by Midhun HP News | Apr 14, 2026 | Latest News, കേരളം
കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കോളജ് തല അന്വേഷണം നടക്കുകയാണെന്ന് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍. ആറുപേരടുന്ന സംഘമാണ് അന്വേഷിക്കുന്നത്. ആരോപണം ഉയര്‍ന്ന അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
റാം എന്ന അധ്യാപകനെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താന്‍ ഡിസംബര്‍ 18 നാണ് പ്രിന്‍സിപ്പലായി ചുമതലയേറ്റെടുക്കുന്നതെന്നും, അതിന് മുമ്പ് പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. പഴയ ഫയലുകളൊന്നും പരിശോധിച്ചിട്ടില്ല. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപിക ലത നല്‍കിയ പരാതിയിലാണ് പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയിലേക്ക് നിതിനെ വിളിപ്പിച്ചത്.
നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പ എടുത്തതില്‍ മാഡത്തിന്റെ ഫോണിലേക്ക് നിരന്തരം കോളുകളും ഭീഷണികളും വന്നിരുന്നു. ഇതിലാണ് മാഡം പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. മാഡത്തിന്റെ പേര് കൊടുത്തിട്ടില്ലെന്നാണ് ചോദിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ മൂന്നുപേരുടെ റഫറന്‍സ് നമ്പറാണ് കൊടുത്തതെന്ന് പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും സഹോദരിയുടേയും നമ്പറാണ് കൊടുത്തതെന്നാണ് പറഞ്ഞത്. അമ്മയുടെ പേര് ലത എന്നാണ്, മാഡത്തിന്റെ പേരും അതുതന്നെയാണ്.
നിരന്തരം ഫോണ്‍ വന്നപ്പോള്‍ മാഡം ഇമോഷണലായി. നിതിന്റെ ഫോട്ടോയും സന്ദേശങ്ങളും എല്ലാം തെളിവുകള്‍ മാഡത്തിന്റെ ഫോണില്‍ കാണിച്ചപ്പോള്‍ നിതിന് മാനസികമായി വിഷമം തോന്നിക്കാണും. ചേംബറില്‍ വെച്ചും കോളുകള്‍ വന്നിരുന്നു. ലത മാഡവും അനാട്ടമി സെക്ഷനിലെ മറ്റൊരു മാഡവുമാണ് പ്രിന്‍സിപ്പല്‍ ഓഫീസ് റൂമില്‍ നിതിനുമായി സംസാരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. പ്രൊഫ. റാമും അധ്യാപിക സംഗീതയും ഉണ്ടായിരുന്നില്ല. റാമുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല. സാധാരണ എന്തു പരാതി വന്നാലും അതു രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാറുള്ളതാണ്.
സംഭവം നടന്നപ്പോള്‍ കാഷ്വാലിറ്റിയില്‍ നിന്നും നിതിന്റെ കുടുംബത്തെ വിളിച്ച് അറിയിച്ചിരുന്നു. മുമ്പും ഫോണ്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ അത് സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മുറിയില്‍ ഫോണ്‍ വെച്ചിട്ടാണ് നിതിന്‍ പുറത്തേക്ക് പോയത്. താന്‍ ഫോണ്‍ പിടിച്ചു വെച്ചിട്ടൊന്നുമില്ല. സംസാരത്തിനിടെ ഫോണ്‍ വെച്ചിട്ട് നിതിന്‍ പുറത്തേക്ക് പോയി. കുറച്ചു നേരം ഓഫീസിന് മുന്നില്‍ നിന്നശേഷമാണ് പോയത്. ലോണ്‍ അടയ്ക്കുമെന്നാണ് നിതിന്‍ പറഞ്ഞതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കണ്ണൂര്‍: ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയും അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണമായെന്ന് പൊലീസ്. അധ്യാപിക ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കി. പൊലീസില്‍ പരാതി നല്‍കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചതും സമ്മര്‍ദം കൂട്ടിയെന്ന് പൊലീസ് പറയുന്നു.
ലോണ്‍ ആപ്പില്‍ നിന്നും 14,000 രൂപയാണ് നിതിന്‍ വായ്പയെടുത്തത്. ഈ മാസം 9ന് നിതിന്റെ ഫോണിലേക്ക് കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെ 98 എണ്ണം വന്നു. ടീച്ചര്‍ ലതയ്ക്കും നിരവധി കോളുകള്‍ വന്നു. തുടര്‍ന്ന് ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പലിന്റെയും ടീച്ചറിന്റെയും സാന്നിധ്യത്തില്‍ നിതിന്‍ ലോണ്‍ ആപ്പുകാരെ വിളിച്ചു. ടീച്ചറെ വിളിക്കരുതെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ഒഴിവാക്കാനാകില്ലെന്ന് ലോണ്‍ ആപ്പ് സംഘം മറുപടി നല്‍കി. ടീച്ചറിന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് താന്‍ അല്ലെന്നും നിതിന്‍ പറഞ്ഞു. എന്നാല്‍ നിതിന്‍ തന്നെയാണ് നമ്പര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. പൊലീസില്‍ പരാതി നല്‍കാന്‍ പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചുവച്ചു.
