയമസഭ കക്ഷിനില അനുസരിച്ച്, എല്ലാ എംഎല്‍എമാരും വോട്ടു ചെയ്താല്‍ സിപിഎമ്മിന് ഒരാളെപ്പോലും വിജയിപ്പിക്കാനാകില്ല. ഈ ദുര്‍ഘടാവസ്ഥ എങ്ങനെ മറികടക്കാമെന്നതു സംബന്ധിച്ച് സിപിഎമ്മില്‍ ചര്‍ച്ച തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ സിപിഎമ്മിന് മൂന്ന് ഒഴിവുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാനാകൂ.

വോട്ടെടുപ്പില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ബിജെപിയുടെ തീരുമാനം മൂന്ന് സീറ്റുകളില്‍ ഒരെണ്ണം ആര്‍ക്ക് ലഭിക്കുമെന്ന് നിര്‍ണ്ണയിക്കും. മുസ്ലിം ലീഗിന്റെ പി വി അബ്ദുള്‍ വഹാബ്, സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍ എന്നിവരുടെ രാജ്യസഭ കാലാവധിയാണ് 2027 ഏപ്രില്‍ 23 ന് അവസാനിക്കുന്നത്. 102 എംഎല്‍എമാരുള്ള യുഡിഎഫിന് രണ്ട് സീറ്റുകള്‍ നേടാനാകും. ശേഷിക്കുന്ന ഒരു സീറ്റിലാണ് മത്സരം നിര്‍ണ്ണായകമാകുക.

നിയമസഭയിലെ 140 അംഗങ്ങളും വോട്ട് ചെയ്താല്‍ മൂന്നാമത്തെ സീറ്റ് നേടാന്‍ 36 വോട്ടുകളാണ് വേണ്ടിവരിക. എന്നാല്‍ എല്‍ഡിഎഫിന് 35 എംഎല്‍എമാരാണുള്ളത്. വിജയിക്കാന്‍ ഇടതുപക്ഷത്തിന് ഒരു വോട്ട് കൂടി ആവശ്യമാണ്. നിയമസഭയില്‍ ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണുള്ളത്. ഇതോടെയാണ് ഇവരുടെ നിലപാട് നിര്‍ണായകമാകുന്നത്. ബിജെപി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നാല്‍ സാധുവായ വോട്ടുകളുടെ എണ്ണം 137 ആകും. ഇതോടെ ക്വാട്ട 35 ആയി കുറയും. ഇതുവഴി എല്‍ഡിഎഫിന് മൂന്നാമത്തെ സീറ്റില്‍ വിജയിക്കാനുമാകും.
വോട്ടെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നതില്‍ ബിജെപി ഒരു സന്ദിഗ്ധാവസ്ഥയിലാണ്. രാജ്യസഭയിലേക്ക് വിജയിക്കാന്‍ ആവശ്യമായ അംഗസംഖ്യ ഇല്ലെങ്കിലും, പങ്കെടുക്കണോ വേണ്ടയോ എന്ന അവരുടെ തീരുമാനം ഫലത്തെ നേരിട്ട് ബാധിക്കും. 140 എംഎല്‍എമാരും വോട്ട് ചെയ്താല്‍, എല്‍ഡിഎഫിന്റെ അധിക വോട്ട് ക്രോസ് വോട്ടിംഗിലൂടെ ലഭിച്ചേക്കാം. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു വഴി വിജയിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ തിരിച്ചടിയാണ്.
ബിജെപി വിട്ടുനില്‍ക്കുന്നതുവഴി എല്‍ഡിഎഫ് സീറ്റ് നേടിയാല്‍, സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തു വരും. ഇത് രാഷ്ട്രീയമായി യുഡിഎഫ് വിനിയോഗിക്കുകയും ചെയ്യും. എന്തായാലും ബിജെപിയുടെ സഹായം തേടില്ല എന്ന നിലപാടാണ് സിപിഎം എപ്പോഴും സ്വീകരിച്ചിട്ടുള്ളത് എന്ന് ഒരു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു. ഇതൊരു ദുഷ്‌കരമായ സാഹചര്യമാണ്. എന്നിരുന്നാലും, രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1964 ല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ടു ചെയ്തതിലൂടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സലേ മുഹമ്മദ് സേട്ട് വിജയിച്ചിട്ടുണ്ട്.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന താല്‍ക്കാലിക നിര്‍മ്മിതികള്‍ ഇന്ത്യന്‍ അധികൃതര്‍ നീക്കം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തിന് സമീപം സ്ഥാപിച്ചിരുന്ന ക്യൂ മാനേജ്മെന്റ് ബാരിയറുകളും മറ്റ് നിര്‍മ്മിതികളുമാണ് നീക്കം ചെയ്തത്.

കമ്മീഷന്റെ അംഗീകൃത അതിര്‍ത്തിക്ക് പുറത്തുള്ള പാതയില്‍ അനധികൃതമായി ഇവ സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് പൊതുഗതാഗതത്തിനും വഴിയാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തലത്തിലുള്ള നീക്കങ്ങളുടെ ഭാഗമായാണോ എന്നതും ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകളും പാര്‍ക്കിങ് പോസ്റ്റുകളും പാകിസ്ഥാന്‍ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്ര ബന്ധങ്ങള്‍ക്കിടയില്‍, ഹൈക്കമ്മീഷനുകളുടെ സുരക്ഷയും അതിര്‍ത്തി ക്രമീകരണങ്ങളും സംബന്ധിച്ച നടപടികള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമല്ലെങ്കിലും, നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഒഴിപ്പിക്കല്‍ എന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം യുഎസ് അംബാസഡര്‍, ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് പ്രതികരിച്ചതും പാകിസ്ഥാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അമേരിക്ക മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചത്.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. 1937ല്‍ പാസാക്കിയ പാര്‍ട്ടി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങള്‍ക്കിടെ വന്ദേമാതരം പാടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചുവെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാത്തതിനെതിരെയും ബിജെപി കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി.

