by Midhun HP News | Dec 10, 2025 | Latest News, കേരളം
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി ബി മിനി. ചിലയാളുകള്‍ ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് മിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മതി. 12-ാം തിയ്യതിക്ക് ശേഷം നമ്മള്‍ വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് ‘double rape’ ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്’, മിനി പറഞ്ഞു. താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിലപ്പുറം തന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ല. കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അവര്‍ പറഞ്ഞു.


നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്. കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷാവിധി സംബന്ധിച്ച വാദം ഡിസംബര്‍ 12ന് ആരംഭിക്കും.

by Midhun HP News | Dec 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി പുരസ്‌കാര ജേതാക്കളാണ്.
ഈ അവാര്‍ഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ‘ഈ അവാര്‍ഡ് ആരാണ് തന്നിരിക്കുന്നത്, ആര്‍ക്കാണ് കൊടുത്തിരിക്കുന്നതെന്ന് എനിക്ക് ഒരുപിടിത്തവും ഇല്ല. ഞാന്‍ ഇങ്ങനെ ഒരു അവാര്‍ഡ് സ്വീകരിച്ചിട്ടേയില്ല. മാധ്യമങ്ങള്‍ പറഞ്ഞാണ് ഇങ്ങനെ ഒരു അവാര്‍ഡിനെ പറ്റി കേള്‍ക്കുന്നത്. നിങ്ങള്‍ അന്വേഷിച്ചോളൂ’ – ശശി തരൂര്‍ പറഞ്ഞു. പൊതുസേവനം, സാമൂഹിക രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികള്‍ക്കാണ് പുരസ്‌കാരം. ദേശീയ ആഗോള തലങ്ങളിലെ ഇടപെടലുകളാണ് തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ തരൂര്‍ സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രശംസിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.



by Midhun HP News | Dec 10, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ രണ്ടു തവണയായി കുറഞ്ഞ സ്വര്‍ണ വിലയില്‍ ഇന്നു കുതിപ്പ്. പവന് 640 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,560 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 11,945 ആയി.
ഇന്നലെ രണ്ടു തവണ ഇടിഞ്ഞ പവന്‍ വില ഒരിടവേളയ്ക്കു ശേഷം 94,000നു താഴെ എത്തിയിരുന്നു. രാവിലെ 240 രൂപയും ഉച്ച കഴിഞ്ഞ് 480 രൂപയുമാണ് കുറഞ്ഞത്.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലാണ് സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.



by Midhun HP News | Dec 10, 2025 | Latest News, കേരളം
കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മദ്യലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതിനിടെ ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ചിത്രപ്രിയയുടെ മൃതദേഹത്തിന് സമീപം വലിയ കല്ലും കണ്ടെടുത്തിരുന്നു. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.
ബംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.



