by Midhun HP News | Dec 8, 2025 | Latest News, കേരളം
കൊച്ചി: രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസ്, നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധി പറഞ്ഞിരിക്കുകയാണ്. കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായും വ്യക്തമാക്കി. ഒന്നാം പ്രതി സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
നടിയെ പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വൊട്ടേഷനെടുത്ത സംഘത്തിന്റെ തലവന്‍ എന്ന നിലയിലാണ് കേരളം പള്‍സര്‍ സുനിയെ പരിചയപ്പെട്ടത്. നടിയെ ആക്രമിച്ച കേസ് പുറത്തുവന്ന ദിവസം മുതല്‍ സജീവ ചര്‍ച്ചയില്‍ ഉണ്ടായിരുന്ന പേരായിരുന്നു എന്‍ എസ് സുനില്‍ എന്ന പള്‍സര്‍ സുനി.
2017 ഫെബ്രുവരി 17-ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം നടിയെ ആക്രമിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു പ്രതികള്‍ കുറ്റകൃത്യം നടപ്പാക്കിയത്. തൃശ്ശൂരില്‍നിന്ന് കാറില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ പള്‍സര്‍ സുനിയും സംഘവും ട്രാവലര്‍ വാനില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പിന്നീട് സുനിയും സംഘവും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്.
പെരുമ്പാവൂര്‍ ഐമുറി സ്വദേശിയായ സുനില്‍ കുമാറിന് പള്‍സര്‍ ബൈക്കുകളോടുള്ള കമ്പമാണ് ‘പള്‍സര്‍ സുനി’യെന്ന പേര് ലഭിക്കാനിടയാക്കിയത്. സുനിക്കുട്ടന്‍ എന്ന പേരിലാണ് സിനിമാക്കാര്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ട്രാവലറുകളില്‍ ഒന്നിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായും കാവ്യ മാധവന്റെ ഡ്രൈവറായും ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിവരവും കേസിനിടെ പലപ്പോഴായി പുറത്തുവന്നിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ കേരളം തിരിച്ചറിയും മുന്‍പ് തന്നെ പൊലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളായിരുന്നു പള്‍സര്‍ സുനി. മോഷണവും പിടിച്ചുപറി തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ സ്വഭാവം മൂലമാണ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് നടന്‍ മുകേഷ് നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കിയിരുന്നു.
ലഹരി വില്‍പന കേസില്‍ നേരത്തെ ആറ് മാസം ശിക്ഷ അനുഭവിച്ചിട്ടുണ്ട് സുനില്‍. മോഷണക്കേസുകള്‍ ആക്രമണങ്ങള്‍ തുടങ്ങിയ കേസുകളില്‍ സ്ഥിര സാന്നിധ്യമായതോടെ കോടനാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ സുനി ഉള്‍പ്പെട്ടു.
ഇതിനിടെയാണ് സിനിമ മേഖലയില്‍ സുനി എത്തുന്നത്. സെറ്റിലെ വാഹനങ്ങളുടെ ഡ്രൈവറായിട്ടായിരുന്നു പ്രധാന പ്രവര്‍ത്തനം. പല കേസുകളിലും പ്രതിയായി കഴിയുന്നതിനിടയിലായിരുന്നു പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നത്. 2013ല്‍ സുനിയെ പറഞ്ഞുവിട്ടെന്നായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തല്‍.
നടിമാര്‍ക്കെല്ലാം സുപരിചിതനായ പള്‍സര്‍ സുനിയെ ആക്രമണം നടന്ന ദിവസം ഇരായായ നടിയും തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുനിയെ അറസ്റ്റ് ചെയ്തതും നാടകീയ രംഗങ്ങളോടെ ആയിരുന്നു. സുനിക്കായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ 2017 ഫെബ്രുവരി 23ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്നാണ് പൊലീസ് സുനിയെ ബലം പ്രയോഗത്തിലൂടെ പിടികൂടിയത്.
പള്‍സര്‍ സുനിയുടെ അറസ്റ്റിന് പിന്നാലെ ഇയാളും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പള്‍സര്‍ സുനിക്ക് ദിലീപ് 2015-ല്‍ തന്നെ ഒരുലക്ഷം രൂപ അയച്ചുനല്‍കിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2017 ഫെബ്രുവരി 23 മുതല്‍ ജയിലില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയായിരുന്നു ജാമ്യം നല്‍കിയത്. ഏഴരവര്‍ഷത്തിനിടെ പത്തുതവണ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ച്ചയായി ജാമ്യഹര്‍ജികള്‍ സമര്‍പ്പിച്ചതിന് ഹൈക്കോടതി ഒരിക്കല്‍ 25,000 രൂപ പിഴയുമിട്ടു. ജാമ്യഹര്‍ജി തള്ളിയതിന്റെ മൂന്നാംദിവസം തന്നെ വീണ്ടും ജാമ്യഹര്‍ജി നല്‍കിയതാണ് കോടതിയെ അന്ന് ചൊടിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഏഴ് വര്‍ഷത്തെ വിചാരണ തടവില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനി പിന്നീടും കേസുകളില്‍ പ്രതിയായി. പെരുമ്പാവൂര്‍ കുറുപ്പും പടിയിലെ ഹോട്ടലില്‍ അക്രമം നടത്തിയതിനായിരുന്നു പൊലീസ് നടപടി.



