by Midhun HP News | Jan 19, 2026 | Latest News, കായികം
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാരെ വിമര്‍ശിച്ചും വിരാട് കോഹ്‌ലിക്ക് കൈയടിച്ചും ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. മികച്ച രീതിയില്‍ ബാറ്റിങ് തുടങ്ങുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. വേഗമുള്ള പിച്ചില്‍ എങ്ങനെ നിലയുറപ്പിച്ച് ബാറ്റ് ചെയ്യണമെന്നു ടീമിലെ മറ്റു താരങ്ങള്‍ വിരാട് കോഹ്‌ലിയെ കണ്ട് പഠിക്കണമെന്നും ഗാവസ്‌കര്‍.
അവസാന ഏകദിനത്തില്‍ ഇന്ത്യ 41 റണ്‍സ് തോല്‍വി വഴങ്ങി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നു കൈവിട്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഫൈനല്‍ ഏകദിനത്തില്‍ വിരാട് കോഹ്‌ലി സെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതി നിന്നു. ഹര്‍ഷിത് റാണയും നിതീഷ് കുമാര്‍ റെഡ്ഡിയും അര്‍ധ സെഞ്ച്വറികളുമായി കോഹ്‌ലിയെ മികച്ച രീതിയില്‍ പിന്തുണച്ചു. എന്നാല്‍ മറ്റെല്ലാ ബാറ്റര്‍മാരും പരജായപ്പെട്ടത് ഇന്ത്യക്കു തിരിച്ചടിയായി. കോഹ്‌ലി 108 പന്തില്‍ 124 റണ്‍സെടുത്തു.
‘വിരാട് കോഹ്‌ലിക്ക് കാര്യമായൊരു പിന്തുണയും കിട്ടിയില്ല. പരമ്പരയിലുടനീളം ഇന്ത്യക്ക് മികച്ച തുടക്കവും കിട്ടിയില്ല. മികച്ച തുടക്കം കിട്ടിയാല്‍ തന്നെ കാര്യങ്ങള്‍ പകുതി ശരിയാകും. ഇന്ത്യ ഒരിക്കല്‍ പോലും മികച്ച തുടക്കമിടാത്തതാണ് ഇത്തരത്തിലുള്ള വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ കാലിടറി വീഴുന്നതിന്റെ പ്രധാന കാരണം. 159 റണ്‍സ് എത്തുമ്പോഴേക്കും മുന്‍നിരയിലെ അഞ്ച് പേര്‍ പുറത്തായിക്കഴിഞ്ഞിരുന്നു.’
അവസാനം വരെ ജയത്തിനായി പൊരുതിയ കോഹ്‌ലിയുടെ ഇച്ഛാശക്തിയെ ഗാവസ്‌കര്‍ പ്രശംസിച്ചു. അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് ടീമിലെ മറ്റ് താരങ്ങളും അനുകരിക്കേണ്ടതെന്നും ഗാവസ്‌കര്‍ എടുത്തു പറയുന്നു.
‘കോഹ്‌ലിയെക്കുറിച്ച് എന്താണ് പറയേണ്ടത്. വിശേഷങ്ങള്‍ക്കുള്ളിലൊന്നും ഒതുങ്ങാത്ത പ്രതിഭയാണ് അദ്ദേഹം. മറ്റ് പല സൂപ്പര്‍ താരങ്ങളും ഇമേജുകളില്‍ കുടുങ്ങിക്കിടക്കുന്നവരാണ്. എന്നാല്‍ കോഹ്‌ലി അങ്ങനെയല്ല. അദ്ദേഹം തന്റെ ബാറ്റിങ് റോളുമായി അഗാധമായി ബന്ധിക്കപ്പെട്ട താരമാണ്. റണ്‍സ് നേടുക എന്നതാണ് അദ്ദേഹത്തിന്റെ എല്ലായ്‌പ്പോഴുമുള്ള ലക്ഷ്യം. ചിലപ്പോള്‍ ജാഗ്രതയോടെ കളിച്ച് പിന്നീട് ആക്രമിച്ചു കളിക്കേണ്ടി വരും. ചിലപ്പോള്‍ തുടക്കം മുതല്‍ ആക്രമിച്ചും പിന്നീട് ഒന്നും രണ്ടും റണ്‍സ് ഓടിയെടുത്തും കളിക്കേണ്ടി വരും.’
‘വലിയ പ്രതീക്ഷകളല്ല ക്രീസില്‍ നില്‍ക്കുമ്പോള്‍ കോഹ്‌ലിയെ നിയന്ത്രിക്കുന്നത്. അതാണ് പ്രധാനം. ഉടന്‍ ഒരു സിക്‌സടിക്കണമെന്നല്ല ക്രീസില്‍ എത്തിയാല്‍ അദ്ദേഹം ചിന്തിക്കുന്നത്. മറിച്ച് സാഹചര്യം നോക്കിയാണ്. ആ ഏകാഗ്രത അദ്ദേഹം അവസാനം വരെ നിലനിര്‍ത്തുന്നു. അവസാന നിമിഷം വരെ ശ്രമം തുടരുന്നു. യുവ താരങ്ങള്‍ക്ക് അതൊരു വലിയ പാഠമാണ്. ഇമേജുകള്‍ക്ക് ചുറ്റും കറങ്ങാതെ സഹചര്യത്തിനനുസരിച്ച് കളിയെ വികസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പതിയെ സ്ഥിരതയുള്ളവരായി മാറാനുള്ള ആര്‍ജവം അവര്‍ക്ക് കിട്ടും.’