by Midhun HP News | Dec 10, 2025 | Latest News, കേരളം
ശബരിമല: അയ്യപ്പസ്വമാക്ക് തങ്കയങ്കി ചാര്‍ത്തി ദീപാരധന 26ന് വൈകീട്ട്. മണ്ഡലകാലത്തെ പ്രധാന ചടങ്ങാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തങ്കയങ്കി 26ന് വൈകീട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തും. വൈകീട്ട് നട തുറന്ന ശേഷം ശ്രീകോവിലില്‍ പൂജിച്ച മാലകള്‍ ചാര്‍ത്തിയാണ് തങ്കയങ്കി ഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘത്തെ തന്ത്രി യാത്രയാക്കുക.
വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തുക. പതിനെട്ടാംപടി കയറി വരുന്ന ഘോഷയാത്രയെ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ച് ആനയിക്കും. സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. ഇതുകണ്ട് തൊഴാനാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്.
തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്ന സ്ഥലവും സമയവും ചുവടെ:
മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം രാവിലെ 7.15, പുന്നംതോട്ടം ദേവീക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവക്ഷേത്രം 7.45, തിരുവഞ്ചാംകാവ് ക്ഷേത്രം 8.00, നെടുപ്രയാര്‍ തേവരശേരി ദേവീക്ഷേത്രം 8.30, നെടുപ്രയാര്‍ ജങ്ഷന്‍ 9.30, കോഴഞ്ചേരി ടൗണ്‍ 10.00, തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളേജ് ജങ്ഷന്‍ 10.15, പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം 10.30, കാരംവേലി 11, ഇലന്തൂര്‍ ഇടത്താവളം 11.15, ഇലന്തൂര്‍ ഭഗവതികുന്ന് ദേവീക്ഷേത്രം 11.20, ഇലന്തൂര്‍ ഗണപതിക്ഷേത്രം 11.30, ഇലന്തൂര്‍ നാരായണമംഗലം 12.30. അയത്തില്‍ മലനട ജങ്ഷന്‍ 2.00, അയത്തില്‍ ഗുരുമന്ദിരം ജംങ്ഷന്‍ 2.40, മെഴുവേലി ആനന്ദഭൂതേശ്വരംക്ഷേത്രം 2.50, ഇലവുംതിട്ട ദേവീക്ഷേത്രം 3.15, ഇലവുംതിട്ട മലനട 3.45, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം 4.30, കൈതവന ദേവീക്ഷേത്രം വൈകുന്നേരം 5.30. പ്രക്കാനം ഇടനാട് ദേവി ക്ഷേത്രം 6.00, ചീക്കനാല്‍ 6.30, ഊപ്പമണ്‍ ജങ്ഷന്‍ രാത്രി 7.00, ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം 8.00
24 -ന് രാവിലെ എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 9.00, അഴൂര്‍ ജങ്ഷന്‍ 10, പത്തനംതിട്ട ഊരമ്മന്‍ കോവില്‍ 10.45, പത്തനംതിട്ട ശാസ്താക്ഷേത്രം 11.00, കരിമ്പനയ്ക്കല്‍ ദേവീക്ഷേത്രം 11.30, ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം 12.00, കടമ്മനിട്ട ഭഗവതി ക്ഷേത്രം 1.00, കോട്ടപ്പാറ കല്ലേലി മുക്ക് 2.30, പേഴുംകാട് എസ്എന്‍ഡിപി മന്ദിരം 2.45, മേക്കൊഴൂര്‍ ക്ഷേത്രം 3.15, മൈലപ്ര ഭഗവതി ക്ഷേത്രം 3.45, കുമ്പഴ ജങ്ഷന്‍ 4.15, പാലമറ്റൂര്‍ അമ്പലമുക്ക് 4.30, വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം ഗോപുരപ്പടി 5.30, ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രം 6.15, ചിറ്റൂര്‍മുക്ക് രാത്രി 7.15, കോന്നി ടൗണ്‍ 7.45, കോന്നി ചിറയ്ക്കല്‍ ക്ഷേത്രം 8.00, കോന്നി മുരിങ്ങമംഗലം ക്ഷേത്രം 8.30.
25-ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍നിന്ന് രാവിലെ 7.30-ന് യാത്ര ആരംഭിക്കും. ചിറ്റൂര്‍ മഹാദേവ ക്ഷേത്രം 8.00, വെട്ടൂര്‍ ക്ഷേത്രം 9.00, മൈലാടുംപാറ 10.30, കോട്ടമുക്ക് 11.00, മലയാലപ്പുഴ ക്ഷേത്രം 12. 00, മലയാലപ്പുഴ താഴം 1.00, മണ്ണാറക്കുളഞ്ഞി ക്ഷേത്രം 1.15. റാന്നി രാമപുരം ക്ഷേത്രം 3.30, ഇടക്കുളം ശാസ്താക്ഷേത്രം 5.30, വടശ്ശേരിക്കര ചെറുകാവ് 6.30, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം രാത്രി 7.00, മാടമണ്‍ ക്ഷേത്രം 7.45, പെരുനാട് ശാസ്താക്ഷേത്രം 8.30.
26-ന് രാവിലെ എട്ടിന് പെരുനാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ളാഹ സത്രം 9.00, പ്ലാപ്പള്ളി 10.00, നിലയ്ക്കല്‍ക്ഷേത്രം 11.00, പമ്പ 1.30, ശരംകുത്തി 5.00.



by Midhun HP News | Dec 10, 2025 | Latest News
കിളിമാനൂർ പഞ്ചായത്ത് വക ശ്മശാനത്തില്‍ കാട്ടുപന്നിയെ കുരുക്കുവച്ച് പിടിച്ച് ഇറച്ചിയാക്കിയ സംഘത്തെ പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടി.
കിളിമാനൂർ മലയ മഠം സിന്ധു ഭവനില്‍ മണിലാല്‍ (31), സഹോദരൻ മഹേഷ് ലാല്‍ (29), കല്ലറക്കോണം അശ്വതി ഭവനില്‍ അനീഷ് (32), കടമ്പാട്ടുകോണം സൂര്യാ ഭവനില്‍ സൂരജ് (26) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ മലയമഠം എല്‍.പി സ്കൂളിന് സമീപം അഖില്‍ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ കുരുക്കുവച്ച് പിടിച്ച പന്നിയെ തൊട്ടടുത്തുള്ള മണിലാലിന്റെ കുടുംബ വീട്ടില്‍ വച്ച് ഇറച്ചിയാക്കുന്നതിനിടെ പുലർച്ചെ 3മണിയോടെയാണ് വനം ഉദ്യോഗസ്ഥരെത്തി പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ വനം കോടതിയില്‍ ഹാജരാക്കും.



Recent Comments