‘നയപ്രഖ്യാപനത്തില്‍ നിറയെ പിഴവ്’, വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

‘നയപ്രഖ്യാപനത്തില്‍ നിറയെ പിഴവ്’, വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രം​ഗങ്ങൾ. ഡിഎംകെ സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ നിറയെ പിഴവുകളുണ്ടെന്നും, അതു വായിക്കാനാകില്ലെന്നും ​ഗവർണർ ആര്‍ എന്‍ രവി പറഞ്ഞു. സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ​ഗാനം ആലപിക്കാത്തതിനെയും ​ഗവർണർ വിമർശിച്ചു. വിമർശനത്തിനിടെ ​ഗവർണറുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ​ഗവർണർ ആർ എൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

നയപ്രഖ്യാപന പ്രസംഗം വായിക്കാതെയാണ് ഗവർണർ ആർ എൻ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. തുടര്‍ന്ന് സ്പീക്കര്‍ എന്‍ അപ്പാവു നയപ്രഖ്യാപനം നിയമസഭ പാസ്സാക്കിയതായി പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗം ഇനി മുതല്‍ വേണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് വന്‍ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; മൈസൂരുവില്‍ നിന്ന് വ്യാജ രേഖകള്‍, കേരളത്തില്‍ എംവിഡി മുദ്ര

സംസ്ഥാനത്ത് വന്‍ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; മൈസൂരുവില്‍ നിന്ന് വ്യാജ രേഖകള്‍, കേരളത്തില്‍ എംവിഡി മുദ്ര

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ് പുറത്തായിരിക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെയാണ് ഏജന്റുമാര്‍ മുഖേന കര്‍ണാടകയിലെ മൈസൂരുവില്‍ നിന്ന് ലൈസന്‍സ് സംഘടിപ്പിക്കുകയും പിന്നീട് കേരളത്തിലെ ലൈസന്‍സാക്കി മാറ്റുകയും ചെയ്യുന്ന സംഘങ്ങള്‍ വടക്കന്‍ കേരളത്തില്‍ സജീവമാണെന്ന് കണ്ടെത്തി.

മൈസൂരുവില്‍ നിന്നു ലഭിക്കുന്ന ലൈസന്‍സുകളില്‍ വിലാസം, ഒപ്പ്, ഫോട്ടോ എന്നിവ മാറ്റി കേരളത്തിലെ ലൈസന്‍സാക്കി നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും എംവിഡി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചതായും ഗതാഗത കമ്മീഷണര്‍ വി.എച്ച്. നാഗരാജു വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും ഏജന്റുമാര്‍ മുഖേന ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍, കര്‍ണാടകയിലേക്ക് പോകാതെയും ടെസ്റ്റില്‍ പങ്കെടുക്കാതെയും ലൈസന്‍സ് തരപ്പെടുത്തുന്ന മാഫിയ പ്രവര്‍ത്തനം ഇപ്പോള്‍ പുറത്തുവന്നത് ഗുരുതരമായ ആശങ്കയുണര്‍ത്തുകയാണ്.

കൂടുതൽ കണ്ടെത്തുക

അന്വേഷണത്തിന് വഴിവെച്ച രേഖകളില്‍, മലപ്പുറം സ്വദേശിയായ മുഹമ്മദ് ബഷീര്‍ എന്നയാള്‍ക്ക് 2024 ഡിസംബര്‍ 20ന് മൈസൂരു വെസ്റ്റ് ആര്‍ടിഒയില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി കണ്ടെത്തി. 1970ല്‍ ജനിച്ചെന്ന രേഖകളുള്ള ഇയാളുടെ ലൈസന്‍സില്‍ ഒരു യുവാവിന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന്, വിലാസവും ഒപ്പും മാറ്റുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസില്‍ അപേക്ഷ നല്‍കിയ ഇയാള്‍ക്ക്, ഡിസംബര്‍ 28ന് മലപ്പുറം വിലാസത്തിലും പുതിയ ചിത്രത്തോടെയും കേരള ലൈസന്‍സ് ലഭിച്ചു. ഇയാള്‍ സമര്‍പ്പിച്ച ആധാര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, രണ്ട് വ്യത്യസ്ത ചിത്രങ്ങളോടെ മൈസൂരു വിലാസത്തിലും മലപ്പുറം വിലാസത്തിലും ഉള്ള ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.

മൈസൂരു വിലാസത്തില്‍ വ്യാജ ചിത്രം ഉപയോഗിച്ച് ലൈസന്‍സ് നേടുകയും, പിന്നീട് കേരളത്തിലെ സബ് ആര്‍ടിഒ ഓഫീസുകള്‍ വഴി ഫോട്ടോ, വിലാസം, ഒപ്പ് എന്നിവ മുഴുവന്‍ മാറ്റി പുതിയ ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന വലിയ സംഘപരമായ തട്ടിപ്പാണ് നടക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേരളത്തിലും കര്‍ണാടകയിലുമുള്ള ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്നുള്ള ശൃംഖലാപരമായ തട്ടിപ്പാണിത്. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ലാത്ത ഒരാളുടെ പേരില്‍ എങ്ങനെ ലൈസന്‍സ് അനുവദിച്ചു, രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ ഉണ്ടായിട്ടും എംവിഡി ഉദ്യോഗസ്ഥര്‍ എങ്ങനെ പുതിയ ലൈസന്‍സ് അനുവദിച്ചു തുടങ്ങിയ നിരവധി ഗുരുതര ചോദ്യങ്ങളാണ് ഇനി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ളത്. അതേസമയം, തട്ടിപ്പുകള്‍ സ്ഥിരീകരിച്ചതായും ആഭ്യന്തര വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.

