‘ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കും?’

‘ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കും?’

കൊച്ചി: ബോഡി ബില്‍ഡര്‍മാര്‍ക്ക് പൊലീസില്‍ നിയമനം നല്‍കിയതില്‍ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി ഹൈക്കോടതി. ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കുമെന്നും ശാരീരിക സൗന്ദര്യം എന്നാല്‍ ശാരീരികക്ഷമതയാണെന്നും ഹൈക്കോടതി. പൊലീസില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ബോഡി ബില്‍ഡര്‍മാരുടെ കാര്യത്തില്‍ അതില്ലെന്നു തെളിഞ്ഞെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു.

ബോഡി ബില്‍ഡിങ് ചാംപ്യന്‍ ചിത്തരേഷ് നടേശന്‍, ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവര്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമന ഉത്തരവ് നല്‍കിയതുമായന ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വാക്കാലുള്ള പരാമര്‍ശം.
നിയമന ഉത്തരവ് നല്‍കിയെങ്കിലും പരിശീലനത്തിനടക്കം അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഴിമതിയുള്ളതിനാലാണ് നിയമനത്തില്‍ നിന്നു പിന്‍മാറിയതെന്നു ഹര്‍ജിക്കാരനായ അഡ്വ. കെഎം ഷാജഹാന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.

പരമാവധി എഎസ്‌ഐ ആയിട്ടല്ലേ നിയമനം നടത്താന്‍ കഴിയു എന്ന് ഹൈക്കോടതി ആരാഞ്ഞു. ഫുട്‌ബോള്‍ താരം ഐഎം വിജയനടക്കമുള്ളവരെ നിയമിച്ചതും കോടതി ചൂണ്ടിക്കാട്ടി. അംഗീകാരമെന്ന നിലയിലാണ് അന്‍സ്‌പെക്ടറായുള്ള നിയമനമെന്നു ഷിനു ചൊവ്വയുടെ അഭിഭാഷകന്‍ വിശദീകരിച്ചു. നിയമനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാനായി കോടതി ഹര്‍ജി മാറ്റി.

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കിവിടാം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കിവിടാം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

ഡല്‍ഹി: വയോജന സംരക്ഷണത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കി വിടാം. മുതിര്‍ന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ മക്കളെ സ്വത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ വയോജന ട്രൈബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഉചിതവും അനിവാര്യവുമെങ്കില്‍ ഒഴിപ്പിക്കല്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ ട്രൈബ്യൂണലുകള്‍ക്കു കഴിയുമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അടക്കം ഭരണഘടനാ തത്വങ്ങള്‍ പരിഗണിച്ചു വേണം നിയമത്തെ വ്യാഖാനിക്കാനെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

പ്രായമേറുന്നു എന്നത് അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയ്ക്കു കാരണമാകരുത്. മുതിര്‍ന്നപൗരര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള 2007ലെ നിയമം ഈ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ ലക്‌നൗ വികാസ് നഗറില്‍ എണ്‍പത്തിയൊന്നുകാരിയായ അമ്മയെ സംരക്ഷിക്കാന്‍ രവികാന്ത് ഗുപ്ത എന്നയാള്‍ സ്വന്തം മകനുമായി നടത്തിയ നിയമപോരാട്ടമാണ് കേസിന് ആധാരം.

രവികാന്തിന്റെ മകനും മരുമകളും മുത്തശ്ശിയെ (രവികാന്തിന്റെ അമ്മ) വൃദ്ധസദനത്തിലാക്കി. താന്‍ സമ്പാദിച്ച വീട്ടില്‍ തന്റെ അമ്മയെ താമസിപ്പിക്കുന്നില്ലെന്ന പരാതിയുമായി രവികാന്ത് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചു. മകനും ഭാര്യയും വീട് ഒഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, അപ്പീല്‍ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കി. റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഉതേത്തുടര്‍ന്നാണ് രവികാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു

ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം: കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു. 85 വയസ്സായിരുന്നു. കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്‍റും വലിയോറ ദാറുൽ മആരിഫ് കോളജ് പ്രിൻസിപ്പാളുമാണ് .

ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും.

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

വരും മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 08.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,14,000ന് മുകളില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,14,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപ വര്‍ധിച്ച് 1,14,320 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് ഉയര്‍ന്നത്. 14,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപയാണ് വര്‍ധിച്ചത്.

ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം

വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം

വർക്കല മേൽവെട്ടൂരിൽ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക് ആറംഗ സംഘത്തിന്റെ മർദ്ദനം. മേൽവെട്ടൂർ സ്വദേശികളായ ആഷിക് ബാലാജി, ലിബു എന്നിവർക്കാണ് മർദ്ദനമേറ്റത്.

കഴിഞ്ഞദിവസം വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. ആഷിക് ബാലാജിയുടെ ജ്യേഷ്ഠന്റെ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് വിലക്കിയതിന്റെ വൈരാഗ്യത്തിലാണ് യുവാക്കളെ ആക്രമിച്ചതെന്നാണ് പരാതി. തുടർന്ന് മേൽവെട്ടൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും സംഘം അടിച്ചുതകർത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ലിബുവിനെയും സംഘം ആക്രമിച്ചതെന്നാണ് വിവരം.
മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ലിബുവിന്റെ മൂക്കിനേറ്റ പരിക്കിന് മൂന്ന് തുന്നിക്കെട്ടുകൾ വേണ്ടിവന്നതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ യുവാക്കൾ വർക്കല പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.