വർക്കലയിൽ പോളിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴി ബൈക്ക് അപകടത്തിൽ ബി എം എസ് പ്രവർത്തകന് ദാരുണാന്ത്യം

വർക്കലയിൽ പോളിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴി ബൈക്ക് അപകടത്തിൽ ബി എം എസ് പ്രവർത്തകന് ദാരുണാന്ത്യം

വർക്കല പോളിംഗ് കഴിഞ്ഞ് മടങ്ങുന്നവഴി അമിത വേഗതയിൽ എത്തിയ ബൈക്കിടിച്ച് തൊഴിലാളി സംഘടനയായ ബി എം എസ് പ്രവർത്തകന് ദാരുണാന്ത്യം. വർക്കല വടശ്ശേരിക്കോണം സ്വദേശിയായ ശ്രീകുമാറാണ് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

ബി എം എസ് വർക്കല മേഖലാ സെക്രട്ടറിയും ബിജെപി പ്രവർത്തകനും കൂടിയാണ് ശ്രീകുമാർ. ചെമ്മരുതിഗ്രാമപഞ്ചായത്തിലെ എസ് എൻ വി എച്ച്എസ്എസ് സ്കൂളിൽ ബൂത്ത് ഏജന്റായി പ്രവർത്തിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയാണ് രാത്രി 8 മണിയോടുകൂടി തച്ചോട് ജംഗ്ഷൻ സമീപത്ത് അമിത വേഗതയിൽ വന്ന യുവാക്കളുടെ മോട്ടോർ ബൈക്കും ശ്രീകുമാറിന്റെ ബൈക്കുമായി അപകടത്തിൽപ്പെട്ടത്. ഗുരുതര പരുക്കുകളുടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു അന്ത്യം സംഭവിച്ചത്.

‘എന്നെ അറിയിച്ചിരുന്നില്ല, കൂടിയാലോചനയുമുണ്ടായില്ല’; സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍

‘എന്നെ അറിയിച്ചിരുന്നില്ല, കൂടിയാലോചനയുമുണ്ടായില്ല’; സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍

ഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍ എംപി. തന്നെ അറിയിക്കാതെയും കൂടിയാലോചിക്കാതെയുമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസസിനകത്തു നിന്നു തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.പുരസ്‌കാരത്തിനായി പേര് വെച്ചത് തന്നോട് ചോദിക്കാതെയാണ്. പുരസ്‌കാര വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. ശശി തരൂരിന് സവര്‍ക്കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.

ശശി തരൂര്‍ അവാര്‍ഡ് നിരസിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കുമെന്നായിരുന്നു എച്ച്ആര്‍ഡിഎസ് അറിയിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ സന്നദ്ധത അറിയിച്ചതായും സംഘടന പറഞ്ഞിരുന്നു.

കെഎഎസ് ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ തീയതി പ്രഖ്യാപിച്ചു

കെഎഎസ് ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ തീയതി പ്രഖ്യാപിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ കെ എ എസ് ഓഫീസർ തസ്തികകളിലേക്കുള്ള അഭിമുഖ നടപടികൾ പി എസ് സി ആരംഭിച്ചു. ജൂനിയർ ടൈം സ്കെയിൽ,ട്രെയിനി,സ്ട്രീം ഒന്ന്, സ്ട്രീം രണ്ട് & സ്ട്രീം മൂന്ന് -കാറ്റഗറി നമ്പർ 01/2025, 02/2025 & 03/2025-നേരിട്ടും, തസ്തിക മാറ്റം മുഖേനയും ഉളള നിയമനത്തിനുമായുള്ള അഭിമുഖം 2026 ജനുവരി 20 മുതൽ 24 വരെയുള്ള തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് വെച്ച് നടക്കും.

