by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ ലൈംഗിക വൈകൃത നടപടികളല്ലേ അയാളില്‍ നിന്ന് ഉണ്ടായത്? അത് ഒരു പൊതുപ്രവര്‍ത്തകനും പൊതുസമൂഹത്തിനും ചേര്‍ന്നതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അത്തരം ഒരു പൊതുപ്രവര്‍ത്തകനെ ആരോപണം വന്നപ്പോള്‍ തന്നെ മാറ്റി നിര്‍ത്തുകയല്ലേ വേണ്ടിയിരുന്നത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരം നേതൃത്വം അറിഞ്ഞിരുന്നു എന്നാണ് കാണുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്നുവിശേഷിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുകയാണോ വേണ്ടിയിരുന്നത്. ഏതെങ്കിലും ഒരുപാര്‍ട്ടി അങ്ങനെ ചെയ്യുമോ?. അകറ്റിനിര്‍ത്താന്‍ അല്ലേ ശ്രമിക്കേണ്ടത്?. കോണ്‍ഗ്രസ് വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയല്ലേ?. ആ പാരമ്പര്യം തീര്‍ത്തും കളഞ്ഞുകുളിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാത്തത് ഒത്തുകളിയെന്നാണ് ചിലര്‍ പറയുന്നത്. അതൊക്കെ നമ്മുടെ സമൂഹത്തില്‍ എല്ലാവരും വിലയിരുത്തുന്ന കാര്യമാണ്. പൊലീസ് ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. പക്ഷെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് സംരക്ഷണം ഒരുക്കുന്ന നടപടികളാണ് ചിലര്‍ സ്വീകരിച്ചിട്ടുള്ളത്. പോയ സ്ഥലങ്ങളെ പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അത് ബോധപൂര്‍വം സംരക്ഷിക്കുന്ന ചില നടപടികള്‍ എടുത്തെന്നാണ് സംശയിക്കുന്നത്. ഇനിയെങ്കിലും അത്തരം നടപടികള്‍ എടുക്കാതിരിക്കുക. പൊലീസ് ഫലപ്രദമായി തന്നെ പ്രവര്‍ത്തിച്ച് ആളെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ഇയാളെ തൊട്ട് ആരെങ്കിലും പറഞ്ഞാൽ അവർക്കു നേരെ അസഭ്യ വർഷമാണ്. ഇതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണോ. ഏതെങ്കിലും പാർട്ടിയിൽ സംഭവിക്കുമോ. കോൺഗ്രസ് നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ നേതാവ് സംസാരിക്കുമ്പോഴാണ് പിന്നിൽ നിന്ന് അണികൾ ബഹളം വയ്ക്കുന്നത്. ആരും ഇയാളെ തൊടാൻ പാടില്ലെന്നാണ് പറയുന്നത്. ഇത്തരമൊരു സംരക്ഷണവലയം എന്തിനാണ് ഒരുക്കാൻ തയാറായത്. നമുക്ക് ആ വിഷയം വിടാം. അത് തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരിക്കേണ്ട’’ – മുഖ്യമന്ത്രി പറഞ്ഞു.
എംപി എന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചത്. എംപിമാര്‍ കേരളത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കേണ്ടവരാണ്. ആ പ്രവര്‍ത്തനം ഏറിയും കുറഞ്ഞും ഇപ്പോള്‍ എംപിമാര്‍ നടത്താറുണ്ട്. ബ്രിട്ടാസിന്റെ ഇടപെടല്‍ ശേഷി നാട് അംഗീകരിക്കുന്നതാണ്. അല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള നടപടിയായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
കേരളം കഴിഞ്ഞ മാസം നവംബര്‍ ഒന്നിന് അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാന്‍ നമുക്ക് കഴിഞ്ഞു. അധികാരവികേന്ദ്രീകരണം നാടിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. സംസ്ഥാനത്ത് നടപ്പാക്കുന്ന ബദല്‍ നയങ്ങള്‍ മതനിരപേക്ഷതയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് കൂടുതല്‍ കരുത്തുപകരുന്നവായാണ്. മതനിരപേക്ഷതയുടെതായ പ്രത്യേകത നമ്മുടെ നാടിനുണ്ട്. മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുന്നതുമാണ്. ഇതിനെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള സമീപനമായിരിക്കണം ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സ്വീകരിക്കണമെന്നതാണ് അഭ്യര്‍ഥന.