by Midhun HP News | Dec 8, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമ കുറിപ്പുമായി ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ. ‘അമ്മ കോടതിയെ ബഹുമാനിക്കുന്നു’-വിധി വന്നതിന് പിന്നാലെ സംഘടന ഫെയ്‌സ്ബുക്കില്‍ കുറിച്ചു
കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു. 12നാണ് ശിക്ഷാവിധി. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നും കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദി പറയുന്നെന്നുമായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ പ്രതികരണം.
2017 ഫെബ്രുവരി 17നായിരുന്നു ഓടുന്ന വാഹനത്തില്‍വച്ച് നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാര്‍ത്ത കേരളം ഞെട്ടലോടെ കേട്ടത്. തൊട്ടടുത്ത ദിവസംതന്നെ പ്രതികള്‍ ഓരോരുത്തരായി പൊലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ നടന്‍ ദിലീപിലേക്ക് അന്വേഷണം നീണ്ടു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 28-ന് ദിലീപിനെ പൊലീസ് ചോദ്യംചെയ്യുകയും ജൂലായ് 10-ന് നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നീണ്ട വിചാരണാ നടപടികള്‍ക്കൊടുവിലാണ് കേസില്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടത്.



by Midhun HP News | Dec 8, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടമെന്ന സ്വപ്‌നം വീണ്ടും യാഥര്‍ഥ്യമാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്കു നിരാശ. സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയോടു പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.
നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ജര്‍മനി ഫൈനലില്‍ സ്‌പെയിനിനെ നേരിടും. ആദ്യ സെമിയില്‍ അര്‍ജന്റീനയെ 2-1നു പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനലുറപ്പിച്ചത്.ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായി പിആര്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് അവസാന നാലിലെത്തിയത്. എന്നാല്‍ ഫൈനലിലേക്ക് മുന്നേറാനായില്ല.



by Midhun HP News | Dec 8, 2025 | Latest News, ദേശീയ വാർത്ത
വിശാഖപട്ടണം: ദക്ഷിണാഫ്രക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും നേടി പരമ്പരയിലെ താരമായാണ് ഇന്ത്യന്‍ ഇതിഹാസതാരം വിരാട് കോഹ്‌ലി ഈ വര്‍ഷത്തെ തന്റെ ക്രിക്കറ്റ് സീസണിന് വിരാമമിടുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോഹ് ലി അവസാനമത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ കോഹ്‌ലി പുറത്താകാതെ 65 റണ്‍സ് നേടി. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, അനായാസം വിജയത്തിലെത്തുകയും ചെയ്തു. എന്നാല്‍ മത്സരത്തിന് ശേഷമുണ്ടായ കോഹ് ലിയുടെ ഒരു വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. താരങ്ങളുമായി വിജയാഹ്ലാദം പങ്കിടുന്ന കോഹ് ലി, പരിശീലകന്‍ ഗൗതം ഗംഭീറിനോട് അത്ര സന്തോഷത്തോടെയല്ല പെരുമാറിയതെന്നാണ് ചിലരുടെ കണ്ടുപിടിത്തം. വിഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ചര്‍ച്ച സജീവമാകുന്നത്.
മത്സരശേഷം സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഹസ്തദാനം നല്‍കിയ കോഹ് ലി, ഗൗതം ഗംഭീറിന് അടുത്ത് എത്തുമ്പോള്‍ മുഖത്തെ ചിരിമായുന്നതായാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റെല്ലാവരെയും ചിരിച്ചുകൊണ്ട് ഹസ്തദാനം നടത്തി കോഹ് ലി കെട്ടിപ്പിടിക്കുമ്പോള്‍ ഗംഭീറിന് ഹസ്തദാനം നല്‍കുക മാത്രമാണ് ഉണ്ടായത്. രോഹിത് ശര്‍മയെ വിരാട് കോഹ് ലി ഹഗ് ചെയ്തതിനു പിന്നാലെയാണ് ഗംഭീര്‍, കോഹ് ലിയുടെ അടുത്തെത്തുന്നത്. അതുവരെയുണ്ടായിരുന്ന ചിരി കോഹ് ലിയുടെ മുഖത്തുനിന്ന് മായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള വിരാട് കോഹ് ലിയുടെ ബന്ധം സംബന്ധിച്ച് നേരത്തെ തന്നെ ഒട്ടേറെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇരുവരും അത്ര രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോഹ് ലി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിന മത്സരത്തിനു ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന ഗംഭീറിനെ നോക്കാതെ കോഹ് ലി കയറി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജനുവരിയില്‍, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് വിരാട് ഇനി ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക.



