‘ശൈലജ ടീച്ചർ നമ്മളെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതു കൊണ്ടാണ് പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും, എഴുന്നേറ്റ് നിൽക്കുന്നതും’; കുക്കു പരമേശ്വരൻ

‘ശൈലജ ടീച്ചർ നമ്മളെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതു കൊണ്ടാണ് പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും, എഴുന്നേറ്റ് നിൽക്കുന്നതും’; കുക്കു പരമേശ്വരൻ

കണ്ണൂർ: കേരളം മുന്നോട്ട് പോകുന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹിക്കാൻ കഴിയാത്ത കാര്യമാണെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന് അല്ല നമ്മൾ പറയുന്നതെന്നും കേരളം ഒരു രാജ്യം തന്നെയാണെന്നും കുക്കു പറഞ്ഞു.

പേരാവൂരിൽ കെ കെ ശൈലജയ്ക്കായി പ്രചാരണത്തിനെത്തിയതായിരുന്നു കുക്കു പരമേശ്വരൻ. ശൈലജ ടീച്ചർ കേരളത്തെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതിന്റെ റിസൽറ്റ് അനുഭവിച്ചവരാണ് നമ്മളെന്നും. അതുകൊണ്ട് തന്നെയാണ് നമ്മളിൽ പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും ധൈര്യത്തോടെ എഴുന്നേറ്റ് നിൽക്കുന്നതെന്നും കുക്കു പറഞ്ഞു.

“ശരിയാണ് ഞാൻ‌ ഇന്ന് ഇവിടെ വരുന്നത് എനിക്ക് മാത്രം അറിയാവുന്ന ഒരു സത്യമാണ്. ഞാൻ വന്നത്, ഇവിടെ വരാതിരിക്കാൻ എനിക്ക് കഴിയില്ല. കഴിഞ്ഞ പത്ത് വർഷത്തെ കേരളം നിങ്ങളെപ്പോലെ തന്നെ കണ്ട ഒരാളാണ് ഞാനും. അതിനെ നിഷേധിക്കാൻ എനിക്ക് കഴിയില്ല എന്നുള്ളതു കൊണ്ടും ഈ കേരളവും ഈ മുന്നേറ്റത്തിലും കണ്ണൂരിന്, ‍ഞങ്ങൾക്കൊരുപാട് കടപ്പാടുണ്ട്.

കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോ‍ട് വരെ യാത്ര ചെയ്യുന്ന, തൊഴിലിന്റെ ഭാ​ഗമായി യാത്ര ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്, സ്ത്രീയെന്ന നിലയ്ക്ക് ഞാൻ കണ്ട കേരളം, 10 വർഷത്തെ കേരളം. അത് നിങ്ങളോട് പറയാൻ, നിങ്ങളോട് നന്ദി പറയാനും കൂടിയാണ് ഞാനിവിടെ വന്നത്. ഇങ്ങനെയുള്ള എൽഡിഎഫിലെ ഭരണാധികാരികൾ ഞങ്ങൾക്ക് തന്നത് അങ്ങനെയൊരു കേരളമാണ്.

കേരളത്തിന്റെ മുന്നേറ്റത്തിന്, വികസനം എന്ന് പറയുമ്പോൾ റോഡും പാലങ്ങളും ആശുപത്രികളും മാത്രമല്ല. ഇത്തവണ നമുക്ക് കിട്ടിയത് ശുദ്ധ വായു, വെള്ളം, ചിരിക്കുന്ന കുട്ടികൾ, സ്ത്രീകൾ അങ്ങനെ… അതൊക്കെ വികസനമാണ്, അതൊക്കെ തൊട്ടറിഞ്ഞ വികസനമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇക്കഴിഞ്ഞ 10 വർഷം നമ്മൾ‌ മുന്നോട്ട് പോയത്.