കൊച്ചി നഗരത്തിന് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് എല്ലാവര്‍ക്കും ബോധ്യമുളള കാര്യമാണ്. ആളുകളുടെ കണ്ണിന്‍ മുന്നിലുള്ള യാഥാര്‍ഥ്യം അത് സാക്ഷ്യപ്പെടുത്തുന്നതാണ്. സാധാരണ വികസനം മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരത്തെയും നഗരത്തിന്റെയും വികസനമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ ഇവയെല്ലാം കേരളത്തിന് തന്നെ അഭിമാനമാണ്. ‘സമൃദ്ധി’യിലൂടെ വിശപ്പ് രഹിതനഗരമാകാനും കൊച്ചിക്ക് കഴിഞ്ഞു. വര്‍ഷങ്ങളായി കൊച്ചിയുടെ ശാപമായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിഞ്ഞു. മാലിന്യമല തന്നെയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അത് നീക്കം ചെയ്ത് ബ്രഹ്മപുരത്തെ പച്ചപ്പിലേക്ക് തിരികെ കൊണ്ടുവന്നതും എറണാകുളം മാര്‍ക്കറ്റിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. എംകെ അര്‍ജുനന്‍ മാസ്റ്റര്‍ക്കും ജി ശങ്കരക്കുറിപ്പിനും സ്മാരകങ്ങള്‍ ഒരുക്കി സാംസ്‌കാരിക രംഗത്ത് മുന്നേറാനും കഴിഞ്ഞെന്നും പിണറായി പറഞ്ഞു.



by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണമെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുപ്പക്കാരെ മുഴുവന്‍ കണ്ടെത്തണം. ശബരിമലയിലെ അമൂല്യമായ സ്വര്‍ണം വിഴുങ്ങാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ നടക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ നാലും ആറും പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. ഇതോടെ പത്മകുമാറിനും അപ്പുറത്തേക്കുള്ള ഉന്നതരിലേക്ക് കൂടി എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുകയാണ്.
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകണമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തില്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയത്. ഈ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.
ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താന്‍ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗികമായ ഒരു സ്ഥാനവുമില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സുകളോടെ, ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു.
2019ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണം വീണ്ടും പൂശുന്നതിനായി പാളികള്‍ എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം എടുത്തപ്പോള്‍ അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍, അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയപ്പോഴാണ് സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനമായത്. ഇത് ഉന്നതരുടെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള വലിയ സ്വാധീനം വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.
സ്വര്‍ണപ്പാളി സ്വര്‍ണം പൂശേണ്ട ആവശ്യമില്ല. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ഹര്‍ജിക്കാര്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ കൈമാറാന്‍ അനുമതി നല്‍കിയത്. ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ ചെമ്പു പൂശിയതെന്ന് ബോര്‍ഡ് തീരുമാന്തതിലും ബന്ധപ്പെട്ട മഹസ്സറിലും രേഖപ്പെടുത്തിയാല്‍, സ്വര്‍ണം കവര്‍ച്ച ചെയ്യാമെന്നും വിറ്റു പണമുണ്ടാക്കാമെന്നും പ്രതികള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. കുറ്റകൃത്യത്തില്‍ പങ്കില്ലെങ്കില്‍ ഇതു കൈമാറാന്‍ അനുവദിക്കുമായിരുന്നില്ല. പ്രഥമദൃഷ്ട്യാ പങ്കു വ്യക്തമായതിനാല്‍ ജയശ്രീയെയും ശ്രീകുമാറിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ്. ജയശ്രീ. ആറാം പ്രതിയാണ് മുന്‍ അഡ്മിനിനിസ്‌ട്രേറ്റീവ് ഓഫിസറായ എസ്. ശ്രീകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് സെക്രട്ടറിയുടെ ചുമതലയെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയശ്രീ വാദിച്ചത്. എന്നാല്‍ ദ്വാരപാലക ശില്‍പങ്ങളുടെ ചെമ്പുപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണമെന്ന തരത്തില്‍ മിനിറ്റ്സില്‍ ജയശ്രീ തിരുത്തല്‍ വരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മേലുദ്യോഗസ്ഥനായ എക്സിക്യുട്ടീവ് ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് മഹസറില്‍ ഒപ്പിട്ടതെന്നായിരുന്നു ശ്രീകുമാര്‍ വാദിച്ചിരുന്നത്.



by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: കേരള സമൂഹം നടുക്കത്തോടെ കേള്‍ക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കുറ്റകൃത്യമാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. വര്‍ഷങ്ങള്‍ നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം കേസില്‍ കോടതി വിധി ഈ മാസം എട്ടിന് വിധി പുറപ്പെടുവിക്കും. സിനിമാ മേഖലയേയും രാഷ്ട്രീയ മേഖലയെയും വരെ പിടിച്ചുലച്ച സംഭവവികാസങ്ങളില്‍, ആക്രമണത്തിന്റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ പോകുകയും ചെയ്തിരുന്നു.
