by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
നടന്‍ ബിജു മേനോനെതിരായ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ബിജു മേനോന്‍ അനൂപ് കണ്ണന് 15 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അറിയിപ്പ്. ഈ തുക ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് തീരുമാനം.
അതേസമയം നഷ്ടം നികത്താന്‍ ബിജു മേനോന്‍ തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ സഹകരിക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് ബിജു മേനോന് നല്‍കിയെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചത്.
ബിജു മേനോന്‍ നായകനായ നടന്ന സംഭവം എന്ന സിനിമയുടെ നിര്‍മാതാവാണ് അനൂപ് കണ്ണന്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി 10 ദിവസം നല്‍കാമെന്ന കരാറില്‍ ബിജു മേനോന്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്. ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞത്.
നേരത്തെ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനാണ് ബിജു മേനോന്റെ പേര് പരസ്യമായി ഉന്നയിച്ചത്. ബിജു മേനോന്‍ കാരണം ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പിന്നാലെയാണ് അനൂപും രംഗത്തെത്തിയത്. ബിജു മേനോനേയും അദ്ദേഹത്തിന്റെ മാനേജരേയും ബന്ധപ്പെടാന്‍ താന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അനൂപ് പറഞ്ഞിരുന്നു.


by Midhun HP News | Feb 11, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവും പുറത്തേക്ക്. കൊല്ലം വിജിലന്‍സ് കോടതി എൻ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് ഇപ്പോള്‍ കേസിലെ പ്രതിയായ എൻ വാസുവും ജാമ്യം നേടുന്നത്. ദേവസ്വം മുൻ പ്രസിഡന്‍റും കമ്മീഷണറുമായ എൻ വാസു കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ്. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്.

വാസുവിന്‍റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി നൽകിയിരുന്നത്. വിവേചനം കാണിക്കാൻ പറ്റില്ലെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നൽകുന്നത് ഇനിയും വൈകിയാൽ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി.ജയശ്രീയിലെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവാണ് നീട്ടിയത്. ജയശ്രീയുടെ മുൻകൂര്‍ ജാമ്യാഹര്‍ജി പരിഗണിക്കുന്നതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയിലെ മുഴുവൻ സ്വർണ്ണവും അടിച്ചു മാറ്റിയെന് ഇന്നലെ വാർത്ത കണ്ടുവെന്നും കൊടിമരത്തിൽ നിന്നടക്കം സ്വർണ്ണം പോയെന്ന് വാർത്ത വായിച്ചുവെന്നും കോടതി വിമര്‍ശിച്ചു. ജയശ്രീക്ക് ചികിത്സയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാമെന്ന് പറഞ്ഞ കോടതി കേരളത്തിൽ എംയിസ് ഉണ്ടോയെന്നും ചോദിച്ചു. ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം നൽകാമെന്നും കോടതി പറഞ്ഞു.

by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ശാർക്കരയിൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ക്ഷേത്ര മൈതാനി മുഴുവൻ പൊങ്കാല അടുപ്പുകൾ നിർത്തിയിട്ടുണ്ട്. ഈ വരുന്ന ഫെബ്രുവരി 13 (വെള്ളിയാഴ്ച) ആണ് പ്രസിദ്ധമായ പൊങ്കാല നടക്കുന്നത്. പൊങ്കാലയ്ക്ക് വരുന്നവരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും. വിവിധ സന്നദ്ധ സംഘടനകളുടെ അന്നദാനവും കുടിവെള്ള വിതരണവും ക്ഷേത്രത്തിന്റെ എല്ലാഭാഗത്തും നടത്തുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ സേവനവും ആംബുലൻസ് സർവീസും ഉറപ്പാക്കിയിട്ടുണ്ട്. പൊങ്കാലയിടാൻ വരുന്നവർ ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമായും പാലിക്കേണ്ടതാണെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30 നാണ് പണ്ടാരഅടുപ്പിൽ തീ പകരുന്നത്.


by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിൽ പിൻവാതിൽ നിയമനത്തിന് നീക്കം. കണ്‍സ്യൂമര്‍ ഫെഡിലെ 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഭരണസമിതിയുടെ നീക്കം. സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്‍റെയും എതിര്‍പ്പ് മറികടന്നാണ് കണ്‍സ്യൂമര്‍ ഫെഡിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത്. കോടികളുടെ സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തിൽ സ്ഥിരപ്പെടുത്തൽ വൻ ബാധ്യതയാകുമെന്നാണ് സഹകരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സെക്രട്ടറിയുടെ ഉത്തരവ് മാധ്യമങ്ങൾക്ക് ലഭിച്ചു. എതിര്‍പ്പിനിടെയും കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി തീരുമാനവുമായി മുന്നോട്ടുപോവുകയാണ്.

മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കാലാവധി തീരുന്ന സമയങ്ങളിൽ പിൻവാതിൽ നിയമനം വ്യാപകമായി നടക്കാറുണ്ട്. പത്തുവര്‍ഷത്തിലധികവമായി ജോലി ചെയ്യുന്നുവെന്ന കാരണം മുൻനിര്‍ത്തിയാണ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലാവധി തീരാൻ ഏതാനും മാസം മാത്രം ബാക്കി നിൽക്കെ ഇതിനോടകം പല സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നിന്നും ഇത്തരം സ്ഥിര നിയമന നീക്കം നടക്കുന്നുണ്ട്. സമാനമായ രീതിയിലാണിപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡിലും സ്ഥിര നിയമനം നീക്കം നടക്കുന്നത്.
സ്ഥാപനം തന്ന തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകുമെന്നും വലിയ നഷ്ടത്തിലേക്ക് പോകുമെന്നും വ്യക്തമാക്കിയാണ് സഹകരണ സെക്രട്ടറി ഉത്തരവിറക്കിയത്. സുപ്രീം കോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. എന്നാൽ, ഇത് വകവെക്കാതെയാണ് മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയിലേക്ക് നിയമനം വരുകയാണ്. സര്‍ക്കാര്‍ അന്തിമമായി എത്രപേര്‍ക്ക് നിയമനം നൽകുമെന്ന് വ്യക്തമായിട്ടില്ല. 1017 പേരാണ് താത്കാലിക അടിസ്ഥാനത്തിൽ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുടെ യോഗവും ഇന്ന് മന്ത്രി വിഎൻ വാസവൻ വിളിച്ചിട്ടുണ്ട്.

by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനക്കൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. സ്വകാര്യ ബസില്‍ വെച്ച് ഷിംജിത ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന്‍റേയും ലാപ്ടോപ്പിന്‍റേയും ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. 21 ദിവസമായി ഷിംജിത റിമാന്‍ഡിൽ കഴിയുകയാണെന്നും ഫോറന്‍സിക് ഫലം വരുന്നത് വരെ ജയിലില്‍ കഴിയേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ദീപക്കിന്‍റെ ആതമഹത്യ. ദീപക്കിന്‍റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.


by Midhun HP News | Feb 11, 2026 | Latest News, ദേശീയ വാർത്ത
ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപ് വന്ദേ മാതരം ആറ് ചരണങ്ങൾ ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശത്തിലാണ് ഇത് പറയുന്നത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകലിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കൻ്റും ദൈർഘ്യമുള്ള വന്ദേ മാതരം ആലപിക്കണമെന്നാണ് നിർദേശം. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ന്യൂസ് റീൽ, ഡോക്യുമെൻ്ററി സിനിമാ പ്രദർശനം എന്നിവിടങ്ങളിൽ വന്ദേ മാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേൽക്കേണ്ടതില്ല. സ്‌കൂൾ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാൻ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിർബന്ധമായും ഇനി മുതൽ വന്ദേ മാതരം ആലപിക്കണം.

ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിൻ്റെയും പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതിൽ കേന്ദ്ര സർക്കാർ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ സിവിൽ ചടങ്ങുകൾ, സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികളിലും മറ്റ് ചടങ്ങുകളിലും രാഷ്ട്രപതിയുടെ വരവ്, അത്തരം ചടങ്ങുകളിൽ നിന്ന് അദ്ദേഹം പോകുമ്പോൾ, പ്രസിഡന്റ് അഖിലേന്ത്യാ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും, ഗവർണർ/ലെഫ്റ്റനന്റ് ഗവർണർ തന്റെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിനുള്ളിലെ ഔദ്യോഗിക സംസ്ഥാന പരിപാടികളിൽ എത്തിച്ചേരുകയും അത്തരം ചടങ്ങുകളിൽ നിന്ന് അദ്ദേഹം പോകുമ്പോൾ, ദേശീയ പതാക പരേഡിൽ കൊണ്ടുവരുമ്പോൾ, ഇന്ത്യാ ഗവൺമെന്റ് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സന്ദർഭങ്ങളിലും വന്ദേ മാതരം ആലപിക്കണമെന്നാണ് പുതിയ ഉത്തരവിലെ നിർദേശം.
പൊതുചടങ്ങുകളിൽ വന്ദേ മാതരം വരികൾ അച്ചടിച്ച് സദസിൽ വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്. സ്കൂളുകളിൽ പ്രവർത്തി ദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് വേണം തുടങ്ങാൻ. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിലും വന്ദേ മാതരം ആലപിക്കാം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മാതൃരാജ്യത്തോടുള്ള അഭിവാദനമെന്ന നിലയിലാണ് വന്ദേ മാതരം ആലപിക്കുന്നതെന്നും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. 2025 ഡിസംബറിൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിനിടെ വന്ദേ മാതരം ചൂടേറിയ ചർച്ചയായി മാറിയിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണപക്ഷത്തെ നയിച്ചത്. ദേശീയ ഗാനത്തിലെ വരികൾ കോൺഗ്രസ് വെട്ടിമാറ്റിയെന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായി.

Recent Comments