കാഴ്ച വിരുന്നൊരുക്കി 82 രാജ്യങ്ങളിൽ നിന്നും 206 ചിത്രങ്ങൾ; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

കാഴ്ച വിരുന്നൊരുക്കി 82 രാജ്യങ്ങളിൽ നിന്നും 206 ചിത്രങ്ങൾ; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. ഡിസംബർ 12 മുതൽ 19 വരെയാണ് തലസ്ഥാന നഗരിയിൽ ചലച്ചിത്രമേള നടക്കുക. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും. ചലച്ചിത്ര താരം ലിജോമോൾ ജോസ് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങും. പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം.

ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിക്കും. ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീൻ്റെ ജന്മശതാബ്ദി ആഘോഷ ഭാ​ഗമായി, അദ്ദേഹത്തിൻ്റെ വിഖ്യാത ചിത്രങ്ങളായ ‘കെയ്‌റോ സ്റ്റേഷൻ’, ‘അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ’, ‘ദി അദർ’ എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്ടിവ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകർക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. ഇന്തോനേഷ്യൻ സിനിമയുടെ മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ ‘കണ്ടംപററി ഫിലിം മേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിൽ പ്രദർശനത്തിനെത്തും.

എക്സൈസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ കുടിവെള്ളത്തിൽ കലക്കി; എൻജിനീയർ അടക്കം മൂന്നുപേർ പിടിയിൽ

എക്സൈസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ കുടിവെള്ളത്തിൽ കലക്കി; എൻജിനീയർ അടക്കം മൂന്നുപേർ പിടിയിൽ

കാസർകോട്: എക്സൈസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ കുപ്പിയിലെ കുടിവെള്ളത്തിൽ എംഡിഎംഎ കലക്കിയ യുവ എൻജിനീയർ അടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചട്ടഞ്ചാൽ കുന്നാറയിലെ അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21), പള്ളിക്കര തൊട്ടിയിലെ ടി എം ഫൈസൽ (38) എന്നിവരാണ് പിടിയാലയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

രാസലഹരിവസ്തു കലർത്തിയ 618 ഗ്രാം വെള്ളം പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ച കാറിൽനിന്ന്‌ 4.813 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. അറസ്റ്റിലായ ഫൈസലിന് ഇവിടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന സ്ഥാപനമുണ്ട്. ഇവിടം കേന്ദ്രീകരിച്ച് മയക്കു മരുന്ന് കൈമാറ്റം നടക്കുന്നതായിട്ടുള്ള രഹസ്യ വിവരത്തെത്തുടർന്ന് സ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഒരു കാറിൽ മയക്കുമരുന്ന് എത്തിയതായി എക്സൈസിന് വിവരം ലഭിച്ചു. തുടർന്ന് സംഘം സ്ഥലത്തെത്തി സ്ഥാപനം വളഞ്ഞു. പിടിവീഴുമെന്ന് ഉറപ്പായതോടെ കൈവശമുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ ഇവർ എംഡിഎംഎ കലക്കുകയായിരുന്നു. മുറിയിൽനിന്ന്‌ ലഹരിവസ്തു കണ്ടെടുത്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. മയക്ക് മരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണവും കാറും, പിടിച്ചെടുത്തിട്ടുണ്ട്.

നഗരസഭയിൽ പോളിംഗ് കൂടുതൽ ചിറ്റാറ്റിൻകരയിൽ, കുറവ് ടൗണിലും

ആറ്റിങ്ങൽ: നഗരസഭയിൽ പോളിംഗ് ശതമാനം ഏറ്റവും കൂടുതൽ പതിനഞ്ചാം വാർഡായ ചിറ്റാറ്റിൻകരയിൽ. ഏറ്റവും കുറവ് ടൗൺ വാർഡിലും. പതിനഞ്ചാം വാർഡായ ചിറ്റാറ്റിൻകരയിൽ 75.85% പോളിംഗ് നടന്നു. 1031 വോട്ടർമാർ ഉള്ളതിൽ 851 പേർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. ഏറ്റവും കുറഞ്ഞ പോളിംഗ് നടന്നത് ടൗൺ വാർഡിലാണ്. ഇവിടെ 59.79% വോട്ടാണ് പോൽ ചെയ്തത്. ആകെ 868 വോട്ടർമാർ മാത്രമാണ് ഈ വാർഡിൽ ഉള്ളത്. അതിൽ 519 പേർ മാത്രമാണ് വോട്ട് ചെയ്തത്. ടൗൺ വാർഡിൽ മുൻ വർഷങ്ങളിലും പോളിംഗ് ശതമാനം കുറവാണ്.