2017 ഫെബ്രുവരി 17 ന്, ഒരു സിനിമാ ഷൂട്ടിങ്ങിനായിട്ടാണ് തൃശ്ശൂര്‍ പാട്ടുരയ്ക്കലിലുള്ള വീട്ടില്‍ നിന്ന് നടി കൊച്ചിയിലേക്ക് പുറപ്പെടുന്നത്. ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി ഏര്‍പ്പാട് ചെയ്ത എസ്യുവിയില്‍ വൈകീട്ട് 7 മണിക്ക് കയറുന്നു. വാഹനം കൊച്ചി പനമ്പിള്ളി നഗറിലേക്ക് പോകുന്നതിനിടെയാണ്, കേരളത്തെ നടുക്കിയ ആക്രമണം ഉണ്ടാകുന്നതെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) വ്യക്തമാക്കുന്നു.
എസ്യുവി ഡ്രൈവര്‍ മാര്‍ട്ടിന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ നടിയെ പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ വാഹനത്തില്‍ അതിക്രമിച്ചു കയറി നടിയുടെ വായ കൈപ്പത്തി കൊണ്ട് പൊത്തി. ഭീഷണിപ്പെടുത്തി നടിയുടെ മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. പാലാരിവട്ടത്ത് എത്തിയപ്പോള്‍, മാര്‍ട്ടിനും രണ്ട് സംഘാംഗങ്ങളും പുറത്തിറങ്ങുകയും, ഒന്നാം പ്രതി എന്‍ എസ് സുനില്‍ എന്ന പള്‍സര്‍ സുനിയും, ടവ്വല്‍ കൊണ്ട് മുഖംമൂടി ധരിച്ചിരുന്ന മറ്റ് രണ്ട് പേരും വാഹനത്തില്‍ കയറുകയായിരുന്നു.
സുനിയെ വാഹനം ഓടിച്ചപ്പോള്‍ മാര്‍ട്ടിന്‍ അക്രമികളുടെ വാനില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. കാക്കനാട്ടേക്ക് പോയ എസ്യുവി ഒരു പാലത്തിന് സമീപം നിര്‍ത്തി. തുടര്‍ന്ന് സുനി പിന്‍സീറ്റിലേക്ക് കയറി. തുടര്‍ന്ന് എതിര്‍പ്പു വകവെയ്ക്കാതെ നടിയെ മടിയിലിരുത്തി, ആക്രമിച്ചു. രാത്രി 8:30 മുതല്‍ രാത്രി 11 വരെ ആക്രമണം നീണ്ടു നിന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പള്‍സര്‍ സുനി പകര്‍ത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
എതിര്‍ത്ത നടിയെ സുനി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൂന്നു മിനിറ്റ് വീഡിയോയ്ക്കായി ഞങ്ങളോട് സഹകരിക്കണം. എന്നാല്‍ നീ പറയുന്ന സ്ഥലത്തു കൊണ്ടുവിടാം. അതല്ലെങ്കില്‍ നിന്നെ ഡിഡി റിട്രീറ്റിലേക്ക് കൊണ്ടുപോകും. അവിടെ നിരവധി പേര്‍ കാത്തിരിപ്പുണ്ട്. അവരുടെ കൈകളില്‍ എത്തിയാല്‍ പിന്നീട് എന്താണ് സംഭവിക്കുകയെന്ന് എനിക്ക് പറയാനാവില്ലെന്നും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയിരുന്നതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. നടിയെ പിന്നീട് കാക്കനാട് പടമുഗളില്‍ ഉപേക്ഷിക്കുകയായിരുന്നു.
നടി നേരെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലാലിന്റെ കൈകളിലേക്ക് തളര്‍ന്നു വീണ നടി, സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. ലാല്‍ ഉടന്‍ തന്നെ പിടി തോമസ് എംഎല്‍എയേയും നിര്‍മ്മാതാവ് ആന്റോ ജോസഫിനെയും വിവരം അറിയിച്ചു. അവര്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പി ടി തോമസിന്റെ ഇടപെടലാണ് പൊലീസിനെ കര്‍ക്കശവും ജാഗ്രതയോടെയുമുള്ള ഇടപെടലിന് കാരണമായത്.