സുഹൃത്തിന്റെ വീട്ടിലെ 4 വയസുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് 22കാരൻ പിടിയിൽ

സുഹൃത്തിന്റെ വീട്ടിലെ 4 വയസുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് 22കാരൻ പിടിയിൽ

കോഴിക്കോട്: മുക്കത്ത് നാല് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജ് ആണ് പിടിയിലായത്. വയനാട്ടിൽ നിന്നാണ് ഇയാളെ മുക്കം പൊലീസ് പിടികൂടിയത്.

സുഹൃത്തിന്റെ വീട്ടിലെ നാല് വയസുകാരിയായ മകളെയാണ് മുഹമ്മദ് മിഥിലാജ് ലൈം​ഗിക പീഡനത്തിനു ഇരയാക്കിയത്. ഈ വീട്ടിലെ നിത്യ സന്ദർശനകനായിരുന്നു മുഹമ്മദ് മിഥിലാജ്. അങ്കണവാടിയിലെത്തിയ കുട്ടി അധ്യാപികയുമായുള്ള സംഭാഷണത്തിനിടെയാണ് പീഡന വിവരം പറഞ്ഞത്. ശരീരത്തിലെ വേദന പങ്കുവച്ചപ്പോഴാണ് ടീച്ചൽ വിശദമായി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഇതോടെ ലൈം​ഗിക ഉപദ്രവം നേരിട്ടതായി ടീച്ചർ മനസിലാക്കി.

തുടർന്നു ഇവർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. മതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ വയനാട്ടിൽ നിന്നു മുഹമ്മദ് മിഥിലാജിനെ പിടികൂടുകയായിരുന്നു.

കേരളത്തിന്റെ സ്വന്തം ബാക്ടീരിയ വരുന്നു; മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

കേരളത്തിന്റെ സ്വന്തം ബാക്ടീരിയ വരുന്നു; മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

തിരുവനന്തപുരം: സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഈ മാസം 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

സാധാരണയായി രോഗകാരികളെന്ന ധാരണയില്‍ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷമാണുക്കള്‍ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളില്‍ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ സൂക്ഷ്മാണുക്കള്‍ നല്‍കുന്ന അനന്തമായ ഗുണഫലങ്ങളെക്കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ് സംസ്ഥാന സൂക്ഷ്മാണു എന്ന ആശയം മുന്നോട്ടുവച്ചത്.

മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുകയുമാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൂക്ഷ്മാണുക്കള്‍ കേവലം രോഗകാരികളല്ലെന്നും കൃഷി, ആരോഗ്യം, പരിസ്ഥിതി എന്നിവയില്‍ അവ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുക. ലൈഫ് സയന്‍സ് രംഗത്തേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയും നൂതന പഠനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുക. കൃഷിയിലും മറ്റും രാസവസ്തുക്കളുടെ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ സൂക്ഷ്മാണുക്കളെ ഉപയോഗിക്കുക.

2013ല്‍ ഇന്ത്യ ‘ലാക്ടോബാസില്ലസ് ഡെല്‍ബ്രൂക്കി’ എന്ന ബാക്ടീരിയയെ ദേശീയ സൂക്ഷ്മാണുവായ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളം ഇപ്പോള്‍ സംസ്ഥാന തലത്തില്‍ ഈ തീരുമാനം കൈക്കൊള്ളുന്നത്. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ ദഹനസഹായവും പ്രതിരോധശക്തി വര്‍ധനയും നല്‍കുന്ന പ്രോബയോട്ടിക് ഗുണങ്ങളുള്ള ബാക്ടീരിയയാണ് ഇത്. സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കിന്‍ഫ്രയില്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ സമര്‍പ്പണവും റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്സ്‌കേപ് ഓഫ് മൈക്രോബയോം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ മുദാക്കൽ അമുന്തിരത്ത് ക്ഷേത്രത്തിനു സമീപം അളകാപുരിയിൽ ബൈജുവിന്റെ മകൻ (17) സിദ്ധാർത്ഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സിദ്ധാർത്ഥ് ഇളമ്പ ഗവൺമെന്റ് എച്ച് എസ്സിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.

ദീപക്കിന്റെ വിഡിയോ പകര്‍ത്തിയ യുവതി ഒളിവിലെന്ന് സൂചന; ഫോണ്‍ കണ്ടെത്താന്‍ പൊലീസ്

ദീപക്കിന്റെ വിഡിയോ പകര്‍ത്തിയ യുവതി ഒളിവിലെന്ന് സൂചന; ഫോണ്‍ കണ്ടെത്താന്‍ പൊലീസ്

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫെയ്‌സ്്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ ദീപക് മാനസികമായി തകര്‍ന്നിരുന്നുവെന്നും സുഹൃത്തുക്കളും ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്.