by Midhun HP News | Dec 8, 2025 | Latest News, കേരളം
അതിജീവിതയെ ചേര്‍ത്തുപിടിച്ച് നടി പാര്‍വതി തിരുവോത്ത്. നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കപ്പെട്ട വിധിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. എന്നെന്നും അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിക്കുകയാണ് പാര്‍വതി തിരുവോത്ത്.
എന്ത് നീതി എന്നാണ് പാര്‍വതി ചോദിക്കുന്നത്. സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥയാണ് തുറന്ന് കാണിക്കപ്പെടുന്നതെന്നും പാര്‍വതി പറഞ്ഞു. ‘എന്ത് നീതി? സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥ അതിക്രൂരമായി തുറക്കപ്പെടുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്’ എന്നാണ് പാര്‍വതി കുറിച്ചത്.
നടി രമ്യ നമ്പീശനും പ്രതികരണമായെത്തി. അവള്‍ക്കൊപ്പം എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. നേരത്തെ നടി റിമ കല്ലിങ്കലും പിന്തുണയുമായെത്തിയിരുന്നു. അവള്‍ക്കൊപ്പം എന്നെഴുതിയ ചിത്രത്തോടൊപ്പം എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോള്‍ എന്നും റിമ കുറിക്കുന്നുണ്ട്. തുടക്കം മുതലേ അതിജീവിതയ്‌ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാര്‍വതിയും രമ്യയും.
2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റാക്കാരെന്ന് കണ്ടെത്തിയ കോടി എട്ടാം പ്രതി ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസിന്റേതാണ് വിധി.
പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ദിലീപിനൊപ്പം ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനല്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.
അതേസമയം തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു. തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഈ വിധിയോടെ പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചന ആരംഭിക്കുന്നത്, ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണെന്നും ദീലിപ് പ്രതികരിച്ചു.



by Midhun HP News | Dec 8, 2025 | Latest News, ജില്ലാ വാർത്ത
നടിയെ ആക്രമിച്ച കേസിൽ വിധി പരിശോധിച്ച് അപ്പീൽ പോകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി അജകുമാർ. വിധി പഠിച്ച ശേഷം കൂടുതൽ അഭിപ്രായങ്ങൾ പറയും. സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഉൾപ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയ്ക്കൊപ്പമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥ ബി സന്ധ്യ പ്രതികരിച്ചു. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയ്ക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. മുന്നോട്ടുള്ള നീക്കത്തിന് അതിജീവിതയ്ക്കൊപ്പം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. വിധിയ്ക്ക് പിന്നാലെ കോടതിയ്ക്ക് പിന്നാലെ ദിലീപ് ആരാധകർ മധുരവിതരണം നടത്തി ആഹ്ളാദം പ്രകടിപ്പിച്ചു. വിധി കേൾക്കാൻ നിരവധിപേരാണ് കോടതിയിലെത്തിയത്.
7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽ, 15-ാം പ്രതി ശരത് എന്നിവരാണ് കുറ്റവിമുക്തരായത്. പ്രതികൾക്ക് സഹായം ഒരുക്കി എന്നതായിരുന്നു ഒമ്പതാം പ്രതിക്കെതിരായ കുറ്റം. കേരളത്തെ നടുക്കിയ കേസിൽ ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷംവിധി പറയുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.



Recent Comments