തുടര്‍ന്ന് നിതിന്‍ ഓഫിസില്‍ നിന്ന് പുറത്തേക്ക് വന്നത് വളരെ വിഷമത്തോടെയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. പണം സംഘടിപ്പിക്കാമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പറയുന്നത്. മരിച്ച ദിവസം ഉച്ചക്ക് 1.17നാണ് നിതിന്‍ കരഞ്ഞുകൊണ്ട് പുറത്തുപോകുന്നതെന്നും മൊഴിയില്‍ സൂചിപ്പിക്കുന്നു.
ഇന്‍സ്റ്റഗ്രാം ആപ്പ് വഴിയാണ് നിതിന്‍ ലോണ്‍ എടുത്തത്. 14,000 രൂപയാണ് വായ്പയെടുത്തത്. 13,500 രൂപയാണ് നിതിന് വായ്പക്കാര്‍ നല്‍കിയത്. ഏപ്രില്‍ 6ന് 1000 രൂപ തിരിച്ചടച്ചു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ 18,000 തിരിച്ചടക്കണമെന്നായിരുന്നു വായ്പക്കാര്‍ ആവശ്യപ്പെട്ടത്. നിതിന്റെ ഫോണിലുള്ളത് ഏതാനും നമ്പറുകള്‍ മാത്രമാണ്. നിതീനെ ജാതീയമായി അധിക്ഷേപിച്ചു എന്ന കുറ്റത്തിന് പ്രതിയാക്കിയ പ്രൊഫ. റാം, സംഗീത എന്നീ അധ്യാപകര്‍ ഒളിവില്‍ തുടരുകയാണ്.


by Midhun HP News | Apr 14, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ആദ്യമായി ബോണസ് ഷെയര്‍ ഇഷ്യു പ്രഖ്യാപിച്ചു. 1:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കാന്‍ എല്‍ഐസി ബോര്‍ഡ് അനുമതി നല്‍കി. അതായത് എല്‍ഐസിയുടെ ഒരു ഓഹരി കൈവശം ഉള്ള ഓഹരി ഉടമയ്ക്ക് ഒരു ഓഹരി ബോണസ് ഷെയറായി ലഭിക്കും.
2022 മെയ് മാസത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് എല്‍ഐസി ഇത്തരമൊരു ബോണസ് ഇഷ്യൂ പ്രഖ്യാപിക്കുന്നത്. അന്ന് എല്‍ഐസിയില്‍ സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തത്തില്‍ നിന്ന് 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതിലൂടെ 21,003 കോടി രൂപയാണ് സമാഹരിച്ചത്.
ഈ ബോണസ് ഓഹരി പ്രഖ്യാപനം ഒരു ഫോളോ-ഓണ്‍ പബ്ലിക് ഓഫറിന്റെ മുന്നോടിയായാണ് വിപണി നിരീക്ഷകര്‍ കാണുന്നത്. തിങ്കളാഴ്ച വൈകി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ അറിയിപ്പില്‍, 2025 ഡിസംബര്‍ വരെയുള്ള കോര്‍പ്പറേഷന്റെ കരുതല്‍ ധനത്തില്‍ നിന്നും 6,325 കോടി രൂപ ഉപയോഗിച്ച് ബോണസ് ഓഹരികള്‍ നല്‍കുമെന്ന് എല്‍ഐസി വ്യക്തമാക്കി.
1:1 ബോണസ് ഓഹരി എന്നാല്‍, റെക്കോര്‍ഡ് ഡേയ്റ്റില്‍ ഒരു ഓഹരി കൈവശമുള്ള നിക്ഷേപകന് അധികമായി ഒരു ഓഹരി കൂടി സൗജന്യമായി ലഭിക്കും. ഇതോടെ ഓരോ ഓഹരിയുടെയും വിപണി മൂല്യം പകുതിയായി കുറയും.
ബോണസ് ഓഹരി പ്രഖ്യാപനം ഉണ്ടാകുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് സെഷനുകളിലായി എല്‍ഐസി ഓഹരികള്‍ 9.32 ശതമാനം മുന്നേറിയിരുന്നു. തിങ്കളാഴ്ച ഒരു ശതമാനം വര്‍ധിച്ച് 809 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോണസ് അനുവദിച്ച ശേഷം ഓരോ ഓഹരിയുടെയും വില 404.50 രൂപയാകും. ഓഹരിക്ക് 10 രൂപയാണ് മുഖവില.


by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചതെന്ന് സഹോദരി. ലോണ്‍ ആപ്പിന്റെ കാര്യം വീട്ടില്‍ അറിയാവുന്നതാണ്. പെയ്‌മെന്റ് അടച്ചതാണ്. റഫറന്‍സായി വെച്ചിരിക്കുന്ന നമ്പറുകള്‍ ചേച്ചിയുടേയും തന്റെയും അച്ഛന്റെയും അമ്മയുടേതുമാണ്. അല്ലാതെ ടീച്ചറിന്റെ നമ്പര്‍ വെച്ചിട്ടില്ല. കോളജില്‍ വെച്ച് എന്തോ നടന്നിട്ടുണ്ട്. അവരെല്ലാം ചേര്‍ന്ന് അവനെ കൊന്നതാണെന്നും സഹോദരി നിഖിത പറയുന്നു.
