by Midhun HP News | Apr 13, 2026 | Latest News, ജില്ലാ വാർത്ത
ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവെക്കാതെ നമ്മുടെ വീടുകളിൽ എത്തി മാലിന്യം ശേഖരിക്കുന്നവരാണ് ഹരിതകർമസേനാംഗങ്ങൾ. പാലക്കാട് വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി പ്രദേശത്ത് മാലിന്യം തരംതിരിക്കുന്നതിനിടയിലാണ് പ്രിയ, ഷീജ, വിജയലക്ഷ്മി എന്നിവർക്ക് ഒരു സ്വർണമാല ലഭിച്ചത്.
ഞാറയ്ക്കൽ മാധവൻ്റെ വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾക്കിടയിലായിരുന്നു അശ്വതി എന്ന യുവതിയുടെ രണ്ട് പവൻ തൂക്കം വരുന്ന മാല ഉണ്ടായിരുന്നത്. ഒട്ടും വൈകിപ്പിക്കാതെ തന്നെ അവർ വീട്ടുടമസ്ഥരെ വിവരമറിയിക്കുകയും നിറഞ്ഞ പുഞ്ചിരിയോടെ മാല തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഹരിതകർമസേനാംഗങ്ങളുടെ ഈ മാതൃകാപരമായ പ്രവർത്തിയിൽ സന്തോഷം പ്രകടിപ്പിച്ച വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ അവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സത്യസന്ധതയ്ക്ക് ഇപ്പോഴും വിലയുണ്ടെന്ന് തെളിയിച്ച ഈ സഹോദരിമാർക്ക് നമുക്കും നൽകാം ഒരു ബിഗ് സല്യൂട്ട്!


by Midhun HP News | Apr 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. ഒന്നര ലക്ഷം രൂപയോളം മോഷണം പോയി. പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു.
ഈ പമ്പില്‍ രണ്ടാമത്തെ തവണയാണ് മോഷണം നടക്കുന്നത്. പുലര്‍ച്ചെ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കളക്ഷനാണ് പമ്പില്‍ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു.
ഒരാള്‍ നടന്നു വരുന്നതും, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസിനുള്ളില്‍ കയറുകയുമായിരുന്നു. ഇയാള്‍ പണവുമെടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Apr 13, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇറാന്‍- അമേരിക്ക ചര്‍ച്ച പരാജയപ്പെട്ടതോടെ എണ്ണവില ഉയര്‍ന്ന് വീണ്ടും ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Apr 13, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇതിനു പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ബെന്റ് ക്രൂഡ് വില 7 ശതമാനം ഉയർന്ന് 102.29 ഡോളറായി. സമാധാന ചർച്ച പരാജയമായതാണ് തിരിച്ചടിയായത്. ഹോർമൂസ് കടലിടുക്കിൽ പട്രോളിങ് നടത്താനാണ് ട്രംപിന്റെ നീക്കം.
ഇറാനിലേക്കോ പുറത്തേക്കോ ഉള്ള കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു. ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമായിരിക്കും. ഒരു രാജ്യത്തിനും ഇതിൽ ഇളവ് നൽകില്ലെന്നാണ് അറിയിപ്പ്.
എന്നാൽ ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ല. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയെ പരിഹസിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ രംഗത്തെത്തി. ട്രംപിന്റെ ഭീഷണികൾ ചിരിക്കാൻ വകയുള്ളതെന്ന് നേവി കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങൾ ഇറാൻ സേന നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.


by Midhun HP News | Apr 13, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരും. കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ ചൂട് കൂടുതല്‍ കടുക്കുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞദിവസം 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള വായു തുടരുന്നതിനാല്‍, മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
by Midhun HP News | Apr 12, 2026 | Latest News, കേരളം
വർക്കലയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി കാറിൽ ഉണ്ടായിരുന്നവരെ മർദ്ദിക്കുകയും കാറിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയും ചെയ്ത 6അംഗം സംഘത്തിലെ മൂന്നു പേരെ വർക്കല പോലീസ് പിടികൂടി. നടയറ സ്വദേശിയായ വൈശാഖ്,
വടശ്ശേരി കോണം സ്വദേശികളായ അമീർഖാൻ, ഹിലാൽ എന്നിവരാണ് പോലീസിന്റെ പിടിയിൽ ആയത്.
കഴിഞ്ഞ ദിവസം (11ആം തീയതി) രാത്രി 10. 35ന് വർക്കല വെട്ടൂർ ആശാൻ മുക്ക് സ്വദേശിയായ ജവാദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ വടശ്ശേരിക്കോണം ജുമാത്ത് മസ്ജിദിന്റെ സമീപത്ത് വച്ച് KL 16 P 45 58 ബോലോറോ ജീപ്പ് ൽസഞ്ചരിച്ച 6അംഗം സംഘം ജവാദിന്റെ കാർ ഓവർടേക്ക് ചെയ്ത് തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും പുറത്തിറങ്ങിയ സംഘം ജവാദിന്റെ വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് ഇടിവള കൊണ്ട് ഇടിച്ചു തകർക്കുകയും ചെയ്തു.
തുടർന്ന് വാഹനത്തിൻറെ ഡോർ വലിച്ചു തുറന്നു ജവാദിനെ ക്രൂരമായി മർദ്ദിക്കുകയും കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 6000രൂപയും വിദേശ പണം 350 ദിർഹവും എമിറൻസ് ഐഡി കാർഡും സംഘം എടുത്തുകൊണ്ടുപോയി. ആ സമയം ജവാദിന്റെ വാഹനത്തിൽ കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് ക്രൂരമായി മർദ്ദിക്കുകയും പണം അപഹരിക്കുകയും ചെയ്തത്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.
പരാതിയെ തുടർന്ന് വർക്കല എസ് എച്ച് ഒയും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Recent Comments