അത് കണ്ടില്ലെന്ന് നടിക്കാതിരിക്കാൻ കൂടിയാണ് ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങളറിയുന്ന കന്നി വോട്ടുകാർ, നിങ്ങളുടെ അയൽക്കാർ, നിങ്ങളുടെ സുഹൃത്തുക്കൾ‌ അവരോട് നിർബന്ധമായും പറയണം നമ്മൾ ഒരടി മുന്നോട്ട് വച്ചത് ഈ ഇലക്ഷൻ കഴിയുമ്പോൾ രണ്ടടി പിന്നോട്ട് ആകരുത്.

കേരളം മുന്നോട്ട് പോകുന്നത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹിക്കാൻ കഴിയാത്തതാണ്. നമ്മൾ കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം ആണെന്ന് അല്ല പറയുക. ഇതൊരു രാജ്യം തന്നെയാണ്. കേരളം മറ്റൊന്നുമായിട്ട് നമുക്ക് തുലനം ചെയ്യാൻ പറ്റില്ല. ഞാൻ കേരളത്തിലെ എല്ലാ അതിർത്തികളിലും യാത്ര ചെയ്യുന്നതാണ്.

നമുക്കിവിടെ കിട്ടുന്ന സ്വാതന്ത്ര്യം. എന്താണ് സ്വാതന്ത്ര്യം?. ഇഷ്ടം പോലെ നടക്കാനും ഇഷ്ടം പോലെ ചെയ്യാനും മാത്രമല്ല ചിന്തിക്കാനും എതിരുകൾ പറയാനും എതിർപ്പുകൾ പ്രകടിപ്പിക്കാനും ധൈര്യത്തോടെ, നിങ്ങൾ ശരിയല്ല എന്ന് പറയുമ്പോൾ അങ്ങനെയാണോ എന്നൊക്കെ പറയാനും പറ്റണം. നമുക്ക് എല്ലാ സൗകര്യങ്ങളും തരുന്ന ഭരണകർത്താക്കളെ കുറ്റം പറയുന്നതല്ലാതെ നമ്മൾ അവരോട് നന്ദി പറയാറില്ല.

നമ്മൾ നടക്കുന്ന റോഡിന്റെ സൗകര്യം, നമുക്ക് തടസമില്ലാതെ കിട്ടുന്ന വൈദ്യുതി. അതൊന്നും നമ്മൾ കാണില്ല. ഒരു ദിവസം കറന്റ് വന്നില്ലെങ്കിൽ നമ്മൾ പരാതി പറയും. അപ്പോൾ മന്ത്രിസഭയെ കുറ്റം പറയും, മന്ത്രിയെ കുറ്റം പറയും. ഒരു ദിവസം റോഡിൽ ഒരു കുഴി വന്നാൽ അത് മാത്രമേ എനിക്കും നിങ്ങൾക്കും വാർത്തയുള്ളൂ.

ഈ നന്ദി അത് വേണം, ഓരോ ദിവസവും വേണം. കേരളം ഇങ്ങനെയായത് ഒരു ദിവസം കൊണ്ടല്ല. ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ്. രാഷ്ട്രീയം ഒരു തൊഴിലായി എടുക്കുമ്പോൾ ഒരുപാട് കടപ്പാടുകളുണ്ട്. അങ്ങനെയുള്ളവരാണ് നമ്മുടെ ഈ ഭരണകർത്താക്കൾ. ഇന്നിവിടെ അഭിമാനത്തോടെയാണ് ഞാൻ നിൽക്കുന്നത്.

രാഷ്ട്രീയം എന്നല്ല ഒരു തൊഴിലും സത്രീകൾക്ക് എളുപ്പമല്ല. ഒരുപാട് സംഘർഷങ്ങളുണ്ട്. അത് സിനിമ ആയിക്കോട്ടെ, വീട്ടമ്മ ആയിക്കോട്ടെ, ടീച്ചർ ആയിക്കോട്ടെ, ഡോക്ടർ ആയിക്കോട്ടെ. ആ സംഘർഷങ്ങൾക്കിടയിലും ഈ മണ്ഡലത്തെക്കുറിച്ച് ചിന്തിക്കാൻ ശൈലജ ടീച്ചർ വരുന്നു.