നിതിന്‍ വളരെ ദേഷ്യത്തില്‍ ഓഫീസിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്ന് ഒരുപാട് കുട്ടികള്‍ പറഞ്ഞിരുന്നു. ലോണ്‍ ആപ്പിന്റെ പേരില്‍ മരണം ചുരുക്കാനാണ് ശ്രമമെങ്കില്‍ അതു സമ്മതിക്കില്ല. അതിനെതിരെ പോകാന്‍ പറ്റുന്ന ഇടം വരെ പോകും. നീതിന് നീതി ലഭിച്ചില്ലെങ്കില്‍ ഞങ്ങളും ഈ ലോകത്ത് കാണില്ലെന്നും സഹോദരി പറയുന്നു. അന്ന് റാമിന്റെ കാര്യവും അവന്‍ വിളിച്ചു പറഞ്ഞതാണ്. എന്തു കാര്യവും നിതിന്‍ തുറന്നു പറയുമായിരുന്നുവെന്നും നിഖിത പറഞ്ഞു.
ആപ്പ് ലോണിന്റെ പേരില്‍ ചുരുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ തന്റെ ഫോണിലും തെളിവുണ്ട്. ലത എന്ന അധ്യാപികയുടെ നമ്പര്‍ റഫറന്‍സായി നല്‍കിയിട്ടില്ല. അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ അത് ഹാക്ക് ചെയ്തതായിരിക്കും. ബാങ്കുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഒരാളായതിനാല്‍ അതേപ്പറ്റി തനിക്ക് വ്യക്തമായി അറിയാം. അവന്റെ സിബില്‍ സ്‌കോര്‍ അടക്കം പരിശോധിച്ചതാണ്. അവന് വേറെ ലോണ്‍ ഒന്നും തന്നെയില്ല.
മൂന്നുമാസത്തോളം സിക്ക് റൂമില്‍ ഒറ്റയ്ക്ക് ഇട്ടിട്ടുപോലും അത്രയ്ക്കും ബോള്‍ഡായി ജീവിച്ചവനാണ്. പറ്റില്ലായിരുന്നുവെങ്കില്‍ അന്നേ അവന്‍ അതെല്ലാം ഇട്ട് ഓടി വരുമായിരുന്നു. ഇത്രയും പിടിച്ചു നിന്ന അവര്‍ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുമോയെന്നും നിഖിത ചോദിക്കുന്നു. ലക്ഷങ്ങള്‍ ലോണ്‍ ആപ്പില്‍ നിന്നും തട്ടിയെടുത്തിട്ടൊന്നുമില്ല. ആപ്പ് ലോണിന്റെ പേരില്‍ കേസ് തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഈ ഭൂമിയില്‍ കാണില്ലെന്നും നിഖിത പറയുന്നു.


by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കടുവയിൽ കാട്ടുമ്പുറം കൃഷ്ണവിലാസത്തിൽ കൃഷ്ണൻ കുട്ടി നായർ (83) അന്തരിച്ചു.
മക്കൾ: ബിജുകുമാർ, മഞ്ജു ടി നായർ,
മരുമക്കൾ: അനുസോമൻ, തങ്കകുട്ടൻ നായർ.
മരണനാന്തരചടങ്ങുകൾ ഏപ്രിൽ 24 ന് രാവിലെ 10 മണിക്ക്.
by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം.
2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ രേഖകളില്‍ 18 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 18 വയസ്സ് പൂര്‍ത്തിയായെന്ന് രേഖപ്പെടുത്തിയുള്ള സാക്ഷ്യപത്രവും പെണ്‍കുട്ടി ഹാജരാക്കി. വിവാഹം നടന്ന ക്ഷേത്രത്തിലെ അധികൃതരും ആധാര്‍ പരിശോധിച്ചിരുന്നു. അതേസമയം, പെണ്‍കുട്ടി ജനിച്ച ആശുപത്രിയിലെ അധികൃതരെ സമീപിച്ച മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വിവാഹത്തിനു ശേഷമായിരുന്നു ഇത്.
ആശുപത്രിയിലെ രേഖകളില്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നാണെന്നാണു രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് നോക്കിയാല്‍ വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസാണ് പ്രായം. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തേത് റദ്ദാക്കി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടാകാമെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം ഇതിലാണുള്ളതെന്നുമാണു പൊലീസിന്റെ വാദം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു പൂവാര്‍ പഞ്ചായത്തിലും ആദ്യത്തെ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമാണു പെണ്‍കുട്ടി സമര്‍പ്പിച്ചത്. പൊലീസിന്റെയോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണു പൊലീസ്. അതേസമയം, ആദ്യ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷണം നടത്തേണ്ടിവരുമെന്നും ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം റൂറല്‍ എസ്പി ജുവ്വനപ്പുഡി മഹേഷ് ചൂണ്ടിക്കാട്ടി.


Recent Comments