അവസരത്തിനൊത്തുയര്‍ന്ന ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ ഗാവസ്‌കര്‍ അഭിനന്ദിച്ചു. കെഎല്‍ രാഹുലിനെ പോലെ മിന്നും ഫോമില്‍ നില്‍ക്കുന്ന താരം പെട്ടെന്നു പുറത്തായപ്പോള്‍ ഇരുവരും അവസരത്തിനൊത്തുയര്‍ന്നു. ഇതുവരെ ബാറ്റിങില്‍ കാര്യമായ മികവ് പുറത്തെടുക്കാത്ത ഇരുവരും തിളങ്ങിയത് ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നതായി മാറിയെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
‘മുന്‍ പരാജയങ്ങള്‍ ബാധിക്കാതെ മാനസിക കരുത്തോടെ ബാറ്റ് ചെയ്യാനുള്ള ഹര്‍ഷിതിന്റെ കഴിവ് എന്നെ ആകര്‍ഷിച്ചു. മികച്ച ഇന്നിങ്‌സാണ് ഹര്‍ഷിത് കളിച്ചത്. ഒരു ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ എന്താണ് ചെയ്യേണ്ടത് എന്നത് ഹര്‍ഷിത് ഇതാദ്യമായി കാണിച്ചു തന്നു. മറുവശത്ത് കോഹ്‌ലിയെപ്പോലെ ഒരു താരമുള്ളതിനാല്‍ ഹര്‍ഷിതിന് ആശങ്കയില്ലാതെ കളിക്കാനും സാധിച്ചു’- ഗാവസ്‌കര്‍ വ്യക്തമാക്കി.

by Midhun HP News | Jan 19, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് വിധിച്ചത്. ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടു.പ്രതി ശരണ്യയുടെ ശിക്ഷ 21 ന് പ്രഖ്യാപിക്കും. അതേസമയം സുഹൃത്ത് നിധിന് കൊലപാതകത്തിലുള്ള പങ്ക് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിധിനെ കോടതി വെറുതെ വിട്ടത്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിൽ അകന്നു കഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനി യിൽ ജോലി ചെയ്തു വരികയാണ് ശരണ്യ. കേസിൻ്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.


by Midhun HP News | Jan 19, 2026 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ജനറല്‍ ആശുപത്രിയിലെ മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററിന് സമീപത്തുനിന്നാണ് മൂര്‍ഖനെ കണ്ടത്. ആശുപത്രി ജീവനക്കാര്‍ പാമ്പിനെ കണ്ടതോടെ വന്‍ അപകടം ഒഴിവായി.
ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടാഴ്ചയായി പാമ്പിനെ കണ്ടിരുന്നതായി രോഗികള്‍ പറഞ്ഞു. ആശുപത്രി ജീവനക്കാരനും സ്നേക് റെസ്‌ക്യൂവറുമായ സുധീഷ്. കെ.പി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. തൃശൂര്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ജനറല്‍ ആശുപത്രയില്‍ പ്രതിദിനം നൂറുകണക്കിനു പേര്‍ ചികിത്സിക്കായി ആശ്രയിക്കുന്ന ആശുപത്രിയാണിത്.