രാത്രി വൈകി ഉറങ്ങാന്‍ പോകുമ്പോഴാണ് ഫോണ്‍ ബെല്ലടിക്കുന്നത്. തുടര്‍ന്ന് തന്നോടൊന്നും പറയാതെ, തിടുക്കപ്പെട്ട് പിടി തോമസ് പുറത്തേക്ക് പോകുകയായിരുന്നുവെന്ന് ഭാര്യ ഉമ തോമസ് ഓര്‍മ്മിച്ചു. പുലര്‍ച്ചെയാണ് പി ടി തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മാനസിക വിഷമം നേരിടുന്നതായി മനസ്സിലാക്കി. സ്വന്തം മകള്‍ക്ക് നേരിട്ട ആപത്തു പോലെയാണ് പിടി തോമസ് സംഭവത്തെ കണക്കാക്കിയത്. എസ് യുവി ഡ്രൈവറുടെ പ്രവൃത്തി, വലിയ ഗൂഢാലോചന അക്രമത്തിനു പിന്നിലുണ്ടെന്ന് പി ടി തോമസില്‍ സംശയം ശക്തമാക്കാന്‍ കാരണമായി എന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.
കേസില്‍ പത്താം സാക്ഷിയായിരുന്നു പി ടി തോമസ്. എന്നാല്‍ കേസില്‍ മൊഴി നല്‍കുന്നതിനെതിരെ പല കോണുകളില്‍ നിന്നും പിടി തോമസിന് സമ്മര്‍ദ്ദം നേരിട്ടിരുന്നു. എന്നാല്‍ അണുവിട പിന്നോട്ടു പോകുവാന്‍ പിടി തോമസ് കൂട്ടാക്കിയില്ല. തന്നെ സമീപിച്ചവരോട് പിടി തോമസ് പറഞ്ഞു. ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല, സത്യം മാത്രമാണ് താന്‍ പറയുക. പിടി തോമസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം പിന്നോക്കം പോകുകയായിരുന്നുവെന്നും ഉമ തോമസ് വ്യക്തമാക്കി.



by Midhun HP News | Dec 5, 2025 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമ്മതമില്ലാതെ ഫോണില്‍ ഫോട്ടോയെടുത്തയാള്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിങ്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
സ്വകാര്യകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളില്‍ ചിത്രമെടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും ഐപിസി സെക്ഷന്‍ 354സിയുടെ പരിധിയില്‍ വരില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹര്‍ജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 2020 മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയിലാണ് കേസിനാസ്പദമായ സംഭവം.പരാതിക്കാരി സുഹൃത്തിനും ജോലിക്കാര്‍ക്കുമൊപ്പം ഒരു സ്ഥലത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയെന്നുമാണ് കേസ്. കേസില്‍ 2020 ഓഗസ്റ്റില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.



by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം.
റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടുവെച്ചതെന്ന് വ്യക്തതയില്ല. മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ഇത്തരത്തില്‍ പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പവിശോധന ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.



by Midhun HP News | Dec 5, 2025 | Latest News, ജില്ലാ വാർത്ത
ബംഗളൂരു: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നത് ആഡംബര സൗകര്യത്തോടെയെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് കഴിഞ്ഞ രണ്ടു ദിവസം രാഹുല്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനായുള്ള സൗകര്യം ഒരുക്കിനല്‍കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണെന്നുമാണ് വിവരം. ബുധനാഴ്ച വൈകീട്ട് പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തിയെങ്കിലും രാഹുല്‍ അവിടെ നിന്നും മുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനെ സഹായിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
രാഹുലിനു സഞ്ചരിക്കാന്‍ വാഹന സൗകര്യം നല്‍കുന്നതും വഴികള്‍ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആഡംബര റിസോര്‍ട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്തു. ഇതോടെ ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. മറ്റ് വഴികളില്ലാതെ രാഹുല്‍ കീഴടങ്ങും എന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.
മൊബൈല്‍ ഫോണും കാറുകളും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ തുടരുന്നത്. സിസിടിവി കാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയാണ് സുഹൃത്തായ യുവനടിയുടെ കാറില്‍ പൊള്ളാച്ചിയില്‍ എത്തിയത്. അവിടെ നിന്ന് മറ്റൊരു കാറില്‍ കോയമ്പത്തൂരില്‍എത്തി. പിന്നീട് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു റിസോര്‍ട്ടില്‍ കഴിഞ്ഞു. അവിടെ അന്വേഷണസംഘം എത്തുമെന്ന് അറിഞ്ഞതോടെ രാഹുല്‍ ബംഗളുരൂവിലേക്ക് കടക്കുകയായിരുന്നു.



Recent Comments