ബിജെപിയുടെ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മഹാത്മഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലുമടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പിന്തുടര്‍ന്ന കീഴ്വഴക്കമാണ് തങ്ങളും പിന്തുടരുന്നതെന്ന് വ്യക്തമാക്കി. രവീന്ദ്രനാഥ ടാഗോര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് അന്ന് രണ്ട് ഖണ്ഡികകള്‍ മാത്രം പാടാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിന്റെ തീരുമാനത്തെ അങ്ങേയറ്റം അപലപനീയമെന്ന് വിശേഷിപ്പിച്ച ബിജെപി, കോണ്‍ഗ്രസ് പുതിയ ‘മുസ്ലിം ലീഗ്’ ആയി മാറിയെന്ന് പരിഹസിച്ചു. വന്ദേമാതരം ദേശീയ ഗാനത്തിന് തുല്യമായ നിയമപരിരക്ഷയുള്ള ഗാനമാണെന്നും, പാര്‍ട്ടി സ്വന്തം പ്രമേയത്തിന് രാജ്യത്തെ നിയമത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ബാങ്കിങ് ഇടപാടുകളില്‍ ഡിജിറ്റല്‍ യുഗം പിടിമുറുക്കുമ്പോഴും, സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങളെ കൂട്ടുപിടിക്കുന്ന ഇടമാണ് ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ അഥവാ ബിഎസ്ബിഡി അക്കൗണ്ടുകള്‍. എന്നാല്‍, ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 1 മുതല്‍ ബിഎസ്ബിഡി അക്കൗണ്ടുകള്‍ക്ക് പരിഷ്‌കരിച്ച സര്‍വീസ് ചാര്‍ജുകള്‍ നിലവില്‍ വരും. ചെറിയ തുക അക്കൗണ്ടില്‍ സൂക്ഷിക്കുന്നവര്‍ക്കും, ഇടയ്ക്കിടെ പണം പിന്‍വലിക്കുന്നവര്‍ക്കും ഈ മാറ്റം പ്രധാനമാണ്.

നിലവില്‍ ഒരു മാസം സൗജന്യമായി പിന്‍വലിക്കാവുന്ന നാല് തവണകള്‍ക്ക് ശേഷം, ബാങ്ക് പുതിയ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങും. അഞ്ചാമത്തെ തവണ മുതല്‍ നടത്തുന്ന ഓരോ പിന്‍വലിക്കലിനും 15 രൂപയും കൂടെ ജിഎസ്ടിയുമാണ് ഈടാക്കുക. നേരത്തെ, ഡിജിറ്റല്‍ ഇടപാടുകളെ (എടിഎമ്മുകളില്‍ യുപിഐ വഴി പിന്‍വലിക്കുന്നത് ഉള്‍പ്പെടെ) സൗജന്യ പിന്‍വലിക്കല്‍ പരിധിയില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയിരുന്നു. എന്നാല്‍ അത് ഇനി ഉണ്ടാകില്ല. ബ്രാഞ്ച് വഴിയോ, എടിഎം വഴിയോ, അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെയോ നടത്തുന്ന എല്ലാവിധ പണം പിന്‍വലിക്കലുകളും ഈ നാല് തവണയെന്ന പരിധിയില്‍ വരും. ഇതില്‍ കൂടുതല്‍ തവണകള്‍ പണം എടുക്കുന്നവര്‍ ഓരോ തവണയും അധിക തുക നല്‍കേണ്ടി വരും.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്ബിഡി അക്കൗണ്ടുകള്‍ തുടങ്ങിയത്. മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഇല്ലാത്ത റൂപേ എടിഎം കാര്‍ഡും ബാങ്ക് സൗജന്യമായി നല്‍കുന്നുണ്ട്. അമിതമായ കടമ്പകളില്ലാതെ സമ്പാദ്യം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമാണ്.

ബിഎസ്ബിഡി അക്കൗണ്ട് ഉള്ളവര്‍ക്ക് മറ്റ് സാധാരണ സേവിങ്‌സ് അക്കൗണ്ടുകള്‍ പാടില്ല. അങ്ങനെയുണ്ടെങ്കില്‍, പുതിയ അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളില്‍ പഴയത് ക്ലോസ് ചെയ്യണം. NEFT/RTGS വഴിയുള്ള പണം നിക്ഷേപിക്കലിന് ഇപ്പോഴും ചാര്‍ജുകളില്ല. കൂടാതെ ഇന്‍ഓപ്പറേറ്റീവ് അക്കൗണ്ടുകള്‍ സജീവമാക്കുന്നതിനും ഫീസുകള്‍ ഇല്ല. ഈ അക്കൗണ്ടില്‍ ചെക്ക് ബുക്ക് സൗകര്യം ലഭ്യമാകില്ല എന്നത് പ്രത്യേകം ഓര്‍ക്കുക. ചെറിയ സമ്പാദ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ ഇനി മുതല്‍ പിന്‍വലിക്കലുകളുടെ എണ്ണം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Recent Comments