by Midhun HP News | Jan 19, 2026 | Latest News, കേരളം
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ടതില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കള്‍ പറയുന്നു. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.
കണ്ണൂരില്‍ പോയി വന്നതിനു ശേഷം മകന്‍ മാനസിക പ്രയാസത്തിലായിരുന്നെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണില്‍ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുന്‍പേ ദീപക് ആത്മഹത്യ ചെയ്തു. ഫോണ്‍ സംഭാഷണത്തില്‍ സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് മാധ്യമങ്ങളോടു പറഞ്ഞു.
കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരില്‍ പോയിരുന്നു. ഈ സമയം ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീല്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരില്‍ നിന്ന് ഇത്തരത്തില്‍ വിഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തില്‍ ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.


by Midhun HP News | Jan 19, 2026 | Latest News, ദേശീയ വാർത്ത
വിര്‍ജീനിയ: യുഎസിലെ വിര്‍ജീനിയയില്‍ മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടത്തിയതിന് രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍. മോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. തരുണ്‍ ശര്‍മ്മ (55), ഭാര്യ കോശ ശര്‍മ്മ (52) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികള്‍. ഇവര്‍ക്കൊപ്പം മാര്‍ഗോ പിയേഴ്‌സ് (51), ജോഷ്വ റെഡിക് (40), റഷാര്‍ഡ് സ്മിത്ത് (33) എന്നിവരും പിടിയിലായിട്ടുണ്ട്.
വിര്‍ജീനിയയില്‍ റെഡ് കാര്‍പെറ്റ് ഇന്‍ എന്ന പേരില്‍ ബിസിനസ് നടത്തുകയായിരുന്നു സംഘം. മോട്ടലില്‍ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടന്നിരുന്നത്. താഴത്തെ നിലകളില്‍ അതിഥികളെ താമസിപ്പിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇടപാടുകാര്‍ക്കിടയില്‍ കോശ ശര്‍മ്മ ‘മാ’ എന്നും തരുണ്‍ ശര്‍മ്മ ‘പോപ്പ്’ എന്നുമാണ് അറിയപ്പെട്ടിരുന്നത്. മോട്ടലില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദമ്പതികള്‍ ലാഭവിഹിതം കൈപ്പറ്റിയിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
എഫ്ബിഐയും ലോക്കല്‍ പൊലീസും ചേര്‍ന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഘത്തെ കുടുക്കിയത്. കുറഞ്ഞത് എട്ട് സ്ത്രീകളെയെങ്കിലും ഇവിടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ഇവരെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ലെന്നും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 80 മുതല്‍ 150 ഡോളര്‍ വരെയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്. കൊക്കെയ്ന്‍ അടക്കമുള്ള മാരകമായ ലഹരിമരുന്നുകള്‍ ഇവിടെനിന്ന് വിറ്റഴിച്ചിരുന്നു. രഹസ്യ ഏജന്റുമാര്‍ പലതവണ ഇടപാടുകാരായി എത്തിയാണ് തെളിവ് ശേഖരിച്ചത്.
കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ലഹരിമരുന്ന് വിതരണം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രിന്‍സ് വില്യം കൗണ്ടി പൊലീസും എഫ്ബിഐയും ചേര്‍ന്ന് നടത്തിയ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് കുപ്രസിദ്ധ സംഘം വലയിലായത്.


by Midhun HP News | Jan 19, 2026 | Latest News, കേരളം
കോട്ടയം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്‌കോടതി. സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. ഇപ്പോള്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സര്‍ക്കാരില്‍ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി. എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2018ലെ ഹൈക്കോടതി വിധിയില്‍ത്തന്നെ ഭൂമി തങ്ങള്‍ക്ക് അവകാശമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നായിരുന്നു ഭൂ ഉടമകളായ അയന ട്രസ്റ്റിന്റെ വാദം. എന്നാല്‍ സിവില്‍കേസിന് പോകാന്‍ കോടതി എന്തിന് നിര്‍ദേശിച്ചു എന്ന മറുചോദ്യം സര്‍ക്കാര്‍ തിരികെ ചോദിച്ചു. 1865-ലെ പാട്ട വിളംബരപ്രകാരം ഭൂമിയില്‍ തങ്ങള്‍ക്ക് ഉടമാവകാശം ഉറപ്പിക്കാം എന്ന് അയന വാദിച്ചു. എന്നാല്‍ വിളംബരത്തിന് പിന്നീടുള്ള ഇടപാടുകളില്‍ സാധുത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഭൂമി സര്‍ക്കാരിന്റേതല്ലെന്ന കോടതി വിധി വന്നതോടെ വിമാനത്താവളത്തിനായി ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂ.


Recent Comments