നഗരസഭയിലെ ഒന്നാം വാർഡ് ആയ കൊച്ചുവിളയിൽ 62.33 ശതമാനം പോളിംഗ് നടന്നു. 969 വോട്ടർമാരിൽ 604 പേർ വോട്ട് ചെയ്തു. രണ്ടാം വാർഡായ ആലംകോട് 60.1% വോട്ട് പോൽ ചെയ്തു. 1000 വോട്ടർമാരിൽ 601 പേരാണ് വോട്ട് ചെയ്തത്. മൂന്നാം വാർഡായ മേലാറ്റിങ്ങലിൽ 73.25 ശതമാനം വോട്ട് പോൽ ചെയ്തു. ഇവിടെ 1155 വോട്ടർമാരിൽ 846 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

14 വാർഡുകളിൽ വോട്ടിംഗ് ശതമാനം 70ന് മുകളിൽ പോയി. ആറാം വാർഡ് തച്ചൂർ കുന്നിൽ 74.66% വും ഒമ്പതാം വാർഡായ ഗ്രാമത്തിൽ 71.36%, 13ാം വാർഡ് ആയ അമ്പലമുക്കിൽ 71.18 ശതമാനവും പതിനാറാം വാർഡായ വലിയകുന്നിൽ 70.32%, 18ആം വാർഡ് ആയ ഐ.ടി.ഐയിൽ 70.79% ഇരുപതാം വാർഡായ കാഞ്ഞിരം കോണത്ത് 73.72ശതമാനവും, 22 വാർഡായ ചെറുവള്ളിമുക്കിൽ 72.73% വും, 24 വാർഡായ പാലസിൽ 75.7 ശതമാനവും, 25 വാർഡായ എ.സി.എ.സി നഗറിൽ 72.23% വും ഇരുപത്തിയേഴാം വാർഡായ പച്ചകുളത്ത് 70.52% വും 29 ആം വാർഡ് ആയ തോട്ടവാരത് 72.16 ശതമാനവും മുപ്പതാം വാർഡ് ആയ കൊട്ടിയോട് 72.07 ശതമാനവും വോട്ട് പോള്‍ ചെയ്തു.

ഇതര വാർഡുകളിൽ 70% ത്തിന് താഴെയാണ് പോളിംഗ്. വാർഡ് നാലിൽ 68.25 ശതമാനവും വാർഡ് അഞ്ചിൽ 69.63 ശതമാനവും വാർഡ് ഏഴിൽ 66.6 ശതമാനവും എട്ടിൽ 68.08% വും ആണ് പോളിംഗ്. വാർഡ് പത്തിൽ 69.92 ശതമാനവും 11 ൽ 61.79 ശതമാനവും 12ൽ 68.7 ശതമാനവും വോട്ടിംഗ് നടന്നു. വാർഡ് 14 ൽ 68.28 ശതമാനവും വാർഡ് 17ൽ 66.17 ശതമാനവും 19ൽ 66.03% വാർഡ് ഇരുപത്തി ഒന്നിൽ 65.72ശതമാനവും വോട്ട് ചെയ്തു. വാർഡ് ഇരുപത്തിമൂന്നിൽ 69.78% വും 28 ൽ 61.12%, 31ൽ 60.43%, 32ൽ 60.05 ശതമാനവും വോട്ടിംഗ് നടന്നു. വോട്ടിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് കണക്ക് കൂട്ടുകയാണ് സ്ഥാനാർത്ഥികൾ. ശക്തമായ മത്സരം നടന്ന വാർഡുകളിൽ എല്ലാം വോട്ടിംഗ് ശതമാനം ഉയർന്നിട്ടുണ്ട്.

സാഹിത്യ സെമിനാർ സംഘടിപ്പിച്ചു

സാഹിത്യ സെമിനാർ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: മലയാള വേദിയുടെ 231 മത് സാഹിത്യ ചർച്ചയുടെ ഭാഗമായി പ്രശസ്ത നാടക പ്രതിഭയായ ജി.ശങ്കരപ്പിള്ളയുടെ നാടക ജീവിതത്തെ ആസ്പദമാക്കിയുള്ള കാലം കല ദർശനം എന്ന പുസ്തകത്തെ കുറിച്ചുള്ള സെമിനാർ നടന്നു. എഴുത്തുകാരനായ പിരപ്പൻകോട് അശോകൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഓരനെല്ലൂർ ബാബു അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കരവാരം, എം.മോഹൻദാസ്, കെ.രാജ ചന്ദ്രൻ, അനഘ.എസ്.എസ്,
വിജയൻ ചന്ദനമാല, ബീന നാവായിക്കുളം, രണിത.കെ, ഷീബജോണി, അനിൽ പൂതക്കുഴി, ശ്രീകണ്ഠൻകല്ലമ്പലം, കെ.കെ.സജീവ്, ഓയൂർ രാമചന്ദ്രൻ, കെ.കെ.രാജീവ്, പ്രസന്നൻ വടശ്ശേരിക്കോണം തുടങ്ങിയവർ സംസാരിച്ചു.

ലീലാവതി അമ്മ അന്തരിച്ചു

ലീലാവതി അമ്മ അന്തരിച്ചു

ആറ്റിങ്ങൽ മാമം കുറുപ്പ് ലൈനിൻ CTRA 36, കാർത്തികയിൽ ലീലാവതി അമ്മ അന്തരിച്ചു.

ഭർത്താവ്: സോമശേഖരൻനായർ (Rtd HM Gvrm ups)
മക്കൾ: സംജിത്ത് (പോലീസ് ഡിപ്പാർട്ട്മെൻ്റ്), ശ്യാമ (KSFE)
മരുമക്കൾ: വിമൽ (ആറ്റിങ്ങൽ മുനിസിപാലിറ്റി), രാഖി നാഥ്

സ്വര്‍ണവിലയില്‍ ഇടിവ്; 95,500ല്‍ താഴെ

സ്വര്‍ണവിലയില്‍ ഇടിവ്; 95,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെ പവന് 640 രൂപയാണ് കൂടിയത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.