ആ ശൈലജ ടീർച്ചർ കേരളത്തെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതിന്റെ റിസൽറ്റ് അനുഭവിച്ചവരാണ് നമ്മൾ. അഭിമാനത്തോടെ തന്നെ പറയട്ടെ അതുകൊണ്ട് തന്നെയാണ് നമ്മളിൽ പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും. ധൈര്യത്തോടെ എഴുന്നേറ്റ് നിൽക്കുന്നതും. ആ ധൈര്യം നമ്മൾ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ശൈലജ ടീച്ചർ നിയമസഭയിൽ ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമല്ല. നമ്മുടെ കേരളത്തിന്റെ ആവശ്യമാണ്”.- കുക്കു പരമേശ്വരൻ പറഞ്ഞു.

മറക്കില്ല നിന്റെ അണ്ണാ എന്ന വിളി, അതാകും അവസാന കൂടിക്കാഴ്ചയെന്ന് അറിഞ്ഞില്ല…; നെഞ്ച് നീറി ശശാങ്കന്‍ മയ്യനാട്

മറക്കില്ല നിന്റെ അണ്ണാ എന്ന വിളി, അതാകും അവസാന കൂടിക്കാഴ്ചയെന്ന് അറിഞ്ഞില്ല…; നെഞ്ച് നീറി ശശാങ്കന്‍ മയ്യനാട്

സോഷ്യല്‍ മീഡിയയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഗുണ്ട ബിനു ഇനി ഓര്‍മ. ഗുണ്ട ബിനു എന്ന കഥാപാത്രമായി എത്തി താരമായി മാറിയ മിമിക്ര ആര്‍ട്ടിസ്റ്റ് ശരത് ഉണ്ണിത്താന്റെ വിയോഗ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളി കണ്ണ് തുറന്നത്. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീഴുകയായിരുന്നു.

ശരത്തിന്റെ വിയോഗത്തില്‍ വിങ്ങുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടനും മിമിക്രി താരവുമായ ശശാങ്കന്‍ മയ്യനാട്. അണ്ണാ എന്നുള്ള നിന്റെ വിളി മറക്കില്ലെന്നാണ് സുഹൃത്തിനെക്കുറിച്ച് ശശാങ്കന്‍ പറയുന്നത്. മിമിക്രിയുടെ തുടക്കകാലത്ത് ശരത് തന്റെ കൂടെയായിരുന്നുവെന്നും ശശാങ്കന്‍ പറയുന്നു. ആ വാക്കുകളിലേക്ക്: ദൈവമേ രാവിലെ കേട്ടത് ഒരു ദുഖവാര്‍ത്ത.പ്രിയപ്പെട്ട കലാകാരനും സഹോദര തുല്യനായ ശരത്ത് കായംകുളം ഹൃദയാഘാതം മൂലം മരണപ്പെട്ടു. വളരെ അടുപ്പം ഉണ്ടായിരുന്നു അവനും അവന്റെ വീടും തമ്മില്‍ എനിക്ക് ??മിമിക്രിയുടെ തുടക്കകാലങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു അതിനാല്‍ അവന്റെ അണ്ണാ എന്നുള്ള വിളി എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു അതിന് ശേഷം അവന്‍ usa യില്‍ പോയി ഏകദേശം 10വര്‍ഷത്തോളം യുഎസ്എയില്‍. അവിടെ വെച്ച് ആണ് അവന്റെ ഗുണ്ട ബിനു എന്ന റീല്‍സ് കഥാപാത്രം വൈറല്‍ ആകുന്നത്.

2024ഇല്‍ ഞാന്‍ യുഎസ്എയില്‍ പോയപ്പോള്‍ എന്നെ കാണാന്‍ വന്നതും രണ്ട് ദിവസം ഒരുമിച്ചു ഉണ്ടായിരുന്നു. അപ്പോള്‍ പാടിയും പറഞ്ഞും ഒരുപാട് ഓര്‍മ്മകള്‍ പങ്ക് വെച്ചിരുന്നു. അതായിരുന്നു ലാസ്റ്റ് കൂടിക്കാഴ്ച എന്ന് അറിഞ്ഞിരുന്നില്ല കൂട്ടുകാരാ. എന്തായാലും നിന്റെ വിയോഗം നികത്താന്‍ ആകാത്ത വേദനയായി ഞാന്‍ കാണുന്നു. മറക്കില്ല ഞാനും എന്റെ ഭാര്യയും നിന്റെ വീട്ടില്‍ ചിലവഴിച്ച നാളുകളും നിന്റെ കൂടെ ഉള്ള ഓര്‍മകളും നിന്റെ അണ്ണാ എന്നുള്ള വിളിയും. അല്ലാതെ നിനക്ക് വേണ്ടി എന്താ ചെയ്യാന്‍ കഴിയുക മോനെ.

രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: യുവനടിയെ ലൈംഗികമായ അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ വിട്ടു . രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും.

കസ്റ്റഡി അപേക്ഷയെ രഞ്ജിത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കേസില്‍ വിശദമായി ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.

തൊടുപുഴയിൽനിന്ന് ചൊവ്വാഴ്ച അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാൻഡില്‍ എറണാകുളം സബ്‍ജയിലിൽ‍ അടച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. ലൈംഗികാതിക്രമം നടന്നു എന്ന് പരാതിയിൽ പറയുന്ന കാരവനില്‍ എത്തിച്ചു തെളിവെടുക്കണമെന്നും അറസ്റ്റ് ചെയ്യുന്ന സമയത്ത് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന രഞ്ജിത്തിനെ ചോദ്യം ചെയ്യാനായില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഗുരുതര കുറ്റമാണ് നടന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനില്‍വെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനില്‍നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എസിപി അശ്വതി ജിജിയുട മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

‘യുറീക്ക’യുടെ സ്ഥാപക പത്രാധിപര്‍; എഴുത്തുകാരന്‍ ഡോ. ടിആര്‍ ശങ്കുണ്ണി അന്തരിച്ചു

‘യുറീക്ക’യുടെ സ്ഥാപക പത്രാധിപര്‍; എഴുത്തുകാരന്‍ ഡോ. ടിആര്‍ ശങ്കുണ്ണി അന്തരിച്ചു

തൃശൂര്‍: നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാര്‍ഷിക സര്‍വ്വകലാശാല അക്കാദമിക് വിഭാഗം മുന്‍ സീനിയര്‍ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ. ടി ആര്‍ ശങ്കുണ്ണി അന്തരിച്ചു. 91 വയസ്സായിരുന്നു. 1983 മുതല്‍ അഞ്ചു വര്‍ഷക്കാലം കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു.

ഏറെ ശ്രദ്ധേയമായ ശാസ്ത്രഗോപുരത്തിന്റെ രാജശില്‍പ്പികള്‍ അടക്കം ആറ് പോപ്പുലര്‍ സയന്‍സ് ഗ്രന്ഥങ്ങളും കേരള സാഹിത്യ അക്കാദമി അവാര്‍ഡും നാഷണല്‍ അവാര്‍ഡും നേടിയ വായുവിന്റെ കഥ, സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം നേടിയ ഹിതോപദേശ കഥകള്‍ അടക്കം നിരവധി ബാലസാഹിത്യ ഗ്രന്ഥങ്ങളും ഉറൂബ് അവാര്‍ഡ് കരസ്ഥമാക്കിയ വേദസാക്ഷി അടക്കം പതിനഞ്ച് നോവലുകളും മുഖ്യ രചനകളാണ്.

യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. 1970 ജൂണ്‍ ഒന്നിന് ഡോ കെഎന്‍ പിഷാരടി ചീഫ് എഡിറ്ററും ടിആര്‍ ശങ്കുണ്ണി മാനേജിങ് എഡിറ്ററുമായി തൃശൂരില്‍ നിന്നായിരുന്നു യുറീക്കയുടെ പിറവി. കാറളം സ്വദേശിയായ ഡോ ശങ്കുണ്ണി ഏറെക്കാലമായി തൃശ്ശൂര്‍ പാട്ടുരായ്ക്കലിലായിരുന്നു താമസം.

കത്തുന്ന ചൂടിന് ആശ്വാസം; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

കത്തുന്ന ചൂടിന് ആശ്വാസം; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.