നിശ്ചിത ദിവസങ്ങളിൽ തന്നെ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് ഹാജരാകണം. അഭിമുഖവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിൽ ലഭ്യമായ അഭിമുഖ അറിയിപ്പുകളിൽ നിന്നു പരിശോധിക്കാം. സമയക്രമം, ആവശ്യമായ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ എന്നിവയും പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി-സ്ട്രീം III – സംസ്ഥാനവ്യാപകം (കാറ്റഗറി നമ്പർ 003/2025, 002/2025) എന്നിവയുടെ ഫലവും പി എസ് സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഫലം ഇപ്പോൾ പരിശോധിക്കാം.

വി സി നിയമന തര്‍ക്കം: മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു, ചര്‍ച്ചയില്‍ സമവായമായില്ല

വി സി നിയമന തര്‍ക്കം: മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു, ചര്‍ച്ചയില്‍ സമവായമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ (വിസി) നിയമനത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം തുടരുന്നതിനിടെ സമവായ ചര്‍ച്ചകള്‍ക്കായി മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ഗവര്‍ണറെ കണ്ടെങ്കിലും സമവായം ഉണ്ടായില്ല. വിഷയത്തില്‍ സമവായത്തിലെത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്നാണ് മന്ത്രിമാര്‍ ബുധനാഴ്ച രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ മന്ത്രിമാര്‍ മടങ്ങി.

വി സി നിയമന തര്‍ക്കത്തില്‍ ഡോ. സിസാ തോമസിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെ ഖണ്ഡിക്കാന്‍ ഗവര്‍ണര്‍ ശക്തമായ വാദങ്ങളാണ് നിരത്തിയത്. സിസാ തോമസ് യോഗ്യയാണ് എന്ന് സര്‍ക്കാരിന് തന്നെ ബോധ്യമുണ്ടെന്നാണ് ഗവര്‍ണറുടെ നിലപാട്. ടെക്‌നോ പാര്‍ക്കിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെയും സി.ഇ.ഒ.യെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സര്‍ക്കാര്‍ സിസാ തോമസിനെ നിയോഗിച്ചിരുന്നു. കെ-സ്പേസ്, ഇക്‌ഫോസ്, കെ-ഫോണ്‍ എന്നിവയുടെ നേതൃനിരയില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിന് വേണ്ടി ഡിജിറ്റല്‍ പ്ലാറ്റ്ഫോം തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സിസാ തോമസിനെ സര്‍ക്കാര്‍ അംഗമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഐ.ടി. വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലും നയരൂപീകരണ ഉപസമിതിയിലും സിസാ തോമസ് അംഗമായിരുന്നു. നല്ല അക്കാദമിക് പശ്ചാത്തലമുള്ള, മികച്ച വ്യക്തിയാണ് സിസാ തോമസ് എന്ന് സര്‍ക്കാരിന് അറിയാമായിരുന്നിട്ടും എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഗവര്‍ണര്‍ ആരാഞ്ഞതായാണ് വിവരം.

ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ തനിക്ക് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കോടതിയിലും വിശദീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് (ചാന്‍സലര്‍ക്ക്) നല്‍കിയ പട്ടികയില്‍ നിന്നുതന്നെ വി സി നിയമനം നടത്തണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ എപ്പോഴും സമവായത്തോടുകൂടി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

വി സി നിയമനത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ സുപ്രീംകോടതി നേരിട്ട് ഈ രണ്ട് സര്‍വകലാശാലകളിലും വി സിമാരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍, സമവായം ഉണ്ടായിട്ടുണ്ടെങ്കില്‍ വ്യാഴാഴ്ച സുപ്രീം കോടതിയിലായിരിക്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക.

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ ആയി നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത അവസരത്തില്‍ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലീസുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയല്‍ സന്ദേശം അയച്ച് പരാതി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദം.

ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന് യുവതി മൊഴിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.

‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം, ആദ്യ പീഡനക്കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി

സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിനാലാണ് കേസ് മാറ്റിയത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം തേടിയതിനു പിന്നാലെ നേരത്തെയും കേസ് നീട്ടിയിരുന്നു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ തുടരുകയാണ്.